06-10-18


മഴപ്പെയ്ത്തില്‍ ഒലിച്ചുപോയ മരങ്ങൾ
മരം അതിന്‍റെ വേരുകള്‍ക്കിടയില്‍
ഒളിപ്പിച്ചത് ആകാശത്തെയാണ്
ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍
ഉടക്കി നിര്‍ത്തിയത്
മഹാസമുദ്രങ്ങളെയാണ്.
മഴ അതിന്‍റെ പേറ് കഴിച്ചത്
മരപ്പൊത്തിലെ ഒഴിഞ്ഞ മൂലയ്ക്കത്രെ.
പിറന്നുവീണ എട്ടുകാലിക്കുഞ്ഞന്മാര്‍
നീന്തം പഠിച്ചത്
ആ ഇത്തിരിവട്ടത്തിലാണ്.
മരയോന്തുകളെ നിറം മാറാന്‍ പ്രേരിപ്പിച്ചതിന്
മരത്തിലെ കോടതി വെറുതെ വിട്ടുപോലും!
അണ്ണാനെ മരംകേറ്റം പഠിപ്പിച്ചേന്
പഴി കേള്‍ക്കാണ്ടിത്ര കാലം പെഴച്ച്പോന്നു.
മരം ഒരു വലിയ വാടകവീടാണ്,
കുയിലും കൂമനും മരംകൊത്തീം മണ്ണാത്തീം
ചിതലും ചിലന്തീം ഓന്തും അരണേം
വാടകക്കാരുടെ പെരുംപടയാണ്!!
എന്നാല്‍ വയറ്റുപ്പിഴപ്പിന് മരമിപ്പോള്‍
മറുനാട്ടിലേക്ക് പോവാണ്.
തടി കുറച്ച് മെലിഞ്ഞ് നേര്‍ത്ത്
കഷ്ടപ്പാടിലും കറുപ്പിനെ വെളുപ്പാക്കി
അടങ്ങിക്കൂടി അനുസരണയോടെ
ലോറികളിലേറി മരങ്ങള്‍ കൂട്ടമായ്
നാടുവിടുന്നു.
ഗള്‍ഫില്‍പ്പോയ് വന്ന
പുത്തന്‍ പണക്കാരനെപ്പോല്‍
വിളറിവെളുത്ത് കോലം മാറി,
മരങ്ങള്‍ പാര്‍പ്പിടങ്ങള്‍ തേടി വരുകയാണ്..
ഒന്നോര്‍ത്തോളൂ
പുതിയ വാടകക്കാര്‍ക്കിനി
ഇവിടെ പ്രവേശനമില്ല.
അമൃത കേളകം 
****************

പുറകോട്ട്, പറക്കുന്ന
ഒരു പക്ഷിയുടെ ശില്പം
രണ്ടു ചവിട്ടുപടികളിൽ
താഴെയും
മുകളിലുമായി, തൊട്ടു തൊട്ടിരിക്കുന്ന
മറക്കുവാൻ മറന്ന
ഓർമ്മ,
പക്ഷിയുടെ,
ഹൃദയത്തിൽ, കൊണ്ട കൈമുട്ടുകൾ,
സ്തംഭിച്ചു പോയ നഗരം,
കണ്ണുകളിൽ, തൂക്കിയിട്ട  ആകാശം,
കാലുകളിൽ, ഭൂമിയിലെ വൈകുന്നേരങ്ങൾ,
വർത്തമാനങ്ങൾ,
ചിരികൾ,
ചെറുസങ്കടങ്ങൾ,
പിണക്കങ്ങൾ,
പുറകോട്ട് പറക്കുന്ന പക്ഷിയുടെ
ശില്പം,
അതിന്റെ, തണലിനു കീഴിൽ
ഇപ്പോഴും, തണുപ്പ്,
തണുപ്പിന്റെ നെറുകയിലൊരു
വെയിൽ നാളി,
വെയിൽ നാളിയിലൊരു
മൂക്കുത്തി,
മൂക്കുത്തിക്കടിയിലൊരു
സ്നേഹത്തിന്റെ തരി.
പക്ഷി,
മറന്നില്ല, മറന്നില്ലയെന്നൊരു മരത്തിന്റെ
ഗദ്ഗദം, മാത്രം,
അന്തരീക്ഷത്തിലൂടെ
ചിറകടിച്ചു കൊണ്ടിരിക്കുന്നു.
സജീവൻ പ്രദീപ്
****************

ഇതൾ
അടർന്നു പോയ
പൂവിന്റെ
നോവറിയുക.
വേരറ്റുപോയ
പടു മരത്തിന്റെ
കിതപ്പറിയുക.
നാടുവിട്ടു പോയ
പെൺകുട്ടിയുടെ
പേരറിയുക.
പുഴയിൽ
തീർന്നു പോയ
മൽസ്യത്തിന്റെ
വീടറിയുക.
കൂട്
ഒഴിഞ്ഞു പോയ
കിളിയുടെ
മരമറിയുക.
എന്നെ
അറിയുക.
നിന്നെ
അറിയുക.
മണ്ണിന്റെ
താളമറിയുക....
ബിജു വളയന്നൂർ
****************

