06-06-18

വാല്മീകി. 

കൂജന്തം രാമരാമേതി, 
മധൂരം മധുരാക്ഷരം, 
ആരൂഹ്യ കവിതാശാഖാം, 
വന്ദേ വാല്മീകി കോകിലം


ഭാരതീയ ഇതിഹാസമായ രാമായണത്തിന്റെ കർത്താവാണ് പുരാതന ഭാരതീയ ഋഷിയായ വാല്മീകി.

ആദി കവി എന്നും അദ്ദേഹം അറിയപ്പെടുന്നു. നല്ലൊരു മനുഷ്യനാകാനുള്ള ആഗ്രഹം തന്റെ ജിവിതത്തിൽ വന്ന സമയംവരെ അദ്ദേഹം ഒരു കവർച്ചക്കാരനായിരുന്നു.പിൽക്കാലത്തെ ഉദാത്തമായ കവികളിൽ അദ്ദേഹം ആദ്യത്തെ യഥാർത്ഥ കവി അഥവാ ആദി കവി എന്നു വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൃതിക്ക് പുതുമയും സാഹിത്യ പരമായ ഗുണമേന്മയും ഉണ്ടായിരുന്നു.

പേരിന്റെ ഉൽപത്തി

'വല്‌മീകം' എന്നാൽ ചിതൽപ്പുറ്റ്. വല്‌മീകത്തിൽ നിന്ന് വന്നവൻ‌ വാല്‌മീകി ഇങ്ങനെയാണ് പേരിന്റെ ഉത്പത്തി എന്നാണ് പൊതുവേയുള്ള വിശ്വാസം. പുരാതന ഭാരതത്തിലെ ഒരു ദേശനാമമായിരുന്നു 'വല്‌മീകം' എന്നും ആദികവി ആ ദേശത്തുകാരനായതുകൊണ്ട് 'വാല്‌മീകി' എന്ന പേര് ലഭിച്ചതാണെന്നും ഒരു പക്ഷഭേദമുണ്ട്.


കാട്ടാളനിൽ നിന്ന് കവിയിലേക്ക്


കാട്ടാളനും പരോപദ്രവിയുമായിരുന്ന ഒരു മനുഷ്യന്‍ സത്സംഗവും മനനവുംകൊണ്ട് ബ്രഹ്മര്‍ഷിപദം പ്രാപിച്ച കഥയാണ് വാല്മീകി രാമനോട് പറഞ്ഞു കേള്‍പ്പിക്കുന്നത്. കാട്ടാളനാകുന്നതിനുമുമ്പ് ഇദ്ദേഹം ആരായിരുന്നു എന്നതിനെക്കുറിച്ച് പല പുരാണങ്ങളിലും പലവിധത്തിലാണ് വിവരിക്കുന്നത്. എല്ലാംകൂടി സംഗ്രഹിച്ച് ഇങ്ങനെപറയാം. ശാകുലമെന്ന ഗ്രാമത്തില്‍ സ്തംഭന്‍ എന്ന ബ്രാഹ്മണന്‍ നിരവധി പാപകര്‍മ്മങ്ങള്‍ ചെയ്ത് ബ്രാഹ്മണ്യം മറന്നു ജീവിച്ചിരുന്നു. (അതെ, അന്ന് കുലധർമ്മമായിരുന്നു ധർമ്മം )  അടുത്ത ജന്മത്തില്‍ ക്രിണു എന്ന ബ്രാഹ്മണന്റെ പുത്രനായിട്ടാണു ജനിച്ചതെങ്കിലും മുജ്ജന്മവാസനയനുസരിച്ച് കാട്ടില്‍തന്നെ ജീവിച്ചു. പേര് രത്‌നാകരന്‍. കാട്ടാളസ്ത്രീകളാണ് വളര്‍ത്തിയത്. കൗമാരത്തില്‍ തന്നെ കാട്ടാളന്മാരോടൊപ്പം മദ്യപാനവും ചൂതുകളിയുമൊക്കെ ശീലമാക്കി. ഒരു കാട്ടാളസ്ത്രീയെ തന്നെ കല്യാണം കഴിച്ച് തസ്‌കരന്മാരുടെ ഗ്രാമത്തില്‍ താമസമാക്കി. മോഷണം പിടിച്ചുപറി എന്നിവ തൊഴിലാളി സ്വീകരിച്ചു. അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തില്‍ വാല്മീകി തന്നെ തന്റെ കഥപറയുന്നതു കേള്‍ക്കാം. ''പൂര്‍വകാലത്ത് ഞാന്‍ കിരാതന്മാരോടൊത്താണ് വസിച്ചിരുന്നത്. ജന്മംകൊണ്ട് ബ്രാഹ്മണനായിരുന്നുവെങ്കിലും പ്രവൃത്തികളെല്ലാം കിരാതന്മാരുടേതായിരുന്നു.  ഒരു കിരാതസ്ത്രീയില്‍ നിരവധി കുട്ടികളുമുണ്ടായി. കള്ളന്മാരുമായിച്ചേര്‍ന്ന് ഞാനും തനിക്കള്ളനായിമാറി. കാലനെപ്പോലെ വില്ലും അമ്പും ധരിച്ച് എപ്പോഴും വനത്തില്‍ ചുറ്റിനടന്നിരുന്ന ഞാന്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു ജീവിച്ചു. ഒരുനാള്‍ സപ്തര്‍ഷികള്‍ പോകുന്നതുകണ്ടു. അവരെ കൊള്ളയടിക്കാമെന്നു കരുതി ഞാന്‍ ഓടി അടുത്തുചെന്നു. കൈയിലുള്ളതെല്ലാം തന്നിട്ടുപോകാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ എന്തിനാണിങ്ങനെ പാപം ചെയ്യുന്നതെന്നു ചോദിച്ചു. ഭാര്യയേയും കുട്ടികളെയും പോറ്റാനാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നീ ചെയ്യുന്ന പാപത്തിന്റെ ഫലവും അവര്‍കൂടി അനുഭവിക്കുമോയെന്നവര്‍ ചോദിച്ചു. അതെനിക്കറിയില്ലായെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇത് അവരോടുതന്നെ ചോദിച്ചിട്ടുവരാന്‍ അവര്‍ എന്നോണ് ആവശ്യപ്പെട്ടു. അതുവരെ അവിടെ നില്‍ക്കാമെന്ന് എനിക്ക് വാക്കും പറഞ്ഞു. ഞാനോടി വീട്ടിലെത്തി ഭാര്യയോടും മക്കളോടും ഈ ചോദ്യം ചോദിച്ചപ്പോള്‍ ഭാര്യ മറുപടി പറഞ്ഞത്- 'താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ' എന്നായിരുന്നു. അതോടെ എനിക്കു തീവ്ര വൈരാഗ്യമുണ്ടായി. ആ മുനീശ്വരന്മാരുടെ അടുത്ത് ഓടിച്ചെന്ന് നമസ്‌കരിച്ചു. അവരുടെ ദര്‍ശനമാത്രയില്‍തന്നെ അന്തഃകരണം ശുദ്ധമായി. നീ ഇവിടെ തന്നെയിരുന്ന് ''മരാ മരാ'' യെന്നു ജപിക്കുക. ഞങ്ങള്‍ തിരിച്ചുവരുന്നതുവരെ ഇവിടെനിന്നുമാറാതെ ജപിക്കണം. എന്നുപറഞ്ഞിട്ട് അവര്‍ പോയി. അതനുസരിച്ച് ഞാന്‍ അനങ്ങാതെയിരുന്ന് ജപിച്ചുകൊണ്ടിരുന്നു. എന്റെ ശരീരത്തില്‍ പുറ്റുവന്നു മൂടിയതും ഞാനറിഞ്ഞില്ല. ആയിരം യുഗം കഴിഞ്ഞപ്പോള്‍ മുനീശ്വരന്മാര്‍ തിരിച്ചുവന്നു. പുറ്റിനുള്ളില്‍നിന്നും എന്നെ പുറത്തെടുത്ത് നിങ്ങളിപ്പോള്‍ മുനിശ്രേഷ്ഠനായിരിക്കുന്നു. മേലില്‍ വാല്മീകിയെന്ന് അറിയപ്പെടും എന്നുപറഞ്ഞ് എന്നെ അനുഗ്രഹിച്ചിട്ട് അവര്‍ പോയി.
ഇതാണ് കഥ.

