07-05b

നായകനും നായികയും
           നോവൽ
        സുസ്മേഷ് ചന്ത്രോത്ത്
പ്രസാധകർ:  സാഹിത്യ പ്രവർത്തക സഹകരണ സംഘം
വില  : 60/-

എഴുത്തുകാരൻ  :

ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ സ്വദേശി. ഇപ്പോൾ  കൽക്കത്തയിൽ താമസം.

രചനകൾ  :

 ഡി, 9, മറൈൻ കാന്റീൻ, പേപ്പർ ലോഡ്ജ്, ആത്മച്ഛായ
നായകനും നായികയും
(നോവലുകൾ )
വെയിൽ ചായുമ്പോൾ നദിയോരം, ആശുപത്രികൾ  ആവശ്യപ്പെടുന്ന ലോകം, ഗാന്ധിമാർഗ്ഗം, കോക്ടെയിൽ സിറ്റി, സ്വർണ്ണമഹൽ, മാമ്പഴമഞ്ഞ, മരണവിദ്യാലയം, ബാർകോഡ്, സങ്കടമോചനം, (കഥാസമാഹാരങ്ങൾ)
പകൽ , ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം,  ആതിര 10c,  (തിരക്കഥകൾ)

പുരസ്കാരങ്ങൾ:

ഡി. സി. ബുക്സ് നോവൽ കാർണിവൽ അവാർഡ്,  അങ്കണം അവാർഡ്,  കെ. എ. കൊടുങ്ങല്ലൂർ കഥാ പുരസ്കാരം,  ഇടശ്ശേരി അവാർഡ്,  സാഹിത്യ ശ്രീ പുരസ്കാരം,  തോപ്പിൽ രവി അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റെ, അങ്കണം- ഇ. പി. സുഷമ എൻഡോവ്മെന്റ്, പ്രൊഫ. വി. രമേഷ് ചന്ദ്രൻ  സ്മാരക കഥാ പുരസ്കാരം,  ജേസീ ഫൗണ്ടേഷൻ കഥാ പുരസ്കാരം,  2009-ലെ തിരക്കഥയ്ക്കുള്ള സംസ്ഥാന സർക്കാർ ടെലിവിഷൻ അവാർഡ്,  മികച്ച ഹ്രസ്വചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ  അവാർഡ്.

കഥകൾ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നോവലിലേക്ക്:

കുടിയേറ്റ മേഖലയിലെ ഏറ്റവും  ഉയർന്ന,  ഏറ്റവും കാറ്റുകിട്ടുന്ന പ്രദേശമാണ് നത്തുപാറ. അവിടേക്കാണ് തോമ  എന്ന  ഒറ്റയാൻ പറഞ്ഞു കേട്ട അറിവു വെച്ച്  രാമകൃഷ്ണനും ഗാർഗിയും എത്തുന്നത്.

ഫോർട്ടുകൊച്ചിയിലെ ആർട്ട് കഫേയിലിരുന്ന് പുതിയ ചിത്രങ്ങൾ വരയ്ക്കാൻ പറ്റിയ സ്ഥലത്തെപറ്റി തിരക്കിയപ്പോഴാണ് തോമാ  തന്റെ നത്തുപാറയിലെ വീടിനെക്കുറിച്ച് പറയുന്നത്.


അപരിചിതമായ, കാറ്റിൽ കാട്ടാനച്ചൂര് നിറയുന്ന ആ പ്രദേശം ഭീകരമായി തോന്നി.
നാട്ടുകാരുടെ ഭാഷ്യവും വർണ്ണനകളും അവരിൽ ഭീതി പടർത്തി.

മരിച്ചുപോയ ഭാര്യ ഒറോതയുടെയും പല സമയങ്ങളിലായി ദുർമരണപ്പെട്ട തോമായുടെ പെൺമക്കളുടെയും പ്രേതങ്ങൾ  അവിടെയുണ്ടത്രേ...... തോമ  അവരുമായി സംസാരിക്കാറുണ്ടത്രേ.......

