09-05

ഭരതമുനി. നാട്യശാസ്ത്രം

രസാവണം എന്നാണ് എപ്പോഴും നാം ആഗ്രഹിക്കുന്നത്. രസായാലേ സന്തോഷമാവൂ.
ഭാരതീയ നാട്യകലയുടെയും സൗന്ദര്യ ശാസ്ത്രത്തിന്റെയും സാഹിത്യ ചിന്തയുടെയും അഭിനയ സങ്കൽപ്പത്തിന്റെയും അടിത്തറയാണ് രസങ്ങൾ.
മനുഷ്യന്റെ വ്യത്യസ്തങ്ങളായ ഭാവങ്ങളിൽ നിന്ന് പ്രാചീന കലാ തത്ത്വ സൈദ്ധാന്തികനായ ഭരതൻ രൂപപ്പെടുത്തിയതാണ് രസ സിദ്ധാന്തം
ഇന്ന്
ലോകസാഹിത്യത്തിൽ
നമുക്ക്
നാട്യശാസ്ത്ര കർത്താവായ
ഭരതമുനിയെ
പരിചയപ്പെടാം.

ഭരതമുനി
ഇന്ത്യയിലുണ്ടായ ഏറ്റവും പ്രാചീനമായ കാവ്യ ശാസ്ത്ര കൃതിയാണ് ഭരതന്റെ /// നാട്യശാസ്ത്രം
ഭാരതീയ കാവ്യ ശാസ്ത്ര ചിന്തയും കലാ സിദ്ധാന്തങ്ങളുമെല്ലാം ഭരതനിൽ തുടങ്ങുന്നു.
ബി.സി രണ്ടാം നൂറ്റാണ്ടിനും എ.ഡി രണ്ടാം നൂറ്റാണ്ടിനും ഇടയിലെപ്പോഴോ ആണ് ഭരതന്റെ ജീവിതകാലമെന്ന് പൊതുവെ കരുതപ്പെടുന്നു.  വ്യാസന്റെ യും വാൽമീകിയുടെയും കാലത്തിന് മുമ്പാണ് ഭരതമുനിയുടെ കാലം എന്ന് ഊഹിക്കപ്പെടുന്നു.
ഇതിനു കാരണം താഴെപ്പറയുന്നവയാണ്‌.
മുപ്പത്താറ് അധ്യായമുള്ള നാട്യശസ്ത്രത്തിൽ രാമയണമഹാഭാരതാദികളിലെ കഥാപാത്രങ്ങളേയൊ കഥാഭാഗങ്ങളേയോ തീരെ പരാമർശിച്ചു കാണുന്നില്ല. മറിച്ച് അസുരനിഗ്രഹം, ത്രിപുരദഹനം, അമൃതമഥനം മുതലായ വൈദികകഥകളുടെ പ്രസ്താവം മാത്രമേ ഇതിലുള്ളു.രാമാണത്തിന്നും മഹാഭാരതത്തിന്നും പ്രസിദ്ധിയും പ്രചാരവും സിദ്ധിച്ച ശേഷമാണ്‌ നാട്യശാസ്ത്രനിർമ്മാണമെങ്കിൽ ഭരതമുനി അവയെ നിശ്ശേഷം ഒഴിവാക്കാൻ സാധ്യതയില്ല.അയോദ്ധ്യയിൽ വധൂനാടകസംഘങ്ങൾ ഉണ്ടായിരുന്നിവെന്നും കുശലവൻമാരുസടെ രാമായണഗാനം സ്വരമൂർച്ഛനാതാളലയാദിശുദ്ധിയോടു കൂടി ആയിരുന്നിവെന്നും [ബാലകാണ്ഡം സർഗ്ഗം 5, ശ്ലോകം 12-ലും ബാലകാണ്ഡം സർഗ്ഗം 4, ശ്ലോകം 8-10 -ലും] വാല്‌മീകരാമായണത്തിലും മഹാഭാരതത്തിൽ വിരാടപർവ്വം അധ്യായം 22, ശ്ലോകം - 3-ലും ഉണ്‌ട്. ഈ പ്രസ്താവനകൾ വാല്മീകിക്കും വ്യാസനും നാട്യശാസ്ത്രത്തിൻറെ അറിവു ഉണ്‌ടായിരുന്നുവെന്നു സൂചിപ്പിക്കുന്നു. ഭരതമുനിയുടെ ജീവിതകാലത്തിന്‌ മുൻപ്‌ നാടകസംഘങ്ങളോ നൃത്തശാലയോ ശാസ്ത്രനിഷ്കർഷയോട് കൂടിയ സംഗീതമോ ഇല്ലായിരുന്നുവെന്നാണ് നാട്യശാസ്ത്രത്തിൽ നിന്ന്‌ മനസ്സലാവുന്നത്‌.

നാട്യശാസ്ത്രം
നാട്യവിദ്യയെ സംബന്ധിച്ച് ഭാരതീയർക്ക് ആദ്യമായി കിട്ടിയ മഹത്തരമായ ഒരു ഗ്രന്ഥമാണ്‌ ഭരതമുനിയുടെനാട്യശാസ്ത്രം. (പണ്ഡിതരത്നം പ്രൊഫ.കെ.പി.നാരായണ പിഷാരോടിയുടെ നാട്യശാസ്ത്രം തർജ്ജമ വളരെ പ്രസിദ്ധമാണ്‌. )നൃത്തം, ഗീതം, അഭിനയം എന്നീ മൂന്നു കലകളെക്കുറിച്ചാണ്‌ നാട്യശാസ്ത്രം പ്രധാനമായും പ്രതിപാദിക്കുന്നത്
മുപ്പത്താറ് അധ്യായത്തിലും കൂടി ആറായിരം ഗ്രന്ഥമാണ് നാട്യശാസ്ത്രത്തിൽ ഉള്ളത്‌. ഒരു ഗ്രന്ഥത്തിനു മുപ്പത്തിരണ്‌ട് അക്ഷരം എന്നാണ്‌ കണക്കു്‌. ആറായിരത്തോളം ശ്ലോകത്തിൻറെ വലിപ്പമുണ്‌ടു്‌, ഗദ്യപദ്യങ്ങളടക്കം ഈ നാട്യശാസ്ത്രത്തിനെന്നു താത്പര്യം. നാട്യകലയോടു ബന്ധപ്പെട്ട സകലവിഷയങ്ങളും ഇതിൽ ലളിതവും വിശദവുമായി പ്രദിപാദിച്ചിരിക്കുന്നു.
