08-09-18

*************************
*************************

ആനവര !
ഇനിയൊരാനയെ വരയ്ക്കാമെന്ന്
പടംവര ക്ലാസ്സില്‍
മാഷ് പറയുന്നു
കുട്ടികളെല്ലാം
മനസ്സിലൊരാനയെ വരച്ചു കഴിഞ്ഞിരുന്നു
അപ്പോഴേക്കും
മാഷിന്റെ  കൈകള്‍ക്കുള്ളിലൊരാനയൊളിച്ചിരിപ്പുണ്ടെന്നും
അതിപ്പോള്‍ നെറ്റിപ്പട്ടമണിഞ്ഞ്
ചെവിയാട്ടുമെന്നും
കുട്ടികള്‍ നോക്കുന്നു
ബോര്‍ഡിലൊരാനയെ
മാഷ് വരയ്ക്കുന്നു
മാഷിന്റെ വരയിലൂടൊരാനയെ
കുട്ടികള്‍ വരയ്ക്കുന്നു
മാഷിന്റെ വര
കുട്ടികളുടെ വരയാകുന്നു
കുട്ടികള്‍ വരയുമാന
ചെവിയാട്ടുന്നു തുമ്പിയിളക്കുന്നു
ചങ്ങല കിലുക്കമില്ലാതെ
കാട്ടിലേക്കു നടക്കുന്നു
പൂഴിയാടി പൊന്തകളില്‍ മറയുന്നു
പെരുവയറനാനയെന്ന്
കുട്ടികള്‍ ചിരിക്കുന്നു
മാഷപ്പോള്‍  ഒരു പാപ്പാനാവുന്നു
ചങ്ങലയ്ക്കിട്ട കുട്ടികള്‍
ചെവിയാട്ടുന്നു
ചിന്നം വിളിക്കുന്നു
കുട്ടിയാനച്ചെവികളില്‍ നിന്ന്
മാഷിന്റെ വിരല്‍
പിച്ചിപ്പൂ പറിയ്ക്കുന്നു !
പി എ അനിഷ്
*************************

വീടും കൂടും (മിനിക്കഥ )
പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്ന അയാൾ വില്ലേജ് ഓഫീസിൽ പുതിയ വീട് നിർമ്മിക്കാൻ  അപേക്ഷ കൊടുത്തു ഇറങ്ങി
വില്ലേജ് മുറ്റത്ത് വീട് നഷ്ടപ്പെട്ടതും അതുണ്ടാക്കാൻ നേരിട്ട  കഷ്ടപ്പാടും ഓർത്ത് സിഗരറ്റിനു തീ കൊളുത്തി
മരത്തിൽ നിന്നും പക്ഷി കാഷ്ഠിച്ചത് അയാളുടെ വെള്ള ഷർട്ടിൽ തന്നെ വീണു, ദേഷ്യത്തിൽ മേലേക്ക് നോക്കി
"നാശംപിടിച്ച ഈ കിളിക്കൂടുകൾ"
അയാൾ ടവ്വൽ എടുത്തു തുടച്ചു
വില്ലേജിന്റെ പടിക്കൽ പൊതുജനങ്ങൾക്ക് ശല്യമായ  പക്ഷിക്കൂടുകൾ നിറഞ്ഞ ഈ മരം മുറിച്ചുമാറ്റണം എന്ന ഒപ്പുശേഖരത്തിൽ അയാളും  ഒപ്പുവെച്ചു.
ഫൈസൽ ബാവ
*************************