🙊(ബ്രാഹ്മണ ബീജത്തിൽ നിന്നേ കവികളും മഹാന്മാരും ജനിക്കൂ എന്ന ബ്രാഹ്മണ സങ്കൽപ്പമാണോ വാല്മീകിയെ ബ്രാഹ്മണ ഉണ്ണിയാക്കിയത് !) 🙊

കൃതി

രാമായണം

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം .  രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്.

 വാല്മീകിരാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ്‌ വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്.

ലോകം കണ്ടതില്‍ വച്ചേറ്റവും മഹത്തരവും മാനുഷികമൂല്യങ്ങളെ പ്രതിപാദിക്കുന്നതുമായ ഏകഗ്രന്ഥമാണ്‌ വാല്‍മീകി രാമായണം. എല്ലാ സത്ഗുണങ്ങളും തികഞ്ഞ, എല്ലാ മാനുഷര്‍ക്കും മാതൃകയായ ഒരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന്‌ നാരദനോട്‌ വാല്‍മീകി മഹര്‍ഷിയുടെ ചോദ്യത്തിനുത്തരമായി ഇക്ഷ്വാകു പരമ്പരയില്‍പ്പെട്ട ശ്രീരാമന്റെ ചരിത്രം നാരദമഹര്‍ഷി വാല്‍മീകിയ്ക്ക്‌ പറഞ്ഞുകൊടുക്കുന്നു. ശ്രീരാമന്റെ സമകാലികനായിരുന്ന വാല്‍മീകി ഗാനരൂപത്തില്‍ രാമായണം കുശലവന്മാരെ പഠിപ്പിക്കുന്നു. ശ്രീരാമന്റെ കഥ ഭാരതീയരുടെ മനസ്സില്‍ രൂഢമൂലമായതുകൊണ്ട്‌ വാല്‍മീകി രാമായണത്തെ അടിസ്ഥാനമാക്കി കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ജനങ്ങളുടെ വിവിധഭാഷകളില്‍ രാമായണം വീരചരിതമായി. അതില്‍ വടക്കേ ഇന്ത്യയില്‍ തുളസിദാസ രാമായണം, ബംഗാളില്‍ കൃത്തിവാസ രാമായണം, തമിഴില്‍ കമ്പരാമായണവും പ്രധാനപ്പെട്ട രാമായണങ്ങളാണ്‌. തെക്കെ ഇന്ത്യയില്‍ ഭക്തിയ്ക്ക്‌ പ്രാധാന്യമുള്ള അധ്യാത്മരാമായണത്തിനാണ്‌ പ്രചുരപ്രചാരം. അദ്ധ്യാത്മ രാമായണത്തിന്റെ മലയാള പരിഭാഷ എന്നുപോലും പറയാവുന്ന എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടാണ്‌ മലയാളികള്‍ക്ക്‌ പ്രിയങ്കരം. കഥ വാല്‍മീകി രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ചില മൗലികമായ വ്യത്യാസങ്ങള്‍ വാല്മീകി രാമായണവും രാമായണം കിളിപ്പാട്ടുമായി ഉണ്ട്‌. അദ്ധ്യാത്മ രാമായണത്തെ അനുകരിച്ചാണ്‌ എഴുത്തച്ഛന്‍ കിളിപ്പാട്ട്‌ രൂപേണ രാമായണം രചിച്ചതെങ്കിലും ഒന്നുരണ്ട്‌ സന്ദര്‍ഭങ്ങളില്‍ വാല്‍മീകി രാമായണത്തിലെ ഭാഗങ്ങള്‍ എടുത്ത്‌ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്‌. ഈ മൂന്ന്‌ രാമായണങ്ങള്‍ തമ്മിലുള്ള താരതമ്യം സംബന്ധിച്ച ഹ്രസ്വ അവലോകനമാണ്‌ താഴെ ചേര്‍ക്കുന്നത്‌.