വർഗ്ഗീയം
ചെമ്പരത്തി,
ഒരുൾനാടൻ
പെൺകുട്ടിയാണ്
തുമ്പ, വെള്ളഫ്രോക്കിട്ട    
കൗമാരക്കാരിയും..
തുളസി,
കാച്ചിയ എണ്ണ
മണമുള്ളൊരു ചുരുൾ
മുടിക്കാരിയാണെങ്കിൽ....
റോസ് തുടുത്ത കവിളുള്ള
ഒരു നസ്സ്രാണി പെണ്ണാണ്....
മൈലാഞ്ചി
തട്ടമിട്ടൊരു മൊഞ്ചത്തിയും...
കൊന്ന,
പ്രാകാശം പരത്തുന്ന
ഒരു സുന്ദരിയാണെങ്കിൽ...
മുല്ലപ്പൂവൊരു മണവാട്ടിയാണ്
പത്തു മണിപ്പൂ
ഒരു നഴ്സറി കുട്ടിയെങ്കിൽ
നാലുമണിപ്പൂ
സൗന്ദര്യം വിട്ടൊഴിയാത്ത
ഒരു മധ്യവയസ്കയും...
നന്ത്യാർ വട്ടം
മറക്കുടചൂടി വരുമ്പോൾ...
ചെട്ടിപ്പൂ,
അവഗണിക്കപ്പെട്ട
ഒരു ദളിത് സുന്ദരിയാണ്...
.ലില്ലി
കൊലുന്നനെയുള്ള
ഒരു ആഗ്ലോ ഇന്ത്യൻ പെണ്ണും,
ഒാർക്കിഡ് ഒരു മദാമ്മയുമാണ്...
ശംഖ്പുഷ്പം ശകുന്തളയും..
മുക്കുറ്റി കവികളുടെ
പ്രണയ ഭാജനവുമാണ്...
പൂജക്കെടുക്കാത്ത പൂക്കളുണ്ട്
ദൈവത്തിൻെറ
സ്വന്തം പൂക്കളുമുണ്ട്
ചിലതെല്ലാം ചാതുർവർണ്ണ്യ
ക്രമത്തിലാണ്...
എന്തോ.. ,
നമ്മുടെ പൂക്കളോന്നും
തെല്ലും മതേതരമല്ല....
ഹാരിസ് ഖാൻ
****************

അച്ഛൻ  വരും
അത്രമേൽ
ആഴമുണ്ടായിരുന്നച്ഛൻ
വിരൽ സ്പർശത്തിന്,
പിണങ്ങിയകലവേ,
കോർത്തു  വലിക്കും
തമ്പുരു നാദം പോൽ...
അത്രമേൽ
കുളിരുണ്ടായിരുന്നച്ഛൻ
വിരിച്ച നിഴലുകൾക്കെല്ലാം,
വെയിൽക്കാലത്തിടതൂർന്നു
പൂത്ത,  പൂമര ഗന്ധമുണ്ടായിരുന്നു...
മിന്നൽ പിണരുകൾ  മഥിക്കും
തുലാമാസരാവുകളിൽ,
അച്ഛൻെറ നെഞ്ചോളം
ശാന്തമായൊരിടമുണ്ടായിരുന്നില്ല...
നീണ്ട വിരലുകളിൽ തൂങ്ങി
കുത്തിയൊഴുകും പുഴകളിൽ
മുങ്ങിനിവർന്നപ്പോൾ,
പെരിയാറും  പമ്പയും പിന്നെയാ
നിളയും നാണിച്ചുപോയിരുന്നു,
അത്രമേൽ
ധെെര്യമായിരുന്നച്ഛൻ...
കർക്കിടകത്തണുപ്പിൽ,
അമ്മച്ചൂട് പുതച്ചുറങ്ങുമ്പോഴും
മുടിയിഴകളിൽ നീണ്ടവിരൽ
സ്പർശം തേടിയെത്തിയിരുന്നു...
ആദ്യമായ്
അമ്മയെന്നോതുവാൻ
പഠിപ്പിച്ചതും അച്ഛനായിരുന്നത്രേ,
ഇത്രമേൽ
അമ്മയെ   സ്നേഹിക്കാൻ
പഠിപ്പിച്ചതും അച്ഛനായിരുന്നു...
വിശപ്പാറാ വയറുമായ് കരയും
ബാല്യത്തിലമ്മ പറഞ്ഞിരുന്നു,
''അച്ഛൻ വരും...''
അച്ഛൻെറ വിയർപ്പിനെപ്പോഴും
വിശപ്പിൻ ഗന്ധമായിരുന്നു...
സ്നേഹമായൂട്ടിയ
വാത്സല്ല്യയുഉരുളകളത്രയും
അച്ഛൻെറയന്നമായിരുന്നു...
എന്നിട്ടുമെന്തേ
അച്ഛനെയൂട്ടുവാൻ  അന്നെൻ
കുഞ്ഞു വിരലുകൾ കൊതിച്ചില്ല...
ഇന്നീ കർക്കിടപ്പുഴ
നിറവായൊഴുകുന്നു...
എള്ളും പൂവും ചന്ദനവും
പിന്നെയിത്തിരി വെള്ളരിയും
ചേർന്നൊരു ഗോളമായിരിക്കുന്നു,
നാക്കിലത്തുമ്പിലത് കാത്തിരിക്കുന്നു...
ഈറൻ കയ്യടിക്കപ്പുറം
അമ്മ പറയുന്നുണ്ട്,
''അച്ഛൻ വരും...''
ഉണ്ണികൃഷ്ണൻ തോട്ടശ്ശേരി
****************

നിങ്ങൾ
പഴയോലകൾ കുത്തിമറച്ച്
കളിവീടുണ്ടാക്കി
കളിച്ചിട്ടുണ്ടോ... ?
തുമ്പപ്പൂ ചോറു വിളമ്പി
ചിരട്ടപാത്രത്തിൽ
ഉണ്ടിട്ടുണ്ടോ...?
പാളവണ്ടിയിൽ കയറിയിട്ട്
കളസംകീറി
കരഞ്ഞിട്ടുണ്ടോ...?
ചേമ്പില കുടയായ് ചൂടി
മഴനനയാതെ
നടന്നിട്ടുണ്ടോ...?
ഉച്ചവെയിലോടിയെത്തി
ഉണ്ണാനില്ലാതെ
പോയിട്ടുണ്ടോ...?
വെള്ളം കുടിച്ചേമ്പക്കംവിട്ട്
ഉണ്ടതുപോലെ
ഇരുന്നിട്ടുണ്ടോ ...?
ചീനിവേരുണക്കിപ്പൊടിച്ച്
കാച്ചിക്കുറുക്കി
കഴിച്ചിട്ടുണ്ടോ...?
കലമില്ലാത്തടുപ്പിൽ, വെറുതേ
കരിയിലകൾ
പുകച്ചിട്ടുണ്ടോ...?
.പുകഞ്ഞ് പുകഞ്ഞെരിഞ്ഞ്
തിളച്ച്തൂവിയ
അമ്മതൻ കണ്ണീർ
നിങ്ങൾ കണ്ടിട്ടുണ്ടോ....?
കല്ലുവാതുക്കൽ ആർ അശോകൻ
****************