(പാണ്ഡുരംഗ് വാമൻ കാണേ, ഹരിപ്രസാദ് ശാസ്ത്രി തുടങ്ങിയ പല ഗവേഷകന്മാരും ബി. സി. രണ്ടാം ശതകത്തോളം പഴക്കം ഈ ഗ്രന്ഥത്തിന് കണക്കാക്കിയിട്ടുണ്ട്. ക്രിസ്തുവിനുമുമ്പ് അഞ്ചാം ശതകത്തില്ത്തന്നെ ഭരതനാട്യം രചിക്കപ്പെട്ടിരിക്കാമെന്ന് അതിന്റെ അതി പ്രാചീനമായ ഭാഷയെ സാദൃശ്യപ്പെടുത്തി മനോമോഹൻ ഘോഷ് അഭിപ്രായപ്പെടുന്നു)

അഭിനയം
ലോകധർമിയും നാട്യധർമിയും
നാട്യശാസ്ത്രകാരൻ അഭിനയത്തെ ലോകധർമിയെന്നും നാട്യധർമിയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. നാട്യസങ്കേതങ്ങളെ അവലംബിച്ചുള്ള ചേതോഹരമായ അഭിനയമാണ് നാട്യധർമി. അത് അനുകരണമല്ല, സൃഷ്ടിപരമായ കലാപ്രകടനമാണ്. അതാണ് ഉത്തമമായ അഭിനയം. ലോകവ്യവഹാരത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ലോകധർമി. അതും കേവലാനുകരണമല്ല. നാട്യധർമിയിലെന്നപോലെ നിയത സങ്കേതങ്ങളെ അത് ആശ്രയിക്കുന്നില്ലെന്നേയുള്ളു.
നാട്യശാസ്ത്രത്തിൽ വിവരിച്ചിരിക്കുന്നതനുസരിച്ച് അഭിനയത്തെ ആംഗികം, വാചികം, ആഹാര്യം, സാത്വികം ഇങ്ങനെ നാലായി വിഭജിക്കാം; അല്ലെങ്കിൽ നാലുവിധമായി കരുതാം.
"ആംഗികോ, വാചിക സ്തദ്വ-
ദാഹാര്യഃ സാത്വികോപരഃ
ചതുർഥാഭിനയസ്തത്ര
ആംഗികോം ഗൈർന്നിദർശിതഃ
വാചാവിരചിതഃകാവ്യ-
നാടകാദിഷു വാചികഃ
ആഹാര്യോ ഹാരകേയൂര-
വേഷാദിഭിരലംകൃതിഃ
സാത്വികഃ സാത്വികൈർഭാവൈ-
ഭാവജ്ഞേത വിഭാവിതഃ."
ആംഗികം
ആംഗികത്തിനാണ് ഭാരതീയ ചിന്തകന്മാർ പ്രാധാന്യം കൽപ്പിച്ചിട്ടുള്ളത്. സന്ദർഭോചിതമായ അംഗചലനങ്ങൾ കൊണ്ട് നടൻ നടത്തുന്ന ഭാവപ്രകടനമാണ് ആംഗികം. അത് അഭിനയത്തെ പ്രത്യക്ഷവും ക്രിയാംശപ്രധാനവുമാക്കുന്നു. ഭാവത്തിന്റെ ഓരോ സൂക്ഷ്മാംശത്തെയും മനോധർമമനുസരിച്ചുള്ള അംഗചലനങ്ങളിലൂടെ വികസിപ്പിച്ച് അവതരിപ്പിക്കാൻ നടനു കഴിയുന്നു.ശരീരാവയവങ്ങളെ അംഗം, പ്രത്യംഗം, ഉപാംഗം എന്നു മൂന്നായി വിഭജിച്ചിരിക്കുന്നു. ശിരസ്സ്, കൈപ്പടം, മാറ്, പാർശ്വം, അരക്കെട്ട്, പാദം എന്നിവ അംഗം; തോള്, കൈയ്, പുറം, വയറ്, തുട, കണങ്കാല് എന്നിവ പ്രത്യംഗം; കൃഷ്ണമണി, കൺപോള, പുരികം, മൂക്ക്, ചുണ്ട്, താടി, പല്ല്, നാവ്, കവിൾ, കഴുത്ത് എന്നിവ ഉപാംഗം. ഉപാംഗങ്ങൾകൊണ്ടുള്ള പ്രയോഗത്തിന് മുഖാഭിനയമെന്നും കരാംഗുലികൾകൊണ്ടുള്ള പ്രകടനത്തിന് മുദ്രാഭിനയമെന്നും അംഗ-പ്രത്യംഗത്തിലെ മറ്റു ഭാഗങ്ങൾകൊണ്ടുള്ള പ്രയോഗത്തിന് അംഗാഭിനയമെന്നുമാണ് സാധാരണ പറഞ്ഞുവരുന്നത്. നൃത്ത-നൃത്യ-നാട്യമയമായ നടനകലയുടെ സംവിധാനക്രമം ഈ മൂന്നുവിധ അഭിനയത്തെയും ആസ്പദമാക്കിയാണ് നിർവഹിക്കുന്നത്.