വാല്‍മീകി രാമായണം ബിസി മൂന്നാം നൂറ്റാണ്ടിനുമുമ്പ്‌ എഴുതിയതായി കണക്കാക്കുന്നുണ്ട്‌. ഈ രാമായണം ലോകം മുഴുവന്‍ ആദരിക്കപ്പെടുന്നു. അറിയപ്പെടുന്ന എല്ലാ രാമായണങ്ങളുടേയും കഥ അല്‍പ്പസ്വല്‍പ്പവ്യത്യാസത്തോടെ വാല്‍മീകി രാമായണത്തില്‍നിന്നും എടുത്തിട്ടുള്ളതാണ്‌. വാല്‍മീകി രാമായണത്തില്‍ 24000 ശ്ലോകങ്ങളാണ്‌ അടങ്ങിയിരിക്കുന്നത്‌. ശ്രീരാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന്‌ വെളിവാക്കപ്പെടുന്നില്ല. ശ്രീരാമന്‌ വലിയ ദിവ്യത്തമൊന്നും കല്‍പ്പിക്കുന്നില്ലെങ്കിലും ഒരു സിദ്ധപുരുഷനായി കണക്കാക്കുന്നു. ഒരു യഥാര്‍ത്ഥമനുഷ്യന്‍ എങ്ങനെയായിരിക്കണമെന്ന്‌ കാണിച്ചു തരികയാണ്‌ ശ്രീരാമനിലൂടെ വാല്‍മീകി. വാല്‍മീകിയുടെ ശ്രീരാമന്‍ പുരുഷോത്തമനും ധര്‍മവിഗ്രഹനുമാണ്‌.
അതേസമയം വാല്‍മീകി രാമായണത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്‌ അദ്ധ്യാത്മ രാമായണം കഥ. വാല്‍മീകി രാമായണത്തിന്റെതാണെങ്കിലും ശ്രീരാമനെ വിഷ്ണുവിന്റെ അവതാരമായിട്ടാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. അടിമുടി സ്തുതികളും കീര്‍ത്തനങ്ങളുംകൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌ ഭക്തിസാന്ദ്രമായ അദ്ധ്യാത്മ രാമായണം. മഹര്‍ഷി രാമാനന്തനാണ്‌ അദ്ധ്യാത്മരാമായണം രചിച്ചിട്ടുള്ളത്‌ എന്നാണ്‌ പണ്ഡിതമതം. രചനാ കാലഘട്ടം എഡി 1400 ആണെന്ന്‌ പറയപ്പെടുന്നു. 3643 ശ്ലോകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ബ്രഹ്മാണ്ഡ പുരാണത്തിന്റെ ഒരു ഭാഗമായ ഉമാമഹേശ്വര സംവാദ രൂപേണയാണ്‌ ഇതിന്റെ രചന.
മൂലത്തിന്റെ തര്‍ജ്ജമ എന്നുപോലും പറയാവുന്ന എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ ഭക്തിയില്‍ മൂലരത്നത്തെപ്പോലും വെല്ലുന്ന സ്തുതികളാണ്‌ ഇതില്‍ ചേര്‍ത്തിട്ടുള്ളത്‌. രചനാകാലം എഡി 1500-1600. പാവപ്പെട്ട സാധാരണക്കാരായ ജീവന്മാര്‍ക്ക്‌ ശ്രീരാമഭക്തിയിലൂടെ പരമപദം ലഭിക്കാന്‍ വേണ്ടിയാണ്‌ താന്‍ രാമായണം ചമയ്ക്കുന്നതെന്ന്‌ എഴുത്തച്ഛന്‍ ആമുഖമായി സൂചിപ്പിച്ചിട്ടുണ്ട്‌. മറ്റ്‌ രാമായണങ്ങളിലും മൂലത്തിലുമില്ലാത്ത നിരവധിസാരോപദേശങ്ങള്‍ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടില്‍ ചേര്‍ത്തിട്ടുണ്ട്‌. സാരോപദേശങ്ങള്‍ ഓരോന്നും വിലമതിക്കാനാവാത്ത രത്നങ്ങളാണ്‌. കാണ്ഡങ്ങള്‍ തിരിച്ചുള്ള അവലോകനം താഴെ ചേര്‍ക്കുന്നു.


