06-08-18b


ഇത് സുജാത ടീച്ചർ
നമുക്ക് ചിരപരിചിത
ഭർത്താവ് - അനിൽകുമാർ (HSA മലയാളം)
നെഹ്റു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ .കൈതക്കുഴി ( ചാത്തന്നൂർ)
2 കുട്ടികൾ .+1 കാരനായ ഗൗതo. എ. എസ് ,എട്ടാം ക്ലാസുകാരി ഗൗരീ കല്യാണി




📚📚📚📚📚
അഭ്യുദയം
സുജാതാ അനിൽ
📓

✍✍✍
കറൻറ് ബുക്സ് .... വില 450 രൂപ.
.......................... അവതരണം



ഒരു പുസ്തകം എങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ടതാകുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീ നരേന്ദ്ര കോഹ് ലി യുടെ അഭ്യുദയം എന്ന നോവൽ .ഭാഷ, ശൈലി, പ്രമേയം ,ആഖ്യാന മികവ്, കഥാപാത്രങ്ങൾ തുടങ്ങിയവയൊക്കെ ഒരു പുസ്തകത്തെ പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങളാണ്. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഹിന്ദി സാഹിത്യത്തിൽ നോവലിസ്റ്റായും കഥാകൃത്തായും നാടകകൃത്തായും വ്യംഗ്യ ലേഖകനായും പ്രവർത്തിക്കുന്ന നരേന്ദ്ര കോഹ്ലി യുടെ ഈ നോവലും ഏതൊരു വായനക്കാരനും പ്രിയപ്പെട്ടതാകും എന്നത് നൂറു ശതമാനം ഉറപ്പ്.ഇതിന്റെ വിവർത്തനം നിർവഹിച്ചിരിക്കുന്ന Dr കെ.സി. അജയകുമാറും Dr കെ.സി സിന്ധുവും  പ്രത്യേകം അഭിനന്ദനത്തിന് അർഹമാകുന്നുണ്ട്.

നോവലിലേക്ക് .

രാമകഥയ്ക്ക് നൂതനമായ പരിവേഷം നൽകിയ നോവലാണ് അഭ്യുദയം. രാമായണ കഥ പല രൂപത്തിലും ഭാവത്തിലും മലയാളത്തിലുണ്ടെങ്കിലും ഒരു നോവൽ എന്ന നിലയിൽ രാമകഥയെ അവതരിപ്പിച്ചു കൊണ്ടുള്ള രചനകൾ ഇല്ല എന്നു തന്നെ പറയാം. ഈ നോവലിലൂടെ രാക്ഷസീയമായ ഭീകരവാദവും ജാതി വ്യത്യാസവും ദളിത പീഡനവുo സ്ത്രീ പീഡനവും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഭരണകർത്താക്കളുടെ അഴിമതിയും അക്രമവും സ്വജന പക്ഷ പാതവും തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷട്രീയ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും പ്രശ്നങ്ങളും രാമകഥയുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്നു.

   ഭക്തിയുടെ തലത്തിൽ നിന്നും രാമനെ വ്യക്തിയുടെ തലത്തിലേക്ക് സമർത്ഥമായി കൊണ്ടുവരുന്നതിൽ എഴുത്തുകാരൻ വിജയിച്ചു.ഇതിലെ രാമൻ അവതാര പുരുഷനല്ല. ജനനേതാവാണ്. മഹാവിഷ്ണുവിന്റെ അവതാരമായി ഭാരത ജനത കരുതുന്ന രാമന്റെ ദൈവികമായ വ്യക്തിത്വത്തിന് കോട്ടം വരുത്താതെ മര്യാദാ പുരുഷോത്തമനാണെന്ന വ്യക്തിത്വത്തെ തീർത്തും അന്വർത്ഥമാക്കുന്ന രീതിയിൽ രാമനെ അവതരിപ്പിച്ചിരിക്കുന്നു. പ്രശനങ്ങൾക്കു പരിഹാരം ഭഗവാൻ വിഷ്ണു അവതാരമെടുക്കലല്ലെന്നും ജനങ്ങളിൽ രാമത്വം ഉണ്ടാകുമ്പോൾ ആണ് എന്നും ഉദ്ഘോഷിക്കുന്ന രചനയാണിത്