1.മുഖാഭിനയം
കൃഷ്ണമണിയുടെ ഒൻപതുവിധമുള്ള വ്യാപാരങ്ങളും കൺപോളകളുടെ ഒൻപതുവിധമുള്ള പ്രയോഗങ്ങളും പുരികങ്ങളുടെ ഏഴുവിധമുള്ള ചലനങ്ങളും മൂക്കിന്റെ ആറുവിധം കർമങ്ങളും ചുണ്ടിന്റെ ആറുവിധം പ്രയോഗങ്ങളും പല്ലിന്റെയും ചുണ്ടിന്റെയും നാവിന്റെയും പ്രവൃത്തികൾകൊണ്ടുണ്ടാകുന്ന താടിയുടെ ഏഴു വ്യാപാരങ്ങളും കവിളിന്റെ ആറുവിധം പ്രയോഗങ്ങളും കഴുത്തിന്റെ ഒൻപതുവിധം വിന്യാസങ്ങളും മുഖാഭിനയത്തിന് അത്യന്താപേക്ഷിതമാണ്. കൃഷ്ണമണിയുടെ ഒൻപതുവിധം വ്യാപാരങ്ങൾ ഭ്രമണം, വലനം, പതനം, ചലനം, സംപ്രവേശനം, സമോദ്വർത്തം, നിവർത്തനം, നിഷ്ക്രാമം, പ്രാകൃതം എന്നിവയാണ്. കൃഷ്ണമണികളെ വട്ടത്തിൽ ചുറ്റിക്കുന്നത് ഭ്രമണം; മൂന്നുകോണായി നടത്തുന്നത് വലനം; മുകളിൽനിന്നു കീഴ്പോട്ടു വീഴ്ത്തുന്നത് പതനം; ധൃതഗതിയിൽ ഇളക്കുന്നത് ചലനം; ഉള്ളിലേക്ക് ആകർഷിക്കുന്നത് സംപ്രവേശനം; ഒരു ഭാഗത്തുനിന്നു വിലങ്ങനെ മറുഭാഗത്തേക്ക് ഇളക്കുന്നത് സമോദ്വർത്തം; കടാക്ഷമായിനോക്കുന്നത് നിവർത്തനം; ശക്തിയോടെ തുറിച്ചുനോക്കുന്നത് നിഷ്ക്രാമം; സ്വാഭാവികമായിട്ടുള്ളത് പ്രാകൃതം. പുരികങ്ങളുടെ ചലനങ്ങളെ ഉത്ക്ഷേപം, പാതനം, ഭ്രുകുടി, ചതുരം, കുഞ്ചിതം, രേചിതം, സഹജം എന്നിങ്ങനെ ഏഴായി തിരിക്കാം. പുരികങ്ങളെ മേല്പ്പോട്ട് ഉയർത്തുന്നത് ഉത്ക്ഷേപം; കീഴ്പോട്ടാക്കുന്നത് പാതനം; പുരികങ്ങളുടെ കട(അറ്റം) പൊക്കുന്നത് ഭ്രുകുടി; ഭംഗിയിൽ നീട്ടി സ്വല്പം പൊക്കുന്നത് ചതുരം; അല്പം ഒടിക്കുന്നത് കുഞ്ചിതം; ഒരു പുരികം മാത്രമായി പൊക്കുന്നത് രേചിതം; സ്വാഭാവികമായത് സഹജം.
മൂക്കിന്റെ കർമങ്ങൾ നതാ, മന്ദാ, വികൃഷ്ഠാ, സോച്ഛ്വാസാ, വിക്രൂണിതാ, സ്വാഭാവികി എന്നിവയാണ്. മൂക്കിന്റെ സുഷിരങ്ങൾ കൂടെക്കൂടെ ചേർക്കുന്നതാണ് നതാ; നിശ്ചലമായ അവസ്ഥ മന്ദാ; വിടർത്തിപിടിക്കുന്നത് വികൃഷ്ഠാ; മൂക്കിന്റെ സുഷിരങ്ങൾ വികസിപ്പിച്ച് മേല്പോട്ടും കീഴ്പോട്ടും ശ്വാസം വലിക്കുകയും വിടുകയും ചെയ്യുന്നത് സോച്ഛ്വാസം; മൂക്ക് ചുരുക്കിപിടിക്കുന്നത് വിക്രൂണിതാ; സമമായ നില സ്വാഭാവികി.
അധരകർമങ്ങളിൽ വികർത്തനം, കമ്പനം, വിസർഗം, വിനിഗൂഹനം, സംദഷ്ടകം, സമുൽഗകം എന്നിവ ഉൾപ്പെടുന്നു. ചുണ്ടുവളച്ചുപിടിക്കുന്നതിന് വികർത്തനമെന്നും, വിറപ്പിക്കുന്നതിന് കമ്പനമെന്നും, പുറത്തേക്കു തള്ളുന്നത് വിസർഗമെന്നും, പല്ലുകൊണ്ട് ചുണ്ടിൽ കടിക്കുന്നതിന് സംദഷ്ടകമെന്നും, വട്ടം പിടിക്കുന്നതിന് സമുൽഗകമെന്നും പറയുന്നു.
താടിയുടെ വ്യാപാരങ്ങൾ കുട്ടനം, ഖണ്ഡനം, ഛിന്നം, ചികിതം, ലേഹനം, സമം, ദംഷ്ടം എന്നിവയാണ്.
പല്ലുകൾ തമ്മിൽ ഇറുമ്മുമ്പോൾ ഉള്ള താടിയുടെ അവസ്ഥയാണ് കുട്ടനം; തുടിപ്പിച്ചുകൊണ്ടുള്ളതാണ് ഖണ്ഡനം; മുറുക്കം വരുത്തിക്കൊണ്ടുള്ളതാണ് ഛിന്നം; പല്ലുകൾ പൊക്കുമ്പോഴുള്ള അവസ്ഥ ചികിതം; നാവുകൊണ്ട് താടിയിലേക്ക് നക്കുന്നത് ലേഹനം; സാധാരണ നിലയാണ് സമം. ചുണ്ട് പല്ലുകൊണ്ട് കടിക്കുമ്പോഴുള്ള അവസ്ഥയാണ് ദംഷ്ടം. പല്ലിന്റെയും ചുണ്ടിന്റെയും നാവിന്റെയും സഹായത്തോടെ മാത്രമേ താടിവ്യാപാരങ്ങൾ നടക്കുകയുള്ളു.
കവിൾ പ്രയോഗങ്ങൾ ക്ഷാമം, ഫുല്ലം, പൂർണം, കമ്പിതം, കുഞ്ചിതം, സമം എന്നിവയാണ്.
കവിൾ കീഴ്ഭാഗത്തേക്ക് ഒട്ടിച്ചിടുന്നത് ക്ഷാമം; വിടർത്തുന്നത് ഫുല്ലം; ഉയർത്തുന്നത് പൂർണം; ഇളക്കുന്നത് കമ്പിതം; സങ്കോചിപ്പിക്കുന്നത് കുഞ്ചിതം; സ്വാഭാവികമാക്കുന്നത് സമം.
കണ്ഠവ്യാപാരങ്ങൾ സമം, നതം, ഉന്നതം, ത്യ്രസ്രം, രേചിതം, കുഞ്ചിതം, അഞ്ചിതം, വലിതം, നിവൃത്തം എന്നിവയാണ്. സ്വാഭാവികമായുള്ള കഴുത്താണ് സമം; കുനിക്കുന്നത് നതം, മുഖം പൊക്കിപ്പിടിക്കുമ്പോഴുള്ളത് ഉന്നതം; കഴുത്ത് ഒരു വശത്തേക്ക് ചായ്ക്കുന്നത് ത്യ്രസ്രം; ഭംഗിയിൽ വെട്ടിക്കുന്നത് രേചിതം; സ്വല്പം കുനിക്കുന്നത് കുഞ്ചിതം; കഴുത്ത് മുൻപോട്ടു നീക്കുന്നത് അഞ്ചിതം; ഒരു വശത്തേക്ക് തിരിക്കുന്നത് വലിതം; മുൻപോട്ടു കൂടെക്കൂടെ വെട്ടുന്നത് നിവൃത്തം.
