01-06-18


ഇന്നത്തെ  സംഗീതസാഗരത്തിലൂടെ  കർണാടകസംഗീതത്തിനെക്കുറിച്ചും കർണാടകസംഗീതരാഗങ്ങളിലൊന്നായ ആഭേരിരാഗത്തെക്കുറിച്ചും ലഭിച്ച കുഞ്ഞറിവുകൾ പങ്കുവെയ്ക്കാനായി ഉദ്ദേശിക്കുന്നു....

കർണാടകസംഗീതം...
ദക്ഷിണേന്ത്യയിൽ ഉടലെടുത്തശാസ്ത്രീയസംഗീത ശാഖയാണ്‌കർണ്ണാടക സംഗീതം(Carnatic Music). മറ്റ്‌ ഇന്ത്യൻ ശാസ്ത്രീയസംഗീത ശാഖകളെപ്പോലെ രാഗവും താളവുമാണ്‌കർണ്ണാടകസംഗീതത്തിന്റെയും അടിസ്ഥാനം. അനുഗൃഹീതരായ നിരവധി സംഗീതപ്രതിഭകളുടെ പരിശ്രമങ്ങൾ കൊണ്ട് ‌ഈ സംഗീത സമ്പ്രദായത്തിന്‌ ഇന്ന് ലോകത്തെല്ലായിടത്തും വേരോട്ടമുണ്ട്‌.

കർണ്ണാടകസംഗീത കൃതികൾ ഭൂരിഭാഗവും മതപരമാണ്‌. ഹിന്ദു ദൈവ സ്തുതികളാണ്‌ അവയിൽ മിക്കതിന്റെയും ഉള്ളടക്കമെങ്കിലും ജാതിമത ചിന്തകളില്ലാതെ ഈ സംഗീതശാഖ അംഗീകാരം നേടിയെടുത്തു. സ്നേഹത്തെയും മറ്റ്‌ സാമൂഹിക വിഷയങ്ങളെയും പരാമർശിക്കുന്ന ചുരുക്കം ചില കൃതികളും ഈ സംഗീതശാഖയിൽ രചിക്കപ്പെട്ടിട്ടുണ്ട്‌

ഉദ്ഭവവും ചരിത്രവും
മൂവായിരം കൊല്ലത്തെ പഴക്കമുണ്ട് ഭാരതീയസംഗീതത്തിന്. വേദകാലത്താണ് ഭാരതീയസംഗീതം ആരംഭിച്ചത്. ആദിയിൽ, ഉദാത്തമെന്നും (രി) അനുദാത്തമെന്നും (നി) രണ്ടു സ്വരസ്ഥാനങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഋഗ്വേദകാലഘട്ടത്തിൽ സ്വരിതം എന്ന മുന്നാംസ്വരസ്ഥാനം ഇവക്കിടയിൽ നിലവിൽ വന്നു (നി,സ,രി എന്നിവ). പിന്നീട്, സാമവേദകാലഘട്ടത്തിൽ, രണ്ടു സ്വരങ്ങൾ കൂടിച്ചേർന്ന് അഞ്ചുസ്വരങ്ങളായി (ഗ, രി, സ, നി, ധ), . ക്രമേണ, രണ്ടുസ്വരങ്ങൾ ഉൾപ്പെടുത്തി ഉപനിഷദ് ഘട്ടത്തിൽ, മ, ഗ, രി, സ, നി, ധ, പ എന്ന് സ്വരങ്ങൾ ഏഴെണ്ണമായി.

വാഗ്ഗേയകാരന്മാർ
ഒരു കൃതി രചിക്കുകയും അതിനെ അവതരിപ്പിക്കേണ്ട രീതിയിൽ സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നവരെയാണ്‌ വാഗ്ഗേയകാരന്മാർ എന്നറിയപ്പെടുന്നത്. കർണാടകസംഗീതത്തിൽ നിരവധി പ്രശസ്തരായ വാഗ്ഗേയകാരന്മാരുണ്ട്.