നാലുവരിപ്പാതയിലെ ശലഭച്ചിറക്  
മോഹൻജോദാരോവിലെ
നഗരസംസ്കാരത്തെക്കുറിച്ച്
ചിന്തിച്ചു ചിന്തിച്ച്
തണലാലിന്റെ ചോട്ടിൽ
തനിച്ചിരുന്നതു കൊണ്ടാവണം
ഇളംവെയിൽ മയക്കത്തിൽ
മസ്തിഷ്കഭിത്തികൾ
ചതുരവടിവുകൾ ആയി മാറിയത്...
തലക്കകത്തെ
കാറ്റും നിലാവും
ജാദാറോവിലെ
പ്രണയസംസ്കാരത്തെക്കുറിച്ചു
ചർച്ച ചെയ്തത്....
ജാദാറോവിലെ
അതിമനോഹരമായ
ചതുരോദ്യാനത്തിൽ കറുത്ത ചിറകിൽ
മഞ്ഞമുഖങ്ങളുള്ള
പ്രേമികളായത്.....
ജാദാറോവിലെ നാലുവരിപ്പാതയിലൂടെ
അതിവേഗത്തിൽ പാഞ്ഞ
ഏതോ ശകടത്തിനടിയിലേക്ക്
ഞാനാദ്യം എന്നാ ശലഭങ്ങൾ
മത്സരിച്ചത്......
കുഴിച്ചെടുക്കാനും കുറിച്ചിടാനും
ആരെങ്കിലും എത്തുമെന്ന
ചിന്തനത്തിൽ
സ്വപ്നഭാണ്ഡങ്ങൾ വികസനപാതയിൽ
കുടിവെച്ചാകണം
ശലഭജീവനുകൾ അന്തരീക്ഷത്തിലേക്ക്
അപ്രത്യക്ഷമായത്...
ഒരുപക്ഷേ,
ഇന്നിവിടെ ...
ഈ അരയാലിൻചോട്ടിൽ
വെയിലിൽ ഉച്ചപിടിക്കുമ്പോഴും
കാലിലൂടെ തണുപ്പിരച്ചുകേറി
ഞാനും
നിശ്ചലമാകുന്നത്
അത്തരമൊരു പ്രതീക്ഷയിൽ ആയിരിക്കാം....
വർഷങ്ങൾ താണ്ടി
ഒരു ഫോസിൽ ഗവേഷകൻ
എന്റെ അസ്ഥികൂടത്തേയും
സൂക്ഷ്മതയോടെ
പെറുക്കിയെടുത്ത് ബട്ടർപേപ്പറിൽ
പൊതിഞ്ഞ്
അത്യാധുനികമായ സംവിധാനങ്ങളിൽ !!!!
ഹോ!!!!
അന്ന് അവർ എന്തൊക്കെ കണ്ടുപിടിച്ചേക്കാം!!!!
സുനിത ഗണേഷ്
****************

വ്രതം
സ്വപ്നം കണ്ടവൻ
ഞെട്ടിയുണർന്ന്
ഐശ്വര്യാ റായിയെ
തെറിവിളിച്ചുതുടങ്ങിയതും
ഭാര്യയോടി വന്നവന്റെ
വാ പൊത്തി കേണു.
വ്രതമാണ് ,
തെറി പറയരുതെന്ന് .
കിതച്ചു കിടന്നവന്റെ
അരക്കെട്ടിലേക്ക്
നോക്കിയതുമവൾ
'സ്വാമിയേ ശരണമെ' -
ന്നറിയാതെ വിളിച്ചു പോയ് .
പോയത് പോട്ടെ ചേട്ടാ
വ്രതം നമുക്ക്
വീണ്ടും പിടിക്കാമെന്നവൾ
ആശ്വസിപ്പിക്കുമ്പോഴും
അറിയാതവൾ പറഞ്ഞു പോയ്
" ആർത്തവാരുന്നെങ്കില്
28 ദിവസോങ്കിലും
വ്രതം കിട്ടിയേനെല്ലോ
എന്റെ ചേട്ടോന്ന് "
ലാലു കെ ആർ
****************

ചാട്ടം പിഴച്ചവൻ [വിദ്യാലയ മുറ്റത്തു വന്ന ഒരു കുരങ്ങ്]
പച്ചിലക്കൂട്ടത്തിലെമ്പാടും ചാഞ്ചാടി
കൊച്ചനാം വാനരനെത്തിയല്ലോ!
കൂക്കും വിളിയുമായങ്കണം തന്നിലാ
കുട്ടികളാർത്തു തിമിർത്തിടുന്നു
വിക്രസ്സുകാട്ടി മദിച്ചു നടക്കുന്നു
വിക്രമൻ വാനരപ്പൈതലെങ്ങും
ചാട്ടം പിഴച്ചൊരു കൊച്ചു കുരങ്ങച്ചൻ
കൂട്ടം പിരിഞ്ഞങ്ങു വന്നതാണോ?
അല്ലെങ്കിൽകൂട്ടരൊത്തങ്ങു നിന്നിടാൻ
തെല്ലവനാശയുണ്ടാകയില്ല
ഉച്ചയ്ക്കു വിട്ടോരുനേരമാമാവിന്റെ
ഉച്ചിയിൽ കേറി മറിഞ്ഞിടുന്നു.
ചോറു, ചെറുപയർ, സാമ്പാറുകഷ്ണങ്ങൾ
ചോദ്യമില്ലാതെയവന്നു നൽകി.
തൻ വിരൽ കൊണ്ടവൻ തൊട്ടതു മാന്തലായ്
തെറ്റിദ്ധരിച്ചവർ നമ്മളെല്ലാം
ചാട്ടം പിഴച്ചവനല്ലവൻ നല്ലൊരു
ചങ്ങാതി തന്നെയായ് മാറിയല്ലോ
ഇത്തിരിസ്നേഹത്തിൽ പുത്തരി നൽകുകിൽ
ചാട്ടംപിഴച്ചോനെ പാട്ടിലാക്കാം.
****************