കൺപോളകളുടെ പ്രയോഗങ്ങൾ ഉൻമേഷം, നിമേഷം, പ്രസൃതം, കുഞ്ചിതം, സമം, വിവർത്തിതം, സ്ഫുരിതം, പിഹിതം, വിലോളിതം, എന്നിവയാണ്. കൺപോളകൾ തമ്മിൽ അകന്നുകൊണ്ടുള്ളതിന് ഉൻമേഷമെന്നും, തമ്മിൽ ചേർന്നുകൊണ്ടുള്ളതിന് നിമേഷമെന്നും, നീളം വരുത്തിക്കൊണ്ടുള്ളതിന് പ്രസൃതമെന്നും, അല്പം കുറിയതാക്കുന്നതിന് കുഞ്ചിതമെന്നും, സ്വാഭാവികമായിട്ടുള്ളതിന് സമമെന്നും, പൊക്കിക്കൊണ്ടുള്ളതിന് വിവർത്തിതമെന്നും, ഇളക്കിക്കൊണ്ടുള്ളതിന് സ്ഫുരിതമെന്നും, മറച്ചുകൊണ്ടുള്ളതിന് പിഹിതമെന്നും, തമ്മിൽ അടിച്ചുകൊണ്ടുള്ളതിന് വിലോളിതമെന്നും പറയുന്നു. മേൽ വിവരിച്ച ഉപാംഗങ്ങളുടെ വ്യാപാരാദികൾ സാധകം ചെയ്തു സ്വായത്തമാക്കിയശേഷം സ്വാഭാവികം, പ്രസന്നം, രക്തം, ശ്യാമം എന്നീ നാലുവിധം മുഖരാഗങ്ങളെ അതതു സന്ദർഭത്തിനും സ്ഥായിക്കും ആശയപ്രകാശനത്തിനും യോജിച്ചവിധം സമ്മേളിപ്പിച്ച് മുഖാഭിനയം നടത്തേണ്ടതാണ്.
കാവ്യത്തിന്റെയും നാട്യത്തിന്റെയും ആത്മാവായി കണക്കാക്കപ്പെട്ടിരിക്കുന്നത് രസമാണ്. ശൃംഗാരം, വീരം, കരുണം, ഹാസ്യം, അത്ഭുതം, ഭയാനകം, ബീഭത്സം, രൌദ്രം, ശാന്തം എന്ന് ഒൻപതാണ് രസങ്ങൾ. ഇവയെ ആണ് നവരസങ്ങൾ എന്നു പറഞ്ഞുവരുന്നത്. ഇവയ്ക്കോരോന്നിനും പ്രത്യേകം സ്ഥായിഭാവമുണ്ട്. ഒരു രസത്തെ പ്രകടിപ്പിക്കുമ്പോൾ മറ്റുള്ള ഭാവങ്ങളെക്കൊണ്ട് അവയ്ക്ക് തടസ്സം വരാതെ നിർത്തുന്ന മനോവികാരങ്ങൾക്കാണ് സ്ഥായിഭാവം എന്നു പറയുന്നത്. ശൃംഗാരത്തിനു സ്ഥായിഭാവം രതി, കരുണത്തിനു ശോകം, ഹാസ്യത്തിനു ഹാസം, അത്ഭുതത്തിനു ആശ്ചര്യം, ഭയാനകത്തിനു ഭയം, ബീഭത്സത്തിനു ജുഗുപ്സ, രൌദ്രത്തിനു ക്രോധം, ശാന്തത്തിനു നിർവേദം എന്നീ ക്രമത്തിലാണ് സ്ഥായിഭാവം അഥവാ മനോവികാരങ്ങൾ നവരസാഭിനയത്തിൽ നിലനിർത്തേണ്ടത്. ഓരോ രസത്തിനു യോജിച്ചവിധമുള്ള ഉപാംഗക്രിയകളും ഉപയോഗിച്ചാണ് മുഖാഭിനയം പൂർണമാക്കുന്നത്.
വാചികം നടന്മാർ നടത്തുന്ന ഭാഷണം തന്നെയാണ്. അവർ പറയുന്ന വാക്കുകളുടെ സാധാരണ അർത്ഥം മാത്രമല്ല, അതിലെ സ്വരവ്യതിയാനങ്ങളും ശ്രുതിഭേദങ്ങളും ഈണവും താളവുമെല്ലാം ഭാവപ്രകാശനത്തിൽ സുപ്രധാനമായ പങ്കുവഹിക്കുന്നു.വാചികാഭിനയം നാട്യത്തിലും നാടകത്തിലുമാണ് ഉപയോഗിക്കേണ്ടത്. വാക്കുകളെയും വാചകങ്ങളെയും സന്ദർഭാനുസൃതം ഉച്ചരിക്കുന്നതിൽ നിന്നു വാചികാഭിനയം ഉണ്ടാകുന്നു. അക്ഷരശുദ്ധി, ശബ്ദക്രമം, ഉച്ചാരണവിധം എന്നിത്യാദികളെ ആശ്രയിച്ചാണ് വാചികാഭിനയത്തിന്റെ മേന്മ പ്രത്യക്ഷമാകുന്നത്. വാചികാഭിനയം നാട്യത്തിലും നാടകത്തിലുമാണ് ഉപയോഗിക്കേണ്ടത്. വാക്കുകളെയും വാചകങ്ങളെയും സന്ദർഭാനുസൃതം ഉച്ചരിക്കുന്നതിൽ നിന്നു വാചികാഭിനയം ഉണ്ടാകുന്നു. അക്ഷരശുദ്ധി, ശബ്ദക്രമം, ഉച്ചാരണവിധം എന്നിത്യാദികളെ ആശ്രയിച്ചാണ് വാചികാഭിനയത്തിന്റെ മേന്മ പ്രത്യക്ഷമാകുന്നത്.