നയതന്ത്രജ്ഞരാകേണ്ടവര്‍
ആദ്യം പഠിക്കേണ്ടത്
അമ്മയെയാണ്;
എത്രയെത്ര യുദ്ധങ്ങള്‍ക്കാണവര്‍
നിത്യേന വിരാമമിടുന്നത്!
അച്ഛനെന്ന സാമ്രാജ്യത്തിന്‍റെ
അധികാരപരിധികളെ
വെല്ലുവിളിച്ചുതുടങ്ങിയിരിക്കുന്നു,
മകനെന്ന നാട്ടുരാജ്യവും
മകളെന്ന സാമന്തരാജ്യവും;
എന്നും ചേരിചേരാരാജ്യമാണമ്മ.
സാമ്രാജ്യത്വത്തിനെതിരെ ,
ചെറുനിയമലംഘനങ്ങളെ
കണ്ടില്ലെന്നു നടിച്ചതിന് പഴികേള്‍ക്കാറുമുണ്ട്, ചിലപ്പോഴൊക്കെ  ;
ചേരിചേരാനയം
പൊളിച്ചെഴുതപ്പെടാറുമുണ്ട്,
സാമ്രാജ്യത്തോട് കൂറുപ്രഖ്യാപിക്കാന്‍.
വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടുമ്പോള്‍
ശകാരഗ്രനേഡുകള്‍ ലക്ഷ്യം കാണാറുണ്ട്.
അതുമല്ലെങ്കില്‍ ,
അവസാന ആയുധമായ
കണ്ണീര്‍പ്പീരങ്കിയോടെ യുദ്ധാന്ത്യം- ശുഭം!
അജിത്രി
************************

ബിംബാസുരൻ
ആദിപ്രപഞ്ചം, അർബുദമെന്ന
ഭ്രാന്തുപിടിച്ച ഒറ്റക്കോശം!!
ഇത് അസുരകവിയാം
ബിംബാസുരന്റെയാദ്യവരികൾ!
നിശ്ചലചിന്താവാരിധിയിൽ,
അശാന്തമായൊരാലിലമേൽ,
നിഷ്ക്രിയത്വത്തിന്റെ കാൽവിരലുണ്ട്
പള്ളികൊണ്ടൊരുണ്ണിയൊന്നുലഞ്ഞു!
താമരത്തണ്ടിലൂടൊരു കമ്പനം,
സുഖസുഷുപ്തിയിലാദ്യമായ്
നാന്മുഖൻ ഞെട്ടിവിറച്ചു!
സൃഷ്ടിരഹസ്യത്തിന്റെ പൊരുളിൽ,
ബ്രഹ്മവർഷഘടികാരമിടറി!
അകലെയെവിടെയോ
പെരുമ്പറക്കൊണ്ട
അസുരവാദ്യത്തിന്റെ
സങ്കീർത്തനങ്ങൾക്കൊത്ത്,
പഞ്ചകൈലാസങ്ങളിൽ
ജടയന്റെ താണ്ഡവമാദ്യമായ്
നടരാജനിയമങ്ങൾ ലംഘിച്ചു!
പ്രകൃതി, സ്ത്രീ, ശൃംഗാര,
കാമകേളികൾ നിറഞ്ഞ
ദേവകാവ്യങ്ങൾക്കുമീതേ,
അസുരന്റെയുള്ളിൽത്തിളച്ച
ആത്മനിഷ്ഠാബിംബങ്ങൾ
തോരാതെനിന്നു പെയ്യുന്നു..!
തലച്ചോർ വാറ്റിയ ദ്രവം
കരളിനെ ദ്രവിപ്പിച്ചു
പിറവി നല്കിയതിന്നപ്പുറം
ഒന്നുമേ നല്കുവാനായില്ല
സോമരസസൂകരപ്രസവങ്ങൾക്ക്!!
അംബരം നിറഞ്ഞു കഴുമരങ്ങൾ,
കടവാതിലായ് ഊയലാടുന്നു
പരശ്ശത;മസുരയോദ്ധാക്കൾ.
വരംകൊടുത്തുകൊണ്ടോടി
രക്ഷനേടുന്നു ത്രിമൂർത്തികൾ,
കൊലച്ചിരി ചിരിക്കുന്നു
ചതിയുടെ വികടസരസ്വതി!
ദേവരക്തത്തിനായ് ദാഹിക്കും-
വാൾത്തലപ്പിൻമൂർച്ചയാണിക്കവിത.
കടുംകറുപ്പിന്നഗാധതയിൽ
മുളയ്ക്കുന്നു കൊമ്പുകൾ,
ദംഷ്ട്രകൾ, നഖങ്ങൾ.
രോഷമീളയായൊലിക്കുന്നു,
ഒഴുകുന്നു കണ്ണീർ;വിയർപ്പുപ്പു
കലർന്ന രക്തനദികൾ!
നിശീഥിനിയെ ഭോഗിച്ചുമദിക്കുന്നു
നക്തഞ്ചരന്മാർ!
വൈവസ്വതമന്വന്തരത്തിലും
ഭ്രാന്തിന്റെ ചിന്നംവിളിക്കുന്നു,
എന്നും മദംപൊട്ടുമൊരൊറ്റയാൻ!
ഉയരട്ടെ ജ്വരബാധിതന്റെ
അമൂർത്തഗാനാലാപം!!
ദിജീഷ് കെ.എസ്. പുരം.
*************************