നിന്നോട് മാത്രം പറയുവാനുള്ള ചിലത്
വണ്ടിനോട് പൂവിനെന്ന പോലെ ,
കാറ്റിന് കടലിനോടെന്ന പോലെ,
എനിക്കും നിന്നോട് ഇനിയുമേറെ  പറയാനുണ്ട് ,
മണ്ണിൽ വസന്തങ്ങളുടെ ഉരുൾപൊട്ടലുകളുണ്ടാക്കുന്ന മഴകളെ കുറിച്ച്.
ഇന്നലെകളുടെ രഹസ്യങ്ങൾ പൊതിഞ്ഞ് പിടിച്ചു ചിരിക്കുന്ന ഇന്നുകളെ പറ്റി
ഇനി ഇല്ല എന്നോണം
മാഞ്ഞുപോയ പ്രതീക്ഷകളെക്കുറിച്ച് ,
തിരിച്ചറിയാനാകാത്ത
ആകുലതകളെ ഗർഭം ധരിക്കുന്ന ദു:സ്വപ്ന രാത്രികളെപ്പറ്റി
എവിടേക്കിന്നില്ലാതെ പാ റിപ്പോകുന്ന ശലഭ ഭംഗിയുള്ള ജീവിതത്തിന്റെ ഉല്ലാസങ്ങളെക്കുറിച്ച് ,
ഭൂമിക്കും ആകാശത്തിനുമിടയിലുള്ള എല്ലാറ്റിനെക്കുറിച്ചും ,
എനിക്ക് നിന്നോട് ചിലത് പറയുവാനുണ്ട്
നിന്നോട് മാത്രം ,
നിന്നോട് മാത്രം, അവ പറയാൻ തുടങ്ങുമ്പോഴാണ്,
ഭാഷ എത്ര ശുഷ്കമാണെന്നും , വാക്കുകൾ എത്ര നിരർത്ഥകമാണെന്നും ഞാനറിയുന്നതും.
ഷീലാ റാണി .
****************

നീ' എന്നാൽ
നിന്നെ കാണുകയെന്നാൽ,
ഒരു വസന്തം മുഴുവൻ കൺമുന്നിൽ
പൂത്തുനിൽക്കലാണ്...
നിന്നെ കേൾക്കുകയെന്നാൽ
ശുദ്ധമായ ഗസലിൻറെ ഈരടികൾ
കാതിൽ കുളിർമഴപോലെ പെയ്ത് നിറയലാണ്....
നിന്നെ അറിയുകയെന്നാൽ
നിൻറെ
സാന്നിദ്ധ്യത്തിലുമസാന്നിദ്ധ്യത്തിലു-
മനുഭവപ്പെടുന്ന നീറ്റലുകളാണ്...
നിന്നെ പുണരുകയെന്നാൽ,
നിന്നിലലിഞ്ഞ്
നിമിഷനേരം കൊണ്ട്
നിൻറെ സ്വപ്നങ്ങളെ
ഗർഭംധരിച്ച്  പ്രസവിക്കലാണ്....
നിന്നെ അടരുകയെന്നാൽ,
ഇനി മരണമാണ്.
കാരണം
നീ എന്നിൽ
അത്രമേൽ വേരുറച്ചതാണ്.....
എബി ഷാൻ
****************

തിരിച്ചുപോകാനുള്ള വഴിയന്വേഷിക്കുകയായിരുന്നു
ഉപേക്ഷിച്ചിടത്തെല്ലാ०
ഉറുമ്പുകൾ
ചുവന്ന കാല്പാടുകൾ
അരിച്ചു തീർത്തു
ഒരു കാട് എരിഞ്ഞു തീർന്നതിൻ
അവശേഷിപ്പുകളിൽ
ഏറെപരിചയമുള്ളൊരു  വിരലടയാളം കണ്ടു
കാത്തിരിപ്പുകൾ ശൂന്യതാവലയങ്ങളായ്
ആത്മാവ് നഷ്ടപ്പെട്ട ഒരനാഥ പ്രേരണ
ചുമന്ന് നടക്കുന്ന രാജാവിനെയു० മുരിങ്ങാമരത്തെയു० കെട്ടുകഥകളിൽ നിന്ന്
ആവാഹിച്ച് പുറ०തള്ളിയിരുന്നു.
തണലൊരുക്കിയ വേരുകൾക്ക് മീതെ
വംശനാശം०  പേടിച്ച പറവക്കൂട്ടങ്ങൾ കാഴ്ചയടച്ച് തല താഴ്ത്തി നിശ്ചലവുമായി.
ചിത്രങ്ങളിൽ തുന്നിവെച്ച മുറിവുകൾക്കൊപ്പ०
കാട് തേടി പറന്നുപോയ മയിൽപ്പീലി തുണ്ടുകളു०
ഇടറിവീണന്ന്  മിണ്ടാതെ തൊണ്ട
വിറച്ചു നനവിലേക്കൂർന്ന മൊഴി പെറ്റ മൗനവു०
കുടിയിറക്കിയ വഴികളിൽ
നീലഞരമ്പുകളിലുന്മാദ०
വാരിപ്പുതച്ച് നടന്നു.
തിരികെ നടക്കുവാൻ
ചങ്ങലകൾക്ക് മതിഭ്രമം
മുറിവുകളിലഗ്നി ചുമന്ന്
ഇരുളിനെ പ്രാണനൂട്ടി
ഉറവയിറ്റിച്ച നിലാവും
കണ്ടു മറന്ന പോൽ
കണ്ണുകളയച്ചു മറഞ്ഞു നിന്നു
ജിഷ കെ.
****************

