07-05

നിച്ചാത്തം
നോവൽ
പി. കണ്ണൻകുട്ടി
പ്രസാ : ഡി. സി. ബുക്സ്
വില    : 130/-

1992 ഡിസംബർ  ആറിന് , ഇന്ത്യൻ ദേശീയതയുടെ മേൽ കറുത്ത  ആവരണമായി ഒരു ദേവാലയം തകർക്കപ്പെട്ട ദിവസം, അന്നാണ്  നിമ്മിക്ക് തന്റെ ഉദയേട്ടനെ നഷ്ടമായത്.

രാവിലെ  ഓഫീസീലേക്ക് പോയ  ഉദയൻ തിരിച്ചു വന്നില്ല. പിന്നീട് നീണ്ട ഇരുപത് കൊല്ലവും കടന്നുവരുന്ന ഡിസംബർ  ആറുകളെ നിമ്മി പ്രതീക്ഷയോടെ കാത്തിരുന്നു. തന്റെ  ഉദേട്ടയുടെ ( ഉദയനെ നിമ്മി അങ്ങനെയാ വിളിക്കുക.) പാദപതനശബ്ദത്തിന് കാതോർത്ത് നിമ്മി ഇരുന്നു...... നീണ്ട ഇരുപതു കൊല്ലം.

ഡിസംബർ  ആറ് എന്ന തീയതിക്ക് നിമ്മിയുടെ ജീവിതത്തിൽ  ഒരുപാട് സ്ഥാനമുണ്ടായിരുന്നു......
ജീവിതത്തിന്റെ തുടക്കമായ ജനനം മുതൽ ആ തീയതിയിൽ  പലതും  നടന്നു.

തീണ്ടാരിയായാൽ  ഇത്തറവാട്ടിലെ പെണ്ണുങ്ങൾ പള്ളിക്കൂടത്തിൽ പോകില്ല എന്ന മുത്തശ്ശിയുടെ തീർപ്പിനെ മറികടക്കാൻ  മിലിട്ടറി പെൻഷനുള്ള അച്ഛനു പോലും കഴിഞ്ഞില്ല.
പഠിക്കാൻ മിടുക്കിയായിരുന്ന നിമ്മിയുടെ പഠനം പത്താം ക്ലാസ്സിലെ അവസാന പരീക്ഷയ്ക്ക് മുൻപ്  അവസാനിച്ചു.

പിന്നീട്  അടക്കളയിലെ കരിയോടും പുകയോടും കലഹിക്കുന്ന പാത്രങ്ങളോടും മല്ലിട്ട്  ഒരു ജീവിതം.

പാടത്തും പറമ്പിലും അദ്ധ്വാനവും കറകളഞ്ഞ വാത്സല്യവുമുള്ള അച്ഛനെയും എന്നും കരുതലോടെ കാത്ത മുത്തശ്ശിയെയും ശുശ്രൂഷിച്ച് അവൾ ജീവിതം തള്ളി നീക്കി.

പാത്രങ്ങളും,
അടുക്കളയിലെ ഇരുട്ടും ഉറങ്ങുമ്പോൾ അവൾ ഉണർന്നിരുന്ന് വായനശാലയിൽ നിന്നെടുത്ത പുസ്തകങ്ങളിലൂടെ പുതു ജീവിതങ്ങൾ തേടി.

അങ്ങനെ  ഇരിക്കുന്ന കാലത്താണ്  ഉദയന്റെ വിവാഹാലോചന  വരുന്നതും അത്  നടക്കുന്നതും. ഗ്രാമവും അതിന്റെ വിശുദ്ധിയും മാത്രം  അലിഞ്ഞു ചേർന്ന നിമ്മിയിലേക്ക് നഗരവും അതിന്റെ തിരക്കുകളും ഇരച്ചെത്തി.

ഉദയൻ  ജോലിക്ക് പോയാൽ പിന്നെ നിമ്മി ഒറ്റയ്ക്കാകും. ആ വിരസത മാറ്റാനാണ് അവൾ യാത്ര തുടങ്ങിയത്. പ്രത്യേകിച്ച് ലക്ഷ്യം  ഒന്നുമില്ലാത്ത യാത്ര.  ഒരുപാട് സ്ഥലങ്ങൾ കണ്ടു..... ഒരുപാട്  ജീവിതങ്ങൾ കണ്ടു.....

അച്ഛന് സുഖമില്ലെന്ന കമ്പി കിട്ടിയ നിമ്മി നാട്ടിലെത്തുന്നു. പക്ഷേ മരിച്ചത് മുത്തശ്ശിയായിരുന്നു. പെട്ടെന്നുള്ള  ആ മരണം ഒരു ഷോക്കായിരുന്നു.