ബാലകാണ്ഡം വാല്‍മീകി മഹര്‍ഷി ശ്രീരാമനെ വിഷ്ണുവിന്റെ അവതാരമായി അവതരിപ്പിക്കുന്നില്ല. സര്‍വ സദ്ഗുണങ്ങളുമുള്ള ഒരുത്തമ മര്യാദാപുരുഷോത്തമനെയാണ്‌ വാല്‍മീകി അവതരിപ്പിക്കുന്നത്‌. രാമോ വിഗ്രഹ വാന്‍ ധര്‍മ്മ എന്നാണ്‌ വാല്‍മീകി പറയുന്നത്‌. 'ധര്‍മ്മ സ്വരൂപന്‍' അതായത്‌ ധര്‍മപാതയില്‍നിന്ന്‌ അണുവിടപോലും ചലിക്കാത്തവന്‍ എന്നര്‍ത്ഥം. സാധാരണ മനുഷ്യര്‍ക്ക്‌ ഉണ്ടാകുന്ന സുഖദുഃഖങ്ങളും മാനസിക വിക്ഷോഭങ്ങളും രാമനെയും ബാധിക്കുന്നതായി കാണിക്കുന്നു. സീതാസ്വീകരണ സമയത്താണ്‌ ശ്രീരാമന്‍ അവതാര പുരുഷനായി വാല്‍മീകി വെളിപ്പെടുത്തുന്നത്‌.
അദ്ധ്യാത്മ രാമായണത്തില്‍ ശ്രീരാമന്‍ മഹാവിഷ്ണുവിന്റെ അവതാരമായി ശംഖ്‌, ചക്ര, ഗദാ, പത്മങ്ങളുള്ള നാല്‌ കൈകളോടുംകൂടി കൗസല്യാതനയനായി ജനിക്കുന്നു. ഭക്തിപാരവശ്യത്തില്‍ ആണ്ടുപോയ കൗസല്യ ഭഗവാനെ സ്തുതിച്ചുകൊണ്ട്‌ ഈ വൈഷ്ണവരൂപം മറ്റുള്ളോര്‍ കാണുംമുമ്പേ മറയ്ക്കണമെന്നും ലാളനയ്ക്കനുയോജ്യമായ മനുഷ്യരൂപം കൈക്കൊള്ളണമെന്ന്‌ പ്രാര്‍ത്ഥിക്കുകയാല്‍ ഭഗവാന്‍ കൈയും കാലുമിട്ടടിച്ച്‌ കരയുന്ന ഒരു ശിശുവായി രൂപം മാറുന്നു. എഴുത്തച്ഛന്‍ രാമായണവും ഇപ്രകാരം തന്നെ ഭക്തിഭാവത്തില്‍ അദ്ധ്യാത്മരാമായണം മൂലത്തെ കവച്ചുവെയ്ക്കുന്നു. പലസ്തുതികളും തികച്ചും മൂലത്തെ വെല്ലുന്നതാണ്‌.
അഹല്യാമോക്ഷത്തില്‍ ശ്രീഗൗതമ മഹര്‍ഷി അഹല്യയെ തപസ്സനുഷ്ഠിക്കുവാന്‍ ശപിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. കല്ലായി തീരുന്നില്ല. ശ്രീരാമന്‍ ആശ്രമത്തില്‍ പ്രവേശിക്കുമ്പോള്‍ അഹല്യ ശാപമുക്തയായി പ്രത്യക്ഷപ്പെടുന്നു. ശ്രീരാമന്‍ തപസ്വിനിയായ അഹല്യയെ വണങ്ങുകയാണ്‌ ചെയ്യുന്നത്‌. അദ്ധ്യാത്മരാമായണത്തില്‍ അഹല്യാശ്രമത്തില്‍ പ്രവേശിച്ച്‌ കല്ലായികിടക്കുന്ന അഹല്യയുടെ മേല്‍പാദം വയ്ക്കുമ്പോള്‍ അഹല്യയ്ക്ക്‌ ശാപമോക്ഷം വരുകയും ഭഗവാനെ സ്തുതിക്കുകയും ചെയ്യുന്നു.
തുടര്‍ന്ന്‌ മിഥിലയിലേക്കുള്ള യാത്രാമധ്യേ ഗംഗാനദി കടക്കുവാന്‍ വള്ളത്തില്‍ കയറുമ്പോള്‍ പാദം കഴുകിയിട്ടുവേണം വഞ്ചിയില്‍ കയറാന്‍ എന്നുപറയുന്നു. "ക്ഷാതുയാമി തവപാദപങ്കജം" ഒരുപക്ഷെ ശ്രീരാമന്റെ പാദസ്പര്‍ശമേറ്റാല്‍ തന്റെ കടത്തുവഞ്ചിയും പെണ്ണായി പോകുമോ എന്ന ഭയംകൊണ്ടാണ്‌ കേവടന്‍ അങ്ങനെ പറയുന്നത്‌. അദ്ധ്യാത്മരാമായണം മൂലത്തില്‍ പ്രതിപാദിച്ചതുതന്നെയാണ്‌ ചേര്‍ത്തിട്ടുള്ളത്‌. പക്ഷെ കേവടന്റെ ഫലിതം ഇല്ലെന്നുമാത്രം.