ഐറ്റം ഡാൻസ്
നൃത്തം ചെയ്യിക്കുന്നതും
പാട്ടു പാടിക്കുന്നതുമായ
വാക്കുകളോടാണ്
ഐറ്റം ഡാൻസിനോടെന്നപോലെ
നിനക്കിഷ്ടമെന്നോ?
ധ്വനി കുറച്ച്
അലങ്കാരങ്ങൾ മാത്രമുള്ളവ.
അവയ്ക്ക് ഈർപ്പവും ചൂടും
ഉണ്ടാകുമെന്നും
അവയ്ക്കിടയിലെ
ശീതളച്ഛായയിൽ
കുളിരു കിട്ടുമെന്നും
ഇളം വെയിലും തെന്നലും തുള്ളിക്കളിക്കുമെന്നും
നീ കരുതുന്നുവെങ്കിൽ
അതാകട്ടെ.
തണുത്ത് ശാന്തമായതും
സ്വപ്നങ്ങളിലേക്ക്
എടുത്തെറിയുന്നതുമായ വാക്കുകൾ
നിന്നെ ശുണ്ഠി പിടിപ്പിക്കുമെന്നോ?
നന്നായി.
പക്ഷേ, വിജൃംഭിപ്പിക്കുന്ന രോഷ വാക്കുകൾ
പകരം വെക്കണമെന്ന്
നീ വിചാരിക്കുന്നതെന്ത്?
പെണ്ണവയവങ്ങളുടെ
പേരുകൾ എണ്ണിപ്പറഞ്ഞ്
സ്ത്രീപക്ഷത്തേക്ക്
സ്നാനപ്പെടാൻ
നീ ആഗ്രഹിക്കുന്നുവെന്നോ?
നൂറ്റാണ്ടിന്റെ കവിയാവാനും ?
അതങ്ങനെത്തന്നെ വേണം,
കവിതയിലായാലും
കാവ്യ മീമാംസയിലായാലും.
നീ വനിതാ മാസികകൾ
വായിച്ചത് വെറുതെയായില്ല.
നല്ല പാചകക്കാർ
നല്ല വിളമ്പുകാരുമാകണമെന്ന്
അവ

നിന്നെ പഠിപ്പിച്ചുവല്ലോ.
സാവിത്രി രാജീവൻ
*************************


*************************

ടച്ച് സ്ക്രീന്‍,
പണ്ട് യുവമനസ്സ്
വാനത്തോളം വലുതായിരുന്നു
പ്രേമത്തിന്റെ നക്ഷത്രങ്ങളും
വിരഹത്തിന്റെ കാര്‍മേഘങ്ങളും ചേര്‍ന്ന ഒന്ന്
മാനമായതിനാല്‍ത്തന്നെ
സമാഗമത്തിന്റെ പൗര്‍ണ്ണമിയും
ഗ്രഹണങ്ങള്‍ക്കപ്പുറം കാത്തുനിന്നിരുന്നു
പിന്നെയെപ്പോഴോ
അത് വെള്ളിത്തിരയോളം ചെറുതായി
പ്രതീക്ഷയുടെ വെളിച്ചവും
നിരാശയുടെ നിഴലും
അവിടെ നാടകമാടി
അതിഭാവുകത്വത്തിന്റെ മിനിസ്ക്രീനിലൂടെ
അതിന്നൊരു മൊബൈല്‍സ്ക്രീനോളം ചെറുതായി
കാമത്തിന്റ കരസ്പര്‍ശത്താല്‍ മാത്രം