അതോടെ ഒറ്റയ്ക്കായിപ്പോയ  അച്ഛൻ സന്യാസം സ്വീകരിക്കുന്നു

തിരിച്ചു ബോംബെയിലെത്തിയ നിമ്മിയെ സ്വീകരിച്ചത് മനോനിലയിൽ കാര്യമായ തകരാർ സംഭവിച്ച  ഉദയനായിരുന്നു.  നീണ്ടകാലത്തെ ചികിത്സയിലൂടെ വ്യത്യാസം  വന്നു. ജോലിക്ക് പോയിത്തുടങ്ങി.  അപ്പോഴാണ് കലാപം ഉണ്ടാക്കിക്കൊണ്ട് ഡിസംബർ  ആറിന് പള്ളി പൊളിക്കുന്നത്. അന്ന് പോയ ഉദയനെ നിമ്മി കാത്തിരിക്കുന്നു.

ഇതിനിടയിൽ  പഠിക്കുകയും ഉന്നത ബിരുദം നേടുകയും ഒരു കമ്പനിയുടെ ചീഫ്  എക്സിക്യൂട്ടീവ്  ആവുകയും ചെയ്തു.
അപ്പോഴും ഉദയൻ  നീറുന്ന  ഓർമ്മയായ്, തിരിച്ചു വരുമെന്ന പ്രതീക്ഷയായ് നിമ്മിയിലുണ്ടായിരുന്നു.

നീണ്ട  മുപ്പത്തിയഞ്ചു കൊല്ലത്തെ ബോംബെ വാസം അവസാനിപ്പിച്ചു തിരിച്ചു പോകുന്ന  ഒരു സുഹൃദ്ഫാമിലി നിമ്മിയെ കാണാനെത്തുന്നു.

ഇതുവരെ മറന്നു വെച്ചതാണ്...... ക്ഷമിക്കണം  എന്നു പറഞ്ഞു  ഒരു കവർ നിമ്മിയെ ഏല്പിക്കുന്നു.

നിമ്മി കവർ തുറന്നു വായിക്കുന്നു.
അതേസമയത്താണ് ഡിസംബർ  ആറിന്റെ  കറുത്ത ദിനം ആചരിക്കുന്ന കലാപകാരികൾ ആയുധവുമായി എത്തുന്നു. ആയുധങ്ങൾ പലവട്ടം തനിക്കു നേരെ ഉയർന്നു താഴുന്നത് നിമ്മി ഒരു മരവിപ്പോടെ കാണുന്നു.

തനിക്ക് നേരെ ആയുധമുയർത്തുന്ന ഒരു മുഖം പരിചിതമാണല്ലോ എന്നവൾ ഓർക്കുന്നു.
മരണത്തിന്റെ തണുപ്പിലേക്ക് ആഴ്ന്നുപോകുമ്പോൾ ആ മുഖം ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു. .......

എന്റെ വീക്ഷണം  :

ഒടിയൻ എന്ന  ഭ്രമാത്മകവും മനോഹരവുമായ നോവലിനു ശേഷം ശ്രീ പി. കണ്ണൻകുട്ടിയുടെ നോവലാണ്  നിച്ചാത്തം.

പൂർണ്ണമായും   ഒരു സ്ത്രീപക്ഷ രചന.
ജീവിതത്തിൽ  ഒറ്റപ്പെട്ടുപോയ  ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും അവളുടെ വികാര വിചാരങ്ങളുടെയും കഥയാണിത്.

ഒരു പുരുഷൻ  സ്ത്രീ ചിന്തകൾ പങ്കുവെയ്ക്കുമ്പോൾ അതിൽ അപ്രിയം ചിലർക്കെങ്കിലും തോന്നാം. എന്നാൽ  എല്ലാ പുരുഷനിലും സ്ത്രൈണാംശവും എല്ലാ സ്ത്രീയിലും പുരുഷാംശവും ഉണ്ട് എന്നത്  ഒരു വാസ്തവം തന്നെയാണ്.  അതുകൊണ്ട് തന്നെ നിമ്മിയുടെ ചിന്താധാരകൾ വളരെ ഭംഗിയായി  എഴുതാൻ പി. കണ്ണൻകുട്ടിക്ക് കഴിഞ്ഞു.

ഒടിയനിൽ വരച്ചിട്ടപോലെ ഒരുപാട്  ജീവിതങ്ങളുടെ നേർചിത്രങ്ങൾ ഈ നോവലിലും നമുക്ക് കാണാം.

ഒട്ടും മുഷിയാതെ വായിക്കാവുന്ന ഭാഷയും ആഖ്യാന ശൈലിയും.
നല്ല വായനയനുഭവം പ്രദാനം ചെയ്യുന്നു, ഈ നോവൽ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
തയ്യാറാക്കിയത്:
കുരുവിള ജോൺ