09-04

കാട്
ഇ. എം. കോവൂർ
പ്രസാ : സാഹിത്യ പ്രവർത്തക സഹകരണ സംഘം
വില : 160/-
ആദ്യ പതിപ്പ്     : 1964
നാലാം പതിപ്പ്   : 2012
നാഷണൽ ബുക്ക് സ്റ്റാളിൽ  ലഭ്യമാണ്.

ഇ.  എം. കോവൂർ
1906- ൽ തിരുവല്ലയിൽ ജനനം. തിരുവല്ല  എം. ജി. എം ഹൈസ്കൂൾ,  എറണാകുളത്ത് മഹാരാജാസ് കോളേജ്,  ലോ കോളേജ്,  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.  തിരുവനന്തപുരത്ത്  അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.  മുൻസിഫായി, പിന്നീട് സെഷൻസ് ജഡ്ജിയായി വിരമിച്ചു.

നർമ്മോപന്യാസം, വിവർത്തനം,  ചെറുകഥ, നാടകം,  സ്മരണ, ജീവചരിത്രം,  ബാലസാഹിത്യം, യാത്രാവിവരണം,  നോവൽ,  നിയമ വിജ്ഞാനം എന്നീ ശാഖകളിൽ  അമ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

മലകൾ,  കൊടുമുടികൾ,  ഹണിപതനം, ഗുഹാജീവികൾ, കോവൂർ കഥകൾ,  തികഞ്ഞ പെണ്ണ്, ഞാൻ കണ്ട ഭൂമി, കാട്ടുതാറാവ് ( വിവർത്തനം)  തുടങ്ങിയവ പ്രമുഖ കൃതികൾ.
1983 ഏപ്രിൽ 30-ന് അന്തരിച്ചു.

കാട്ടിലേക്ക് ഒരു യാത്ര പോയാൽ.......

കൊച്ചപ്പൻ, കാടിന്റെ മകനാണ്. എന്നുവെച്ചാൽ ആദിവാസി എന്ന  ഇന്നത്തെ അർത്ഥമല്ല. കാടാണ് കൊച്ചപ്പനെ വളർത്തിയത്.........
കാട് കയ്യേറി...   പ്ലാന്റേഷൻ കോർപ്പറേഷനുകൾ , എസ്റ്റേറ്റുകൾ എന്നിവ സ്ഥാപിച്ച് മുതലാളിയായതാണ്...... അതാണ് കൊച്ചപ്പൻ.
കൂട്ടത്തിൽ മാമച്ചനുണ്ട്..... കുശാഗ്രബുദ്ധിയുടെ അങ്ങേയറ്റം കണ്ടെത്തിയവൻ. ഓരോ കമ്പനികളുടെയും ബാലൻസ് ഷീറ്റ് കിറുകൃത്യമായി പരിശോധിച്ച് അതിലെ കള്ളത്തരങ്ങൾ കണ്ടെത്തി. ...... അതിന് വില പറഞ്ഞ്.... അവ ഷെയറാക്കി മാറ്റി മുതലാളിയായ വ്യക്തി...... അതാണ് മാമച്ചൻ.....
കള്ളനും  കള്ളന് കഞ്ഞിവെയ്ക്കുന്നവനും    ഒത്തുകൂടിയാൽ  എന്തു സംഭവിക്കും.........
അവരുടെ പടയോട്ടമായിരുന്നു പിന്നെ  നടന്നത്.

കൊച്ചപ്പന് രണ്ടു മക്കൾ..... രണ്ടും ആൺ മക്കൾ.....പാപ്പച്ചനും അനിയൻ കുഞ്ഞും.....
കാശുകാരന്റെ മകനെന്ന  എല്ലാ  തണ്ടും തല്ലുകൊള്ളിത്തരവും പാപ്പച്ചനിൽ ഭദ്രം.
എന്നാൽ  അനിയൻകുഞ്ഞ്.... താൻ നടക്കുമ്പോൾ മണൽത്തരികൾ വേദനിക്കുന്നോ എന്ന  സംശയത്തിൽ  ജീവിക്കുന്ന  ഒരു പാവം.

പക്ഷേ  ഫിലിപ്പോസ് മാസ്റ്ററുടെ  മകൾ പൊന്നമ്മയോട് മനസ്സിന്റെ കോണിൽ  ഒരിഷ്ടം അനിയൻ കുഞ്ഞ്  സൂക്ഷിച്ചിരുന്നു. പഠനവും അതിനിടയിലെ സാമൂഹ്യസേവനവും ശുദ്ധ ജീവിതവും ഊർജ്ജവത്തായ  പ്രണയവുമായി അനിയൻ കുഞ്ഞ് മുന്നേറുമ്പോൾ
കുടിയും കൂക്കിവിളിയും കുബേരമകനൊത്ത ജീവിതവുമായി പാപ്പച്ചനും മുന്നേറി.