ജീവന്‍തുടിക്കുന്ന ഒരു മൊബൈല്‍സ്ക്രീനോളം
സാബുമുരളി
*************************

തൊഴുകയ്യോടെ
ഓർത്തുപോവുകയാണ്
ഒരു ദിവസം
ഇടുക്കിക്കാരും കോട്ടയംകാരും കൂടി
ആലപ്പുഴയിലേക്ക്
ഒഴുകിയൊഴുകി
വിരുന്നുവരുന്നത് ,
ഞങ്ങളെല്ലാരും കൂടി
അറബിക്കടലിലേക്ക്
ഒഴുകിയൊഴുകിപ്പോണത് .....
മൂന്നാംപക്കം
കടപ്പുറമാകെ
ശവങ്ങളുടെ ചാകരയടിയുന്നത് ....
വടക്കൻ കേരളവും
തെക്കൻ കേരളവും
മദ്ധ്യകേരളമെന്ന മരുഭൂമിയുടെ
രണ്ട് കടവുകളിൽ വന്ന്
പരസ്പരം
നോക്കി നിൽക്കുന്നത്...
അവരെല്ലാം കൂടി
പശുവിനെ കറക്കാൻ വന്ന
കുറേ അണ്ണാച്ചിമാരെ
ഓടിച്ചിട്ട് തല്ലണത് ......
ഒറ്റൊരുത്തനുമിനി
പച്ചക്കറി കൂട്ടരുതെന്ന്
അവരെല്ലാം ചേർന്ന്
ആഹ്വാനം കൊടുക്കുന്നത്...
ഗൾഫീന്ന് വന്നൊരു
കുടുംബനാഥൻ
നെടുമ്പാശേരില് വന്നിറങ്ങി
തെക്കോട്ടു നോക്കി നിന്ന്
നെടുവീർപ്പിടണത് .....
ബാക്കി വന്ന നേതാക്കളെല്ലാം
ഞെട്ടൽ ഞെട്ടലെന്ന്
ഞെട്ടി ഞെട്ടി പറയുന്നത്....
ഇന്ത്യാ നെറ്റ് ചാനലിലൊരു
മൊട്ടത്തലയൻ ന്യൂസ് റീഡർ
ടി വി പൊട്ടുമാറുച്ചത്തിൽ
നേതാക്കന്മാർക്കെതിരെ
ആഞ്ഞടിക്കുന്നത് ....
കേരളം കണ്ടിട്ടുള്ളതിൽ വെ-
ച്ചേറ്റവും കിടുക്കനൊരു
നിയമസഭാ സമ്മേളനത്തിൽ
പ്രതിപക്ഷമൊരു
കൊടുങ്കാറ്റായ്
മരിച്ചവർക്ക് വേണ്ടി
ആർത്തിരമ്പുന്നത് .......
പാലക്കാട് ചെത്താൻ പോയ
ചേർത്തലക്കാരൻ കുട്ടപ്പൻചേട്ടനത് കണ്ട്
പൊട്ടിക്കരയണത് ....
ബാക്കി വന്ന
നേതാക്കളെല്ലാം കൂടി
തിക്കിക്കയറിയൊരു
ഹെലികോപ്'റ്ററിൽ
കറങ്ങി നടന്ന്
ശവക്കൂമ്പാരങ്ങൾ
കാണുന്നത് .
പുതുക്കിപ്പണി
വേണ്ടാത്തൊരു
നാടുകാണുന്നത്...
ഒന്നുമറിയാതെ
ഞങ്ങളെല്ലാരും
ചീഞ്ഞു പൊന്തിയിങ്ങനെ
ഒഴുകി നടക്കണത് ......
അരുത്
നൂറു വയസുകഴിഞ്ഞൊരു മനുഷ്യൻ
ഇതുവരെ മരിക്കാത്തതു കൊണ്ട്
ഇനി മരിക്കുകയേയില്ലന്ന്
നിങ്ങൾ പറയരുത് .
മരിക്കുമോ
മരിക്കില്ലയോയെന്ന്
ചർച്ചചെയ്യുക പോലുമരുത്.
ലാലു കെ ആർ
*************************

കൂണുകൾ 
മേഘങ്ങൾ
പരസ്പരം
ചുംബിച്ച
വെളിച്ചത്തിൽ
കോരിത്തരിച്ച്
പേടിമറന്നു-
പെറ്റതാവണം
ഭൂമി

