07-07-18



രാധയെന്നു വിളിക്കാതിരിക്കൂ
എന്നെ രാധയെന്നു വിളിക്കാതിരിക്കൂ
എന്റെ കാലുകളിലുള്ളത്
ചിലങ്കയുടെ പാടുകളല്ല
കുടവും വീടും തലയിലേറ്റിപ്പോയ
ദാഹാർത്തമായ
നീണ്ട നടത്തങ്ങളുടെ
വടുക്കൾ മാത്രം
എന്റെ കൈകളിലുള്ളതു
മൈലാഞ്ചിയല്ല
അദ്ധ്വാനത്തിന്റെ ചോരയും
അടുപ്പുകല്ലുകളുടെ
തയമ്പും മാത്രം
എന്റെ കഴുത്തിൽ
വനമാലയും മണി മാലയുമില്ല അടിമത്തത്തിന്റെ
കറുത്ത ചരട് മാത്രം.
എന്റെ മുടിയിഴകൾക്ക്
കടമ്പിൻ പൂക്കളുടെ
സൗരഭ്യമില്ല
അവ വിയർപ്പിന്റേയും വൈധവ്യത്തിന്റേയും
കറുത്ത കാട്ടുപാതകൾ മാത്രം.
എന്റെ കരിഞ്ഞു മെലിഞ്ഞ
തുടകൾക്കിടയിൽ
കാമമില്ല, വിശപ്പു മാത്രം
അവിടെ എനിക്കു വേണ്ടത്
ഒരു കഷണം റൊട്ടി .
എന്നെ രാധയെന്ന് വിളിക്കാതിരിക്കൂ
ഞാൻ രാധയല്ല, സതിയല്ല,
സാവിത്രിയുമല്ല
എനിക്കു പേരില്ല
കാളിന്ദിയുടെ ആയിരം
കല്ലുകൾക്കിടയിൽ
കേവലമൊരു കല്ലാണു ഞാൻ
പിന്നെയും പിന്നെയും
പിറന്ന കൃഷ്ണന്മാരുടെ
ചവിട്ടേറ്റു കോണുകൾ
തേഞ്ഞ്, വിഴുപ്പേറ്റ്
ആകൃതി നശിച്ച വെറും കല്ല്.
എന്റെ ഹൃദയം ഒരടുപ്പ്, അവിടെ
പുല്ലാങ്കുഴലുകൾക്ക് ഊതി തീപ്പെരുക്കാനാകാത്ത ചാരം.
എന്റെ സ്വരത്തിൽ
കുയിലുകളില്ല ..
വിധിയെയും കുട്ടികളെയും
പ്രാകിപ്രാകിയടഞ്ഞ
തൊണ്ടയിൽ കുറുന്ന
ചിത മാത്രം.
എന്റെ മുലകൾ ശ്മശാനപുഷ്പങ്ങൾ
എന്റെ കണ്ണുകളിൽ
മരുഭൂമികളുടെ ക്രൗൗര്യം.
എന്നെ രാധയെന്നു വിളിക്കാതിരിക്കൂ
ധീരോദാത്തർക്കായ്
അകിടു ചുരത്തിച്ചുരത്തി
അസ്ഥികൂടമായി മാറിയ
സഹനങ്ങളുടെ
പശുവാണു ഞാൻ
പടയോട്ടങ്ങളുടെ '
കുതിരക്കുളമ്പുകൾക്കിടയിൽ
ചതഞ്ഞരഞ്ഞ
പച്ചിലയാണു ഞാൻ.
ഞാൻ തോട്ടിയുടെ മകൾ,
നിങ്ങളുടെ ചരിത്രത്തിന്റെ വരാന്തകളിൽ
ഞാൻ എന്നും തൂപ്പുകാരി.
നിങ്ങളുടെ ആരാധനാലയങ്ങളിൽ
ഉച്ഛിഷ്ടം ഭക്ഷിച്ചു
നൃത്തം ചെയ്യുന്ന ഉച്ഛിഷ്ടം.
വിപ്ലവങ്ങളുടെ വെപ്പാട്ടി
പൂതലിച്ച സിംഹാസനങ്ങളുടെ
കൂണ്.
ഹേ ഭൂമീ,
എന്നെ ഇത്രമേൽ സഹനശീലയാക്കിയ അമ്മേ,
ഇനി വരുന്ന അഗ്നിപരീക്ഷകളിൽ
എന്നെ തിരിച്ചെടുത്താനായി
തുട പിളരേണ്ടതില്ല.
ഈ ഉണങ്ങിയ  മുലക്കണ്ണുകൾ മതി അവരുടെ  അനീതിയുടെ
അയോദ്ധ്യകൾക്കു
തീകൊളുത്താൻ.
ഇതാ അവരുടെ മഥുരകളുടെ ചുവരിൽ
എന്റെ ചുവന്ന കൈപ്പത്തി .
അതിൽ നിന്നിറ്റു
വീഴുന്നത് എന്നെ
ചവിട്ടിത്താഴ്ത്തിയവരുടെ ചോരയാണ് .
അതു വിധവകളുടെയും
വേശ്യകളുടേയും
സൂര്യനായി
നാളെ കിഴക്കുദിക്കുമ്പോൾ
എന്റെ ആദ്യരാത്രി കഴിഞ്ഞിരിക്കും
അന്ത്യരാത്രിയും കഴിഞ്ഞിരിക്കും
അതായിരിക്കും എന്റെ
ആദ്യത്തെ പകൽ .
സച്ചിദാന്ദൻ