വാഗ്ഗേയകാരന്മാർ മൂന്ന് തരത്തിലുണ്ട്.
ഉത്തമവാഗേയകാരൻമധ്യമവാഗേയകാരൻഅധമവാഗേയകാരൻ
കൃതികൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും പാടുകയും ചെയ്യുന്നവരെ ഉത്തമവാഗേയകാരൻ എന്നു വിശേഷിപ്പിക്കുന്നു.

പുരന്ദരദാസൻ

അദ്ദേഹത്തിന്റെ, സംഭാവനകൾ പരിഗണിച്ച്, കർണാടകസംഗീതത്തിന്റെ പിതാവായി അറിയപ്പെടുന്നു. കർണാടകസംഗീതത്തിന്റെ പ്രാഥമികപാഠങ്ങൾ രൂപകൽപ്പനയ്ക്ക് അദ്ദേഹം പ്രശസ്തനാണ്. സ്വരാവലി, അലങ്കാരം എന്നീ പാഠങ്ങളും,മായാമാളവഗൗള എന്ന രാഗവും, തുടക്കക്കാർക്ക് വേണ്ടി അദ്ദേഹമാണ് അവതരിപ്പിച്ചത്. അദ്ദേഹം, ഗീതങ്ങളും രചിച്ചിട്ടുണ്ട്. ഏകദേശം, 475,000-ത്തോളം വരുന്ന അദ്ദേഹത്തിന്റെ കൃതികളിൽ, ഒരു ചെറിയ ശതമാനം മാത്രമേ ഇപ്പോൾ നിലവിലുള്ളൂ

കർണാടകസംഗീതലോകത്തെ ത്രിമൂർത്തികൾ..👇👇👇
ശ്യാമശാസ്ത്രി
മുത്തുസ്വാമി ദീക്ഷിതർ
ത്യാഗരാജ സ്വാമികൾ

ത്രിമൂർത്തികൾ
ശ്യാമശാസ്ത്രികളുടെ(1762-1827) രചനയിലുള്ള ഗുണനിലവാരവും,മുത്തുസ്വാമിദീക്ഷിതരുടെ ( 1776-1827) രചനാവൈവിദ്ധ്യവും, ത്യാഗരാജന്റെ ( 1759?- 1847) കൃതികളുടെ വൈപുല്യവും കാരണം, അവരെ കർണാടകസംഗീതത്തിലെ ത്രിമൂർത്തികൾ ആയി കണക്കാക്കപ്പെടുന്നു
ത്രിമൂർത്തികൾക്ക്, മുമ്പുണ്ടായിരുന്ന പ്രമുഖർ‍, വ്യാസതീർത്ഥൻ, കനകദാസൻ, ഗോപാലദാസൻ, മുത്തു താണ്ഡവർ (1525 - 1625), അരുണാചലകവി( 1712- 1779) മാരിമുത്ത പിള്ളൈ എന്നിവരാണ്.
അന്നാമാചാര്യ, ഊത്തുക്കാട് വെങ്കടസുബ്ബയ്യർ, സ്വാതി തിരുനാൾ, നാരായണ തീർത്ഥ, പട്ടണം സുബ്രഹ്മണ്യ അയ്യർ, പൂച്ചി ശ്രീനിവാസ അയ്യങ്കാർ, മൈസൂർ വാസുദേവാചാര്യ, മുത്തയ്യ ഭാഗവതർ, കോടീശ്വര അയ്യർ, ഗോപാലകൃഷ്ണ ഭാരതി, പാപനാശം ശിവൻ, സുബ്രഹ്മണ്യ ഭാരതിയാർ, സദാശിവ ബ്രഹ്മേന്ദ്രർ എന്നിവരും പ്രമുഖ വാഗ്ഗേയകാരന്മാരാണ്‌.
ഇനി കർണാടകസംഗീതത്തിന്റെ പ്രകൃതികളെക്കുറിച്ചുള്ള  സാമാന്യ വിവരണം

ശ്രുതി
ശ്രവ്യമായ ധ്വനിയെയാണ്‌ ശ്രുതി എന്നു വിളിക്കുന്നത്.

