08-05b


ദൃശ്യകലയുടെ വരമൊഴിണക്കത്തിൽ എൺപത്തിയെട്ടാം  ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം ഏഴോണക്കളി

ഏഴോണക്കളി_ഒരു ലഘുവിവരണം👇
പോരീന്‍ കിടാങ്ങളെ പോരീന്‍......' കൂനിയോട് ആലിന്‍ ചുവട്ടില്‍നിന്ന് ആര്‍പ്പുവിളിക്കിടയില്‍ കാട്ടാളന്‍മാരുടെ ശബ്ദം. നരി പിടിക്കുമെന്ന ഭയവിഹ്വലതയില്‍ ഉണ്ണിയുടെ കൈപിടിച്ച് ഓലക്കുടയും ഗ്രന്ഥക്കെട്ടുകളുമായി ഓടിനടക്കുന്ന വൃദ്ധനായ നമ്പൂതിരി. ആല്‍ത്തറയില്‍നിന്ന് ചാടിയെത്തുന്ന നരിയെ കണ്ട് ഗ്രാമം നടുങ്ങുന്ന നിമിഷങ്ങള്‍. പിന്നെ നരിയും കാട്ടാളന്‍മാരും കുറേനേരം കൂനിയോട് അങ്ങാടി കീഴടക്കും. ഓണക്കാലത്ത് ചങ്ങരോത്ത് പഞ്ചായത്തിലെ കൂനിയോട് മാത്രം അരങ്ങേറുന്ന ഓണക്കളിയാണിത്. കൂനിയോട് ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനത്തിന്റെ ഭാഗം. ഇവിടെ ഗ്രാമവാസികള്‍ക്ക് ഓണാഘോഷങ്ങള്‍ തിരുവോണ നാളില്‍ തീരുന്നില്ല. ഏഴാംനാള്‍ വരെ നീളുന്ന ആഘോഷത്തിന് അവസാനമാണ് ഏഴോണക്കളി. വൈകുന്നേരമാകുമ്പോള്‍ ഇലകളാല്‍ മൂടിയ കാട്ടാളന്‍മാര്‍ അമ്പുകളെയ്ത് ഉണ്ണിക്കും നമ്പൂതിരിക്കുമൊപ്പം അങ്ങാടിയിലെത്തും. ഇരുവരെയും കാത്തുരക്ഷിക്കാനാണ് കാട്ടാളന്‍മാരുടെ വരവ്. നരിയെ എതിരിടാന്‍ കാട്ടാളന്‍മാര്‍ എല്ലാ ശ്രമവും നടത്തുമെങ്കിലും അസ്ത്രങ്ങള്‍ തീര്‍ന്നുപോകുന്നത് മാത്രമാകും ഫലം. ഇതോടെ നമ്പൂതിരിയും ഉണ്ണിയും എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കും. ഒടുവില്‍ ആല്‍മരത്തിനരികെ ഇരുന്ന് താളിയോല ഗ്രന്ഥമെടുത്ത് വായിക്കും. അപ്പോള്‍ നരി ചാടിയെത്തി പിടിക്കാനായുമെങ്കിലും ഇരുവരും രക്ഷപ്പെടും. കാട്ടില്‍വെച്ച് നരിയുടെ മുന്നിലകപ്പെട്ടപ്പോള്‍ നമ്പൂതിരിയും ഉണ്ണിയും താളിയോല ഗ്രന്ഥമെടുത്ത് ദേവീസ്തുതി ചൊല്ലി രക്ഷപ്പെട്ട കഥയാണ് ഏഴോണക്കളിയുമായി ബന്ധപ്പെട്ട് പഴയ തലമുറക്കാര്‍ പറഞ്ഞുപോരുന്നത്. നരിക്ക് മുന്നോട്ടുനീങ്ങാനാവാതെ ഇരുവരെയും പിടിക്കാന്‍ കഴിയാതെ പോകുകയായിരുന്നത്രേ. ഏഴോണക്കളിയിലെ വേഷവിധാനത്തിലും ഏറെ പ്രത്യേകതയുണ്ട്. നൊച്ചി ഇലകളാല്‍ മൂടി തുളസി (തൃത്ത) കൊണ്ടുള്ള മുടിയുമായാണ് കാട്ടാളന്‍മാരെ ഒരുക്കുക. മഞ്ഞച്ചായത്തില്‍ മുക്കിയ കോറത്തുണിയാണ് നരിയുടെ വേഷം. മരം കൊണ്ടുള്ള തലയും കൈകളുമുണ്ടാകും. ഓണക്കളി കഴിഞ്ഞ് അമ്പലത്തില്‍ എത്തി വലംവെച്ച ശേഷമേ പുലിയുടെ തലമാറ്റൂ. ഓരോ വര്‍ഷവും തിരുവോണനാളില്‍ തീരുമാനിക്കുന്നവരാണ് വേഷങ്ങള്‍ കെട്ടുക. തിരുവോണനാളില്‍ രാത്രിയില്‍ നരിയെകണ്ടാര്‍ക്കുന്നത് മുതലാണ് ഏഴോണക്കളിയുടെ തുടക്കം. ആറാം ദിനം വരെ ആല്‍ത്തറയ്ക്കരികില്‍ നിന്ന് ഇത് കേള്‍ക്കാം. ആറാം ദിവസം വൈകീട്ട് ആല്‍ത്തറയ്ക്കരികില്‍ ദിക്കുകളെ തൊഴുതു കുമ്പിടലും പ്രതീകാത്മകമായി ഓണത്തല്ലുമുണ്ട്. ക്ഷേത്രത്തില്‍നിന്ന് ചെമ്പട്ടുടുത്ത് തെയ്യമ്പാടി കുറുപ്പ് ചെണ്ടയുടെ അകമ്പടിയില്‍ എഴുന്നള്ളുന്നതോടെയാണ് ഏഴാം നാളിലെ കളിയുടെ തുടക്കം. ഊരാളന്‍മാരുടെ നേതൃത്വത്തില്‍ തൊഴുതു കുമ്പിടലും പ്രതീകാത്മകമായ ഓണത്തല്ലുമുണ്ട്. പിന്നെ ആര്‍പ്പു വിളികളോടെ എല്ലാവരും സമീപത്തെ തൊടുവയലിലേക്ക് പിരിയും. ഇതിന് ശേഷമാണ് നമ്പൂതിരിയുടെയും ഉണ്ണിയുടെയും വരവ്.

ഒരേയൊരു ചിത്രം മാത്രമേ ലഭ്യമായുള്ളൂ...👇













ലഘുവിവരണം ഉൾക്കൊള്ളുന്ന ഒരു വീഡിയൊ ലിങ്ക്..👇
https://youtu.be/0CYXr3W5vfU