08-05c


ദൃശ്യകലയുടെ വരമൊഴിണക്കത്തിൽ എൺപത്തിയൊമ്പതാം  ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു ഏവർക്കും സുപരിചിതമായ കലാരൂപം മാർഗംകളി
കേരളത്തിലെ  ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ്‌ ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെമാർഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു. അടുത്തകാലം വരെ പുരുഷന്മാർ മാത്രമാണ്‌ മാർഗ്ഗംകളി നടത്തിയിരുന്നത് എങ്കിലും ഇന്ന് വ്യാപകമായി സ്ത്രീകളും മാർഗ്ഗംകളിയിൽ പങ്കെടുത്തുവരുന്നു. സ്കൂൾ-കലാലയ മത്സര വേദികളിൽ ഇത് അവതരിപ്പിക്കുന്നത് പെൺകുട്ടികളാണ്

പേരിനു പിന്നിൽ...👇
മാർഗ്ഗം എന്നത് പാലി ഭാഷയിലെ മഗ്ഗ എന്നതിൽ നിന്നുത്ഭകിച്ചതാണ്. പുതിയ ജീവിതരീതിക്ക് അതായത് ബുദ്ധമത പരിവർത്തനം ചെയ്യുന്നതിനെ മാർഗ്ഗം കൂടുക എന്നു പറഞ്ഞിരുന്നു. ക്രൈസ്തവരും മത പരിവർത്തനം ചെയ്താൽ മാർഗ്ഗം കൂടുക എന്നായിരുന്നു പുരാതന കാലത്ത് പറഞ്ഞിരുന്നത്.  പിന്നീട് ഇത് ഏത് മതം ചേരുന്നതിനേയും സൂചിപ്പിക്കുന്ന പദമായി. മാർഗ്ഗം കളിയെന്ന പേരിൽ ഇവിടെ സൂചിപ്പിക്കുന്നത് ക്രിസ്തുമാർഗ്ഗത്തെയാണ്‌

ചരിത്രത്തിലൂടെ....👇👇
1600-നും 1700-നും ഇടക്കുള്ള കാലത്താണ് ഈ കളിയുടെ ഉത്ഭവം എന്നു കരുതുന്നു നമ്പൂതിരിമാർക്കിടയിൽ നിലവിലുണ്ടായിരുന്ന സംഘക്കളിയുമായി ഇതിനു വളരെയധികം സമാനതകൾ ഉണ്ടെന്ന് പ്രൊഫസ്സർ പി.ജെ. തോമസും സംഘക്കളിയുടെ അനുകരണമാണെന്ന് ഉള്ളൂരും അഭിപ്രായപ്പെടുന്നു. മാർഗ്ഗംകളിയുടെ ഉല്പത്തിയെക്കുറിച്ചു വിവിധ അഭിപ്രായങ്ങൾ ഉണ്ട്. അവ താഴെ കൊടുത്തിരിക്കുന്നു:

♦ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്നാടിലും ഹിന്ദു ഉത്സവങ്ങളുടെ ഭാഗമായി പ്രധാനമായും കാണപ്പെടുന്ന തിരുവാതിര കളിയിൽനിന്നും വന്നതാണ് മാർഗ്ഗംകളി.
♦ ഡയസ്‌പോറയിൽനിന്നും ജൂത കല്യാണങ്ങളിൽ ഉള്ള പാട്ടും നൃത്തവുമാണ്.  മലബാറിലെ ജൂതരുടെ പാട്ടും നൃത്തവും സെന്റ്‌ തോമസ്‌ ക്രിസ്ത്യൻ നൃത്തമായ മാർഗ്ഗംകളിയും തമ്മിലുള്ള സാമ്യത പണ്ഡിതർ കണ്ടെത്തിയിട്ടുണ്ട്.
♦ബ്രാഹ്മണരുടെ നൃത്തമായ സംഗംകളിയിൽനിന്നും ഉത്ഭവിച്ചതാണ്.
♦ കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണരുടെ നൃത്തമായ യാത്രകളിയിൽനിന്നും ഉത്ഭവിച്ചതാണ്.
♦യഥാർത്ഥത്തിൽ വട്ടക്കളിയിൽനിന്നാണ്‌ മാർഗ്ഗംകളി ഉത്ഭവിച്ചത്, കൂടെ ദക്ഷിണേന്ത്യൻ ആയോധനകലകളിൽനിന്നും. തിരുവാതിരകളിയേക്കാളും ബ്രാഹ്മണ സംസ്കാരത്തെക്കാളും പഴക്കമുണ്ട് മാർഗ്ഗംകളിക്ക്. ‘മാർഗ്ഗം’ എന്ന വാക്കിൻറെ മലയാളം അർത്ഥം വഴി, ഉത്തരം എന്നൊക്കെയാണ്, എന്നാൽ ആത്മീയ തലത്തിൽ മുക്തിയിലേക്കുള്ള വഴി എന്നാണു അർത്ഥമാകുന്നത്. അടുത്തകാലം വരെ കേരളത്തിൽ ക്രിസ്തീയ മതത്തിലേക്ക് മാറുന്നതിനെ ‘മാർഗ്ഗം കൂടൽ’ എന്നാണു അറിയപ്പെട്ടിരുന്നത്. യഥാർത്ഥ മാർഗ്ഗംകളി തോമാ ശ്ലീഹാ കേരളത്തിൽ വന്നതിനെയും അദ്ദേഹം കാണിച്ച അത്ഭുത പ്രവർത്തികളെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ സൗഹൃദവും അദ്ദേഹം അനുഭവിച്ച വിഷമതകളും അദ്ദേഹം സ്ഥാപിച്ച പള്ളികളും കുരിശുകളെയും കുറിച്ചു വിവരിക്കുന്നവയാണ്. ഈ വിവരങ്ങൾ മാർഗ്ഗംകളിയുടെ പാട്ടിൻറെ വരികളിൽ വിശദീകരിക്കുന്നു. മലബാർ തീരത്ത് താമസിക്കുന്ന മാർ തോമ ക്രിസ്ത്യാനികളുടെ സാംസ്കാരികതയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് മാർഗ്ഗംകളി.

ആദ്യകാല മാർഗ്ഗംകളിയും ഇന്നത്തെ മാർഗ്ഗംകളിയും തമ്മിലുള്ള വ്യത്യാസങ്ങൾ കാണുമ്പോൾ മാർഗ്ഗംകളിയുടെ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി കരുതാം. ആദ്യ ഘട്ടം ഇന്ത്യയെ ബ്രിട്ടീഷ്‌ കോളനി ആക്കുന്നതിൻറെ മുമ്പുള്ള കാലം, അക്കാലത്ത് മാർ തോമാ നസ്രാണികൾ പ്രത്യേക ദിവസങ്ങളിലും ചടങ്ങുകളിലും അവതരിപ്പിക്കുന്ന നൃത്തമായിരുന്നു മാർഗ്ഗംകളി. അക്കാലത്ത് പരിചമുട്ടുകളിയും ഇതിൻറെ ഭാഗമായിരുന്നു. പിന്നീട് സിനോദ് ഓഫ് ദയാമ്പർ ഈ തദ്ദേശീയ രൂപത്തെ തടഞ്ഞു. പതിനേഴാം നൂറ്റാണ്ടിൻറെ അവസാനകാലത്ത് ദക്ഷിണേന്ത്യൻ പുരോഹിതനായിരുന്ന ഇട്ടി തൊമ്മൻ കത്തനാരുടെ പ്രയത്നത്തിൻറെ ഫലമായി മാർഗ്ഗംകളിക്ക് കൂടുതൽ ഉയർച്ച ലഭിച്ചു. ഈ കാലത്ത് 14 കാവ്യഖണ്ഡങ്ങളായി മാർഗ്ഗംകളിയെ രൂപപ്പെടുത്തി. പക്ഷേ പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനത്തോടെ ഈ കലാരൂപം ഇടയ്ക്ക് അവിടേയും ഇവിടെയും ആയി അല്ലാതെ ആരും അവതരിപ്പിക്കാതായി. അതേസമയം ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ മാർഗ്ഗംകളി എന്ന കലാരൂപം വീണ്ടും ജനപ്രിയമായി.