സ്വരം
ഏഴുസ്വരങ്ങളാണ് പ്രധാനമായും സ,രി,ഗ,മ,പ,ധ,നി എന്നിങ്ങനെ. ഇവ യഥാക്രമം ഷഡ്ജം, ൠഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിങ്ങനെ അറിയപ്പെടുന്നു. ഇവ ശ്രുതിഭേദമനുസരിച്ച് 16 തരത്തിലാണുള്ളതെങ്കിലും 12 സ്വരസ്ഥാനങ്ങളിലായാണ് നിബന്ധിച്ചിരിയ്ക്കുന്നത്

രാഗം
മനസ്സിനെ രഞ്ജിപ്പിയ്ക്കുന്നതാണ് രാഗം.
6 സ്വരങ്ങളുടെ 12 സ്വരസ്ഥാനങ്ങളിലുള്ള അടുക്കിവെപ്പിലൂടെ 72 മേളകർ‌ത്താരാഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇവയുടെ ശ്രുതിഭേദമനുസരിച്ച് 34776 വർ‌ജരാഗങ്ങളും ആവർ‌ത്തനങ്ങളൊഴിച്ചാൽ 28632 രാഗങ്ങളും ഉണ്ടാക്കാം. മേളകർ‌ത്താരാഗങ്ങളിൽനിന്നും ഉത്‌പാദിപ്പിയ്ക്കുന്ന രാഗങ്ങളെ ജന്യരാഗങ്ങളെന്ന് പറയുന്നു. നവരസങ്ങളെ ധ്വനിപ്പിയ്ക്കാനുള്ള കഴിവ് രാഗങ്ങൾ‌ക്കുണ്ട്. എന്നാൽ ഏതുരാഗത്തിനും ഏതുഭാവത്തേയും ഉദ്ദീപിപ്പിയ്ക്കാനുള്ള കഴിവുണ്ടെന്നത്രേ പണ്ഡിതമതം. ഉദാഹരണങ്ങൾ താഴെ പറയുന്നു.

ശൃംഗാരം-ഭൂപാളം,കല്യാണി,നീലാംബരി
ഹാസ്യം-വസന്തകരുണം-ഫലമഞ്ജരി,ആനന്ദഭൈരവി,മുഖാരി
വീരം-നാട്ട,പന്തുവരാളി,സാരംഗംഭയം-മാളവിബീഭൽസം-ശ്രീരാഗം
രൗദ്രം-ഭൈരവി
അത്‌ഭുതം-ബം‌ഗാള
ശാന്തം-എല്ലാരാഗങ്ങളും

താളം
മറ്റേതൊരു സംഗീത ശാഖയിലും കാണാത്തത്ര താളവൈവിധ്യങ്ങളാണ് കർണ്ണാടക സംഗീതത്തിലുള്ളത്‌.സപ്തതാളങ്ങൾ എന്നറിയപ്പെടുന്നധ്രുവതാളം, മഠ്യതാളം, ഝം‌പതാളം,രൂപകതാളം, അടതാളം, തൃപു
ടതാളം,ഏകതാളം എന്നീ എഴു താളങ്ങളാണ് കർണ്ണാടക സംഗീതത്തിലെ അടിസ്ഥാന താളങ്ങൾ. ഓരോ താളങ്ങളും തിസ്രം, ചതുരശ്രം, മിശ്രം, ഖണ്ഡം, സങ്കീർണ്ണം എന്നിങ്ങനെ അഞ്ച്‌ ഉപജാതികളുമായി ചേർന്ന് 35 താളങ്ങളുണ്ടാവുന്നു.
ഇവയെക്കൂടാതെ ചാപ്പ് താളങ്ങൾ,ദേശാദി,മദ്ധ്യാദി താളങ്ങൾ എന്നീ താളവിഭാഗങ്ങളിലുമുള്ള കീർത്തനങ്ങളും‍ കർണ്ണാടക സംഗീതത്തിൽ പൊതുവെ കണ്ടു വരുന്നു.

