09-06-18


മഴയായതിനാൽ ചില മഴക്കവിതകളിൽ തുടങ്ങാം

പുതുമഴക്കാണ്
വീട്
അതിന്റെ സകല സങ്കടങ്ങളും
ചോർന്ന് ചോർന്ന് കാട്ടിത്തരിക.
പെരുമഴയാകുമ്പോഴേക്കും
പണിത്തിരക്കിനിടയിൽ 
പട്ടയും പാളയും ചീന്തിച്ചീന്തി
ആരും കാണാതെ 
അതൊക്കെയും
അടച്ചു വെക്കും 
അമ്മ.
പിന്നെയും ചോരുമ്പോൾ
ചെമ്പുട്ടികൾ നിരത്തും
പിന്നെ പിഞ്ഞാണങ്ങൾ...
പിന്നെയും മുക്കി വറ്റിക്കാനുണ്ടാകും
വറ്റാത്തൊരു പുഴ..!
രമണൻ ഞാങ്ങാട്ടിരി

നിങ്ങൾ മനോഹരമെന്ന് പറയുന്ന ഈ നാണംകെട്ട മഴയുണ്ടല്ലോ
പായനിറയെ മൂത്രമൊഴിച്ച്
ചാണകത്തറയിൽ കിണർ കുഴിച്ച്
തെങ്ങിൻതല പിടിച്ച്
നിലത്തു മുട്ടിച്ച്
വിറച്ചു വിറച്ച് കരയുന്ന
 ചീവീടുകൾക്കിടയിലെ
കുപ്പിവിളക്ക്
ഊതിക്കെടുത്തി
കുതിർന്ന തീപ്പെട്ടിയിൽ
തീപിടിപ്പിക്കാൻ നോക്കിയ
അസത്താണ്.....
അലിഞ്ഞപുറംചട്ടയുള്ള
കണക്കു പുസ്തകം
പഠിച്ചിട്ടും 
അതിപ്പോഴും
ശരിയായിട്ടില്ല
റെജി കവളങ്ങാടൻ

വർഷരാഗങ്ങൾ
മഴ നനഞ്ഞിരിക്കുന്നു
പ്രണയാർദ്രമാം മിഴികളിൽ
നിബിഡഹർഷോന്മാദങ്ങളാൽ
തോരാപകലിനീണമായ്.
ശ്രുതി ചേർത്തുപാടുവാൻ
മുറുക്കിയ വിൺകമ്പികളിൽ
തെളിയുന്ന ഭാവവിസ്മയങ്ങളായ്
ഋതുരാഗങ്ങളുണരവേ.
പതിയെ മൂളുവാൻ
പാട്ടൊന്നു വേണ്ടിനി
പ്രിയമീ രാഗബിന്ദുക്കൾ
ഹൃദയതാളമായ്
ചേർന്നുപാടീടുമ്പോൾ
സീന ശ്രീവത്സൻ

സ്മൃതിതാളങ്ങൾക്കിടയിൽ ഒരു മഴ
ചാറ്റൽ മഴയുടെ നനുത്ത ഈണം
ഓർമ്മകളുടെ ഇടനാഴിയിലേക്ക്
ഒരു താക്കോൽപ്പഴുതായി......
പുതുമഴച്ചാറ്റലിനൊത്ത്പൊടിയുന്ന
ഈയലുകളെപ്പോൽ മോഹങ്ങൾ,
ഒരു മഴത്തോർച്ചയിൽ
ഒന്നിച്ചുണർന്നുയരുന്നു:
കയ്യെത്തിപ്പിടിക്കാം
എന്ന വ്യാമോഹത്തിൽ
ദീപനാളത്തിന്നരികിലേക്ക് .....
ഒടുവിൽ
ചിറകു കരിഞ്ഞ്
നിലത്തിഴയാൻ വിധി -
വേനലിന്റെ ഇടവേളയ്ക്കൊടുവിൽ
വീണ്ടും പുതുമഴ,
മഴപ്പാറ്റകൾ,
ദീപ നാളങ്ങൾ ,
നഷ്ടമാകുന്ന ചിറകുകൾ .......
സ്വപ്നാ റാണി