അവതരണം...👇
പന്ത്രണ്ടുപേരാണ്‌ (കലോത്സവ വേദികളിൽ 6 പേർ)മാർഗ്ഗം കളിയിൽ പങ്കെടുക്കുന്നത്. കത്തിച്ചുവച്ച തിരിവിളക്കിനു ചുറ്റും നിന്ന് കൈകൊട്ടിപാടിയാണ് മാർഗ്ഗംകളി നടത്തുന്നത്. പരമ്പരാഗതമായ വെള്ള മുണ്ടും ചട്ടയും അണിഞ്ഞാണ് മാർഗ്ഗംകളി അവതരിപ്പിക്കുന്നത്. വിളക്ക് ക്രിസ്തുവിനേയും പന്ത്രണ്ടുപേർ ക്രിസ്തുശിഷ്യന്മാരേയും സൂചിപ്പിക്കുന്നു. കളിയാശാൻ വായ്ത്താരി ചൊല്ലി പദം പാടുകയും വൃത്താകൃതിയിൽ അണിനിരക്കുന്ന കളിക്കാർ അതേറ്റുപാടി താളവും ചുവടും പിടിച്ച് നൃത്തസമാനമായ ചടുലതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. ആദ്യകാലത്ത് പുരുഷന്മാർ അവതരിപ്പിച്ചിരുന്ന മാർഗ്ഗംകളി ഇപ്പോൾ പ്രധാനമായും സ്ത്രീകൾ മാത്രമാണ് അവതരിപ്പിക്കുന്നത്.

The Marriage Customs and Songs of the Syrian Christians of മലബാർ (1936)” എന്ന പുസ്തകത്തിൽ പ്രൊഫ. പി. ജെ. തോമസ് .... 👇👇
“കല്യാണദിവസം രാത്രിയിൽ പലകളികളും മേളങ്ങളും ആട്ടങ്ങളും നടക്കാറുണ്ട്. അവയിൽ ഏറ്റവും പ്രധാനമായത് മാർഗംകളിയാണ്. പന്ത്രണ്ടാളുകൾ അരയും തലയും മുറുക്കി, ശിരസ്സിൽ മയിൽ‌പ്പീലി തിരുകി ഒരു വലിയ നിലവിളക്കിന്റെ ചുറ്റും നിന്ന് കൊണ്ടാണ് ഈ കളി നടത്താറുള്ളത്. ഈ പാട്ടിൽ ഭിന്നവൃത്തങ്ങളിലുള്ള പതിനാലു പാദങ്ങളും നാനൂറിലധികം വരികളും ഉണ്ട്. സാത്വികനായ മാർ തോമാ ശ്ലീഹ കേരളത്തിൽ വന്നു, പാലയൂർ, കൊല്ലം മുതലായ സ്ഥലങ്ങളിൽ ബ്രാഹ്മണരെയും മറ്റും മാർഗത്തിൽ ചേർത്തതാണ് ഇതിലെ വർണയവിഷയം. നമ്പൂതിരി ബ്രാഹ്മണരുടെ ‘യാത്ര കളിയോട്’ ഇതിനെതാണ്ടൊരു സാംയമുണ്ടെന്നു കേട്ടിട്ടുണ്ട്. അതിന്റെ വാസ്തവം അറിയാൻ സാധിച്ചിട്ടില്ല. സുറിയാനിക്കാർ കേരളത്തിൽ കുടിയേറിപ്പാർത്ത കാലത്തു സിറിയാ, മെസപ്പൊതാമിയ, മുതലായ രാജ്യങ്ങളിൽ ഇത്തരം ആട്ടങ്ങളും കളികളും നടപ്പുണ്ടായിരുന്നു. ഈ കളി കേരളത്തിൽ അവർ മുഖാന്തരം വന്നു ചേർന്നതായാൽ തന്നെ കേരളീയഅംശങ്ങൾ കാലാന്തരത്തിൽ ഉണ്ടായിട്ടുണ്ടെന്ന് വരാം. നസ്രാണികളുടെ പഴ പാട്ടുകളിൽ വച്ച് എല്ലാംകൊണ്ടും കൂടുതൽ പ്രാധാന്യം അർഹിക്കുന്നത് മാർഗം കളിപ്പാട്ടാണ്. ഈ കളി പോര്ടുഗീസുകാരുടെ വരവിനു ( 1500 -നു) മുൻപ് തന്നെ പ്രചാരത്തിലിരുന്ന എന്നാണു പരക്കെയുള്ള വിശ്വാസം. അതല്ല, പിൽക്കാലത്ത് ഉണ്ടായിട്ടുള്ളതാണെന്നും ഇപ്പോൾ ചിലർ വാദിക്കുന്നുണ്ട്. എന്നാൽ പോർട്ടുഗീസുകാർ ആദ്യകാലങ്ങളിൽ (ക്രി. 1600 -നു മുൻപ്) എഴുതിയ ചില ഗ്രൻഥങ്ങളിൽ തോമാശ്ലീഹായെക്കുറിച്ചുള്ള പാട്ടുകൾ കേരളത്തിൽ ഉണ്ടായിരുന്നെന്നും നസ്രാണികൾ അവ പാടി നടനംചെയ്‌ക പതിവായിരുന്നെന്നും, 1598- ൽ കേരളമൊട്ടുക്കു ചുറ്റിസഞ്ചരിച്ച ഒരു പോർട്ടുഗീസ് മെത്രാപ്പോലീത്തായെ അങ്കമാലി മുതലായ പ്രദേശങ്ങളിലെ നസ്രാണികൾ അപ്രകാരമുള്ള പാട്ടും കളികളും കൊണ്ട് ആനന്ദിപ്പിച്ചെന്നും മറ്റും കാണുന്നുണ്ട്. അങ്കമാലിക്കാർ നടത്തിയ കളി മാർഗംകളി ആയിരുന്നെന്നു കയ്യൻപാതിരി എന്ന നാട്ടു ചരിത്രകാരനും എഴുതിയിരിക്കുന്നു. ഈ സ്ഥിതിക്ക് ഈ പാട്ടിന്റെ പുരാതനത്വം ഏകദേശം സിദ്ധമാണെന്നാണ് തോന്നുന്നത്. പാട്ടിലെ ഭാഷ സാമാന്യം പഴയതും തമിഴ്മയാവും ആണ്. ഉദാഹരണമായി ആദ്യത്തെ പാദം തന്നെ എടുക്കാം.