ഓരോ സ്ത്രീക്കും
കവിതയെഴുതാൻ
അനവധി വിഷയങ്ങളുണ്ട്
അത്
കുന്നുകൂട്ടിയിട്ട
വിഴുപ്പു തുണി |യുടെ
വൃത്തികെട്ട ഗന്ധമാവാം
അടിച്ചുകൂട്ടി
വാരിക്കളയാൻ മറന്ന
പൊടിപടലങ്ങളുടെയും,
ചപ്പുചവറുകളുടേയും
ഭംഗിയില്ലാത്ത കാഴ്ചയാവാം
പണിയെടുത്ത്
പണിയെടുത്ത്
നടുവ് നിവർത്തുന്നതിന്റെ
ആശ്വാസമാവാം
ചെയ്തിട്ടും ചെയ്തിട്ടുമൊതുങ്ങാത്ത
അടുക്കള രഹസ്യങ്ങളാവാം
സ്നേഹം
യാചിച്ച് ചെല്ലുമ്പോൾ
സുലഭമായി കിട്ടുന്ന
അവഗണനയാവാം
ഒരിക്കലും
തൃപ്തി ലഭിക്കാത്ത
ഒരു കൂട്ടത്തിന്റെ
പിറുപിറുക്കലാവാം
എഴുതിയാലും എഴുതിയാലും
തീരാത്ത വിഷയങ്ങളെക്കുറിച്ച്
ഓർക്കാൻ പോലും
സമയമില്ലാത്തതിനെക്കുറിച്ചുമാവാം.......
ബിത.
****************

കാത്തിരിപ്പ്
എന്തിനാണയാൾ സന്ധ്യയാവും വരെ
സ്വന്തജന്മം കുഴച്ചുരുട്ടുന്നത്,
കാക്ക കൊത്താൻ
തപസിരിക്കുന്നത്
ഓർമ്മ തീണ്ടിക്കറുത്തു പോവുന്നത്?
ഞാനയാളല്ല
എങ്കിലും
ഞങ്ങൾക്ക്
നല്ല സാമ്യം
എന്തൽഭുതം!
പോക്കുവെയ്ലിൽ
തനിച്ചിരിക്കുന്നയാൾ
പോയ കാലങ്ങളോർത്തെടുക്കുന്നയാൾ
വാക്കുടയ്ക്കുന്നു
മൗനം തറയ്ക്കുന്ന
വേനലാധിയിൽ
നഗ്ദ പാദം വെച്ച്
വേച്ചുവേച്ച് നടന്നകലുന്നയാൾ
രാത്രി മൂടി മറഞ്ഞു തീരുന്നയാൾ...
വെട്ടമില്ലാത്ത കൺവഴി
നെഞ്ചിലോ
കഷ്ടകാലത്തിനുൾച്ചുഴി...
മൃത്യുവിൻ
വിത്തു മന്ദം മുളച്ചുയരുന്നത്
കണ്ടു നിൽക്കാനിരുൾ മതി.
എന്തിനാണയാൾ
പിന്നെയും പിന്നെയും
എന്റെയുള്ളിൽ
വിറങ്ങലിക്കുന്നത്
ചോര നീന്തിക്കരയ്ക്കടുക്കുന്നത്
സ്പന്ദനങ്ങളിൽ ചത്തുപൊങ്ങുന്നത്?
ചോർന്നു തീരുന്നു പ്രാണൻ
കിനാവുകൾ,
കാറ്റൊഴിഞ്ഞ,തുളഞ്ഞ ബലൂണുകൾ...
എന്നിൽ നിന്നുമയാളിലേക്കോടുന്ന
രാത്രിവണ്ടിക്ക് കാത്തുനിൽപ്പാണു ഞാൻ.
ശ്രീനിവാസൻ തൂണേരി
****************