മഴ
കാറ്റ്
ഇടിമിന്നൽ
ഓരോന്നും
വ്യത്യസ്ഥമായ 
അനുഭവങ്ങളാണ് .
ഒന്നിനെയും
ചെറുതാക്കാനോ
ഒഴിവാക്കാനോ
പറയാതിരിക്കുന്നതാണ്
നവാസ്വാദന തന്ത്രം .
ജയദീപ്

1
കിനാവുകളും
അഗ്നിയേപ്പൊലെയാണ്
തലതിരിച്ചുകിടന്നാലും
കമിഴ്ന്നുകിടന്നാലും
നേരേക്കത്തുന്നയൊന്ന്
2
ഈ ഋതുക്കൾ
എന്തുമാത്രം മഴകുടിച്ചിട്ടാണ്
വസന്തത്തിലെത്തുന്നത് ?
3
മഞ്ഞ്
മഴ
ഇടി
മിന്നൽ
നാമിരുവരും
വസന്തത്തിലേക്കെത്താൻ
അനുഭവിക്കുന്ന
വേദനകൾ.-------------
അശോകൻ മറയൂർ

ഇരുട്ട്
വെളുത്ത കുപ്പായത്തിനും 
വെളുത്ത ചിരിക്കുള്ളിലും 
ഒളിച്ചു കിടക്കുന്നുണ്ടല്ലോ 
വളിച്ചുനാറിയ ജാതിക്കഞ്ഞി.
കുളിച്ചു കയറാൻ  
കുളമൊന്നു വേണം 
ഒഴുക്കിക്കളയാൻ 
പുഴയൊന്നു വേണം... 
മുഴുത്തതൊക്കെയും 
കുഴിച്ചുമൂടണം 
മിഴിപ്പടർപ്പുകൾ 
പുഴുക്കാതെ നോക്കണം.. 
കറുപ്പിനുള്ളിലും വെളുപ്പിനുള്ളിലും
നിറഞ്ഞൊഴുകും ചെഞ്ചോരയെങ്കിലും 
വെറുപ്പിന്റെ കണ്ണടയണിഞ്ഞവർ 
തുറക്കണം നഭസിൻവാതായനങ്ങൾ...
ഡോ. നിബുലാൽ വെട്ടൂർ