  ഭീകരതയ്ക്കെതിരെജനങ്ങൾ സംഘടിക്കുവാനുള്ള ഉദ്ബോധനം ഇതിലുണ്ട്. നിരക്ഷരരും പീഡിതരുമായ പാവം ജനങ്ങൾക്ക് നേതൃത്വം നൽകാനാണ് മഹർഷി വിശ്വാമിത്രൻ രാമനെ ഏൽപിച്ചത്. വിഷയലമ്പടനായിരുന്ന ദശരഥന് കൈകേയിയും സഹോദരൻ യുഥാജിത്തും ഭരതനും ചേർന്ന് അധികാരം കൈക്കലാക്കും എന്ന ഭയം വളർന്നപ്പോൾ ഒറ്റ ദിവസം കൊണ്ട് രാമാഭിഷേകത്തിനുള്ള തീരുമാനം എടുക്കേണ്ടി വന്നു.അത് തന്നിലുള്ള അവിശ്വാസമായി കാണുന്ന കൈകേയി രാമന് വനവാസവും ഭരതന് കിരീടവും ആവശ്യപ്പെടുകയാണ്.വിശ്വാമിത്രൻ ഏൽപിച്ച ദൗത്യവുമായി പീഡിതജനതയുടെ രക്ഷയ്ക്കായി പുറപ്പെടാൻ അവസരം കാത്തിരിക്കുകയായിരുന്ന രാമന് കൈകേയിയുടെ ആവശ്യം നല്ലൊരു കാരണമായി മാറുന്നു.

   എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഘടകം സീതയെയും മറ്റ് സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്ന രീതിയാണ്. അനാഥയായ സീത കൊട്ടാരത്തിൽ വളരുമ്പോഴും താൻ അച്ഛനമ്മമാരില്ലാത്ത, ജാതിയേതെന്നറിയാത്ത പെണ്ണാണെന്ന ബോധം ഉള്ളിൽ പേറുന്നു .വന വാസസമയത്ത് ആയുധ വിദ്യ അഭ്യസിച്ച സീത  വനവാസികൾക്ക് അസ്ത്രവിദ്യ പഠിപ്പിച്ചു കൊടുക്കുന്നു. ഒപ്പം കുടിലുകൾ നിർമിക്കുവാനും ഈറയും മുളയും വിറകും ശേഖരിക്കുവാനുമൊക്കെ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. തന്റേടിയായ സീത .. രാക്ഷസരെ അസ്ത്രം കൊണ്ട് നേരിട്ട സീത..' ഇങ്ങനെ സങ്കല്പത്തിനപ്പുറം മാറുന്ന കഥാപാത്രങ്ങൾ.. അഹല്യ, ശൂർപണഖ, താടക തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങളെല്ലാം വേറിട്ട വ്യക്തിത്വം പുലർത്തുന്നു.

 രാമായണ കഥയിലെ ഓരോരോ സന്ദർഭത്തെയും സ്വന്തം വീക്ഷണത്തിലൂടെ ഇന്നത്തെ പ്രശ്നങ്ങളുമായി കൂട്ടിയിണക്കി ആകർഷകമായി അവതരിപ്പിച്ചിരിക്കുന്ന അഭ്യുദയത്തിൽ മന്ത്രദീക്ഷ, ആരണ്യകം, അഗസ്ത്യദർശനം, സീതാപഹരണം, ഋഷ്യ മൂകാചലം, ബാലിവധം,സേതു ബന്ധനം, അഭ്യുദയം എന്നിങ്ങനെ 8 അധ്യായങ്ങളുണ്ട്.

ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി പ്രൊഫസർ ആയി വിരമിച്ച ശേഷമാണ് നരേന്ദ്ര കോഹ്ലി സാഹിത്യ രചനയിലേക്ക് കടന്നത്.മഹാഭാര ത പശ്ചാത്തലത്തിൽ രചിച്ച മഹാസമർ, സ്വാമി വിവേകാനന്ദന്റെ ജീവിതം പശ്ചാത്തലമാക്കിയ തോഡോ കാരോ തോഡോ, കൃഷ്ണ കുചേലബന്ധം അടിസ്ഥാനമാക്കി രചിച്ച അഭിജ്ഞാൻ (ഇത് കർമ യോഗം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്) തുടങ്ങിയവയാണ് പ്രധാന രചനകൾ.അഭ്യുദദയം വായിച്ചു കഴിഞ്ഞാൽഎന്റെ മാത്രമല്ല നിങ്ങളോരോരുത്തരുടെയും  പ്രിയ പുസ്തകമാകും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.
🌾🌾🌾🌾🌾


നരേന്ദ്ര കോഹ്ലി

സാഹിത്യരചന ഹിന്ദിയിലാണെങ്കിലും നരേന്ദ്ര കോഹ്‌ലി മലയാളികള്‍ക്കും സുപരിചിതനാണ്. 1940 ജനുവരി അഞ്ചിന്, ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായ സിയാന്‍കോട്ടിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഉറുദുവില്‍. പത്താം ക്ലാസിന് ശേഷം മാത്രം ഹിന്ദി പഠിക്കാനാരംഭിച്ച നരേന്ദ്ര കോഹ്‌ലി പിന്നീടുള്ള ജീവിതം ഉഴിഞ്ഞുവച്ചത് ഹിന്ദി സാഹിത്യത്തിന് വേണ്ടിയാണ്. നോവല്‍, ആക്ഷേപഹാസ്യം, കഥ, ബാലസാഹിത്യം എന്നീ വിവിധ സാഹിത്യശാഖകളിലായി നൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ദില്ലി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരുന്ന അദ്ദേഹം മുഴുവന്‍ സമയ സാഹിത്യ സേവനത്തിനായി 1995 ല്‍ ജോലി രാജിവച്ചു. 2012 ല്‍ വ്യാസ സമ്മാന്‍ പുരസ്‌കാരം നേടി. രാമായണവും മഹാഭാരതവുമൊക്കെയായി ബന്ധപ്പെടുത്തി അദ്ദേഹം രചിച്ച കൃതികള്‍ വര്‍ത്തമാനകാല സംഭവവികാസങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു

അഭ്യുദയം
1975 ലാണ് രാമകഥയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ദീക്ഷ എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ദുര്‍ഭരണത്തിന്റെ കരാളതയില്‍ സമൂഹമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് നാടെങ്ങും നടന്നുകൊണ്ടിരുന്നത്. സമൂഹമധ്യത്തില്‍ വച്ച് അദ്ധ്യാപകന്‍ വിദ്യാര്‍ഥിയെ കൊല്ലുന്നതും അക്രമികള്‍ നിരപരാധികളെ വളഞ്ഞുവച്ച് കൊല്ലുന്നതുകണ്ടാലും കാണുന്ന ജനങ്ങളോ പോലീസോ പ്രതികരിക്കാതിരിക്കുന്ന സ്ഥിതിവിശേഷമാണ് അന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അത്തരം ആക്രമണകാരികളെ രാക്ഷസന്മാര്‍ക്കു തുല്യമായിട്ടാണ് ലേഖകന്‍ കണ്ടത്. രാവണനെന്ന രാക്ഷസനെയും അയാളുടെ അനുചരന്മാരെയും കൊന്നൊടുക്കാന്‍ അവതരിച്ച രാമനിലേക്ക് കോഹ്‌ലിയുടെ ശ്രദ്ധ തിരിയുന്നത് അങ്ങനെയാണ്. ഭീകരാക്രമണങ്ങളെ അദ്ദേഹം രാക്ഷസന്മാരുടെ ആക്രമണമായി കണ്ടു. പോലീസുകാര്‍ക്ക് കൈക്കൂലി കൊടുത്താല്‍ എന്തിനും അവര്‍ മൂകസാക്ഷികളാകുകയും പലപ്പോഴും കൂട്ടുനില്‍ക്കുകയും ചെയ്യുമെന്ന അനുഭവമായിരുന്നു സമൂഹത്തില്‍ കാണാമായിരുന്നത്. സാഹിത്യകാരനെന്ന നിലയില്‍ ഇതിനോട് എങ്ങനെ പ്രതികരണക്കണമെന്ന ചിന്ത അദ്ദേഹത്തെ, നേരില്‍ കാണുന്ന പ്രത്യക്ഷ സ്ഥിതിവിശേഷങ്ങളെ രാമായണ കാലത്തെ രാക്ഷസാക്രമണങ്ങളുമായി താരതമ്യപ്പെടുത്താന്‍ പ്രേരിപ്പിക്കുകയും വിശ്വാമിത്രന്റെ സിദ്ധാശ്രമത്തെ ആക്രമിക്കുന്ന മാരീചനും സുബാഹുവുമൊക്കെ പ്രത്യക്ഷപ്പെടുന്ന ദീക്ഷയെന്ന നോവല്‍ രൂപപ്പെടുകയുമായിരുന്നു.

ദീക്ഷയെന്ന നോവലിനു കിട്ടിയ സ്വീകരണം രാമകഥയുടെ ബാക്കി ഭാഗങ്ങളിലേക്കു കടക്കാന്‍ കോഹ്‌ലിയെ പ്രേരിപ്പിച്ചു. തുടര്‍ന്നാണ്, അവസര്‍, സംഘര്‍ഷ് കീ ഓര്‍, അഭിയാന്‍, യുദ്ധം തുടങ്ങി പല ഭാഗങ്ങളിലായി രാമായണ കഥ മുഴുവന്‍ നോവല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാമകഥയെ പുതിയ വീക്ഷണത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ചെറു ഭാഗങ്ങളായി ഇറങ്ങിയ രാമകഥാ നോവലുകള്‍ ഒരുമിച്ചു ചേര്‍ത്ത് രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴേക്കും കോഹ്‌ലിയുടെ വ്യക്തിത്വം ഹിന്ദി സാഹിത്യത്തില്‍ അരക്കിട്ടുറപ്പിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന് പ്രസാധകരെ അന്വേഷിക്കേണ്ടി വന്നിട്ടില്ല.
അഭ്യുദയം എന്ന നോവലിന്റെ മറ്റൊരു തലം അദ്ദേഹം വിശദീകരിക്കുന്നത് രാമകഥയും ബംഗ്ലാദേശിന്റെ രൂപീകരണവും തമ്മിലുള്ള താരതമ്യത്തിലൂടെയാണ്. ബംഗ്ലാദേശിന്റെ രൂപീകരണവും ഈ നോവലെഴുതാന്‍ പ്രേരകമായി എന്ന് അദ്ദേഹം പറയുന്നു.
(കടപ്പാട്_ജന്മഭൂമി ഡെയ്ലി)