പാപ്പച്ചന്റെഭരണമികവും ഭാര്യയുടെ ആഡംബര ഭ്രമവും അവരെ നാശത്തിന്റെ വക്കിലെത്തിക്കുകയും കമ്പനിയിൽ  പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അതിന്റെ  അവസാനം  കുടിച്ചു മദോന്മത്തനായ  പാപ്പച്ചൻ  ഓടിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിയുകയും അവർ രണ്ടു പേരും മരിക്കുകയും ചെയ്യുന്നു.

അതുവരെ കൺമുന്നിൽ കണ്ടാൽ പോലും ഗൗനിക്കാത്ത അനിയൻകുഞ്ഞിനെ ചില ചുമതലകൾ കൊച്ചപ്പൻ കെട്ടിയേല്പിക്കുന്നു.

ജനസേവനവും  ആതുര സേവനവും സമാധാന പൂർണമായ കുടുംബ ജീവിതവും മാത്രം  സ്വപ്നം കണ്ട് നടന്ന അനിയൻകുഞ്ഞിന്റെ ചുമലുകളിൽ കനത്ത ഭാരമായി കമ്പനികളുടെ ഭരണമെത്തി.

പൊന്നമ്മ  എന്ന  സാദാ സ്കൂൾ മാസ്റ്ററുടെ മകളെ തന്റെ മകൻ വിവാഹം ചെയ്യുന്നത് കൊച്ചപ്പന് ഇഷ്ടമായില്ല. മനസാക്ഷി സൂക്ഷിപ്പുകാരൻ മാമച്ചൻ കൊണ്ടു വന്ന ബന്ധമായിരുന്നു കൊച്ചപ്പന്  ഇഷ്ടം......
പക്ഷേ  അനിയൻ കുഞ്ഞ്  വഴങ്ങിയില്ല.  അവരുടെ വിവാഹം നടന്നു.

ഇതിനിടയിൽ  രാഷ്ട്രീയ പ്രവേശനം നടത്തിയ കൊച്ചപ്പൻ തിരഞ്ഞെടുപ്പിൽ  തോറ്റു. തുടർന്ന് കമ്പനിയിലും ധാരാളം പ്രശ്നങ്ങൾ  ഉടലെടുത്തു. മാമച്ചൻ  പിണങ്ങി.

ആകെ തകർന്ന കൊച്ചപ്പന് ആശ്വാസമായി പൊന്നമ്മ  എത്തുന്നു. ..........

എന്റെ  വീക്ഷണം  :
സ്കൂൾ വായനശാലയിൽ നിന്ന്  ആദ്യം  ഈ പുസ്തകം വായിച്ചു.  പിന്നീട്  എനിക്ക് സ്ഥിരമായി പുസ്തകം  എത്തിക്കുന്നയാൾ ഈ നോവലുമായി വന്നപ്പോൾ  ഒരു കോപ്പി  വാങ്ങി . വീണ്ടും  വായിച്ചു.

പ്രതിഭാ റായിയുടെ വനം എന്ന നോവൽ പോലെ മനോഹരമായ  ഒരു നോവൽ.  പ്രതിഭാ റായ് മനസ്സിൽ വളരുന്ന   വനമാണ്  വിഷയമാക്കിയതെങ്കിൽ കോവൂർ, ഈ നോവലീലൂടെ വിഷയമാക്കുന്നത് വനങ്ങൾ  വെട്ടിപ്പിടിച്ച് വന്യമായ ജീവിതം നയിക്കുന്നവരുടെ മനസ്സിൽ  വളരുന്ന കാടിനെയാണ്. അല്ലെങ്കിൽ കാടത്തം മനസ്സിൽ നിറയ്ക്കുന്നവരെയാണ്.
ഇന്ന് വായിക്കുമ്പോൽ  ചിലപ്പോൾ  പൈങ്കിളി സ്വഭാവം ഈ നോവലിൽ കണ്ടെത്താം പക്ഷേ  അതിലപ്പുറമുള്ള  ആഴമായ ചില വിശകലനങ്ങളിൽ ഇന്നും  ഈ നോവലിന് പ്രസക്തിയുണ്ട് എന്നതാണ് സത്യം.

ഓരോ വിടുകളിലും ഓരോ തുരുത്തുകൾ ഉണ്ടാവുകയും അവ  തനത് സാമ്രാജ്യമാക്കി വിരാജിക്കുകയും ചെയ്യുന്നതല്ലേ ഈ കാലഘട്ടം.......
കുരുവിള ജോൺ