കാൽപ്പന്ത്
എസ്ക്കോബാറിൽ നിന്നും
പുറപ്പെട്ട്
ക്രോസ് ബാറിനുള്ളിലേക്ക്
തുളഞ്ഞു കയറുമ്പോൾ
പന്തിനുള്ളിൽ
വെടിയേറ്റ തോൽവിയുടെ
അവസാനശ്വാസം
വീർത്തു കെട്ടിക്കിടക്കുന്നു..
സ്വന്തം മരണത്തെ
വലയിട്ടു പിടിച്ചതിനാൽ
തൊണ്ണൂറു മിനുട്ടിന്റെ
കുപ്പായവും
ബൂട്ടുമഴിച്ചെറിഞ്ഞ്
അന്നു മുതലിന്നോളം
ഓരോ കളിമൈതാനത്തിലും
അയാൾ നുഴഞ്ഞു കയറാറുണ്ട്...
കാലിൽ നിന്ന്
തലയിലേക്ക്
രാജ്യത്തെ റാഞ്ചിയെടുത്ത്
ലക്ഷ്യത്തിലേക്ക്
പാഞ്ഞു ചെല്ലുമ്പോൾ
ഗാലറിയുടെ
ഏതെങ്കിലും കോണിൽ
ചോര പുരണ്ട പതാക പുതച്ച്
വിരമിച്ചവരുടെ
വിവരണങ്ങൾ
ശ്രദ്ധിക്കാതെ,
ഗുള്ളിറ്റിനെക്കാൾ
ജാഗരൂകനായി
മത്തേവൂസിനെക്കാൾ
പ്രതിരോധത്തിലൂന്നി
മറഡോണയിൽ നിന്നും
മന്ത്രവാദം പഠിച്ച്
പെലെയ്ക്കൊപ്പം
തലയുയർത്തി നിന്ന്
റൊമാരിയോയ്ക്കൊരു
ലോംഗ് പാസ് നൽകി
ക്ലിൻസ്മാനെപ്പോലെ
ലോങ്ങ്റേഞ്ചുതിർത്ത്
ആകാശത്തോളം
ചാടിയുയർന്നും
ആവേശത്തിരകളിൽ
ആടിയുലഞ്ഞും
അവനോടൊപ്പം
കളി കാണുന്നതു കൊണ്ടാണ്
നന്നാലു വർഷങ്ങൾകൂടുമ്പോൾ
ഞങ്ങൾക്കിപ്പോഴും
തോൽവിയെക്കുറിച്ച്
ആശങ്കകൾ ഉണ്ടാവുന്നത് ...
ബെക്കാമിന്റെ
ഫ്രീ കിക്ക്
കാർലോസിന്റെ
കാൽക്കാവൽ
ഷിൽട്ടന്റെ ക്ലോസ് സേവ്
ഒർട്ടേഗയുടെ കൂർത്ത വേഗം
സിദാന്റെ തലച്ചെത്ത്
റൊണാർഡോയുടെ
തുള്ളിയാട്ടം...
ഒരേ മുറിവുകളിലേക്ക്
ഓർമ്മകളുടെ പെനാൽട്ടി
എക്സ്ട്രാ ടൈമിനു മുമ്പ്
ഇഞ്ചിഞ്ചായുള്ള മരണം....!
ശ്രീനിവാസൻ തൂണേരി

കല്യാണമേളം
ഗംഭീരം വിവാഹറിസപ്ഷൻ
ഗാനമേള തകർക്കുന്നു
ഡ്രമ്മിന്റെ താളം
കർണ്ണകഠോരം.
പരിചയക്കാർവന്നു -
പരസ്പരമാംഗ്യം
കാണിച്ചുപിരിയുന്നു
കാതുപൊത്തിപ്പിടി
ച്ചിത്തിരി ഭക്ഷണം കഴി-
ച്ചെഴുന്നേറ്റോടവേ
പുറത്താരോ പറയുന്നു
ഡ്രമ്മടിക്കുന്നവൻ വധുവിന്റെ
പൂർവ്വകാമുകനത്രേ
ലാലു

ദ്രോഹി
ഇങ്ങനെയൊന്നു -
മായിരുന്നില്ലച്ഛൻ.
തല്ലിയിട്ടില്ല,
വഴക്കിട്ടിട്ടില്ല
'മക്കളേ ' ന്നല്ലാതെ
പേരു പോലും
വിളിച്ചിട്ടില്ലച്ഛൻ.
വീട്ടിലാർക്കെങ്കിലും
രോഗങ്ങൾ വന്നാൽ
വേദനിച്ചുറങ്ങാത്ത
തച്ഛനായിരുന്നെന്നും .
വീടെന്നു പറഞ്ഞാൽ
ജീവനായിരുന്നച്ഛന് .
മരിച്ചു കഴിഞ്ഞപ്പോ -
ഴച്ഛനെന്തിനാണിങ്ങനെ
ദ്രോഹിയായ് പോയത് ?
ജ്യോത്സ്യൻ കവിടി
നിരത്തിപ്പറയുന്നു
വീടിന് ദോഷമായ്
നിൽക്കുന്നതച്ഛനാണത്രേ i
കവിടികൾ
കള്ളം പറയുമോ ?
ഹോമം നടത്തി
തന്ത്രി പിതൃക്കളെയെല്ലാ-
മാവാഹിച്ചെടുത്തിട്ടു -
മച്ഛൻ മാത്രം പിടികൊടുക്കാ-
തോടിക്കളയുന്ന -
തെന്തിനാണച്ഛാ ?
അച്ഛനെ പിടിക്കാ-
നിനിയും നടത്തണം ഹോമ -
മൊരമ്പതിനായിരം
വീണ്ടും മുടക്കണം .
എന്തിനാണച്ഛാ
പാവം ഞങ്ങളെയിങ്ങനെ ....?
ലാലു