തൊട്ടുമുൻപ്                 
ആകാശം ഇടിഞ്ഞു വീണെന്നാൽ
തോളിൽ താങ്ങിക്കൊള്ളാ--
മെന്നൊരാത്മവിശ്വാസം കണ്ടു
നെടുംപാതയിൽ നിൽക്കും
ഉശിരൻ മരങ്ങളിൽ.
തന്നെ ആരും ഒന്നും ചെയ്യില്ലെന്നൊരു
കൂസലില്ലായ്മ കണ്ടു
കുത്തനെ നിൽക്കും കുന്നിൽ.
പുഴയെക്കണ്ടു:
ലോകാവസാനത്തോളം
അവിടെത്തന്നെയുണ്ടാകുമെന്നൊരു
സമാധാനത്തിൽ
മഞ്ഞുകാലത്തുറങ്ങിയും
വേനലിൽ പൊട്ടിച്ചിരിച്ചും അതു കഴിയുന്നു.
എങ്ങിനെ ആ നിഷ്കളങ്കതയെ ഇനി നേരിടും?
അവരിതാ എത്തിക്കഴിഞ്ഞു എന്ന മുന്നറിയിപ്പ്
ആരവയ്ക്കു നൽകും?
നമുക്കു മിണ്ടാതിരിക്കുക
അവരാഹ്ലാദിക്കട്ടെ
തൂക്കിലിടുവാനുള്ള വിധി
വെറുതെവിട്ടുവെന്നു കേട്ട് തുള്ളിച്ചാടുന്ന
ഭാഷയറിയാത്ത ഗ്രാമീണരെപ്പോലെ.
വീരാൻകുട്ടി 

