06-08-18d





സാവിത്രി അഥവാ വിധവാവിവാഹം

മഞ്ജുള
അദൃശ്യരൂപിയായ ഒരുവൾക്ക്   ആണ്
ആദ്യ കവിതാ സമാഹാരം.വടക്കാഞ്ചേരി പ്രസ് ക്ലബ് നടത്തിയ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിൽ രണ്ടാം സ്ഥാനം ലഭിച്ച തുള്ളൽ കലയിലെ പെണ്ണിടങ്ങളുടെ സംവിധായിക.
 കുഞ്ചൻ നമ്പ്യാർ
സ്മാരക സമിതി പ്രബന്ധരചനാ മത്സരം, പനമ്പള്ളി കോളേജ് കനക ജൂബിലി കവിതാരചനാ മത്സരം
 എന്നിവയിൽ ഒന്നാം സ്ഥാനം.
2013 ലെ പച്ചമഷി പുരസ്കാരം .

തൃശൂർ കരൂപ്പടന്ന ഗവ: ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക.
എച്ച്.എസ്സ് എസ്സ് '' ടി
മലയാളം
ജി.എച്ച്.എസ്സ് എസ്സ്
കരൂപ്പടന്ന


ഏനിക്കേറ്റവും പ്രിയപ്പെട്ട പുസ്തകം ഏതെന്നാലോചിക്കുമ്പോൾ മനസ്സിൽ പല പുസ്തകങ്ങളും കടന്നു വരുന്നുണ്ട്. എല്ലാം എനിക്കിഷ്ടമുള്ളവ അതിൽ ഒന്നാമത് പറയേണ്ടത് മോഹൻലാൽ തെരഞ്ഞെടുത്ത എനിക്കേറ്റവും ഇഷ്ടപ്പെട്ട ഓഷോ കഥകളാണ്. പക്ഷെ പ്രിയ പുസ്തകമായി ഞാനിന്നു തെരഞ്ഞെടുത്തത് ഒരു നാടകമാണ്, കാലം പുനർജന്മം കൊടുത്ത ഒരു നാടകം


📚📚📚📚📚📚
 സാവിത്രി അഥവാവിധവാവിവാഹം
ലളിതാംബിക അന്തർജ്ജനം
📚📚📚📚📚

      നമ്പൂതിരി
സമുദായത്തിന്റെ ഉൾവഴികളിലേയ്ക്കു തുറക്കുന്ന ലളിതാംബിക അന്തർജനത്തിന്റെ നാടകമാണ്   ' സാവിത്രി അഥവാ വിധവാ വിവാഹം'. സാവിത്രിയെന്ന പെൺകുട്ടിയെ ഒരു വൃദ്ധനു വിവാഹം കഴിച്ചു കൊടുക്കുകയും അയാൾ ദിവസങ്ങൾക്കകം മരണമടയുകയും ചെയ്യുന്നു. വ്യദ്ധന്റെ അഞ്ചാം വേളിയാണെങ്കിലും വിധവയായ സാവിത്രിയ്ക്ക് സപത്നികളിൽ നിന്നും സമുദായത്തിൽ നിന്നും ഏറെ  പീഡനം ഏറ്റു വാങ്ങേണ്ടി വരുന്നു. ഒടുവിൽ  തറവാട്ടിൽ നിന്നു പടിയിറങ്ങേണ്ടി വരുന്ന സാവിത്രിയെ ബാല്യകാല സുഹൃത്തും വിപ്ലവകാരിയുമായ നാരായണൻ വിവാഹം കഴിക്കാമെന്നു തീരുമാനിക്കുന്നതിലാണ് നാടകം അവസാനിക്കുന്നത്..