പ്രാണിലോകം
പുലർച്ച
ഒറ്റമുറി ജനലിന്റെ
അവയവത്തുടർച്ച പോലെ
നീണ്ടു തൂങ്ങുന്ന മഞ്ഞനദിയെ
എങ്ങനെയൊക്കെ അവൾ സങ്കൽപ്പിക്കാം
തോട്ടപ്പയറിന്റെ
ഇലകൾക്കിടയിലേയ്ക്ക്
പാഞ്ഞൊളിക്കുന്ന
തക്കിടിമുണ്ടൻ വിട്ടിലാക്കാം.
വീതിയുള്ള ചിറക് വീശി
താന്നിമരത്തിൽ പറ്റിയിരിക്കുന്ന
വാലൻതുമ്പിയാക്കാം,
കൊത്തിക്കിളച്ചിട്ട മണ്ണിൽ
എത്രയോ കാലുകൾ
വലിച്ചുനീട്ടി ചുരുണ്ടിരിക്കുന്ന
തേരട്ടയാക്കാം.
തുരുത്തിൽ നിന്നുള്ള
ആദ്യത്തെ ബോട്ടിന്റെ
ഉലഞ്ഞ കൊമ്പിലേക്ക്
കാറ്റവളുടെ
നനഞ്ഞ മുടിനാരുകൾ
ചേർത്ത് കെട്ടുന്നത്
ഒരുനീർക്കാക്ക മാത്രം കണ്ടു.
കായലിലേക്ക് വീശിയടിച്ച
ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ
പച്ച നൂലിന്റെ വിട്ടുപോയ
തുന്നലുകൾക്കിടെ
വെള്ളത്തിലാശാന്റെ ചുവട്
ജെട്ടിയടുക്കുമ്പോൾ
നഗരത്തിന്റെ കോട്ടുവാ നാറ്റം.
ഏഴാം നിലയിലുള്ള ഫ്ലാറ്റിൽ
അയാളപ്പോൾ
വിസർജ്ജ്യങ്ങളിൽ
മുങ്ങിക്കിടക്കുകയാവും.
നിറഞ്ഞിരിക്കുന്ന യൂറിൻ ബാഗ്
അവൾ വൃത്തിയാക്കും.
ശോഷിച്ച ഉടലുയർത്തി
കിടക്കവിരി മാറ്റിവിരിക്കും.
സ്പഞ്ചു ചെയ്ത്
മണമുള്ള പൗഡറിടും,
പൊടിയരിക്കഞ്ഞി കോരിക്കൊടുക്കും.
അപ്പോഴൊക്കെ അയാൾ
നാവുണങ്ങിയ വാട്ടർടാങ്കിന് മുകളിൽ
പ്രാവുകൾ നിരത്തുന്ന
ആകാശത്തെ
നോക്കികിടക്കുകയാവും.
നിർത്താതെ മഴ പെയ്ത
ഒരു ദിവസം
അയാളവളോട്
ജനാലകൾ മുഴുവൻ
തുറന്നിടാൻ പറഞ്ഞു.
മഴയിൽ നിന്നൊരു
പച്ചത്തുളളൻ
അയാളുടെ പൊക്കിളിലെ
നരച്ച രോമങ്ങൾക്കിടെ
ജലഗിറ്റാറിന്റെ കമ്പി മുറുക്കി.
ഇണചേരലിനിടെ ചവിട്ടി അരയ്ക്കപ്പെട്ട
രണ്ടു ചിലന്തികൾ
നെഞ്ചിലേക്ക് ഇഴഞ്ഞു കേറി
തൊണ്ടക്കുഴിയിൽ ഇറുക്കി
" എന്നെയൊന്ന്
ഉമ്മ വയ്ക്കാമോ"
അയാളവളോട് പതുക്കെ ചോദിച്ചു.
അവളുടെ കീഴ്ച്ചുണ്ടിൽ
അപ്പോൾ മാത്രം വളർന്ന
കാപ്പിച്ചെടിയുടെ നിഴലിലേയ്ക്ക്
അയാളുടെ ഉമിനീർ പുരണ്ട
പുൽച്ചാടികളും ഞൊടീൽ തേനീച്ചകളും
പറന്നു വീണു.
ജോലി കഴിഞ്ഞെത്തിയ
അയാളുടെ ഭാര്യയെ
പതിവ് പോലെ
താക്കോലേൽപ്പിച്ചു
അവളിറങ്ങി.
ഇരുട്ട് പെയ്യുന്നുണ്ട്
വാഹനത്തിലെ അരണ്ട
വെളിച്ചത്തിൽ
ഒരു കൊമ്പന്ചെല്ലിയുടെ
തിളങ്ങുന്ന മെയ്യ്‌ പിടയുന്നു
പ്രാണികൾ
ചാവുന്നതെങ്ങനെയെന്നു
ഇപ്പോൾ അവൾക്കറിയാം
ആര്‍ .സംഗീത