ഗോൾമഴ
ഗോൾ മഴക്കാലത്ത് തണുപ്പും വിശപ്പും സഹിച്ച് വിവേചനങ്ങളെയടിച്ചു പറത്തി അവർ വരുന്നുണ്ട്, ലുക്കാക്കുമാർ!
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവരുടെ നെറുകയിലേക്കു  തുറിച്ചു നോക്കുന്നതിനാലാവാം,
പൊള്ളിയടർന്ന രാപകലുകളവരുടെ മുഖങ്ങളിൽ കല്ലിച്ചു കിടക്കുന്നത്.
എന്നിട്ടുമോർമകളേയവർ വിജയത്തിന്റെ നാട്ടു വെളിച്ചങ്ങളെയടുക്കി വച്ച്, നിറം പടർത്തുന്നു.
വിശപ്പ് ഒരു കവിതയാണ്. വളയുകയും പുളയുകയും കെട്ടിമറിയുകയും ചെയ്യുന്ന അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ആമാശയ ഭിത്തികളിലെഴുതി വയ്ക്കുന്ന  കവിത!
മിഥ്യാഭിമാനത്തിന്റെ വലക്കണ്ണികളിലേക്ക്, ഓട്ടക്കാലുറകൾ നീട്ടിയെറിയുന്ന വിജയത്തുടിപ്പുകളിലവർ ജീവിച്ചിരിക്കുന്നു.
വേവുന്ന കൽക്കൂനകളായവ നമ്മെ പൊള്ളിച്ചുകൊണ്ടിരിയ്ക്കുമെങ്കിലും,
കാനൽജലത്തുള്ളികളായി തെറിച്ചു വീഴുന്ന വേർപ്പിന്റെ കവിതകളെ നിങ്ങൾ നോക്കി നിന്നിട്ടുണ്ടോ?
അവയുടെ നെടുവീർപ്പുകളിലൊരു കൊടുങ്കാറ്റിന്റെ മുഴക്കമിരമ്പുന്നുണ്ടെന്നറിയുമോ?
അറിയരുത്! കാരണം സ്വന്തമായൊരിടമില്ലാത്തവന്റെ വേദനകളെകരിച്ചു കളഞ്ഞാണു നാം സ്വപ്ന സൗധങ്ങൾക്കിടം കണ്ടെത്തുന്നത്!
അവയുടെയിഴയടുക്കുകളിൽ  ഇരുളിൽ കുരുങ്ങിപ്പോകുന്ന കൊച്ചരുവികൾ പിറവിയെടുക്കുന്നുണ്ടെന്നുമറിയാതിരിയ്ക്കാം.
ബുഷ്റ

മരവിപ്പുകൾ
ദേശാടനക്കിളിയെപ്പോലെയാണ്
ഒരു കടലിനെയതേപടി
അടയിരുന്നുവിശ്രമിക്കും
അതൊരിരുത്തമാണ്
മുള്ളിനുമീതേയുള്ളയിരുത്തം
വസന്തങ്ങൾക്കു മീതേ
ഞാൻ പറന്നുന്നടക്കുമ്പോഴും
ഇരിക്കാനേയാവുന്നില്ല
പുക്കളല്ല കനലാണ്
ആ സ്വപ്നവുമങ്ങനെയാണ്
കൊഴിഞ്ഞുകൊണ്ടിരിക്കുമ്പോഴും
ഇതളുകൾദൂരങ്ങളിലേക്ക്
സഞ്ചരിച്ചുകൊണ്ടിരിക്കും
മരണമൊരു ചൂന്നുകൂടലാണ്
പൂക്കളുമിതളുകളുംപോലെ ...
അശോകൻ മറയൂർ

ചില കളിക്കാർ
ചില കളിക്കാരുണ്ട്
അവരിറങ്ങിക്കളിക്കില്ല
കളി കണ്ടു കൊണ്ട്
ഗാലറിയിലിരിക്കും
ജയിക്കുമെന്നുറപ്പുള്ള
നിങ്ങളോടൊപ്പമെന്ന്
രഹസ്യമായുറപ്പിക്കും
പുഞ്ചിരിയുടെ പ്രചോദനവുമായി
നിങ്ങൾക്ക് കാണാവുന്ന
ഒരിടത്ത് അയാളിരിക്കുന്നത്,
വിജയത്തിന്റെ
ഗോൾ മുഖങ്ങളിൽ-
നിങ്ങളെ ആവേശം കൊള്ളിക്കും.
ഒരു വേള അയാൾക്ക്
വേണ്ടി മാത്രമാണ്
കളിക്കുന്നതെന്ന് പോലും
തോന്നിപ്പോയേക്കും
ഒടുക്കം തോറ്റ്
മുറിവേറ്റ് നിൽക്കുമ്പോൾ
നിസ്സഹായമായി
ഗാലറിയിലേക്ക് നീളുന്ന
കണ്ണുകളെ
നിരാശപ്പെടുത്തിക്കൊണ്ട്
അയാൾ
അപ്രത്യക്ഷമായിരക്കും
ഒരിക്കൽക്കൂടി
നിങ്ങൾക്ക് മുറിവേൽക്കും
വേദിയിൽ വിജയിച്ച
ടീമിനൊപ്പം അയാളുണ്ടാകും
അന്നേരമയാൾക്ക്
നിങ്ങളെ പരിചയമേ കാണില്ല.
കടലോളം സ്നേഹം
നിറഞ്ഞ കണ്ണുകളിൽ
അവഗണനയുടെ
ആഴം ,ചുണ്ടിൽ നിന്നും
മാഞ്ഞു പോയിട്ടുണ്ടാകും
മോഹിപ്പിച്ച പുഞ്ചിരി
സാരമില്ല
അടുത്തതവണ നിങ്ങൾ
വിജയിക്കുമ്പോൾ
സംശയിക്കണ്ട
തൊട്ടരികിൽത്തന്നെ
അയാളുണ്ടാകും
പഴയ അതേ പുഞ്ചിരിയുമായ്
കാൽവിരലുകളിൽ
പോലും ചുംബിക്കാനാഞ്ഞ്
ശ്രീല.വി.വി

