07-03

മാർഗ്ഗരറ്റ് മിച്ചൽ - അമേരിക്കൻ  എഴുത്തുകാരി
ജനനം
1900 നവംബർ 8
Atlanta, Georgia, United States
മരണം
1949 ഓഗസ്റ്റ് 16 (പ്രായം 48)
Grady Memorial Hospital, Atlanta, Georgia
തൊഴിൽ
Journalist, author
ജീവിത പങ്കാളി(കൾ)
Berrien Kinnard Upshawer (1922–1924; divorced) John Robert Marsh (1925–1949; widower)
പുരസ്കാര(ങ്ങൾ)
Pulitzer Prize for Fiction (1937)

National Book Award (1936)

ഗോൺ വിത്ത് ദ വിൻഡ് (നോവൽ)
📘📘📘📘📘📘📘
പുലിറ്റ്സർ പുരസ്കാരം നേടിയ ഒരു അമേരിക്കൻ നോവലാണ്‌ ഗോൺ വിത്ത് ദ വിൻഡ് (Gone with the Wind)1936 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ അമേരിക്കൻ എഴുത്തുകാരിയായ മാർഗ്ഗരറ്റ് മിച്ചൽ ആണ്. ഈ നോവലിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അറ്റ്‌ലാന്റാ നഗരം, ജോർജിയ, ക്ലെടോൺ കൺട്രി എന്നിവിടങ്ങളിലൂടെ പ്രതിപാദിക്കുകയാണ് ചെയ്യുന്നത്.

ഗോൺ വിത്ത് ദ വിൻഡ് ഇന്ന് അമേരിക്കൻ സാഹിത്യത്തിലെ പ്രസിദ്ധമായ നോവലായി കണക്കാക്കുന്നു.  ഉടനെത്തന്നെ കാര്യമായി വിറ്റഴിയുകയും ചെയ്തു. ഹാരിസ് പോൾ എന്ന കമ്പോളഗവേഷണ കേന്ദ്രം പുറത്തുവിട്ട അറിവുകൾ പ്രകാരം ബൈബിളിനു ശേഷം അമേരിക്കൻ ജനത വായിച്ച പുസ്തകമെന്ന നിലയിൽ പ്രിയപ്പെട്ട രണ്ടാമത്തെ കൃതിയായിരുന്നു ഗോൺ വിത്ത് ദ വിൻഡ്. ഈ നോവൽ ലോകമെമ്പാടും 30 മില്ല്യണോളം അച്ചടിച്ചിട്ടുണ്ട്.



ഒരു വലിയ കഥയ്ക്കു പിന്നിലെ ചെറിയ കഥ

ഒരൊറ്റ നോവൽ മാത്രം എഴുതി വിശ്വപ്രസിദ്ധയായ എഴുത്തുകാരിയാണ് മാർഗരറ്റ് മിച്ചൽ (1900–49). അവരുടെ കഥയിലേക്കു കടക്കുന്നതിനുമുമ്പ് അവർ എഴുതിയ നോവലിനെക്കുറിച്ച് പറയാം.

‘ഗോൺ വിത്ത് ദ് വിൻഡ്’, അതാണ് മാർഗരറ്റ് എഴുതിയ നോവലിന്റെ പേര്. അമേരിക്കയിൽ നടന്ന ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ കഥയാണിത്. ഈ കഥയിൽ പ്രേമവും പ്രേമനൈരാശ്യവും വെറുപ്പും വിദ്വേഷവും യുദ്ധവുമെല്ലാം നിറഞ്ഞുനിൽക്കുന്നു.

സ്കാർലറ്റ് ഒഹേറ എന്ന യുവസുന്ദരിയെയും റെറ്റ് ബട്ലർ എന്ന യുവകോമളനെയും കേന്ദ്രീകരിച്ചു നീങ്ങുന്ന ഈ നോവൽ 1936–ലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. പുസ്തകം പുറത്തിറങ്ങി ആറുമാസം കഴിഞ്ഞപ്പോഴേക്കും പത്തുലക്ഷം കോപ്പികളാണ് അമേരിക്കയിൽ മാത്രം വിറ്റഴിഞ്ഞത്.

1949 ആയപ്പോഴേക്കും നാല്പതു രാജ്യങ്ങളിലായി പുസ്തകത്തിന്റെ 80 ലക്ഷം കോപ്പികൾ വിൽക്കപ്പെട്ടു. പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പിറ്റേവർഷംതന്നെ ഇതിനു പുലിറ്റ്സർ സമ്മാനവും ലഭിച്ചു.

ആ നോവൽ സിനിമയാക്കുന്നതിനുള്ള അവകാശം അമ്പതിനായിരം ഡോളറിനാണ് പ്രൊഡ്യൂസറായ ഡേവിഡ് സെൽസ്നിക് നോവലിസ്റ്റിൽനിന്നു വാങ്ങിയത്. അന്നത്തെ കാലത്ത് സിനിമയ്ക്കുള്ള ഒരു മൂലകഥയ്ക്കു നൽകുന്ന ഏറ്റവും വലിയ തുകയായിരുന്നു അത്. ആയിരത്തിലേറെ പേജ് വരുന്ന നോവലിൽനിന്നു തിരക്കഥ തയാറാക്കിയതു സിഡ്നി ഹോവാർഡ് എന്ന എഴുത്തുകാരനാണ്.