വിശുദ്ധരാക്കപ്പെടുന്നവര്‍
കള്ളുകുടിച്ച് കവലേക്കിടന്നു
അലമ്പുണ്ടാക്കിയതിനാണ്
രായപ്പനെ പോലീസുപൊക്കിയത്,
S I ഏമാനേ കത്തിക്കുകുത്തിയതുകണ്ട്
കിട്ടിയപാടെ കുട്ടന്‍പിള്ളസാറ്
കുനിച്ചു നിര്‍ത്തി കൂമ്പിനുകൊടുത്ത
ആദ്യത്തെ കുര്‍ബാനയ്ക്കു തന്നെ
രായപ്പന്‍ പരലോകം പൂകി.
പിറ്റേന്നത്തെ സര്‍വ്വകക്ഷിയോഗത്തില്‍
രായപ്പന്‍ മോട്ടിച്ച ആടുകളെല്ലാം
പുറപ്പെട്ടുപോയതാണെന്നും
കട്ടുകറിവെച്ചു തിന്ന കോഴികളെല്ലാം
ജീവിതംമടുത്തു കല്ലില്‍ തലയറഞ്ഞ്
ആത്മഹത്യചെയ്തതാവാമെന്നും,
പീഡിപ്പിച്ച പെണ്ണുങ്ങള്‍ക്കെതിരെ
വ്യഭിചാരപ്രേരണയ്ക്ക് കേസെടുക്കണമെന്നും
പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു.
രായപ്പന്‍റെ പേരില്‍വര്‍ഷാവര്‍ഷം
സര്‍വ്വഗുണസമ്പന്നപുരസ്കാരം നല്കാനും
മരണാനന്തര ബഹുമതിയായി
സ്മൃതിമണ്ഡപം പണിയാനും
യോഗത്തില്‍ തീരുമാനമായി.
കുത്തുകൊണ്ട് വശംതളര്‍ന്നുപോയ
S I ഏമാന്‍റെ പെമ്പ്രന്നോരും
കുട്ടന്‍പിള്ളസാറിന്‍റെ പെണ്ണുമ്പിള്ളേം
കുടുംബം പോറ്റാനിപ്പോ
ഒന്നിച്ചാ തൊഴിലുറപ്പിനുപോണത്
അനഘ രാജ്