റിവ്യൂ ഹർജി
പുലർച്ചെ നാല് മണി പന്ത്രണ്ട് നിബിഡം.
സുലൈമാന്റെ വീട്ടിലെ പൂവൻ വേലി നൂണ്ട് കോലോത്തെ മുറ്റത്ത് എത്തി.
പൂവൻ പൂവി....
രണ്ട് വട്ടം.
സുലൈമാന്റെ പൂവന് ബ്രാഹ്മമുഹൂർത്തം  പെഴക്കില്ല .
സുലൈമാനോളം തന്നെ  പോന്ന പൂവൻ.
കുറുക്കൻമാർ നാട്ടിൽ നിറഞ്ഞ് നിരങ്ങിയ കാലത്ത് പോലും രാത്രി കൂട്ടിൽ കിടക്കാത്ത ഉശിരൻ.
പക്ഷേ രാവിലെ കൂവാൻ കോലോത്തെ മുറ്റത്ത് വരും.
കുടി കെടപ്പ് അവകാശം സുലൈമാന്റെ വീട്ടിലാണെങ്കിലും അവിടെ മുറ്റത്ത് നിന്ന് അഞ്ചരക്ക് മുമ്പ് എങ്ങാനും കൂവിയാൽ പിന്നെ ഉച്ചക്ക് ബിരിയാണി ചെമ്പിൽ നോക്കിയാൽ മതി.
വിശ്വാസ്വോം , പാരമ്പര്യോം തെറ്റിക്കാൻ വയ്യ.  പ്രകൃതി നിയമം ആണെന്ന സിദ്ധാന്തം വേറെയും .   പൂവന് കടുത്ത പ്രതിഷേധമുണ്ട്.
കൂവാൻ മടിച്ചിട്ടല്ല .... എന്നാലും അതിരാവിലെ തന്നെ വേണം എന്ന നിർബ്ബന്ധ നിയമം ഒന്ന് മാറ്റി എഴുതപ്പെടേണ്ടതാണ്.
അലാറം മുഴക്കാൻ ഇന്ന് ടൈംപീസ് ഉണ്ട്, തലയിണക്ക് അടിയിൽ വിറക്കാൻ മൊബൈൽ ഉണ്ട് , വേക്കപ് കാൾ ഏജൻസികൾ ഉണ്ട്. എന്നിട്ടും താൻ നിത്യവും കൂവണം എന്നത് പൂവന് മനസ്സിലായില്ല .
 വിശ്വാസം ആണത്രേ..! .
തിരിച്ച് സുലൈമാന്റെ വേലി നൂഴുമ്പോൾ കോലോത്തെ പൂമുഖത്ത് നിഴലനക്കം.
പൂവൻ നിന്നു. സ്വയം പറഞ്ഞു.
കുഞ്ഞൂട്ടൻ തമ്രാൻ ബെരാനായിട്ട് ല്ലാലോ ...? മ്പ്രാട്ടി പിന്നേം ബൈകും. പിന്നെ ഇപ്പ ദ് ആര് പടച്ചോനേ ഇന്നേരത്ത്. ...?
അങ്കവാൽ ഉയർത്തി ഒരു കാൽ വേലിയിൽ ചവുട്ടി ഒറ്റക്കാലിൽ ഉയർന്ന് തല പൊക്കി നോക്കി.
വ്യക്തമല്ല. നിഴൽ രൂപം പൂമുഖപ്പടിയിൽ കയറി ഇരിക്കുന്നു.
യേ ..... ഓരെ സൊന്തക്കാര് ആരേങ്കിലും വന്നേരിക്കും. ഓരായി .. ഓര്ടെ പാടായി.
പൂവൻ ഉയർന്നു വന്ന കോട്ടുവായ ശബ്ദമില്ലാതെ ഒതുക്കി സുലൈമാന്റെ തൊഴുത്തിന് പിന്നിലേക്ക് നടന്നു.
പൂവന്റെ സൈറൺ കേട്ട് കുഞ്ഞൂട്ടേട്ടൻ ഉണർന്നു. വശത്തേക്ക് നോക്കി.
തമ്പാട്ടി വായ തുറന്ന് മലർന്ന് കിടന്ന്  കൂർക്കം വലി സാധകം ചെയ്യുന്നു.
തമ്പാട്ടിയുടെ ദേഹത്ത് തട്ടാതെ കുഞ്ഞൂട്ടേട്ടൻ ഒന്ന് ഞെളിഞ്ഞ് നിവർന്ന് എഴുന്നേറ്റു.
 കട്ടിലിന് അടിയിലെ ഭരണിയിൽ നിന്ന് ഒരു നീറ്റടക്ക എടുത്തു. പൂമോത്തക്ക് നടന്നു.
പോകുന്ന പോക്കിൽ മച്ചിലേക്ക് ഒന്ന് എത്തിച്ച് നോക്കി.
കെടാവിളക്ക് കത്തുന്നുണ്ട്.
ഭഗോതിയും ഉറക്കത്തിലാണ്. വടക്കേ അമ്പലത്തിൽ പാട്ടുവെച്ചാൽ ഉണരുക എന്നതാണ് ഭഗോതീടേം , തമ്പാട്ടീടേം പൊതു തത്ത്വം.
ശബ്ദമുണ്ടാക്കാതെ കുഞ്ഞൂട്ടേട്ടൻ വാതിൽ തുറന്ന് പൂമോത്തക്ക് ഇറങ്ങി.
പൂമുഖത്ത് കാല് കുത്തിയ കുഞ്ഞൂട്ടേട്ടൻ ഞെട്ടി.
മങ്ങിയ വെളിച്ചത്തിൽ പൂമുഖപ്പടിയിൽ ഒരു ആൾ രൂപം.
ശങ്കയോടെ കുഞ്ഞൂട്ടേട്ടൻ നോക്കി. പ്രത്യേക മട്ടിൽ കുന്തിച്ചിരിക്കുന്നു. മഹാൻ പൂമുഖപ്പടിയിലെ ചെല്ലപ്പെട്ടി തുറന്ന് ഒട്ടും ശങ്കയില്ലാതെ വിസ്തരിച്ച് മുറുക്കുന്നു. അയാൾ തല ഉയർത്തി കുഞ്ഞൂട്ടേട്ടനെ നോക്കി വിസ്തരിച്ച് ചിരിച്ചു.
അതിഥി സാമാന്യക്കാരനല്ല എന്ന് ലക്ഷണ ശാസ്ത്രം .