നോവലിലെ നായികയായ സ്കാർലറ്റിന്റെ റോളിൽ പ്രത്യക്ഷപ്പെട്ടതു വിവിയൻ ലീ എന്ന ബ്രിട്ടീഷ് നടിയായിരുന്നു. ഇന്ത്യയിലെ ഡാർജിലിംഗിൽ ബ്രിട്ടീഷ് മാതാപിതാക്കളിൽനിന്നു ജനിച്ച് ആറുവയസുവരെ ഇന്ത്യയിൽ താമസിച്ച ലീ ഹോളിവുഡിലെ മറ്റു പ്രശസ്ത നടികളെ പിന്നിലാക്കിക്കൊണ്ടാണ് ഈ റോളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ സിനിമയിലെ നായികാറോളിൽ പ്രത്യക്ഷപ്പെടുന്ന ക്ലാർക്ക് ഗേബിളും ലീയെപ്പോലെ പ്രത്യേകം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

മൂന്നുവർഷത്തെ അവിരാമമായ പബ്ലിസിറ്റിക്കു ശേഷം 1939 ഡിസംബർ 15–നാണ് മൂന്നരമണിക്കൂർ ദൈർഘ്യമുള്ള ഈ ടെക്നി കളർചിത്രം പുറത്തിറക്കിയത്. നാല്പതുലക്ഷം ഡോളർ അന്ന് ചെലവാക്കി നിർമിച്ച ചിത്രം റിക്കാർഡ് കളക്ഷൻ നേടി. വിക്ടർ ഫ്ളെമിംഗായിരുന്നു ചിത്രത്തിന്റെ പ്രധാന സംവിധായകൻ.

തകർപ്പൻ ബോക്സോഫീസ് വിജയത്തോടൊപ്പം ഓസ്കർ അവാർഡിലും ഈ ചിത്രം മുൻപന്തിയിലായിരുന്നു. ഏറ്റവും നല്ല ചിത്രം, ഏറ്റവും നല്ല സംവിധായകൻ, ഏറ്റവും നല്ല നടി എന്നിങ്ങനെ എട്ട് ഓസ്കർ അവാർഡുകളാണ് ഈ ചിത്രം നേടിയത്. അന്നുവരെ പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഓസ്കർ നേടിയ ചിത്രവും ഇതുതന്നെയായിരുന്നു.

ഏറ്റവും നല്ല നടൻ ഉൾപ്പെടെ വേറെ അഞ്ച് ഓസ്കാർ നോമിനേഷനുകൾകൂടി ഈ ചിത്രത്തിനു ലഭിച്ചിരുന്നു. അവയിൽ ഏറ്റവും നല്ല നടനും ഏറ്റവും നല്ല സഹനടിക്കുമുള്ള അവാർഡുകൾ ഈ ചിത്രത്തിനു ലഭിക്കാതെപോയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. കാരണം, അത്രമാത്രം മികച്ച അഭിനയമായിരുന്നു അവർ കാഴ്ചവച്ചിരുന്നത്.

മാർഗരറ്റ് എഴുതിയ നോവലിന്റെ കഥയിൽനിന്ന് ഇനി മാർഗരറ്റിന്റെ കഥയിലേക്കു കടക്കാം. അമേരിക്കയിലെ അറ്റ്ലാന്റയിലാണ് മാർഗരറ്റ് ജനിച്ചത്. അറ്റ്ലാന്റയിലും മാസച്യൂസെറ്റ്സിലെ സ്മിത്ത് കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അവർ ജേർണലിസത്തിലേക്കു തിരിഞ്ഞു. ചെറുപ്പംമുതൽ എഴുതുന്നതിൽ കഴിവ് പ്രദർശിപ്പിച്ചിരുന്ന അവർ 1922–ൽ അറ്റ്ലാന്റ ജേർണൽ എന്ന പത്രത്തിൽ ജോലിയിൽ പ്രവേശിച്ചു.

എന്നാൽ മാർഗരറ്റിന്റെ ആ ജോലി നാലുവർഷം മാത്രമേ നീണ്ടുള്ളൂ. കാൽമുട്ടിന്റെ അസുഖംമൂലം ആ ജോലി തുടരുന്നതിനു ബുദ്ധിമുട്ടായി. അവസാനം മറ്റു മാർഗമൊന്നുമില്ലാതെ ആ ജോലിയിൽനിന്നു രാജിവച്ചു

കാൽമുട്ടിന്റെ അസുഖം നീണ്ടുനിന്നതുകൊണ്ട് പുറത്തുപോയി ജോലിചെയ്യുക മാർഗരറ്റിന് ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, അസുഖംമൂലം സ്വയം വിലപിച്ച് വെറുതെയിരിക്കാൻ അവർ തയാറായില്ല. അങ്ങനെയാണ് ഒരു നോവൽ എഴുതുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്.