വനവാസം
നീയെന്നൊരൊറ്റമുറിവീട്ടിലടച്ചിരുന്നാ-
ലോരോ കിനാവു പുറമേ വിളിബെല്ലടിക്കും
കാറ്റൊന്നു വന്നുകിളിവാതിലുതള്ളി നീക്കി -
ച്ചാറ്റൽമഴയ്ക്കു പിറകിൽത്തല കുത്തി വീഴും
തീരെത്തളർന്ന നിഴലൂന്നിയെണീറ്റിടുമ്പോ -
ളീറൻ കുതിർന്ന മിഴി വീണ്ടുമടഞ്ഞു പോവും
ആളിക്കരിഞ്ഞ മെഴുകിൻശവഗന്ധമപ്പോ -
ളാത്മാവു തൊട്ടു മുറി വിട്ടു പുറത്തിറങ്ങും
നീലച്ചെരിപ്പു പഴകിത്തുകൽവാറു പൊട്ടി -
നീയെൻ നിലാവിലെറിയും സ്മൃതി ബാക്കിയാവും.
കോൺക്രീറ്റുചെയ്തസമയത്തൊരുതുള്ളിപോലും
നീരിറ്റിടാതെ വര വീണ പുരയ്ക്കു താഴെ
നീയറ്റു വീണ കുമിളത്തെളിവുറ്റുനോക്കി
ഞാനെത്ര കാടുകയറുന്നു നിനക്കു വേണ്ടി!
ശ്രീനിവാസൻ തൂണേരി