കൃതി
1. പല്ലവി. ഒന്നോ രണ്ടോ വരികൾ.
2. അനുപല്ലവി. രണ്ടാം വരി, അഥവാ ശ്ലോകം. രണ്ട് വരികൾ.
3. ചരണം. അവസാ‍നത്തേതും, ഏറ്റവും നീണ്ടതുമായ വരികൾ. അനുപല്ലവിയുടെ രീതികൾ അനുകരിക്കുന്നു. ഒന്നിലധികം ചരണങ്ങൾ ഉണ്ടാകാം.
ഇത്തരം ഗാനങ്ങളെ കീർത്തനം അഥവാകൃതി എന്ന് പറയുന്നു. കൃതികളിൽ, ചിട്ടസ്വരവും ഉൾപ്പെടാം. അതിൽ, വാക്കുകൾ ഉണ്ടാവില്ല. സ്വരങ്ങൾ മാത്രം ഉണ്ടാകും.
മറ്റു ചിലതിൽ, ചരണത്തിന്റെ അവസാനം, പാദങ്ങൾ ഉണ്ടാവുകയും, അവ മദ്ധ്യമേഖല എന്നറിയപ്പെടുകയും ചെയ്യുന്നു. അത് ചരണത്തിനു ശേഷം, ഇരട്ടി വേഗതയിൽ പാടുന്നു.

വർണ്ണം
ഒരു രാഗത്തിന്റെ പ്രധാനപ്പെട്ട സഞ്ചാരങ്ങളെല്ലാം വിവരിക്കുന്ന ഭാഗമാണിത്. ഏത് സ്വരസ്ഥാനങ്ങൾ എപ്രകാരം ആലപിക്കണം എന്നിങ്ങനെ.പല തരത്തിലുള്ള വർണ്ണങ്ങൾ ഉണ്ടെങ്കിലും പൊതുവായി ഒരോ വർണ്ണത്തിനും പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെ കാണാം. കച്ചേരികൾ ആരംഭിക്കുന്ന സമയത്താണ് വർണ്ണം ആലപിക്കുന്നത്. ആലപിക്കാൻ ഉദ്ദേശിക്കുന്ന പ്രധാനരാഗത്തിനെ കുറിച്ചുള്ള പൊതുധാരണ ഇപ്രകാരം ലഭിക്കുന്നു.

ഇനി കർണാടകസംഗീതരാഗങ്ങളിലൊന്നായ ആഭേരിരാഗത്തിലേക്ക്....
ഘടന,ലക്ഷണം👇
ആരോഹണം സ ഗ2 മ1 പ നി2 സ
അവരോഹണം സ നി2 ധ2 പ മ1 ഗ2 രി2 സ

(ചതുശ്രുതി ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധമദ്ധ്യമം,ചതുശ്രുതി ധൈവതം,കൈശികി നിഷാദം) ഈ സ്വരങ്ങൾക്ക് പുറമേ ഗമകങ്ങളും മറ്റേതൊരു രാഗത്തേയും പോലെ ആഭേരിക്കുമുണ്ട്.

ആരോഹണം ശുദ്ധ ധന്യാസിക്കും അവരോഹണം ഖരഹരപ്രിയക്കും സമാനമാണ്. ശൂദ്ധ ധൈവതം ഉണ്ട് എന്നതിനാൽ ആഭേരി ഒരു ഭാഷാംഗരാഗമായിട്ടാണ് കരുതപ്പെടുന്നത്. ആഭേരി,നഠഭൈരവിയുടെ(യാതൊന്നിനാണോ ശുദ്ധധൈവതം ഉള്ളത്) ഒരു ജന്യരാഗമായും കരുതപ്പെടുന്നുണ്ട്.
(കടപ്പാട്...)