  വി.ടി യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, എം  ആർ ബി യുടെ മറക്കുടയ്ക്കുള്ളിലെ മഹാ നരകം, പ്രേംജിയുടെ ഋതുമതി എന്നിവയാണ് ഈ വിഷയം മുൻപ് കൈകാര്യം ചെയ്തീട്ടുള്ള നാടകങ്ങൾ..വി.ടി ഭട്ടതിരിപ്പാടിന്റെ നാടകത്തിൽ ബാല _വ്യദ്ധ വിവാഹത്തിന്റെ തിന്മകൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. എം. ആർബിയുടെ നാടകവും പ്രേംജി യുടെ നാടകവും നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ അന്തർ സംഘർഷങ്ങൾ ആവിഷ്ക്കരിച്ചിട്ടുണ്ട്.
സാവിത്രി അഥവാ വിധവാ വിവാഹം എന്ന നാടകം പൂർണ്ണമായും നമ്പൂതിരി സമുദായത്തിനിടയിൽ കുടുങ്ങിപ്പോയ ഒരു സ്ത്രീയുടെ പിടച്ചിൽ ആണ് ബാക്കി വയ്ക്കുന്നത്.

1987 ൽ ലളിതാംബിക അന്തർജനംഅന്തരിച്ചു. അവരുടെ  മരണശേഷം മലയാള നാടകവേദിയെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങൾക്കിടയിലാണ് ഡോ.ആർ.ബി രാജലക്ഷ്മി രാമപുരത്തെ അവരുടെ ഇല്ലത്തു നിന്നും ലളിതാംബിക അന്തർജനത്തിന്റെ മകനായ ശ്രീ.എൻ.മോഹനന്റെ സഹായത്തോടെ ഈ നാടകത്തിന്റെ കൈയ്യെഴുത്തു പ്രതി 1993     ൽ കണ്ടെത്തിയത്."വിധവാ വിവാഹത്തെക്കുറിച്ച് നമ്പൂതിരി സമുദായത്തിന് സങ്കല്പിക്കാൻ  പോലും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് ഒരന്തർജ്ജനം വിധവാ വിവാഹത്തെ ആധാരമാക്കി രചിച്ച നാടകം എന്ന നിലയ്ക്ക് സാവിത്രിയുടെ പ്രാധാന്യം എത്ര മാത്രമെന്ന് ഊഹിക്കാമല്ലോ.. ഇതിനും പുറമെ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും കൂത്തരങ്ങായിരുന്ന ആ സമുദായ മധ്യത്തിൽ ഈ നാടകം പല വേദികളിൽ അരങ്ങേറി എന്നതും ശ്രദ്ധേയമാണ്. 1993 -ൽ കണ്ടെടുത്ത ഈ നാടകം പല കാരണങ്ങൾ കൊണ്ടും വെളിച്ചത്തു വരാൻ വർഷങ്ങൾ വൈകി. 97 മാർച്ചിലെ
ഗ്രന്ഥാലോകം മാസികയുടെ അന്തർജ്ജനം പതിപ്പിലൂടെ സാവിത്രി വെളിച്ചം കണ്ടു. വീണ്ടും വർഷങ്ങൾക്ക് ശേഷം പഠനവും രംഗനിർദേശങ്ങളുമടങ്ങുന്ന ഒരു സമ്പൂർണ്ണ കൃതിയായി ,' സാവിത്രി അഥവാ വിധവാ വിവാഹം,  തൃശ്ശൂർ കറന്റ് ബുക്സിലൂടെ പ്രസിദ്ധീകമാകുന്നതിൽ എനിക്ക് അതിരറ്റ ചാരിതാർത്ഥ്യമുണ്ട് " എന്ന് ആമുഖക്കുറിപ്പിൽ ഡോ.ആർ.ബി രാജലക്ഷ്മി വ്യക്തമാക്കുന്നു.