ഒച്ചാവ, ഇനിയുറങ്ങുക നീ...
ഒച്ചോവ,
ഉറക്കം നിന്നെ അനുഗ്രഹിക്കട്ടെ,
ഇടക്ക് ഞെട്ടിയുണരുന്ന
സ്വപ്നങ്ങളിൽ ,
വീണു കിടക്കുന്ന
നിന്റെ കണ്ണിനു നേരെ കൊടുങ്കാറ്റുടക്കിയ കാലുമായി
അവൻ നിന്നു ചിരിക്കുന്നുണ്ടാവുമെങ്കിലും
ഒച്ചോവാ,
നീ ഉറങ്ങാൻ ശ്രമിക്കുക...
സമാര അരീനയിലെ
കാറ്റിന് കാനറികളുടെ ചിറകടിച്ചൂടേറുമ്പോൾ
ഒച്ചോവാ ,
ജർമ്മൻ ബുള്ളറ്റുകളെ   ലാഘവത്തോടെ
നുള്ളിയെറിഞ്ഞ
മുഹൂർത്തങ്ങൾ ഓർത്തുകൊണ്ടുതന്നെ ഞാൻ നിനക്കു നിദ്രയാശംസിക്കുന്നു.
നീ ശ്രദ്ധിച്ചിരുന്നോ അവന്റെ കണ്ണിലെ തീയിളക്കം ,
നിന്നോടല്ല നീ കാത്ത വലയോടായിരുന്നത്.
അതിനാലാവാം
നിന്നെ ഇറക്കി മണ്ണിൽ കിടത്തിയ ശേഷമാണ് അവൻ ലോകം മുഴുവൻ നോക്കി നിൽക്കേ ,
അത് ചെയ്തത്.
ഒച്ചോവാ,
നീ ശരിക്കും കണ്ടതല്ലേ മറ്റാരെക്കാളും ?
തിരകൾക്ക് മുകളിലൂടെ തെന്നിപ്പറക്കുന്ന വില്ലിയൻ ,വെയിൽ തുമ്പി പോലെ ജിസസ്,
കൊള്ളിയാൻ പോലെ കുട്ടീഞ്ഞ്യോ ,
ഒക്കെ നീ തട്ടിയകറ്റിയിട്ടും ,
നിന്റെ പത്ത് കാളക്കൂറ്റൻമാരെയും സാക്ഷിപ്പട്ടികയിലെഴുതി എത്ര ആദ്രമായാണവൻ നിന്റെ ശ്വാസമടപ്പിച്ചത് ?
എത്ര ദയാപരമായാണ്
ഫെർമിനോയെക്കൊണ്ട്
നിന്റെ മരണമുറപ്പിച്ചത്?
ഒച്ചോവാ നീ ഉറങ്ങാൻ ശ്രമിക്കുക,
സ്വപ്നത്തിലിനി പേടിപ്പിക്കാൻ
അവൻ വരില്ല.
അവനിപ്പോൾ
മറ്റൊരു സ്വപ്നത്തിൽ മുത്തമിടുന്നത് സ്വപ്നംകാണുന്ന തിരക്കിലാണ്.
മൂസ എരവത്ത്


രക്തസാക്ഷി
ചതിയുടെ  ചതുരംഗക്കളിയാൽ
തെരുവിനെ  അവർ ചുവപ്പിച്ചതാണ്,
അവന്റെ ചോരയാൽ,
കാലം  പാപത്തിൽ കൈകകഴുകി തുടയ്ക്കുന്നൊരു പിലാത്തോസാവും
കൂട്ടുകാരവനെ മരണം മണക്കുന്ന ചുംബനങ്ങളാൽ ചൂണ്ടിക്കൊടുക്കും..
ചിന്തപ്പെട്ട അവന്റെ രക്തത്തെയോർത്ത് അവന്റെ അമ്മയുടെ ഗർഭപാത്രം മാത്രം വിലപിക്കും.
അവന്റെ രക്തത്തോടൊപ്പം ഒഴുകിപ്പാകുന്ന  സിന്ദൂരം  അവന്റെ പെണ്ണിന്റെ കണ്ണുകൾ കലക്കുന്നുണ്ടാവും..
അവൻ മടങ്ങി വരുന്നതും കാത്ത് അവന്റെ കുഞ്ഞുങ്ങൾ ഉറക്കമിളയ്ക്കും
പ്രത്യയശാസ്ത്രങ്ങൾ  തെരുവിലെ അവന്റെ ചോരയെ പെട്ടെന്ന് വിസ്മരിക്കും ..
ഇരുണ്ടുപോയ അവന്റെ  വീട്ടുകോലായ മാത്രം അവന്റെ നിറഞ്ഞചിരിയുടെ ഇത്തിരിവെട്ടം   ഓർത്തുവയ്ക്കും...
പൊല്ലാത്ത കാലത്ത് ,
പാടിപ്പുകഴ്ത്തപ്പെടുന്ന
രക്തസാക്ഷിത്വത്തിന് കാല്പനിക സൗന്ദര്യമുളളത്  ഇതിഹാസങ്ങളിൽ മാത്രമാണ് .
ഷീലാ റാണി













അടുപ്പം
അടുപ്പം
ഒരു തൂക്കുപാലത്തിന്റെ
തുടക്കമാണ്.