വെളിച്ചം കുറവായതിനാൽ ലൈറ്റ് ഇടാൻ പുറപ്പെട്ട കുഞ്ഞൂട്ടേട്ടനെ ആൾരൂപം വിലക്കി കൈ കൊണ്ട് അടുത്തേക്ക് വിളിച്ചു.
അടുത്ത് ചെന്ന കുഞ്ഞൂട്ടേട്ടന് മുമ്പിലേക്ക് ആഗതൻ ചെല്ലപ്പെട്ടി നീക്കി വെച്ചു. മുറുക്കിക്കോളൂ എന്ന് ആംഗ്യം കാട്ടി.
പല്ല് തേച്ചിട്ടില്ല .
കുഞ്ഞൂട്ടേട്ടൻ പറഞ്ഞു.
മുറ്ക്കി തേച്ചാൽ വൃത്തി കൂടും എന്ന് അയാളും .
ഇത് ഒരു നേരങ്കത്തിന് പറ്റിയ ആൾ തന്നെ എന്ന് കുഞ്ഞൂട്ടേട്ടൻ മനസ്സിൽ കുറിച്ചു .
കളരി പരമ്പര ദൈവങ്ങളേയും , ലോകനാർകാവിലമ്മയേയും , പ്രേംനസീറിനേയും ധ്യാനിച്ച്.
പൂമുഖപ്പടിയിൽ കയറി ഇരുന്നു.
അതിഥിയെ അംഗോപാംഗം നിരീക്ഷിച്ചു. ആ ഇരിപ്പും, മുറിച്ച കഷ്ണം പൊകല തള്ളവിരലും ചൂണ്ട് വിരലും കൊണ്ട് കൂട്ടി പിടിച്ച പ്രത്യേക മുദ്രാ ഭാഷേം ....!
എവിടെയോ നല്ല പരിചയം ... പക്ഷേ...?
കുഞ്ഞൂട്ടൻ എന്താ ആലോചിക്കണത്..... ?
താങ്കളെ നല്ല പരിചയം തോന്ന്ണ്ട് .
എവ്ട് ന്നാ...?
തെക്കാണ് .
ച്ചാൽ ....?
തറവാട് പന്തളത്താണ്.
കൊട്ടാരോം ആയിട്ട് ...?
ചാർച്ചണ്ട്.
 അതിഥി ചിരിക്കുന്നു.
കുഞ്ഞൂട്ടേട്ടൻ സ്വതേ വേഗത്തില് ലക്ഷ്യം ഭേദിക്കാറുണ്ട്.
ഇത് പിടി കിട്ടുന്നില്ല.
ആകപ്പാടെ ജോൺ എബ്രഹാമിന്റെ സിനിമക്ക് കയറിയ പോലെ.
മോഡേൺ ആയും പോസ്റ്റ് മോഡേൺ ആയും ചിന്തിച്ചു.
രക്ഷയില്ല.
ഒടുവിൽ അശ്വമേധം ഗെയിം അവസാനിപ്പിച്ച് കുഞ്ഞൂട്ടേട്ടൻ ചോദിച്ചു . ആരാണ് ?
ഞാൻ പറഞ്ഞല്ലോ പന്തളത്തുകാരനാണ്.  ഇപ്പോ താമസം കുറച്ച് കൂടി നീങ്ങിയിട്ടാണ്.
എരുമേലി വഴി നടന്നാലും എത്താം , അല്ലാച്ചാൽ നിലക്കൽ വഴി പമ്പ കടന്നും വരാം.
പടിയിൽ നിന്ന് ഇറങ്ങി അതിഥിയെ നോക്കി. പൊകല വായിലിട്ടിട്ടും ചിന്മുദ്ര വിടാതെ അതിഥി . ശിരസ്സിന് ചുറ്റും ഉജ്ജ്വലമായ ഒരു പ്രഭ . കളരി പരമ്പര ദൈവങ്ങൾ കൈവിട്ടു. കുഞ്ഞൂട്ടേട്ടൻ അടവുകൾ എല്ലാം മറന്നു. കാൽ വിറക്കുന്നു.
അർദ്ധബോധാവസ്ഥയിൽ അതിഥിക്ക് മുൻപിൽ നമസ്കരിക്കുമ്പോൾ അറിയാതെ വിളിച്ചു.
ഓം ശ്രീ ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ ......
ബോധം തെളിയുമ്പോൾ കുഞ്ഞൂട്ടേട്ടൻ അറിഞ്ഞു , താൻ താഴെ നിലത്ത് അയ്യപ്പസ്വാമിയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ്.
പരിഭ്രമിച്ച് ചാടി എഴുന്നേറ്റ് തമ്പാട്ടിയെ വിളിക്കാൻ തുടങ്ങിയപ്പോൾ സ്വാമി തടഞ്ഞു .
ഒരു കാര്യം ണ്ട്.
നമ്മൾ രണ്ടാളും അറിഞ്ഞാ മതി.
സുലൈമാന്റെ വീട്ടിലെ പൂവൻ കണ്ടോ എന്ന് ഒരു സംശണ്ട് . വേറേ ആരും കണ്ടിട്ടില്ല അറിഞ്ഞിട്ടില്ല. വേറെ ആരേം അറീക്കണ്ട.
ഭഗവാൻ .... നിറഞ്ഞ കണ്ണോടെ കുഞ്ഞൂട്ടേട്ടൻ വിളിച്ചു .
അടിയൻ എന്താ ചെയ്യേണ്ടത്.
കുഞ്ഞൂട്ടേട്ടന് അക്ഷരങ്ങളും വാക്കും മുറിഞ്ഞ് പോയി...
കുഞ്ഞൂട്ടൻ .... താൻ ആദ്യം പരിഭ്രമം നിർത്ത്വാ ...
കുഞ്ഞൂട്ടേട്ടൻ ദീർക്ഷ നിശ്വാസം എടുത്തു. പന്ത്രണ്ട് പഞ്ചാക്ഷരി ജപിച്ചു. മനസ്സ് എന്തും നേരിടാൻ തയ്യാറായി.
സ്വാമിയെ നോക്കി തൊഴുത് ഉറച്ച ശബ്ദത്തിൽ പറഞ്ഞു