സാത്വികം
വാചികത്തോടൊപ്പം നടൻ നിർവഹിക്കുന്ന സൂക്ഷ്മതരമായ സ്‌തോഭപ്രകടനമാണ് സാത്വികം. ഭാവത്തിന്റെ വികാസങ്ങൾ ശരീരത്തിൽ ഉളവാക്കുന്ന പ്രതിഭാസങ്ങളിൽ നിന്ന് ഓരോ ഭാവത്തിനും യോജിച്ചവ തിരഞ്ഞെടുത്ത് സന്ദർഭോചിതമായി പ്രയോഗിക്കുകയാണ് നടൻ സാത്വികത്തിൽ ചെയ്യേത്. ഉപാംഗങ്ങളുടെ ചലനത്തോടുകൂടിയുള്ള മുഖാഭിനയവും വിറയൽ, വിയർക്കൽ, രോമാഞ്ചംകൊള്ളൽ, കണ്ണുനീർ വാർക്കൽ തുടങ്ങിയവയും സാത്വികത്തിൽ മുഖ്യമായ പങ്കുവഹിക്കുന്നു. എല്ലാ അംഗചലനങ്ങളുടെയും പിന്നിൽ മനോവ്യാപാരങ്ങൾകൂടി ഉണ്ടായിരിക്കണം. നടന്റെ മനസ്സിനുള്ളിൽനിന്നു പുറത്തേക്കു പ്രസരിക്കുന്ന ഭാവങ്ങളുടെ പ്രകാശനം മാത്രമേ രസാനുഭൂതിയിൽ കലാശിക്കുകയുള്ളൂ. ദേഹസ്വരൂപമാണ് സത്വം. സത്വത്തിൽ നിന്നു ഭാവവും ഭാവത്തിൽനിന്നു ഹാവവും, ഹാവത്തിൽ നിന്നു ഹേലയും ജനിക്കുന്നു. ശരീരത്തിൽ പ്രകൃത്യാ ഇരിക്കുന്നവയാണ് ഭാവ-ഹാവ-ഹേലാദികൾ. സത്വം ഉന്തിനില്ക്കുന്ന അഭിനയം ഉത്തമവും, സത്വം സമനിലയിൽ നില്ക്കുന്നത് മധ്യമവും, സത്വം ഇല്ലാത്തത് അധമവുമാകുന്നു. അസ്പഷ്ടരൂപമായിട്ടുള്ള സത്വത്തെ ആശ്രയിച്ചാണ് നവരസങ്ങളും മറ്റ് അഭിനയങ്ങളും നിലകൊള്ളുന്നത്. അഭിനയകലയുടെ ഉത്പത്തി സാത്വികാഭിനയത്തിൽ നിന്നാണ്.
ആഹാര്യം
നടന്റെ ചമയവും വേഷഭൂഷാദികളും രംഗസജ്ജീകരണങ്ങളും ചേർന്നതാണ് ആഹാര്യം. പാത്രഭാവം ആവിഷ്കരിക്കാൻ ആവശ്യമായ പ്രാഥമിക ഉപാധികളാണ് ഇവ.
ഇപ്രകാരം ശരീരാവയവങ്ങൾകൊണ്ടും വാക്കുകൊണ്ടും വേഷഭൂഷാദികൾകൊണ്ടും സത്വംകൊണ്ടും കവിയുടെ അന്തർഗതമായ ആശയത്തെ വെളിവാക്കുന്ന ഒരു പ്രദർശനശൈലിയാണ് അഭിനയത്തിലുള്ളത്. 'അഭിനയ' ശബ്ദത്തിന്റെ ഒരു പര്യായമായ 'വ്യഞ്ജക'ത്തിലും ഈ ഭാവത്തെ ഊന്നിപ്പറയുന്നു. എന്തായാലും അഭിനയത്തിന്റെ എല്ലാ ഘടകങ്ങളും രസാഭിവ്യക്തിയെ ലക്ഷ്യമാക്കിക്കൊണ്ടായിരിക്കണം എന്ന് നിഷ്കർഷിക്കുന്നതിൽ നാട്യശാസ്ത്രകാരന്മാരെല്ലാവരും ഒരുപോലെ ശ്രദ്ധിച്ചിരുന്നു. അഭിനയസങ്കേതങ്ങളെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽ രൂപംകൊണ്ടിട്ടുള്ള ദൃശ്യകലാരൂപങ്ങൾ എല്ലാംതന്നെ നാട്യശാസ്ത്രപ്രോക്തങ്ങളായ നിർദ്ദേശങ്ങളും നിബന്ധനകളുമാണ് മൌലികമായി സ്വീകരിച്ചിട്ടുള്ളത്. കൂത്ത്, കൂടിയാട്ടം, കഥകളി, തുള്ളൽ, മോഹിനിയാട്ടം, ഭരതനാട്യം, യാത്ര, യക്ഷഗാനം, കുച്ചിപ്പുടി, കഥക്, മണിപ്പൂരി തുടങ്ങിയവയിലെല്ലാം ഉൾക്കൊള്ളുന്ന അഭിനയാംശം ഇത്തരത്തിലുള്ളതാണ്
അല്പം കൂട്ടിച്ചേർക്കൽ

നവരസങ്ങൾ
🔆🔆🔆🔆🔆🔆🔆🔆
ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒൻപത് രസങ്ങൾ (ഭാവങ്ങൾ) ആണ് നവരസങ്ങൾ. നവരസങ്ങൾ:
ശൃംഗാരംകരുണംവീരംരൗദ്രംഹാസ്യംഭയാനകംബീഭത്സംഅത്ഭുതംശാന്തം“ശൃംഗാരഹാസ്യകരുണ: രൗദ്രവീരഭയാനക: ബീഭൽസാത്ഭുതശാന്താച്യേ ത്യേ ത്യേ ന‌വരസാസ്മൃത:
ഇന്ത്യൻ നൃത്തരൂപങ്ങളായ കൂടിയാട്ടം, ഭരതനാട്യം, കഥകളി തുടങ്ങിയവയിൽ രസാഭിനയം നവരസങ്ങളെ ആസ്പദമാക്കിയാണ്. പല മുഖഭാവങ്ങളിലൂടെയും കൈമുദ്രകളിലൂടെയും നവരസങ്ങൾ പല ഭാവങ്ങളും അവതരിപ്പിക്കുന്നു.
നവരസങ്ങളെ അതിന്റെ ഏറ്റവും പാരമ്യത്തിൽ അഭിനയിച്ച് ഫലിപ്പിക്കുന്നതിന് നാട്യാചാര്യ പത്മശ്രീ മാണി മാധവ ചാക്യാർക്ക് സവിശേഷമായ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നവരസാഭിനയങ്ങൾ കേരള സംഗീത നാടക അക്കാദമി ശേഖരത്തിലും ലോകമെമ്പാടും പല കാഴ്ചബംഗ്ലാവുകളിലും സൂക്ഷിച്ചുവയ്ച്ചിരിക്കുന്നു.