അവിടെ നിങ്ങൾ
സ്നേഹത്തിന്റെ
കൈവരിയിൽ പിടിച്ച്
ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ
താഴെ ഒഴുകുന്ന
വേദനയുടെയോ
മറവിയുടെയോ
പുഴയിൽ
വീണ്ടെടുക്കാനാവാത്ത വണ്ണം
വീണുപോയേക്കാം!
റഹിം.പി.എം

പഞ്ചിങ്ങ്
ഞാനും ഭാര്യയും ജോലി ചെയ്യുന്നത്
ഒരേ ഗ്രാമത്തിലാണ്,
മുതലമട ഗ്രാമത്തിൽ .
പക്ഷേ
പാതി മയക്കത്തിലൊന്ന്
കെട്ടിപ്പിടിക്കാൻ നോക്കുമ്പോഴാണ്
ഞങ്ങൾക്കിടയിൽ
തമിഴ്നാടെന്നൊരു
സംസ്ഥാനത്തിനമുണ്ടെന്നറിയുന്നത്
അഞ്ചാറു മുട്ടൻ
മലകളുണ്ടെന്നറിയുന്നത്
കിലോമീറ്ററുകളോളം
കുണ്ടും കുഴിയുമുള്ള
റോഡുണ്ടെന്നറിയുന്നത്
മൂന്ന് ചെക്ക് പോസ്റ്റുക-
ളുണ്ടെന്നറിയുന്നത്
ആനയും കാട്ടുപോത്തും
കരടിയുമുണ്ടെന്നറിയുന്നത്.
എന്നിട്ടും
ആഴ്ചാന്ത്യങ്ങളിൽ
ആനയ്ക്കും കാട്ടുപോത്തിനും
കരടിക്കുമിടയിലൂടെ നടന്ന്
പാമ്പു പോലിഴയുന്നൊരു
വണ്ടി കയറി
കുണ്ടും കുഴിയും താണ്ടിപ്പോയി
ഞങ്ങളൊരുമിച്ചുറങ്ങിയിരുന്നു.
ശനിയും ഞായറും രാത്രികളിൽ
ദാമ്പത്യം പൂത്തു തളിർത്തിരുന്നു.
ഇന്നിപ്പോളിതാ
ഇത്തിരി ദാമ്പത്യത്തിന്റെ
പൂക്കളും തളിരുമെല്ലാം
തല്ലിക്കൊഴിച്ചു -
നെഞ്ചത്തടിച്ചു -
 കടന്നു വരുന്നുണ്ട്
ഞങ്ങൾക്കിടയിലേക്കൊരു
പഞ്ചിങ്ങ് മെഷീൻ കൂടി.
ഇനിയൊരു വഴിയേയുള്ളു.
ശനിയാഴ്ച വൈകിട്ട്
ജോലിയും കഴിഞ്ഞവൾ
തമിഴ്നാട് താണ്ടി
ആനമലയെത്തണം.
സായാഹ്ന വണ്ടിയിൽ
കാടു താണ്ടി ഞാനുമങ്ങെത്തും .
സേട്ടിന്റെ ലോഡ്ജിൽ
വാടകമുറികളിൽ
പൂപ്പൽ ഗന്ധങ്ങളിൽ
പൂത്തുലയുമിനിയും
ഞങ്ങളുടെ ദാമ്പത്യ ബന്ധം.
വിവാഹ സർട്ടിഫിക്കറ്റൊന്നും
കരുതണ്ട കേട്ടോ
അച്ഛനും മകളും കൂടി
ബീച്ചിലിരുന്നാലും
പോലീസു വന്ന്
വിവാഹ സർട്ടിഫിക്കറ്റ് ചോദിക്കുന്ന
പ്രബുദ്ധ കേരളമൊന്നു -
മല്ലല്ലോയിത്
NB - പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിന്റെ ഭാഗമാണ് പറമ്പിക്കുളം ടൈഗർ റിസർവ്വ് . മുതലമട നിവാസിക്ക് പറമ്പിക്കുളം ഫോറസ്റ്റ് ഡിവിഷനിൽ ജോലി കിട്ടിയാൽ അവൻ  സ്വന്തം ഗ്രാമത്തിൽ തന്നെ സർക്കാർ ജോലി ചെയ്യാൻ ഭാഗ്യം സിദ്ധിച്ചവനാകുന്നു. പക്ഷേ തമിഴ്നാട്ടിലൂടെ 60 കിലോമീറ്ററും ഉൾവനത്തിലൂടെ 40 കിലോമീറ്ററും സഞ്ചരിച്ചാലേ ജോലി സ്ഥലമായ പറമ്പിക്കുളത്ത് എത്താനാവൂ. അതു കൊണ്ട് തന്നെ സ്വന്തം ഗ്രാമത്തിൽ ജോലി കിട്ടിയിട്ടും കുടുംബത്തോടൊപ്പം അന്തിയുറങ്ങാനാവാത്ത ഹതഭാഗ്യരാണവർ. പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെയുള്ള ഒരു വഴി നിയമ തടസ്സം മൂലം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു.
ലാലു കെ ആർ