മേയ്ക്കണിന്ത പീലിയും മയിൽമേല്‍ തോന്നും മേനിയും
പിടിത്ത ദണ്ഡും കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ
വാഴ്ക വാഴ്ക നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍
വഴിക്കൂറായ് നടക്കവേണ്ടി വന്നവരോ നാമെല്ലാം
അഴിവുകാലം വന്നടുത്തു അലയുന്ന നിന്‍ മക്കളെ
അഴിയായ് വണ്ണം കാത്തരുള്‍വാന്‍ കഴിവു പേശുക മാര്‍ത്തോമന്‍
മലമേല്‍നിന്നും വേദ്യനമ്പു ചാര്‍ത്തിമാറി എന്നപോല്‍
മയില്‍മേലേറി നിന്ന നില കാണവേണം പന്തലില്‍
പട്ടുടന്‍ പണിപ്പുടവ പവിഴമുത്തു മാലയും
അലങ്കരിച്ചു പന്തലില്‍ എഴുന്തരുൾക മാര്‍ത്തോമന്‍

മറ്റു ചില ഭാഗങ്ങൾ അത്രതന്നെ പുരാതനമായിത്തോന്നുന്നില്ല. പക്ഷെ ഓരോ കാലത്തും പാട്ടു പാടുമ്പോൾ ഗായകന്മാർ അന്നന്ന് നടപ്പുള്ള ഉച്ചാരണം ആവർത്തിക്കകൊണ്ടു വാക്കുകൾക്കു രൂപാന്തരം സംഭവിച്ചതാണ് അതിനുള്ള കാരണമെന്ന് വാരം. ഇങ്ങനെ ആണല്ലോ പഴയഗാനങ്ങളിൽ പുതിയശബ്ദങ്ങൾ കടന്നു കൂടാറുള്ളത്…”

മാർഗംകളി ചിത്രങ്ങളിലൂടെ...👇👇

















മാർഗംകളി വീഡിയോ ലിങ്കുകളിൽ....👇👇
https://youtu.be/_5Kj9ORmdx8

https://youtu.be/sVMoHbLgqi0

ഇന്നലെ ദൃശ്യകലയിൽ മാർഗംകളിയോടനുബന്ധിച്ച് പോസ്റ്റ് ചെയ്യണംന്ന് കരുതിയ ഇ_മാഗസിൻ...ധൃതിയിൽ പെട്ട് മറന്നു പോയി😔പേജ് 42_47വരെ മാർഗംകളിയുടെ വിശദമായ വിവരണമുണ്ട്.കൂടാതെ ഞാനിതുവരെ കേൾക്കാത്ത പരിശംവെയ്പ്എന്ന അരയന്മാരുടെ ആചാരത്തെക്കുറിച്ചുള്ള വിവരണവും