 വിപ്ലവകരമായ ഒരന്ത്യം നാടകത്തിനുള്ളതു കൊണ്ടു തന്നെ കഥയിലെ നായികാനായകൻമാരായ സാവിത്രിയും നാരായണനും ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ ആചാരങ്ങൾ കുട്ടിക്കളികൾക്കിടയിൽ തെറ്റിക്കുന്നതായി നാടകകൃത്ത് അവതരിപ്പിച്ചിരിക്കുന്നു.
 പക്ഷെ ... സാവിത്രിയ്ക്കു ജീവിതത്തിൽ സംഭവിക്കുന്ന വിധി മനുഷ്യകൃതമാണെങ്കിലും അത് ജാതകദോഷമാണെന്നുറപ്പിക്കാനുള്ള ശ്രമം നാടകത്തിലുണ്ട്." പാലപ്പിള്ളി അച്ഛൻ: നാരായണാ;നീ തുളസിമാലയാണോ അവളെ ഇടീച്ചത്? വിധവകളല്ലാതെ തുളസിമാല ധരിക്കുമോ? എന്താ ചെയ്ക, താത്രീടെ ജാതകം ശരിയാവാം. പനങ്ങാട്ടു മൂസ്സ് പറഞ്ഞാൽ തെറ്റില്ല. പതിനേഴു വയസ്സുവരെ  അവൾക്ക് ശനീടെ ബാധയാ . എന്റെ ഭജനം കൊണ്ട് അതു നീങ്ങാണ്ടിരിക്കില്ല" (പുറം 30 )

ആദ്യ  നാടകരംഗങ്ങളൊന്നും പഴയകാല നാടക സങ്കേതങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നില്ല. തനിക്കു സംഭവിക്കാനിടയുള്ള  വിധിയെ സ്വീകരിക്കുന്ന നിസ്സഹായത സാവിത്രി നാടകത്തിലുടനീളം പുലർത്തുകയും ചെയ്യുന്നു

തുരുത്തിപ്പിളളി  അച്ഛൻ നമ്പൂതിരിയുടെ അഞ്ചാം വേളിയായി വിവാഹം കഴിച്ചു കൊടുക്കുന്നതിനായി പറയുന്ന ന്യായം ഒരു കാലത്ത് നമ്പൂതിരി സമുദായത്തിലെ സ്ത്രീകളനുഭവിച്ചിരുന്ന തീവ്ര സങ്കടങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നു.
" താത്രിക്കു വൈധവ്യയോഗൊണ്ടെന്നു കേട്ടീട്ടുണ്ട്. ആ... ഇതായിരിക്കാം യോഗം.തീരട്ടെ ഇങ്ങനെ. തുരുത്തിപ്പിള്ളിൽ ഊണിന്  മുട്ടില്ല. പിന്നെ ഭാരോം ഒഴിയണമല്ലോ. ഏതായാലും ആ അസത്തു നാരായണന് കൊടുക്കില്ല. നിശ്ചയം പിന്നെ ഇങ്ങനെ നടക്കട്ടെ..." (പുറം 34)

 നാടകം സാമൂഹ്യ വിമർശനത്തിനുതകുന്ന ശക്തമായ മാധ്യമമാണെന്ന തിരിച്ചറിവ് ലളിതാംബിക അന്തർജനത്തിനുണ്ടായിരുന്നുവെന്ന് നാട്ടിലെ ആളുകളായി പേരില്ലാതെ രംഗത്തു വരുന്ന കഥാപാത്രങ്ങൾ തെളിയിക്കുന്നു

 തുരുത്തിപ്പിള്ളി അച്ഛൻ നമ്പൂതിരി അഞ്ചാമത് സാവിത്രിയെ വേളി കഴിക്കാൻ തീരുമാനിക്കുന്ന വിവരം അറിഞ്ഞ രണ്ട് ആളുകളുടെപ്രതികരണം കൃത്യമായ സാമൂഹിക വിമർശനമാണ്
" ഒരാൾ: നന്നായി, വളരെ ക്ഷയായി.അത് ! ഈ എഴുപതാം കാലത്തും വേളിക്ക് നടക്കണ ഈ മുതുക്കിഴവൻ വീണു ചത്തിരുന്നെങ്കിൽ കൊറെ പെങ്കിടാങ്ങൾക്കെങ്കിലും ഗതിയാർന്നു
വേറൊരാൾ: എന്തിനാ അയാളെ പറയണെ. ഇങ്ങനെ കുഴീ കാലും നീട്ടിയിരിക്കണവർക്ക് പെണ്ണിനെ കൊടുക്കണവരെ വേണ്ടേ വെടി വയ്ക്കാൻ . നാം എന്തിനു ഇവറ്റേടെ കഥ പറയണു. ഇതു പറഞ്ഞാൽ നമ്മളും വീണു കാലൊടിഞ്ഞേക്കും. വരൂ നമുക്കു  പോകാം".
 (പുറം 35)