അയോദ്ധ്യാകാണ്ഡം ശ്രീരാമന്‍ അവതാരോദ്ദേശ്യം അറിയിക്കുന്നതിനായി നാരദന്റെ വരവും തുടര്‍ന്ന്‌ സരസ്വതി മന്ഥരയെക്കൊണ്ട്‌ രാമന്റെ അഭിഷേകം മുടക്കാന്‍ കൈകേയിയെ പ്രേരിപ്പിക്കുന്നതൊന്നും വാല്‍മീകി രാമായണത്തിലില്ല. കൊട്ടാരത്തിലെ ചില പ്രശ്നങ്ങളുടെ പരിണത ഫലമാണ്‌ രാമന്റെ വനവാസത്തിന്‌ ഇടയാക്കുന്നത്‌. ശ്രീരാമന്റെ വാല്‍മീകി ആശ്രമപ്രവേശം വിശദമായി വര്‍ണിക്കുകയോ വാല്‍മീകിയുടെ വൃത്താന്തമോ വിശദമാക്കുന്നില്ല. രാമനെ വനവാസത്തില്‍നിന്ന്‌ പിന്‍തിരിപ്പിച്ചുകൊണ്ടുവരാന്‍വേണ്ടി ഭരതന്‍ പ്രായോപവേശത്തിന്‌ തുനിഞ്ഞ്‌ ദര്‍ഭ വിരിച്ച്‌ കിഴക്കുനോക്കി കിടക്കാന്‍ ഒരുമ്പെടുന്നതും വാല്‍മീകി രാമായണത്തിലില്ല. വസിഷ്ഠന്റെ ഉപദേശങ്ങള്‍ കേട്ട്‌ ഭരതനും പരിവാരങ്ങളും തിരിച്ചുപോരുകയാണ്‌ ചെയ്യുന്നത്‌. അധ്യാത്മരാമായണത്തില്‍ അവതാരോദ്ദേശ്യം നടപ്പാക്കുന്നതിന്‌ സരസ്വതി നാവില്‍ പ്രവേശിച്ച്‌ മന്ഥര കൈകേയിയെക്കൊണ്ട്‌ ശ്രീരാമന്റെ അഭിഷേകം മുടക്കിപ്പിക്കുന്നു. അതിന്‌ അടിസ്ഥാനമായി ചില കാരണങ്ങളുമുണ്ട്‌. ഭരതനും ശത്രുഘ്നനും ഇല്ലാത്ത അവസരത്തിലാണ്‌ ദശരഥന്‍ രാമന്‌ അഭിഷേകം നിശ്ചയിക്കുന്നത്‌. കൊട്ടാരത്തിലെ സപത്നീ കലഹവും അതിനൊരു കാരണമാകുന്നതായി മനസ്സിലാക്കാം. അധ്യാത്മരാമായണം കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ അത്‌ സ്പഷ്ടമായി സൂചിപ്പിക്കുന്നുണ്ട്‌. "കര്‍ത്താവു നീ, രാജ്യഭോക്താവും നീയല്ലോ, മത്സരിപ്പാനില്ല നമ്മോടാരും" എന്ന്‌ ശ്രീരാമന്‍ ലക്ഷ്മണനോട്‌ പറയുന്നതും, കാമിനീ കൈകേയി ചിത്തമെന്തീശ്വരാ എന്ന കൗസല്യയുടെ ആത്മലാപനവും അതിന്‌ തെളിവാണ്‌. അധ്യാത്മ രാമായണത്തില്‍ കൈകേയി തന്റെ തെറ്റ്‌ ഏറ്റുപറഞ്ഞ്‌ രാമനോട്‌ ക്ഷമ ചോദിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. രാമന്‍ കൈകേയിയെ വണങ്ങി തന്വോപദേശം ചെയ്യുന്നു. ഈ ഭാഗം അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ മനഃപൂര്‍വം വിട്ടുകളഞ്ഞതായി തോന്നുന്നു. കൈകേയിയോടുള്ള വിരോധം കൊണ്ടായിരിക്കണം അത്‌. വനത്തിലേയ്ക്ക്‌ ശ്രീരാമനെ കൂട്ടിക്കൊണ്ടുവരുവാന്‍ "കൈകേയി ഒഴിച്ചുള്ള മാതാക്കളുമായി പോകണം" എന്നുവരെ ഭരതനെക്കൊണ്ട്‌ പറയിയ്ക്കുന്നു.

ആരണ്യകാണ്ഡം 1. വാല്‍മീകി രാമായണത്തില്‍ വിരാധനെക്കൊന്ന്‌ ഒരു കുഴിയില്‍ മൂടുന്നു. വിരാധന്‍ ഗന്ധര്‍വരൂപം കാട്ടിസ്തുതിക്കുന്ന ഭാഗമില്ല. ശരഭംഗന്‍, സുതീക്ഷണന്‍, അഗസ്ത്യന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ രാക്ഷസന്മാരെ ഓടിക്കുവാന്‍ വന്ന ഒരു രാജാവുമാത്രമായിട്ടാണ്‌ ശ്രീരാമനെ കാണുന്നത്‌. 2. വാല്‍മീകി രാമായണത്തില്‍ ലക്ഷ്മണോപദേശമില്ല. 3. മായാസീതയെയല്ല. യഥാര്‍ത്ഥസീതയെയാണ്‌ രാവണന്‍ എടുത്തുകൊണ്ട്‌ പോകുന്നത്‌. അദ്ധ്യാത്മരാമായണത്തില്‍ വിരാധനെ അമ്പെയ്ത്‌ ഓരോ ഭാഗവും മുറിച്ചു കൊല്ലുന്നു. അപ്പോള്‍ വിരാധന്‍ വിദ്യാധരരൂപിയായി തീര്‍ന്ന്‌ ശ്രീരാമന്‍ സാക്ഷാല്‍ വിഷ്ണുഭഗവാനാണെന്ന്‌ കണക്കാക്കി സ്തുതിക്കുന്നു. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലും മൂലംപോലെ തന്നെയാണ്‌ ഘോരമായ മഹാരണ്യ പ്രവേശന സമയത്ത്‌ ശ്രീരാമന്‍ ലക്ഷ്മണനോട്‌ പറയുന്നത്‌. മുമ്പില്‍ ഞാന്‍ നടന്നുകൊള്ളാം പിറകേ നീയും നടക്കണം എന്നാണ്‌. "അഗ്രേഗച്ഛാമ്യ ഹം പശ്ചാത്ത്വം"എഴുത്തച്ഛന്‍ അത്‌ മനോഹരമായി വിവര്‍ത്തനം ചെയ്തിരിക്കുന്നത്‌ ഇപ്രകാരമാണ്‌. "മുമ്പില്‍ നീ നടക്കണം വഴിയേ വൈദേഹിയും പിന്നാലെ ഞാനും നടന്നീടുവന്‍ ഗതഭയം. പക്ഷെ മൂലത്തിനു നേരെ വിപരീതമായി എന്നുമാത്രം. അദ്ധ്യാത്മ രാമായണത്തില്‍ മായാസീതയെ തൊടാതെ രാവണന്‍ മണ്ണോടുകൂടി എടുത്ത്‌ തേരില്‍ വച്ചുകൊണ്ടുപോകുന്നു. എഴുത്തച്ഛന്‍ സീതയെ തേരില്‍ എടുത്തുവച്ച്‌ ആകാശമാര്‍ഗം രാവണന്‍ കൊണ്ടുപോയി എന്നുമാത്രമേ പറയുന്നുള്ളൂ.