അറ്റ്ലാന്റയിൽ ജനിച്ചുവളർന്ന മാർഗരറ്റിന് അമേരിക്കയിൽ നടന്ന ആഭ്യന്തരയുദ്ധത്തിന്റെ കഥ നന്നായി അറിയാമായിരുന്നുവെന്നു മാത്രമല്ല, യുദ്ധകാലത്ത് അറ്റ്ലാന്റയിൽ നടന്ന ഏറ്റുമുട്ടലുകളുടെ നിറംപിടിപ്പിച്ച കഥകളും കുടുംബത്തിലെ മുതിർന്ന തലമുറക്കാരിൽനിന്നു മാർഗരറ്റ് കേട്ടിട്ടുണ്ടായിരുന്നു. അങ്ങനെയാണ് അമേരിക്കയിലെ തെക്കൻ സംസ്‌ഥാനങ്ങളിൽ ജീവിച്ചിരുന്നവരുടെ വീക്ഷണകോണിലൂടെയുള്ള ഒരു കഥ അവതരിപ്പിക്കാൻ മാർഗരറ്റ് തീരുമാനിച്ചത്.

1926–ൽ എഴുതിത്തുടങ്ങിയ ഈ നോവൽ പത്തുവർഷംകൊണ്ടാണ് മാർഗരറ്റ് പൂർത്തിയാക്കിയത്. മുമ്പ് സൂചിപ്പിച്ചതുപോലെ, പുസ്തകപ്രസാധന രംഗത്തെ ഒരു അത്ഭുതമായിരുന്നു ഈ നോവൽ. അതു സിനിമയാക്കിയപ്പോഴും കഥ മറിച്ചായിരുന്നില്ല.

കാൽമുട്ടിന് അസുഖംമൂലം പത്രപ്രവർത്തനത്തിൽനിന്നു മാർഗരറ്റ് വിരമിച്ചില്ലായിരുന്നുവെങ്കിൽ അവർ ഈ നോവൽ എഴുതുമായിരുന്നോ? സംശയമാണ്. അതുപോലെ, അസുഖം ബാധിച്ചപ്പോൾ സ്വന്തം വിധിയെ പഴിച്ചുകൊണ്ട് കാലം കഴിച്ചിരുന്നുവെങ്കിൽ ഇങ്ങിനെയൊരു നോവൽ സാഹിത്യലോകത്തിനു ലഭിക്കുമായിരുന്നോ? ഒരിക്കലുമില്ല.

നമ്മുടെ ജീവിതത്തിന്റെ സുഗമമായ പ്രയാണത്തിൽ വിലങ്ങുതടികളുണ്ടാവുക സ്വാഭാവികമാണ്. വിലങ്ങുതടികൾ ഉണ്ടാകുമ്പോൾ അവയെ നമ്മുടെ വളർച്ചയ്ക്കും നന്മയ്ക്കുമായി മാറ്റാൻ സാധിക്കുമോ എന്നുള്ളതാണു പ്രസക്‌തമായ കാര്യം. അസുഖംമൂലം വീട്ടിൽ അടങ്ങിയിരിക്കേണ്ട ഗതികേടാണ് മാർഗരറ്റിന് ഉണ്ടായത്. എന്നാൽ അതു നല്ലൊരു നോവൽ രചിക്കുന്നതിനുള്ള അവസരമായി മാർഗരറ്റ് മാറ്റി. അതായിരുന്നു മാർഗരറ്റിന്റെ വിജയരഹസ്യം.

‘‘സാധാരണക്കാരായ ആളുകൾ ജീവിതത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലുംപെട്ട് വീഴുന്നു. എന്നാൽ, അസാധാരണരായ ആളുകൾ അവയെ മറികടന്നു ജീവിതത്തിൽ പ്രശോഭിക്കുന്നുഎന്ന് വാഷിംഗ്ടൺ ഈർവിംഗ് എന്ന എഴുത്തുകാരൻ പറഞ്ഞിരിക്കുന്നത് എത്രയോ ശരി.

ജീവിതത്തിൽ നമുക്കുണ്ടാകുന്ന പല പ്രശ്നങ്ങളും പ്രതിസന്ധികളും നമ്മുടെ ജീവിതത്തെ തകർക്കാൻ വേണ്ടിയുള്ളവയല്ല. അവ ജീവിതത്തിൽ പുതിയ ഉയരങ്ങൾ താണ്ടാൻ നമുക്ക് നൽകപ്പെടുന്ന വെല്ലുവിളികളാണ് എന്നതാണു വസ്തുത.

നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ അവയ്ക്ക് അടിപ്പെടാതെ എങ്ങനെ അവയെ മറികടന്നു ജീവിതത്തിൽ വിജയിക്കാൻ സാധിക്കും എന്നു നോക്കാം.(കടപ്പാട്_ദീപിക)