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭർത്താവ് മരിച്ചു പോകുന്ന സാവിത്രി ദുർബലയായ, വിധിയെ പഴിച്ചു ജീവിതം തള്ളി നീക്കുന്ന കഥാപാത്രമായിട്ടാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

ശക്തവും ധീരവുമായ നിലപാടുകളെടുക്കുന്ന ഒരു നായികയെ സൃഷ്ടിക്കാതെ സ്ത്രീ ദൈന്യങ്ങളെ തീവ്രമായാവിഷ്ക്കരിച്ച് സമുദായത്തിലെ അനീതികൾ മാറണമെന്ന ആവശ്യത്തെ അവതരിപ്പിക്കാനാണ് ഈ നാടകത്തിൽ രചയിതാവ് ശ്രമിച്ചിരിക്കുന്നത്
"ദേവകി അന്തർജനം: ആ വൃദ്ധനുമായുള്ള വിവാഹത്തെപ്പറ്റി കേട്ടപ്പോൾ ഞാൻ നെഞ്ചത്തടിച്ചു നിലവിളിച്ചില്ലേ, മോഹാലസ്യപ്പെട്ടില്ലേ? കഴിഞ്ഞു ,എല്ലാം കഴിഞ്ഞു.ഇനി താത്രിക്കുട്ടി- എന്റെ ഓമന അനുജത്തി- മരിച്ചെന്നു തന്നെ പറയൂ. ഒരൊറ്റ ത്തുള്ളി കണ്ണുനീർ എന്റെ കണ്ണിൽ നിന്നു പൊഴിയുകയില്ല- ഇല്ല - എന്റെ ദൈവമേ! ഈ ജന്മം- ഈ ജന്മം അവൾക്കിനി ജീവിതമില്ല. എനിക്ക് സോദരിയുമില്ല" (പുറം 40).
ഇപ്രകാരം സ്ത്രീ ജീവിതത്തിന്റെ കണ്ണീരും കിനാവും ഇഴ ചേർന്നാണ് നാടകം മുന്നോട്ടു പോകുന്നത്. വിധവയായ സാവിത്രിയുടെ വേദന ഒരു സമൂല പരിവർത്തനത്തെക്കുറിച്ചു വായനക്കാരെ ചിന്തിപ്പിക്കുമാറ് തീവ്രമാണ്
" താത്രി: ഏടത്തി! എന്റെ താലീം വളേം എല്ലാം അവരു പൊട്ടിച്ചു കളഞ്ഞു. ഏടത്തിയെങ്കിലും എനിക്കൊരു താലി തരുമോ?
ദേവകി: പൊട്ടിപ്പോയ നൂൽ കൂട്ടിയിണക്കാൻ നമ്പൂതിരി സമുദായം പഠിച്ചിട്ടില്ല. പഠിച്ചാലും അതിനനുവദിക്കുകയുമില്ല. എന്താ ചെയ്യാ താത്രീ...
താത്രി: എന്നാലെനിക്കൊരു പൊടവ യെങ്കിലും തരൂ. നനഞ്ഞതുടുത്തുടുത്ത് എന്റെ അരയൊക്കെ മരവിച്ചു.
ദേവകി: എന്റെ താത്രിക്കുട്ടീ! സമുദായ രീതികൾ ഒട്ടും ധരിച്ചിട്ടില്ലാത്ത വെറും കുട്ടിയാണോ നീയ്യ്?.അരയിലെ ആ നനഞ്ഞ മുണ്ടിന്റെ നന വല്ലാതെ മറ്റൊരു തണുപ്പും ലോകം ഒരു വിധവയ്ക്ക് അറിഞ്ഞ് അനുവദിക്കയില്ല. അങ്ങനുല്ലേ നടപ്പ്
താത്രി: ആർക്കും എന്നെ സ്നേഹമില്ല.ഏട്ടത്തിയ്ക്കു പോലുമില്ല.അല്ലെങ്കിൽ ഒരു നേര് ചോറെങ്കിലും നിറച്ചു തരരുതോ? ഉച്ചയ്ക്കിത്ര ഉണക്കച്ചോറു മാത്രം(കരയുന്നു)
പുറം (42)
സാവിത്രിയുടെ ഈ ഉള്ളുരുകിക്കരച്ചിൽ വളരെച്ചെറുപ്പത്തിൽ വിധവയാക്കപ്പെട്ട നമ്പൂതിരി സ്ത്രീകളുടെ ,  സമൂഹത്തിന്റെ നേർ വിലാപമായിരുന്നു. സ്വ സമുദായത്തിലെ ദുരാചാരങ്ങളെ വിമർശിക്കാൻ എഴുത്തു കൈവഴിയാക്കിയ ലളിതാംബിക അന്തർജനം ഈ നാടകത്തിലും ആ ധർമ്മം ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു

സഹോദരിയുടെ കത്ത് വായിച്ചുവെന്ന കുറ്റത്തിന് ഭർത്താവിന്റെ കുടുംബത്തിൽ നിന്നും പാതിരാത്രിയിൽ പടിയിറക്കപ്പെടുന്ന സാവിത്രിയ്ക്ക് ബാല്യകാല സുഹൃത്തായ നാരായണൻ രക്ഷകനാവുകയും ഒടുവിൽ  വീട്ടുകാരുടെ അനുമതിയോടെ സാവിത്രിയെ വിവാഹം കഴിക്കുവാൻ തീരുമാനിക്കുകയും ചെയ്യുന്നതോടെ നാടകം അവസാനിക്കുന്നു.
വിവാഹത്തെക്കുറിച്ചു നടക്കുന്ന ചർച്ചയിൽ മനു വചനമാണ് എഴുത്തുകാരി കൂട്ടു പിടിക്കുന്നത്
" പതിയാൽ പരിത്യക്തയായവളും  സംസർഗ്ഗത്തിനു ഇടവരാതെ കണ്ടുള്ള വിധവയ്ക്കും സംസർഗ്ഗത്തിനിടയാവാതെ ആദ്യത്തെ പതിയുടെ അടുത്തു വന്നാൽ ആദ്യപതി അവളെ വീണ്ടും വിവാഹം ചെയ്യാവുന്നതാണ് എന്നാണ് മനുവചനം. അതു കൊണ്ട് രണ്ടു വിധത്തിലും നാരായണന് കൊടുക്കരുതോ?"( പുറം 74) .

നാടകത്തിലെ ചില സമുദായ ആചാരങ്ങൾ മനസ്സിലാകാവർക്കായി അനുബന്ധമായി നൽകിയിട്ടുണ്ട്. സ്വ സമുദായത്തിലെ അനാചാരത്തിനെതിരെ തുറന്നടിക്കുന്ന ഈ നാടകം കയ്യെഴുത്തു പ്രതിയായി അവശേഷിച്ചതിന്റെ കാരണം ഗവേഷണ സാധ്യതയുള്ളതാണ്. വിപ്ലവവും പ്രക്ഷോഭവും പ്രത്യക്ഷമായി ഉൾച്ചേർക്കാതെ ,സ്ത്രീ ദൈന്യത്തെ കോർത്തു കെട്ടി ,സാമൂഹ്യ വിപ്ലവത്തിനുള്ള ആഹ്വാനം പരോക്ഷമായി ആവിഷ്ക്കരിച്ചതിനാൽ ഈ നാടകം ശക്തമായ വേറിട്ട ശബ്ദമാണ്. അതു കൊണ്ടു കൂടിയാവാം ഈ നാടകം ഒരുപാട് പ്രിയപ്പെട്ടതായി എനിക്കനുഭവപ്പെടുന്നത്.
📚📚📚📚📚

         മഞ്ജുള