കിഷ്കിന്ധാ കാണ്ഡം ക്രിയമാര്‍ഗോപദേശം ലക്ഷ്മണന്‌ കൊടുക്കുന്നത്‌ വാല്‍മീകി രാമായണത്തിലില്ല. പകരം പ്രകൃതിഭംഗിയും ഭൂമിയുടെ കിടപ്പും മറ്റും വര്‍ണിക്കുന്നു. സീതാവിയോഗത്തില്‍ ദുഃഖിക്കുകയും ചെയ്യുന്നു. നിശാകര (ചന്ദ്രമനസ്സ്‌)താപസന്റെ ജനനമരണത്തെ സംബന്ധിച്ച സമ്പാതിയോടുള്ള ഉപദേശം വാല്‍മീകി രാമായണത്തിലില്ല. അദ്ധ്യാത്മരാമായണം മൂലത്തിലും കിളിപ്പാട്ടിലും ക്രിയോമാര്‍ഗോപദേശവും സമ്പാതിയോടുള്ള ഉപദേശവും വിശദമായിട്ടുണ്ട്‌. "ദേഹം നിമിത്തമീ ദുഃഖമറിക നീ ദേഹമോര്‍ക്കില്‍ കര്‍മസംഭവം നിര്‍ണയം' എന്ന്‌ എഴുത്തച്ഛന്‍ എടുത്തു പറയുന്നു.
സുന്ദരകാണ്ഡം വാല്‍മീകി രാമായണത്തില്‍ ഹനുമാന്റെ രാവണനോടുള്ള ഉപദേശം കാണുന്നില്ല.

യുദ്ധകാണ്ഡം വാല്‍മീകി രാമായണത്തില്‍ രാമേശ്വരത്തെ ശിവലിംഗ പ്രതിഷ്ഠ പ്രതിപാദിക്കുന്നില്ല. എന്നാല്‍ രാവണവധം കഴിഞ്ഞ്‌ തിരിച്ച്‌ പുഷ്പക വിമാനത്തില്‍ വരുമ്പോള്‍ രാമേശ്വരത്തുകൂടി കടന്നുപോകുമ്പോള്‍ ശിവന്‍ എന്നെ പ്രതിഷ്ഠിച്ച സ്ഥലമാണെന്ന്‌ പറയുന്നുണ്ട്‌. വാല്‍മീകി രാമായണത്തില്‍ ശ്രീരാമന്‍ വരുണ ദേവനെ പ്രത്യക്ഷപ്പെടുത്തുന്നതിനായി മൂന്ന്‌ അഹോരാത്രം ഉപവസിക്കുന്നു. വരുണന്‍ പ്രത്യക്ഷപ്പെടാത്തതുകൊണ്ടാണ്‌ വില്ലെടുക്കുന്നത്‌. വാല്‍മീകി രാമായണത്തില്‍ ശുകന്റെ പൂര്‍വവൃത്താന്തമില്ല. യുദ്ധം വാല്‍മീകി വിശദമായി വര്‍ണിക്കുന്നുണ്ട്‌. ഇന്ദ്രജിത്ത്‌ രാമലക്ഷ്മണന്മാരെ നാഗാസ്ത്രം എയ്ത്‌ മോഹാലസ്യപ്പെടുത്തുന്നു. ഗരുഡന്‍ വന്ന്‌ നാഗാസ്ത്രബന്ധനം വേര്‍പെടുത്തുന്നു.
അദ്ധ്യാത്മരാമായണം മൂലത്തില്‍ ശ്രീരാമന്‍ ഉപവസിക്കുന്നതായി പറയുന്നില്ല. ശ്രീരാമന്‍ വന്നപ്പോള്‍ വരുണദേവന്‍ വന്നു വന്ദിയ്ക്കാത്തതുകൊണ്ടാണ്‌ കോപിച്ചത്‌. എഴുത്തച്ഛന്റെ രാമായണത്തില്‍ വാല്മീകി രാമായണം സ്വീകരിച്ചിരിക്കുന്നത്‌. അദ്ധ്യാത്മ രാമായണം മൂലത്തില്‍ ബ്രഹ്മാസ്ത്രം എയ്താണ്‌ ഇന്ദ്രജിത്ത്‌ രാമ-ലക്ഷ്മണന്മാരെ മോഹിപ്പിക്കുന്നത്‌. എഴുത്തച്ഛനും അത്‌ പിന്തുടര്‍ന്നിരിക്കുന്നു. രാവണന്റെ ഹോമവിഘ്നം വാല്‍മീകി രാമായണത്തില്‍ ഇല്ല. രാവണവധം ഏതാണ്ട്‌ വാല്‍മീകി രാമായണംപോലെയാണ്‌ രാമായണം കിളിപ്പാട്ടിലും. പത്ത്‌ തലയും മുറിച്ചിടുന്നതും ആദിത്യഹൃദയ മന്ത്രവും ബ്രഹ്മാസ്ത്രം പ്രയോഗിച്ചു കൊല്ലുന്നതുമെല്ലാം എഴുത്തച്ഛന്‍ പകര്‍ത്തിയിരിക്കുന്നു. എന്നാല്‍ അദ്ധ്യാത്മ രാമായണം മൂലത്തില്‍ വിവരിച്ചിരിക്കുന്ന പ്രധാന വസ്തുത എഴുത്തച്ഛന്‍ വിട്ടുകളഞ്ഞിരിക്കുന്നു. രാവണന്റെ 10 തലവരെ രാമന്‍ മുറിച്ചു കളയുന്നു. എന്നാല്‍ വീണ്ടും 10 തലയ്ക്ക്‌ മാറ്റമില്ലാതെ തുടരുന്നു. ശ്രീരാമദേവനെ രാവണന്റെ പൊക്കിളില്‍ അമൃതകുംഭമുണ്ടെന്ന്‌ വിഭീഷണന്‍ അറിയിക്കുന്നു. അത്‌ തകര്‍ക്കാതെ രാവണനെ കൊല്ലാന്‍ സാധിക്കുകയില്ലെന്നും അറിയിക്കുന്നു. അതിന്‍പ്രകാരം അമൃതകുംഭം നശിപ്പിച്ചതിനുശേഷമാണ്‌ ശ്രീരാമന്‍ രാവണനെ ബ്രഹ്മാസ്ത്രമെയ്ത്‌ കൊല്ലുന്നത്‌.