ത്യാഗരാജസ്വാമികളുടെ നഗുമോമുഗനലേനി...,ശ്യാമശാസ്ത്രികളുടെ നിന്നുവിനാ മരിഗലദാ...ഇതെല്ലാം ആഭേരിരാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള കീർത്തനങ്ങളാണ്

ഇനി ആഭേരി രാഗത്തിൽ ചിട്ടപ്പെടുത്തിയ സിനിമാഗാനങ്ങളിലേക്ക്....ഏതാനും സിനിമാഗാനങ്ങൾ പരാമർശിക്കുന്നു....

ആഭേരി
➖➖➖➖
ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ..... (കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍)
എന്തിനായെന്‍ ഇടംകണ്ണിന്‍ ..... (മിഴി രണ്ടിലും)
ഗോപാല ഹൃദയം പാടുന്ന ..... (കല്യാണസൗഗന്ധികം)
ഹൃദയവനിയിലെ ഗായികയോ ..... (കോട്ടയം കുഞ്ഞച്ചന്‍)
കരിനീല കണ്ണഴകി കണ്ണകി ..... (കണ്ണകി)
കള്ളന്‍ ചക്കേട്ടു ആരും കണ്ടാല്‍ ..... (തച്ചിലേടത്തു ചുണ്ടന്‍)
മാനസനിളയില്‍ പൊന്നോളങ്ങള്‍ ..... (ധ്വനി)
മാനേ മലരമ്പന്‍ വളര്‍ത്തുന്ന ..... (അയാള്‍ കഥയെഴുതുകയാണ്‌)
മകളേ പാതിമലരേ മനസ്സിലെന്നെ ..... (ചമ്പക്കുളം തച്ചന്‍)
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ ..... (വിഷ്ണുലോകം)
നഷ്ടസ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു ..... (വീണപൂവ്‌)
പാടാത്ത വൃന്ദാവനം ..... (താലോലം)
പാതിരാപുള്ളുണര്‍ന്നു പരല്‍മുല്ല പൂവിടര്‍ന്നു ..... (ഈ പുഴയും കടന്ന്‌)
പത്തു വെളുപ്പിനു മുറ്റത്തു നിക്കണ ..... (വെങ്കലം)
പ്രണയമണിത്തൂവല്‍ കൊഴിയും ..... (അഴകിയ രാവണന്‍)
സ്വര്‍ഗഗായികേ ഇതിലേ ഇതിലേ ..... (മൂലധനം)
വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം ..... (കൈക്കുടന്ന നിലാവ്‌)
വീണപൂവേ കുമാരനാശാന്റെ ..... (ജീവിക്കാന്‍ മറന്നുപോയ സ്ത്രീ)
യദുവംശ യാമിനി വനമോഹിനി ..... (ദുബായ്‌)
മല്ലികപ്പൂ പൊട്ടുകുത്തി ..... (മധുചന്ദ്രലേഖ)
വര്‍ണ്ണ വൃന്ദാവനം ..... (കളിയൂഞ്ഞാല്‍)
ഓമനക്കയ്യില്‍ ഒലീവിലത്തുമ്പുമായ്‌ ..... (ഭാര്യ)
സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട ..... (ശാലിനി എന്റെ കൂട്ടുകാരി)
ഇന്ദ്രവല്ലരി പൂ ചൂടിവരും ..... (ഗന്ധര്‍വ്വക്ഷേത്രം)
പൂവാംകുറുന്നിനു നാവൂറു പാടാന്‍ വായോ ..... (ആകാശക്കോട്ടയിലെ സുല്‍ത്താന്‍)

ഇനി ഒന്നു കൂടി....നമ്മുടെ കേരളവും കർണാടകസംഗീതവും..
കർണാടകസംഗീതം കേരളത്തിൽ..
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാളിന്റെ (1809-1844) കാലത്താണ് കേരളത്തില്‍ കര്‍ണാടകസംഗീതം എന്നറിയപ്പെടുന്ന ആധുനിക ദക്ഷിണേന്ത്യന്‍സംഗീതം പ്രചരിച്ചുതുടങ്ങിയത്.