കൽപ്പിക്കാം ....
അടിയൻ എന്തിനും തയ്യാർ.
സ്വാമി ചിരിച്ചു.
കൽപനയോ...?
പതിവില്ല.
തോന്നിയാൽ വല്ലതും വിധിക്കും , ഇടക്ക് ഓരോ വധവും.
അത്രേ പതിവുള്ളൂ .
ഇപ്പോ അതും നിർത്തി.
കണ്ടാലും കൊണ്ടാലും പഠിക്കില്ലാച്ചാൽ എന്താ ചെയ്യാ...?
കുഞ്ഞൂട്ടൻ ഒരു കാര്യം ചെയ്താമതി.
ചിന്മുദ്രയോടെ സ്വാമി പറഞ്ഞു.
കുഞ്ഞൂട്ടേട്ടൻ തൊഴുതു.
വിധിയും, പ്രതിവിധിയും, ആധിയും, ഉപാധിയും  ഒക്കെ ആയി വിവിധോദ്ദേശ പദ്ധതികൾ നടക്ക്ണ്ട്.
അടിയന് അറിയാം..                 കുഞ്ഞൂട്ടേട്ടൻ പറഞ്ഞു.
ആഘോഷ കമ്മറ്റിക്കാരോട് പറയണം.
എന്നെ തോൽപിക്കാനായിട്ട് ആണ്ച്ചാൽ മെനക്കടണ്ട.
നിങ്ങള് വന്ന് കണ്ടാലും കണ്ടില്ലെങ്കിലും എനിക്ക് ഒന്നും സംഭവിക്കില്ല. കാരണം ഞാൻ അവിടെ ഒറക്കം ഒഴിച്ച് ഇരിക്കണ ഒരാളല്ല .
ഒരു ചൈതന്യം അവിടെ വെച്ചു. അത്രേള്ളൂ. ചിട്ടേല് വന്നാ അത് അനുഭവിക്കാം അത്രന്നെ.
വേണച്ചാൽ മത്യേനും.
പാവം ദൈവം പട്ടിണി ആവും എന്ന് വിചാരിച്ചിട്ട് ആരും മലകേറണ്ട എന്ന് പറഞ്ഞൂന്ന് മാത്രം.
വേണ്ടാതീനം പ്രവർത്തിക്യേം ചിന്തിക്യേം ചെയ്യണ തെരക്കില് നാൽപതൂസെങ്കിൽ നാൽപത് , പത്തെങ്കിൽ പത്ത് അത്ര എങ്കിലും മനസ്സ് വൃത്തി ആയി ഇരുന്നോട്ടെ എന്നേ ഉള്ളൂ ലക്ഷ്യം.
അതിന് മെനക്കടാതെ ഈ വക അഭ്യാസങ്ങളുമായി  എന്നെ പേടിപ്പിക്കാൻ വരണ്ട എന്ന് പറഞ്ഞാ മതി.
അല്ല സ്വാമി ... അത് സുപ്രീംകോടതി ......
സ്വാമി വിലക്കി.
കോടതി നിങ്ങള് ഉണ്ടാക്കീത് , ന്യായങ്ങളും അങ്ങനന്നെ.
നാളെ എല്ലാവർക്കും സൗകര്യത്തിന് ഇനി മുതൽ ദർശനം എറണാങ്കുളം മറൈൻ ഡ്രൈവിൽ മതി എന്ന് കോടതി പറഞ്ഞാലും എനിക്ക് വിരോധല്ല്യ.
നല്ലോരു ജന്മം തമ്മിത്തല്ലി കളയണ്ടാന്ന് പറഞ്ഞു അത്രേള്ളൂ.
മുറ്റത്ത് നിന്ന് ഒരു ശബ്ദം കേട്ട് സ്വാമിയും കുഞ്ഞൂട്ടേട്ടനും ഒരുമിച്ച് തിരിഞ്ഞ് നോക്കി. 
സുലൈമാന്റെ പൂവൻ അങ്കവാൽ താഴ്ത്തി പൂമുഖപ്പടി കയറുന്നു. 
സ്വാമിയെ നോക്കി പൂവൻ തല കുലുക്കി വന്ദിച്ചു . 
സ്വാമി തിരിച്ചും.
പൂവർ  ഒരു അപേക്ഷ സ്വാമിക്ക് കൊടുത്തു. 
തല ഉയർത്തി പറഞ്ഞു. 
രണ്ട് അപേച്ചണ്ട്.
ഒന്നാമത്തത് അരജി ആണ്. 
ഉം.... ? സ്വാമി
കൂക്കല് ആവാം ... കൊയപ്പല്ല 
പച്ചേങ്കില് പൊലച്ചക്ക് ഇത്ര നേർത്തെ ..... 
ഒന്ന് നിർത്തി പൂവൻ പറഞ്ഞു.
കാര്യല്ലാത്ത കാര്യാണ് , എടങ്ങേറാണ് .
സ്വാമി ചിരിച്ചു .കുഞ്ഞൂട്ടേട്ടനെ നോക്കി.
സുലൈമാന്റ കുക്കുടം ആണ്.
കുഞ്ഞൂട്ടേട്ടൻ പറഞ്ഞു.
ഭാഷ കേട്ടാൽ അറിയാം.
ചിരിച്ചു കൊണ്ട് സ്വാമി കുക്കുടനോട്  പറഞ്ഞു.
പരിഗണിക്കാം .. .
തെരക്ക്ല്ല എന്ന് കുക്കുട പൂവരും.
ശരി ...രണ്ടാമത്തതോ...? 
സ്വാമി ചോദിച്ചു.
അങ്കവാൽ ഉയർത്തി പൂവൻ പറഞ്ഞു
ബേറെ ബിശേഷം ഒന്നൂല്ല .
ങ്ങളെ ഞ്ഞി കാണാൻ കിട്ടീലെങ്കിലോ അതാ രണ്ടാമത്തേം ഒപ്പം ബെച്ചത്. 
രണ്ടാം രേഖ തുറന്ന സ്വാമി ചിന്മുദ്ര വിട്ട് തുടയിലിടിച്ച്  ചിരിച്ച് കുഞ്ഞൂട്ടേട്ടനോട് പറഞ്ഞു.
റിവ്യൂ ഹർജ്യാണ്.
സേതുമാധവൻ
****************