ശൃംഗാരം
നായികാനായകന്മാർക്ക് പരസ്പരമുണ്ടാകുന്ന അനുരാഗമാണ് രതി. രതി എന്ന സ്ഥായിഭാവം രസമായി വികാസം പ്രാപിച്ച അവസ്ഥയാണ് ശൃംഗാരം. പരസ്പരാകർഷണത്തിന് ഹേതുവായിത്തീരുന്ന സൌന്ദര്യം, സൌശീല്യം തുടങ്ങിയ ഗുണങ്ങളാണ് രതി എന്ന സ്ഥായിഭാവത്തിന് ആലംബം. വസന്തം, ഉദ്യാനം, പൂനിലാവ്, തുടങ്ങിയ സാഹചര്യങ്ങൾ ഉദ്ദീപനമായി തീരുമ്പോൾ വിഭാവം, കടാക്ഷം, മന്ദഹാസം, പുരികങ്ങളുടെ ചലനം, മധുരഭാഷണം, സുന്ദരവിലാസങ്ങൾ എന്നീ ബാഹ്യപ്രകടനങ്ങൾ അനുഭാവങ്ങൾ. ആലസ്യവും, ജുഗുപ്സയും, ഔഗ്രവും ഒഴികെയുള്ള മുപ്പത് സഞ്ചാരീഭാവങ്ങൾ ശൃംഗാരാഭിനയത്തിൽ പ്രയോഗിക്കാം.
യൌവനയുക്തകളായ സ്ത്രീകൾക്ക് ശരീരത്തിലും മുഖത്തും വികാരങ്ങൾ സ്ഫുരിക്കുന്നതിനെ നായികാലങ്കാരങ്ങൾ എന്ന് ഭരതൻ വർണ്ണിച്ചിരിക്കുന്നു. ഈ അലങ്കാരങ്ങൾ ഭാവങ്ങളെയും രസങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഭാവം, ഹാവം, ഹേല എന്ന് അവയങ്ങളിലുണ്ടാകുന്ന മൂന്ന് തരം ശൃംഗാരചേഷ്ടകളാണ്, ആദ്യത്തെ മൂന്ന് നായികാലങ്കാരങ്ങൾ. അഭിനയത്തിലൂടെ ശരീരത്തിൽ തന്നെ ഭാവത്തെ പ്രകാശിപ്പിക്കുന്നത് ഭാവം. ഭാവത്തിൻ കൂടുതൽ മിഴിവ് ഉണ്ടാക്കുന്നത് ഹാവം. ഹാവം കൂടുതൽ സ്പഷ്ടമാകുന്നതാണ് ഹേല. സ്വഭാവജന്യങ്ങളായ ലീല, വിലാസം, വിച്ഛിത്തി, വിഭ്രമം, കിലികിഞ്ചിതം, മോട്ടായിതം, കുട്ടമിതം, ബിംബോകം, ലളിതം, വിഹൃതം എന്ന് പത്ത് തരം ശൃംഗാരചേഷ്ടകളെ നായികാലങ്കാരത്തിൽ തിരിച്ചിട്ടുണ്ട്. വാക്ക്, പ്രവൃത്തി, അലങ്കാരങ്ങൾ എന്നിവയിലൂടെ പ്രിയനെ അനുകരിക്കുന്നതാണ് ലീല. അംഗചലനങ്ങൾ മധുരവും ലളിതവുമാക്കുന്നത് വിലാസം. വേഷഭൂഷാദികൾ അശ്രദ്ധയോടെ കുറച്ചെ ധരിച്ചിട്ടുള്ളുവെങ്കിലും കൂടുതൽ ശോഭയുണ്ടാക്കുന്നതാണ് വിച്ഛിത്തി. മദം, അനുരാഗം, ഹർഷം എന്നിവ നിമിത്തം വാക്കിലും പ്രവൃത്തിയിലും മറ്റും മാറ്റം വന്നുപോകുന്നതാണ് വിഭ്രമം. പലതരം വികാരം ഒന്നിച്ചുണ്ടാകുന്നത് കിലികിഞ്ചിതം. പ്രിയന്റെ കഥകൾ കേൾക്കുമ്പോഴും ഹൃദ്യമായ വാക്കും പ്രവൃത്തിയും കാണുമ്പോഴും തന്നോടുള്ള കാമുകന്റെ അനുരാഗത്തെപറ്റി ചിന്തിക്കുമ്പോഴും ഉണ്ടാകുന്ന വികാരപ്രകടനം മോട്ടായിതം. കാമുകൻ തന്റെ കേശസ്തനാദികൾ ഗ്രഹിക്കുമ്പോൾ ഹർഷസംഭ്രമങ്ങൾ നിമിത്തം സുഖവും ദുഃഖവും പ്രകടിപ്പിക്കുന്നതാണ് കുട്ടമിതം. ഇഷ്ടമുള്ളത് കിട്ടികഴിയുമ്പോൾ ഉണ്ടാവുന്ന അഹങ്കാരം നിമിത്തം അനാദരവ് ഉണ്ടാകുന്നത് ബിംബോകം. സൌകുമാര്യമുള്ള അംഗവിക്ഷേപം ലളിതം. പറയാൻ അറയ്ക്കുന്നത് വിഹൃതം.
അയത്നജാലങ്കാരങ്ങൾ എന്ന പേരിൽ ഏഴ് ശൃംഗാരചേഷ്ടകളുണ്ട്. ശോഭ, കാന്തി, ദീപ്തി, മാധുര്യം, ധൈര്യം, പ്രാഗല്ഭ്യം, ഔദാര്യം എന്നീ വികാരപ്രകടനങ്ങളാണിവ. രൂപയൌവനലാവണ്യങ്ങൾ ഉപഭോഗം നിമിത്തം പുഷ്ട്യെ പ്രാപിച്ചിട്ടുള്ളത് ശോഭ. കാമവികാരം പൂർത്തിയാകുമ്പോഴുണ്ടാകുന്ന ശോഭതന്നെ കാന്തി. കാന്തി വർദ്ധിക്കുമ്പോൾ ദീപ്തി. ദീപ്തവും ലളിതവുമായ ഏതൊരവസ്ഥയിലും മധുരമായി പ്രവർത്തിക്കുന്നത് മാധുര്യം. വളരെ തഞ്ചമായ പെരുമാറ്റം ഏതവസ്ഥയിലും ഉണ്ടായിരിക്കുന്നത് ധൈര്യം. കാമകലാപ്രയോഗത്തിൽ പ്രാഗല്ഭ്യം കാണിക്കുന്നത്തന്നെ പ്രാഗല്ഭ്യം എന്ന അയത്നജാലങ്കാരം. ഇതിൽ നിന്ന് ശൃംഗാരം നവരസങ്ങളുടെ രാജാവ് എന്നു മനസ്സിലാക്കാം.