അദ്ദേഹം കര്‍ണാടകസംഗീതത്തില്‍ ഒട്ടേറെ കീര്‍ത്തനങ്ങളും രാഗമാലികകളും രചിച്ചു. കര്‍ണാടകസംഗീതത്തിലെ സ്വാതിമുദ്രകളായി മാറി. സ്വാതിതിരുനാളിന്റെ അദ്ധ്യാപകനും പില്‍ക്കാലത്ത് ദിവാനുമായ തഞ്ചാവൂര്‍ സുബ്ബരായര്‍ സംഗീതജ്ഞനായിരുന്നു. ഇദ്ദേഹം മുഖാന്തിരം തിരുവനന്തപുരത്തേയ്ക്ക് വരുത്തപ്പെട്ട മേരുസ്വാമികളെന്ന സംഗീതപാരംഗതന്റെ ശിക്ഷണം മഹാരാജാവ് സ്വീകരിച്ചു.  ദക്ഷിണേന്ത്യയിലെ കലാകാരന്മാര്‍ക്ക്  അഭയസ്ഥാനമായിരുന്ന തഞ്ചാവൂരിലെ മഹാരാജാവ് അന്തരിച്ചത് അക്കാലത്താണ്. അതോടെ  തഞ്ചാവൂരില്‍ നിന്ന് വിദ്വാന്മാരും തിരുവിതാംകൂറിലേക്കു ചേക്കേറി. സ്വാതിയെ ഏറെ സ്വാധീനിച്ചവരായിരുന്നു തഞ്ചാവൂര്‍ സഹോദരന്മാര്‍ എന്നറിയപ്പെട്ടിരുന്ന വടിവേലു, ചിന്നയ്യ, പൊന്നയ്യ, ശിവാനന്ദം തുടങ്ങിയവര്‍. മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യന്‍മാരായിരുന്നു തഞ്ചാവൂര്‍ സഹോദരന്മാര്‍. അവരില്‍ വടിവേലു സ്വാതിയെ ഗാനനിര്‍മ്മിതിയില്‍ വളരെയധികം സഹായിച്ചു. പാശ്ചാത്യ വാദ്യോപകരണമായ വയലിന്‍ കര്‍ണാടകസംഗീതത്തില്‍ ഉപയോഗിച്ചാല്‍ നന്നാകുമെന്ന് സ്വാതിയെ വടിവേലു ബോധ്യപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ സ്വാതിയുടെ മേല്‍നോട്ടത്തില്‍ ഗവേഷണങ്ങള്‍ നടക്കുകയും വയലിനെ കര്‍ണാടകസംഗീതകച്ചേരിയില്‍ പക്കവാദ്യങ്ങളില്‍ ഒന്നാക്കുകയും ചെയ്തു.  കര്‍ണാടകസംഗീതചരിത്രത്തിലെ ഏറ്റവും ധീരമായ  പരീക്ഷണങ്ങളില്‍  ഒന്നായിരുന്നു അത്.  ത്യാഗരാജസ്വാമിയുടെ ശിഷ്യന്‍ സ്വാതിയുടെ സദസ്സിലെത്തിയതോടെ ത്യാഗരാജകൃതികള്‍ തിരുവിതാംകൂറില്‍ പ്രചരിച്ചു. മലയാളം, സംസ്കൃതം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ സ്വാതി സംഗീതരചന നിര്‍വഹിച്ചു. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയ്ക്കുവേണ്ടിയും  സ്വാതിയും സംഗീതപരിവാരങ്ങളും ഗാനങ്ങള്‍ രചിച്ചു.