ആരാണു നീ?
എന്റെ ഇടം കൈയ്യിലിരുന്ന്...
ഇടയ്ക്കിടെ ....
നീ പിടയുന്നതെന്തിന്?
ആ പിടച്ചിൽ....
എന്റെ ....
ആത്മാ വോളമെന്ന് നീയറിയുന്നില്ലേ?'...
വിരൽതുമ്പിനാൽ....
 തൊട്ടുണർത്തി..... പൊരുൾ തിരയുംവരെ.....
വല്ലാത്തൊരു വെപ്രാളത്തിലാണ്ട്...
മുങ്ങി മുഴുകും...
ഞാൻ......
എന്റെ
പുലരികൾ കൺചിമ്മി ഉണരുന്നത്....
നിന്നിലേക്കാണ്....
എപ്പോഴുമെന്നൊപ്പം... നടന്നു... നടന്നു.... നീ...
എന്റെ സഞ്ചാരങ്ങളും.......
ഒളിയിടങ്ങളുമെല്ലാം......
സ്വന്തമാക്കി......
നീയെനിക്ക്.... ചൊല്ലിത്തരുന്ന കഥകൾ...
കാതിൽ മൂളുന്ന.....
ഈണങ്ങൾ....
കൂടെ
നടത്തുന്ന
കൂട്ടുകൾ......
പ്രണയങ്ങൾ.......
പരിഭവങ്ങൾ......
സങ്കടങ്ങൾ....
എല്ലാം....
ഏറെ...
പ്രിയങ്കരങ്ങൾ.....
എന്റെ അക്ഷരങ്ങൾ
നിന്റെ വെള്ളിത്തെളിച്ചത്തിൽ
എന്റെ ഭാവനകൾ...
ഈ ഒറ്റ വിരലെഴുത്തിൽ.....
നമ്മൾ ഒന്നിച്ചിരിക്കുമ്പോൾ....
പുസ്തകത്താളിലെ
അക്ഷരമണവും....
ചിത്രവർണങ്ങളും.....
പിണങ്ങി മറയുന്നു.....
അവയെ ചേർത്തണയ്ക്കാൻ..
പിന്നാലെ പായുമ്പോൾ.. നേർത്തൊരു സംഗീതമായ്....
ഒരു മൂളലായ്.....
ഒരു പിടച്ചിലായ് .....
നീയെന്നെ വരിയുന്നു.....
ഞാൻ ....
എന്റെ ലോകം..
നിന്നിൽ മാത്രമായൊതുങ്ങുന്നതിൽ...
തെല്ലഹങ്കാരം?....
നീയെനിക്കു...
പകരുന്ന ലോകം...
വിസ്മയം...
നിന്റെ അദ്യശ്യകരങ്ങളിൽ
നിന്നൊരു....
മടക്കം...
കൊതിക്കുമ്പോളും....
ഞാനറിയാതെ....
കൂടുതൽ കൂടുതൽ...
നിന്നിലേയ്ക്ക്....
ലയിക്കുന്നതെന്ത്?'...

ആരാണു... നീ?
ശ്രീലാ അനിൽ