തിരിച്ചു പോകാൻ പലതവണ തോന്നിയെങ്കിലും പുതിയ സൃഷ്ടികൾക്ക് പ്രചോദനമായ സ്വശ്ച ശാന്തമായ പ്രകൃതിയിൽ  ആ കലാകാരനും കലാകാരിയും ആകൃഷ്ടരായി.

ഗാർഗി രചനയിൽ മുഴുകിയപ്പോൾ രാമകൃഷ്ണൻ നാട്ടിടവഴികളിലൂടെ നടന്നു.
ആ നടപ്പ്  പല ദുരൂഹതകളിലേക്കുമുള്ള വാതിലുകൾ തുറന്നിട്ടു.

ഗാർഗിക്ക് ഒരു  ഇരട്ട സഹോദരിയുണ്ടായിരുന്നു.
ഗാഥ...... ഗാർഗിയുടെ വിരലിൽ കോടാലി കൊണ്ടു മുറിഞ്ഞൊഴുകിയ രക്തം കണ്ടതോടെ ഗാഥയിലെ ചിത്രകാരി  പുറത്തു വന്നു.  പിന്നീട് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഗാഥ നടന്നു കയറിയത് വളരെ പെട്ടെന്ന്  ആയിരുന്നു.

ഡൽഹിയിൽ വെച്ച് പരിചയപ്പെട്ട ചന്ദ്രജിത് സിംഗ്  എന്ന ചിത്രകാരനോടൊപ്പം ജീവിക്കുന്നു  എന്ന് മാത്രം  അറിയീച്ച്........ ഗാഥയും ചന്ദ്രജിത് സിംഗും എങ്ങോ മറഞ്ഞു ..........


ഗോപാലൻ കുരിക്കൾ എന്ന വൃദ്ധന്റെ ഓർമ്മയിൽ  ചന്ദ്രജിത് സിംഗ്  ഗോദാവരി എന്ന  ചാരായം വാറ്റുന്ന  സ്ത്രീയുമായി അടുപ്പത്തിലായിരുന്നു.
ഉന്മാദത്തിന്റെ വന്യമായ  ഇണചേരലും ഭ്രാന്തമായ രതിയുടെ ആവേഗങ്ങളും രണ്ടുപേരെയും ആഘോഷത്തിന്റെ അപരിമേയമായ  മേഖലകളിലേക്കെത്തിച്ചു.
എന്നാൽ  ഒരു ദിവസം എല്ലാം  ഉപേക്ഷിച്ചു  ചന്ദ്രജിത് സിംഗ്  നാടുവിട്ടു. ....

താനറിഞ്ഞ കാര്യങ്ങൾ  ഗാർഗിയോട് പറയാനാവാതെ രാമകൃഷ്ണൻ  വീർപ്പുമുട്ടി.

പുകമറയിലൂടെ , യാത്രകളിലൂടെ ആശ്വാസം തേടിയ തോമാ തിരിച്ചെത്തുന്നു......

അവിടെ  അയാളെ   ചില സത്യങ്ങൾ , വെളിപ്പെടുത്തലുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു.

എന്റെ വീക്ഷണം  :

കേവലം അറുപത് പേജുകൾ മാത്രമുള്ള  ഒരു ചെറിയ നോവലാണ് നായകനും നായികയും.
ഭ്രമാത്മകമായും താളത്തിലും കഥ പറയാൻ  അറിയുന്ന  കഥാകാരനാണ്  സുസ്മേഷ് ചന്ത്രോത്ത്.
ആ കയ്യടക്കം ഇതിലെ ഭാഷയിലും ആഖ്യാനത്തിലും പാത്ര സൃഷ്ടിയിലും കാണാം.

മനോഹരമായ ഒരു ചെറുനോവൽ.

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
തയ്യാറാക്കിയത്  :
കുരുവിള ജോൺ