ഇരവിവര്‍മ്മന്‍ തമ്പി (ഇരയിമ്മന്‍തമ്പി), പരമശിവം ഭാഗവതര്‍, ഷഡ് കാല ഗോവിന്ദ മാരാര്‍, ചോളപുരം രഘുനാഥരായര്‍ തുടങ്ങിയവരും സ്വാതിസദസ്സിനെ സംഗീതത്തിലാറാടിച്ചു. അസാമാന്യപണ്ഡിതനായ ഇരയിമ്മന്‍തമ്പി നിരവധി പദങ്ങള്‍ (പഞ്ചബാണന്‍ തന്നുടയ...., പ്രാണനാഥനെനിക്കു നല്‍കിയ.... തുടങ്ങിയവ) മലയാളഗാനസാഹിത്യത്തിന് സംഭാവന ചെയ്തു. ഓമനത്തിങ്കള്‍ക്കിടാവോ... എന്ന താരാട്ടുപാട്ടും തമ്പിയുടെതാണ്.  തമ്പിയുടെ മകളായ കുട്ടിക്കുഞ്ഞു തങ്കച്ചി (1820-1904)  സ്വാതിയുടെയും തമ്പിയുടെയും കാലശേഷം  തിരുവിതാംകൂറിന്റെ സംഗീതത്തെ പ്രഫുല്ലമാക്കി. നിരവധി തിരുവാതിരപ്പാട്ടുകള്‍, കിളിപ്പാട്ടുകള്‍, ആട്ടക്കഥകള്‍ എന്നിവയ്ക്കുപുറമേ  സ്ഥലപുരാണങ്ങളും തങ്കച്ചി രചിച്ചിട്ടുണ്ട്. തങ്കച്ചിയുടെ  കാലം കഴിഞ്ഞാല്‍ കേരളസംഗീതശാഖയെ ഏറ്റവുമധികം പരിപോഷിപ്പിച്ച ആളാണ് കെ.സി.  കേശവപിള്ള (1868-1914). ഇദ്ദേഹം എഴുപതോളം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്.

തിരുവിതാംകൂറിന് വടക്ക് കര്‍ണാടകസംഗീതം പ്രചരിപ്പിക്കുന്നതിന് മുഖ്യപങ്കുവഹിച്ചയാളാണ് പാലക്കാട് പരമേശ്വരഭാഗവതര്‍. (1815-1892) സ്വാതിയുടെ സംഗീതസദസ്സില്‍ നിയമിക്കപ്പെട്ട തിരുവിതാംകൂര്‍ സ്വദേശിയല്ലാത്ത ആദ്യയാളാണ് പരമേശ്വരഭാഗവതര്‍.

സംഗീതജ്ഞന്‍, കവി, നിരൂപകന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്ന ആറ്റൂര്‍ കൃഷ്ണപ്പിഷാരടി (1875-1964) ചിതറിക്കിടന്നിരുന്ന സംഗീതചിന്തകളേയും തത്ത്വങ്ങളേയും  ക്രോഡീകരിച്ച് സംഗീതചന്ദ്രിക എന്ന ബൃഹദ്ഗ്രന്ഥം രചിച്ചു. മലയാളത്തിലുണ്ടായ ഏറ്റവും മികച്ച സംഗീതശാസ്ത്രങ്ങളില്‍ ഒന്നാണ് സംഗീതചന്ദ്രിക.

ഇരുപതാംനൂറ്റാണ്ടോടെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ കര്‍ണാടകസംഗീതത്തിന് വലിയ പ്രചാരം ലഭിച്ചു. നിരവധി മഹാകലാകാരന്മാര്‍ കര്‍ണാടകസംഗീതത്തില്‍ കേരളത്തിന്റെ പെരുമയറിയിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍  (1896-1974) ആയിരുന്നു അവരിലെ പ്രമുഖന്‍. അനുഗൃഹീത സംഗീതജ്ഞനായ ചെമ്പൈ ദക്ഷിണേന്ത്യയിലെ  പേരുകേട്ട വിദ്വാന്‍സദസ്സുകളിലെല്ലാം കച്ചേരി നടത്തി. കര്‍ണാടകസംഗീതത്തില്‍ കേരളത്തിന്റെ പതാകവാഹകന്‍ തന്നെയായി ചെമ്പൈ 'വാതാപി ഗണപതി'  'കരുണ ചെയ്‌വാന്‍...' തുടങ്ങിയ കീര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ പ്രചാരം  ലഭിച്ചത് ചെമ്പൈയിലൂടെയായിരുന്നു. കച്ചേരി നടത്തുന്നതിനൊപ്പം വന്‍ ശിഷ്യസമ്പത്ത് ഉണ്ടാക്കുവാനും ചെമ്പൈയ്ക്ക് കഴിഞ്ഞു. പ്രതിഫലം വാങ്ങാതെ  ആയിരുന്നു ചെമ്പൈ  പഠിപ്പിച്ചിരുന്നത്. ഒരു മഹാഗുരുവില്‍ ജാതി-മത സമ്പന്ന-ദരിദ്ര ഭേദമില്ലാതെ സംഗീതം പഠിക്കാമെന്ന അവസ്ഥ കേരളത്തിലെ സംഗീതസ്‌നേഹികള്‍ക്ക് അനുഗ്രഹമായി.  അതിപ്രഗത്ഭരായ നിരവധി ഗായകര്‍ ചെമ്പൈയുടെ ശിഷ്യത്വം സ്വീകരിച്ചു. യേശുദാസ്,  ജയവിജയന്മാര്‍ തുടങ്ങിയവരായിരുന്നു അവരില്‍ ചിലര്‍.

ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് 1939-ല്‍ തുടങ്ങിയ സ്വാതി സംഗീത അക്കാദമി കേരളത്തിലെ കര്‍ണാടകസംഗീത ശാഖയ്ക്ക് അക്കാദമികമായ അടുക്കും ചിട്ടയും വരുത്തി. പിന്നീട് കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിനു കീഴില്‍ സ്വാതിതിരുനാള്‍ കോളേജ് ഓഫ് മ്യൂസിക്കല്‍  സ്റ്റഡീസ് എന്ന പേരില്‍ ഈ സ്ഥാപനം പ്രശസ്തമായി. കര്‍ണാടകസംഗീതത്തിലെ വായ്പ്പാട്ടു മാത്രമല്ല പക്കവാദ്യങ്ങളും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ശൊമ്മാങ്കുടി ശ്രീനിവാസഅയ്യരെപ്പോലെ പല പ്രമുഖരും ഇവിടെ പ്രിന്‍സിപ്പല്‍മാര്‍ ആയിട്ടുണ്ട്. ശൊമ്മാങ്കുടിയും കേരളത്തില്‍ ധാരാളം ശിഷ്യ സമ്പത്ത് നേടി.

മികച്ച അധ്യാപകനും സംഗീതജ്ഞനുമായ നെയ്യാറ്റിന്‍കര വാസുദേവന്‍ സംഗീതജ്ഞനായ പാലക്കാട് കെ.വി നാരായണസ്വാമി, മൃദംഗ ചക്രവര്‍ത്തിയായി അറിയപ്പെട്ടിരുന്ന പാലക്കാട് മണി അയ്യര്‍, പ്രശസ്ത മൃദംഗ അധ്യാപകനും വാദകനുമായ മാവേലിക്കര  വേലുക്കുട്ടി നായര്‍ തുടങ്ങിയവര്‍ കര്‍ണാടക സംഗീതത്തിന് വലിയ സംഭാവനകള്‍ നല്‍കി. പാലാ സി.കെ രാമചന്ദ്രന്‍, പ്രൊഫ കെ. ഓമനക്കുട്ടി, മാവേലിക്കര പ്രഭാകരവര്‍മ്മ, പി. ആര്‍. കുമാര കേരള വര്‍മ, ആയാംകുടി മണി പുതിയ തലമുറയിലെ ശ്രദ്ധേയരായ ശങ്കരന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍, അനുരാധ കൃഷ്ണമൂര്‍ത്തി എന്നിവരും  കേരളത്തിന്റെ കര്‍ണാടകസംഗീതത്തെ ശോഭപൂര്‍ണമാക്കുന്നു.


ഇന്ന് ഇത്ര മാത്രമേ ഉൾക്കൊള്ളിച്ചിട്ടുള്ളൂ...കൂട്ടിച്ചേർക്കലുകൾ ഉണ്ടാകണേ...🙏🙏