കരുണം
ശോകമാണ് കരുണയുടെ സ്ഥായി. പലതരം വ്യസനങ്ങൾ കരുണയ്ക്ക് കാരണമാകാം. അതൊക്കെ ഈ രസത്തിന്റെ വിഭാവങ്ങളാണ്. കണ്ണീരൊഴുക്കൽ, നെടുവീർപ്പ്, ഗദ്ഗദം തുടങ്ങിയവയാണ് അനുഭാവങ്ങൾ. നിർവേദം ഗ്ലാനി, ചിന്ത തുടങ്ങി മിക്ക സഞ്ചാരിഭാവങ്ങളും കരുണയ്ക്ക് ആവശ്യമുണ്ട്.
കണ്ണിൻറെ പോളകൾ രണ്ടും ചുവട്ടിലേക്കു വീണും വിറച്ചുമിരിക്കും. കൃഷ്ണമണികൾ മന്ദഗതിയിലായും ബലഹീനമായും കണ്ണീറോടുകൂടി സഞ്ചരിക്കും. ദൃഷ്ടികൾ മൂക്കിൻറെ അഗ്രത്തോട് ചേർന്നിരിക്കും. പുരികങ്ങൾക്ക് പാതനം നേരിടും. കഴുത്ത് ഒരു ഭാഗത്ത് ചെരിഞ്ഞതായും മാറ് കീഴ്പ്പോട്ടും മേൽപ്പോട്ടും വിറയോടുകൂടിയതായും കാണപ്പെടും.
വീരം
വീരത്തിന്റെ സ്ഥായി ഉത്സാഹം. ഉത്തമന്മാരിലാണ് വീരം ഉണ്ടാകുന്നത്. ഈ രസം ഉണ്ടാകുന്നതിനുള്ള വിഭാവങ്ങൾ കൂസലില്ലായ്മ, മടിയില്ലായ്മ, വിനയം, ബലം, പരാക്രമം, ശക്തി, പ്രതാപം, പ്രഭാവം എന്നിവയാണ്. കുലുക്കമില്ലായ്മ, കരളുറപ്പ്, ഉശിര്, ത്യാഗസന്നദ്ധത എന്നീ അനുഭാവങ്ങളിലൂടെയ്യാണ് അഭിനയികേണ്ടത്. ധൃതി, മതി, ഗർവ്വം, ആവേശം, ഉഗ്രത, അമർഷം തുടങ്ങിയവ സഞ്ചാരിഭാവങ്ങൾ.
ഇതിൻ കണ്ണിൻറെ മധ്യം നല്ലതു പോലെ വിടർന്നും കൃഷ്ണമണികൾ പുറത്തേക്ക് തള്ളിയും, രണ്ട് പോളകളും നീളത്തിലുമായിരിക്കും. കവിൾതടം പൊങ്ങിയും, ചുണ്ടും പല്ലും സ്വാഭാവികനിലയിലും ശിരസ്സ് സമനിലയിൽ നിർത്തിയുമായിരിക്കും. പുരികവും മൂക്കും സ്വാഭാവികമായിരിക്കും. നോട്ടങ്ങൾ വളരെ ശക്തിയുള്ളതായിരിക്കും.
രൗദ്രം 
രൗദ്രത്തിന്റെ സ്ഥായി ക്രോധം. മനസ്സിൽ തട്ടത്തക്കവിധം മറ്റുള്ളവർ ചെയ്യുന്ന അപകാരത്താൽ പ്രതിക്രിയ ചെയ്യാനുള്ള അഭിനിവേശത്തോടുകൂടിയ ക്രോധമാൺ രൌദ്രരസത്തിൻറെ സ്ഥായിരസം. അധിക്ഷേപിക്കുക, അപമാനിക്കുക, ഉപദ്രവിക്കുക, ചീത്തവിളിക്കുക, കൊല്ലാൻ ശ്രമിക്കുക തുടങ്ങിയ ക്രോധപ്രവൃത്തികളായ വിഭാവങ്ങൾ മൂലം രൌദ്രം ഉണ്ടാകുന്നു. അടി, ഇടി, യുദ്ധം തുടങ്ങിയ കർമങ്ങൾ, കണ്ണ് ചുമപ്പിക്കുക, അഹങ്കരിക്കുക, കൈ തിരുമ്മുക തുടങ്ങി നിരവധി അനുഭാവങ്ങളിലൂടെ രൌദ്രം അഭിനയിക്കുന്നു. കൂസലില്ലായ്മ, ഉത്സാഹം, അമർഷം, ആവേഗം, ചപലത, ഉഗ്രത, ഗർവ്വം തുടങ്ങിയവയാണ് സഞ്ചാരിഭാവങ്ങൾ.
ഹാസ്യം
ഹാസ്യത്തിന്റെ സ്ഥായി ഭാവം ഹാസമാണ്. വികൃതമായ രൂപം, വേഷം, സംസാരം മുതലായവയാണ് ഹാസത്തിന് കാരണമായ വിഭാവം. തന്നത്താൻ ചിരിക്കുന്നത് ആത്മസ്ഥവും, അന്യരെ ചിരിപ്പിക്കുന്നത് പരസ്ഥവും. സ്മിതം, ഹസിതം, വിഹസിതം, ഉപഹസിതം, അപഹസിതം, അതിഹസിതം എന്ന് ഹാസ്യം ആറ് തരം. ഉത്തമന്മാർക്ക് സ്മിതവും ഹസിതവും, മദ്ധ്യമന്മാർക്ക് വിഹസിതവും ഉപഹസിതവും, അധമന്മാർക്ക് അപഹസിതവും അതിഹസിതവും യോജിക്കും. കവിൾ വികസിച്ച് കടാക്ഷത്തോടെയുള്ള മന്ദഹാസം സ്മിതം. ഹസിതത്തിൽ പല്ലുകൾ കുറേശ്ശ പുറത്ത് കാണിച്ച് ചിരിക്കും. ഉചിതകാലത്തുള്ള മധുരമായ ചിരിയാണ് വിഹസിതം. മൂക്ക് വിടർത്തി വക്രദൃഷ്ടിയോടെ തോളും തലയും കുനിച്ച് ചിരിക്കുന്നത് ഉപഹസിതം. അനവസരത്തിൽ കണ്ണീരോടെ തോളും തലയും ചലിപ്പിച്ച് ചിരിക്കുന്നത് അപഹസിതം. അസഹ്യമായ പൊട്ടിച്ചിരി അതിഹസിതം. അവഹിത്ഥം, ആലസ്യം, നിദ്ര, അസൂയ മുതലായവ സഞ്ചാരിഭാവങ്ങൾ.