ഈ വെളുത്ത കൂണുകളെ.....
വീരാൻകുട്ടി
*************************

പടച്ചോൻ പറയുന്നു
മകനേ
എന്നെക്കുറിച്ചോർത്ത്‌
സങ്കടം വേണ്ട;
എന്നെ രക്ഷിക്കാൻ,
എന്നെ പോറ്റുവാൻ നീയാളല്ല.
എനിക്കായ് സഹോദര രക്തം നീ ചൊരിയേണ്ട.
കൈവെട്ടിയെറിയേണ്ട,
ചാവേറായ് ചിതറേണ്ട.
ഞാൻ തീർത്ത വർണങ്ങളെ,
താളത്തെ സംഗീതത്തെ
സ്വപ്നസൗന്ദര്യങ്ങളെ
തച്ചു നീ തകർക്കേണ്ട.
അറിവൊക്കെയും
വന്നതെന്നിൽ നിന്നല്ലോ, നിന്റെ
ഉടവാളതിൻ നേർക്കു വീശുവാൻ മുതിരേണ്ട.
അന്യന്റെ വേദപ്രമാണങ്ങളിൽ ചവിട്ടേണ്ട
പെണ്ണിനെയിരുട്ടുകൊണ്ടാപാദം പൊതിയേണ്ട.
കുഞ്ഞിന്റെ ഖൽബിന്നുളളിൽ
നഞ്ഞു നീ നിറയ്ക്കേണ്ട.
മകനേ, ഞാനേകനാണാദ്യന്തവിഹീനനാ-
ണീ മഹാപ്രപഞ്ചത്തിൽ
നിങ്ങളെത്രയോ തുച്ഛർ.
ആകയാൽ എന്നെക്കുറിച്ചോർത്ത്
സംഭ്രമം വേണ്ട.
എന്റെ ചേരിയിലാളെക്കൂട്ടുവാൻ വിയർക്കേണ്ട.
നിസ്സഹായരോടല്ല, നിഷ്ഠുര സാമ്രാജ്യത്വ
ദുഷ്ടർക്കു നേർക്കാവട്ടെ
നിന്റെ വീര്യവും പോരും.
നീ നിന്റെയാത്മാവിന്റെ ജാലകം തുറക്കുക

ജീവനിൽ, മറ്റുളേളാരിൽ വെളിച്ചം നിറയ്ക്കുക.
റഫീഖ് അഹമ്മദ് 
*************************

അധ്യാപക ദിനം
നീ കൊടുത്ത
കുഞ്ഞുനോവുകൾ
കുഞ്ഞപമാനങ്ങൾ
അതിന്റെ ആഴം നോക്കിയോ?
നന്മയ്ക്കു വേണ്ടി
(അപൂർവമായി സ്വന്തം ഈഗോയ്ക്കു വേ ണ്ടിയും)
ഒറ്റയ്ക്കും തെറ്റയ്ക്കും
കളിയാക്കിയോ?
മറുവാക്കില്ലാത്ത തല കുനിക്കലിൽ ഉള്ളിലൊരൂറിച്ചിരി ?
ഹൃദയത്തിന്റെ അടിത്തട്ടു കാണാത്ത
എത്രയെത്ര?
അമ്മയാവാതെ,,,,
സുഹൃത്താവാതെ,,,,,
മുൻവിധികളോടേ
എത്രയോ?
ഓരോ കുഞ്ഞും ഓരോന്നെന്നറിയാതെ,,
അവനെ ആദരിക്കാതെ
ഇപ്പോഴും?
നെഞ്ചോടടക്കിയവ ഏറെയും
ആത്മാവിലലിഞ്ഞവയും മറക്കുന്നില്ല,
പക്ഷേ ഒന്നെങ്കിലും,,
വർഷങ്ങൾ കൊഴിയുന്നു
പാഠങ്ങൾ കൂടുതലറിയുന്നു,,,,
അറിയണം,,,,
എല്ലാ ഹൃദയവും സ്വന്തമാക്കണം,,,,,,
അക്ഷരങ്ങൾ,,,,
വാക്കുക്കൾ,,,,,
അറിവിന്നഗ്നി,,,,,
നാവിലിറ്റിക്കുമ്പോൾ
സ്നേഹത്തിന്നമൃതാൽ
പൊള്ളാതെ നോക്കണം,,
ജീവിതം യുദ്ധമാക്കും
പോരാളികളെ കണ്ടെത്തി,,,
ആയുധമാകണം,,,
ഇന്ന്
അവർ വിരിച്ച
പൂവിതളുകളിൽ
നനയവേ,,,,,
ഓർമ്മപ്പെടൽ,,,,
ശ്രീല അനിൽ,,,,,
*************************
*************************