വൈറസ്സ്
വൈറസ്സും ദൃശ്യമാധ്യമവും ഒരു പോലെയാണ്. 
രണ്ടിന്റെയും കടന്നാക്രമണത്തിന് മരുന്നില്ല. മുൻകരുതൽ മാത്രം . 
പ്രതിരോധശേഷി കൊണ്ട് മാത്രമേ രണ്ടിനേയും പ്രതിരോധിക്കാൻ കഴിയൂ ...
ഒരു വെത്യാസം മാത്രം !!
ഏത് രഹസ്യത്തിലേക്കും കൂർത്തു
ചെല്ലുന്ന മാധ്യമ ധർമ്മത്തിന്റെ ക്യാമറ കണ്ണുകൾ വൈറസ് കാരേ തിരിഞ്ഞ് നോക്കിയില്ല.
സദ് വാർത്തയുടെ നല്ല സമരിയക്കാർ
പുറത്തിരുന്ന് വാർത്തകൾ മെനഞ്ഞുണ്ടാക്കി ......
ഏതിനെയാണ് ഭയക്കേണ്ടത്???
ഏതിനേയാണ് വിശ്വസിക്കേണ്ടത്??
എത്ര നല്ല മാധ്യമ ധർമ്മം !! 
കൃഷ്ണ ദാസ് . കെ.

ഒരാൾ മരിക്കുമ്പോൾ
ഒരാൾ മരിക്കുമ്പോൾ, ഒരു കാലം - 
മിഴിയടയ്ക്കയാ കുന്നു 
ഒരാത്മസംഗീതം നിലയ്ക്കയാകുന്നു
ഒരായിരമാധി പരാതി, സങ്കട -
പ്പുഴ, പുലരി, പുഞ്ചിരിയുമങ്ങനെ
ഒരു സ്നേഹക്കടൽ, കടം വീട്ടാനാകാ-
തുറഞ്ഞു കൂടിയ കരുണ, കാമന
പലതുമങ്ങനെ മരിക്കയാകുന്നു .
മുഖം മൂടുന്നേരം മനസ്സറിയാതെ
ഒരു പകലിനെ മറയ്ക്കയാകുന്നു.
ഒരു പഴങ്കഥ ജനിക്കയാകുന്നു
ഒരു കാലൻകോഴി, കുറുനരിയോരി,
ഒരായിരം ഭയം നിറയ്ക്കുവാനോതോ
ഇരുൾ മന്ദം മന്ദം ഗമിക്കയാകുന്നു
ഉറഞ്ഞു തുള്ളുന്നൊരി ടവപ്പാതിയിൽ
പറഞ്ഞു പേടിയ്ക്കാനൊരു
 കരിമ്പൂച്ച ജനിക്കയാകുന്നു.
ചിതയൊടുങ്ങുമ്പോൾ, ഒരുപാടു _
കിളിച്ചിറകൊടിയുന്നു
പറക്കമുറ്റാത്ത പരിഭവങ്ങൾ തൻ
പക മൂടിയൊരുകുടിൽ നിറയുന്നു.
ഒരു കണ്ണീർ കണമിടറി വീഴുന്നു.
അതിന്നുപ്പിൽനിന്നുംപുതിയ വിത്തുകൾ ,പുതിയ സ്വപ്നങ്ങൾ
പുതിയ സങ്കല്പം മുളപൊട്ടാൻ
കാലം കരുതി വെയ്ക്കുന്നു
സുധീർ പറൂര്
(മുമ്പ് കലാകൗമുദി ആഴ്ചപ്പതിൽ പ്രസിദ്ധീകരിച്ച കവിത )

മൗനം
നമ്മൾ പ്രണയിക്കുകയല്ലേ?💕
എന്നിട്ടും.....
നമുക്കിടയിൽ മൗനം പൂക്കുന്നതെന്താണ്...💝
മൊഴി മൊട്ടുകൾ വിടരാതെ കൊഴിയുന്നതെന്തേ?
നിന്റെ...... ഹൃദയത്തിലുള്ളതെല്ലാം....
ഞാൻ.... വായിച്ചെടുക്കുന്നതിനാലാണോ?
അവ.......
എന്റെ ആത്മാവിൽ വിടരുന്നതിനാലോ?
എല്ലാം... ഞാൻ തന്നെ.... കോർത്തെടുക്കയല്ലേ💕
ശ്രീല അനിൽ