സീതാ സ്വീകരണം വാല്‍മീകി രാമായണവും അദ്ധ്യാത്മ രാമായണവുമായി വളരെ വ്യത്യാസം കാണുന്നു. സീതവരുമ്പോള്‍ രാമന്‍ ഗൗരവപൂര്‍വം സീതയെ നോക്കുന്നു. തന്റെ പരിശുദ്ധി തെളിയിക്കുവാന്‍ സീത അഗ്നിപ്രവേശം ചെയ്യുന്നു. വഹ്നിമണ്ഡലത്തില്‍ മറഞ്ഞിരിക്കുന്ന സീതയെ രാമന്‍ സ്വീകരിക്കുന്നു. വാല്‍മീകി രാമായണത്തില്‍ രാമന്‍ സീതയെ നോക്കി കടുത്ത ഭത്സനം നടത്തുന്നു. രാമന്‍ ഇപ്രകാരം പറയുന്നു. സീതേ ഞാന്‍ പൗരുഷമുള്ള ഒരു പുരുഷന്റെ കര്‍ത്തവ്യം നിര്‍വഹിച്ചിരിക്കുന്നു. ഈ കുരങ്ങന്മാരെ കൂട്ടുപിടിച്ച്‌ യുദ്ധം ജയിച്ചത്‌ എന്റെയും കുലത്തിന്റെയും അഭിമാനം സംരക്ഷിക്കുവാന്‍ വേണ്ടിയാണ്‌. നിന്നില്‍ എനിക്ക്‌ പ്രീതിയില്ല. രാവണന്‍ നിന്നെ വെറുതെ വിട്ടിരിക്കുവാന്‍ സാധ്യതയില്ല. അവന്‍ നിന്നെ നോട്ടംകൊണ്ടും സ്പര്‍ശംകൊണ്ടും മലിനപ്പെടുത്തി. നിനക്ക്‌ പത്ത്‌ വഴികളുണ്ട്‌. ഏതും തെരഞ്ഞെടുക്കാം. ഭരതന്‍, ലക്ഷ്മണന്‍, സുഗ്രീവന്‍, വിഭീഷണന്‍ അല്ലെങ്കില്‍ ആരുടെ കൂടെയും പോകാം. സീത ഇതെല്ലാം കേട്ട്‌ ദുഃഖിതയായി അഗ്നിപ്രവേശം ചെയ്യുന്നു. ദേവകള്‍പോലും ഇതെല്ലാം കണ്ട്‌ ശ്രീരാമനെ അധിക്ഷേപിക്കുന്നു. ശ്രീരാമന്‍ ദേവകളോട്‌ പറയുന്നു "ഞാന്‍ ഒരു മനുഷ്യന്‍, ദശരഥന്റെ പുത്രന്‍" ഇത്രയുമേ എനിക്കറിയാവൂ. അപ്പോള്‍ ബ്രഹ്മാവ്‌ പ്രത്യക്ഷനായി ശ്രീരാമന്‍ നാരായണനാണെന്ന്‌ അറിയിക്കുകയും അവതാരോദ്ദേശ്യം സാധിച്ചതായി അറിയിക്കുകയും ചെയ്യുന്നു.


മാ നിഷാദ

രാമായണം

ലോകത്തിലെ ആദ്യത്തെ ശ്ലോകമായി പറയപ്പെടുന്ന ശ്ലോകം. ഒരു വേടൻ രണ്ടു ക്രൌഞ്ചപ്പക്ഷികളിലൊന്നിനെ കൊല്ലുന്നതു കണ്ട ദുഃഖത്തിൽ നിന്നു് വാല്മീകി രചിച്ച ശ്ലോകം ആണു് ഇതെന്നാണു് ഐതിഹ്യം. ഇതിനെത്തുടർന്നാണു രാമായണം എഴുതിയതു് എന്നും പറയപ്പെടുന്നു.

സംസ്കൃതത്തിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള അനുഷ്ടുപ്പ് വൃത്തത്തിലെ ആദ്യത്തെ ശ്ലോകവുമാണിതു്.