ഭയാനകം
ഈ രസത്തിന്റെ ആത്മാവ് ഭയം എന്ന സ്ഥായിഭാവമാണ്. ഹിംസ്രജന്തുക്കളെയോ മറ്റോ കണ്ട് പേടിക്കുക, വിജനതയിൽ അകപ്പെടുക, സ്വജനങ്ങൾക്കുണ്ടാകുന്ന ആപത്ത് അറിയുക തുടങ്ങിയവ വിഭാവങ്ങൾ. കൈകാലുകൾ വിറച്ചും, മുഖം കറുത്തും, ഒച്ചയടച്ചും മറ്റും ഈ രസം അഭിനയിക്കുന്നു. ശങ്ക, മോഹാലസ്യം, ദൈന്യം, ആവേഗം, ചപലത, ജഡത, ത്രാസം, അപസ്മാരം, മരണം എന്നിവയാണ് സഞ്ചാരിഭാവങ്ങൾ.
ബീഭത്സം
സ്ഥായി ജുഗുപ്സ. ഇഷ്ടപ്പെടാത്ത വസ്തുക്കളെയോ കാര്യങ്ങളെയോ പറ്റി കേൾക്കുകയോ ഓർമ്മിക്കുകയോ അവയെ കാണുകയോ ചെയ്യുന്നതിൽനിന്നും ബീഭത്സം ഉണ്ടാകുന്നു. മുഖം വക്രിക്കുക, തുപ്പുക, ഓക്കാനിക്കുക മുതലായ അനുഭാവങ്ങളോടെ അഭിനയിക്കുന്നു. അപസ്മാരം, ഉദ്വേഗം, ആവേഗം, മോഹം, വ്യാധി, മരണം തുടങ്ങിയവ സഞ്ചാരിഭാവങ്ങൾ. കണ്ണിൻറെ തടങ്ങളും കടക്കണ്ണും ചുരുങ്ങുകയും കൃഷ്ണമണി ദയയിൽ മുങ്ങിമങ്ങുകയും രണ്ട് കൺപോളകളുടെയും രോമങ്ങൽ തമ്മിൽ ചേരുകയും കൃഷ്ണമണി അകത്തേക്ക് വലിയുകയും ചുളുങ്ങിയ പുടങ്ങളോടുകൂടിയ, പുരികങ്ങൾക്ക് പാതനവും മൂക്കിൻറെ പുടത്തിൻ വീർപ്പും കവിൾതടത്തിൻ താഴ്മയും ഭവിക്കുകയും ചെയ്യുന്നു. മുഖരാഗം ശ്യാമവും നിറം നീലയും ദേവത മഹാകാലനുമാകുന്നു.
അത്ഭുതം
അത്ഭുതത്തിന്റെ സ്ഥായി വിസ്മയം. ദിവ്യജനദർശനം, ഇഷ്ടഫലപ്രാപ്തി, മഹത്തായ കാഴ്ചകൾ കാണുക, നടക്കാനാകാത്തത് നടക്കുക തുടങ്ങിയവ വിസ്മയം ഉത്ഭവിക്കുന്നതിനുള്ള വിഭാവങ്ങൾ. കണ്ണിമയ്ക്കാതെ വട്ടം പിടിച്ച് നോക്കുക, പൊട്ടിച്ചിരിക്കുക, സന്തോഷിക്കുക തുടങ്ങിയ അനുഭാവങ്ങളോടെ ഈ രസം അഭിനയിക്കണം. ആവേഗം, സംഭ്രമം, പ്രഹർഷം, ചപലത, ഉന്മാദം, ധൃതി, ജഡത, പ്രളയം മുതലായവ സഞ്ചാരിഭാവങ്ങൾ.
ഇതിൻ കൺപോളകളുടെ രോമാഗ്രം വളഞ്ഞും കൃഷ്ണമണികൾ ആശ്ചര്യത്താൽ മയത്തോടുകൂടിയും ദൃഷ്‌ടികൾ എല്ലാഭാഗവും നല്ലവണ്ണം പുറത്തേക്കു തള്ളി നിൽക്കുന്ന വിധത്തിലുമായിരിക്കണം. പുരികം പൊങ്ങിയും, മൂക്ക് സ്വാഭാവികമായും, കവിൾതടം വിടർന്നും, പല്ലും ചുണ്ടും സ്വതവേയുള്ള നിലയിലുമായിരിക്കും.
ശാന്തം
‘അഷ്ടാവേവ രസാ നാട്യേ’ എന്നു ഭരതൻ നിർവ്വചിച്ചിരുന്നു. ശാന്തം എന്ന രസം പിന്നീടുണ്ടായതാകണം. ശമമാണ് ശാന്തരസത്തിന്റെ സ്ഥായി. മോക്ഷദായകമാണ് ശാന്തരസം. തത്ത്വജ്ഞാനമാണ് ശാന്തത്തിന്റെ വിഭാവം. സുഖദുഃഖങ്ങളില്ലാത്ത, രാഗദ്വേഷാദികളില്ലാത്ത ഒരവസ്ഥയാണ് ശാന്തം. ഇന്ദ്രിയനിഗ്രഹം, അദ്ധ്യാത്മധ്യാനം, ഏകാഗ്രത, ദയ, സന്യാസജീവിതം എന്നീ അനുഭാവങ്ങളിലൂടെ ശാന്തരസം അഭിനയിക്കുന്നു. നിസ്സംഗത്വവും ഭക്തിയും അതനുസരിച്ചുള്ള മുഖഭാവങ്ങളും ശാന്തരസാഭിനയത്തിൻ ആവശ്യമാണ്. നിർവ്വെദം, സ്മൃതി, സ്തംഭം തുടങ്ങിയവ സഞ്ചാരിഭാവങ്ങൾ.