ശ്ലോകം:

മാ നിഷാദ, പ്രതിഷ്ഠാം ത്വ-മഗമഃ ശാശ്വതീസമാഃയത്‌ ക്രൌഞ്ചമിഥുനാദേക-മവധീഃ കാമമോഹിതം.

അർത്ഥം:

ഈ ശ്ലോകത്തിനു് രണ്ടർത്ഥമുണ്ടു്.

അരുതു് കാട്ടാളാ. ക്രൗഞ്ചപ്പക്ഷിപ്പകളിൽ, കാമമോഹിതനായിരുന്നതിനെ കൊന്നതുകൊണ്ടു് നീ നിത്യകാലത്തോളം മഹത്ത്വം പ്രാപിക്കാതെ പോകട്ടെ.മഹാലക്ഷ്മിയിൽ വസിക്കുന്നവനേ (മഹാവിഷ്ണോ), കാമമോഹിതനായ രാക്ഷസനെ (രാവണനെ) കൊന്നതു കൊണ്ടു് അങ്ങു് ശാശ്വതമായ പദം പ്രാപിച്ചു.


രാമം ദശരഥം വിദ്ധീം

രാമായണത്തില്‍ വളരെകുറച്ചുമാത്രം സംസാരിച്ചിട്ടുള്ള ഒരു കഥാപാത്രമാണ് സുമിത്ര. ശരിക്കും ജ്ഞാനിയാണ് ദശരഥന്റെ ഈ മൂന്നാം ഭാര്യ. രാമന്‍ രാജാവായാലും ഭരതന്‍ രാജാവായാലും അവര്‍ക്കും തുല്യംതന്നെ. എന്നാല്‍ സ്വപുത്രനായ ലക്ഷ്മണനെ പൂര്‍ണമായും രാമസേവകനായി ആ അമ്മ വിട്ടുകൊടുത്തിരുന്നു. വനയാത്രയ്ക്കായി അമ്മയുടെ അനുഗ്രഹം ചോദിക്കുമ്പോള്‍ അവര്‍ ലക്ഷ്മണന് കൊടുക്കുന്ന ഉപദേശം ഏറ്റവും ശ്രേഷ്ഠമാണ്. സൃഷ്ടസ്ത്വം വനവാസായ സ്വനുരക്തഃ സുഹൃജ്ജനേ രാമേ പ്രമാദം മാ കാര്‍ഷീഃ പുത്ര ഭ്രാതരി ഗച്ഛതി വ്യസനീ വാ സമൃദ്ധോ വാ ഗതിരേഷ തവാനഘ ഏഷ ലോകേ സതാം ധര്‍മ്മോ യജ്ജേ്യഷ്ഠവശഗോ ഭവേത് ഇദം ഹീ വൃത്തമുചിതം കുലസ്യാസ സനാതനം ദാനം ദീക്ഷാ ച യജ്ഞേഷു തനുത്യാഗോ മൃധേഷുച ജേഷ്ഠസ്വാപ്യനുവൃത്തിശ്ച രാജവംശസ്യ ലക്ഷണം. (സുഹൃജ്ജനങ്ങളേ അത്യധികം സ്‌നേഹിക്കുന്ന നിന്നെ വനവാസത്തിനു വേണ്ടിയാണ് ദൈവം സൃഷ്ടിച്ചത്. മകനേ! രാമന്‍ പോകുന്ന സമയത്ത് നീ യാതൊരശ്രദ്ധയും കാണിക്കരുത്. പാപങ്ങളില്ലാത്തവനേ! സുഖാവസ്ഥയിലും ദുഃഖാവസ്ഥയിലും ജ്യേഷ്ഠന്‍ തന്നെയാണ് നിനക്കു ഗതി. ജ്യേഷ്ഠന്‍ പറയുന്നതെന്തും അനുസരിക്കുകയെന്നത് ലോകത്തില്‍ സജ്ജനങ്ങള്‍ അനുഷ്ഠിച്ചുവരുന്ന ധര്‍മ്മമാണ്. ഇതാണ് ഈ വംശത്തിന്റെ ഏറ്റവും പൗരാണികവും ശ്രേഷ്ഠവുമായ നടപടിക്രമം. ദാനവും യജ്ഞങ്ങളില്‍ ദീക്ഷയും, യുദ്ധങ്ങളില്‍ ദേഹത്യാഗവും, ജ്യേഷ്ഠനെ അനുസരിക്കലും ഈ വംശത്തിന്റെ ഉത്കൃഷ്ടമായ ആചാരണമാണ്) ഇത്രയും പറഞ്ഞതുകേട്ട     അമ്മയെ നമസ്‌കരിച്ച് പുറപ്പെടാറായപ്പോള്‍ സുമിത്ര ഒരുപദേശം കൂടി നല്‍കുന്നു. ഒരു ലക്ഷ്ത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളുള്ള വാല്‍മീകി രാമായണത്തിലെ ഏറ്റവും വിശിഷ്ടമായ ശ്ലോകമായി കണക്കാക്കുന്നത് അയോദ്ധ്യാകാണ്ഡം നാല്‍പതാം സര്‍ഗ്ഗത്തിലെ ഈ ഒന്‍പതാം ശ്ലോകമാണ്. രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം ഈ ശ്ലോകത്തിന് നിരവധി അര്‍ത്ഥങ്ങള്‍ പറയുന്നുണ്ട്. മകനേ! നീ രാമനെ ദശരഥനെപ്പോലെ കരുതണം. സീതയെ എന്നെപ്പോലെ കരുതണം. വനത്തെ അയോദ്ധ്യയെപ്പോലെയും കരുതുക. നീ സുഖമായി പോകൂ. ഇത് സാമാന്യമായ അര്‍ത്ഥം. മകനേ രാമനെ നീ നിന്റെ പിതാവാണെന്നും സീതയെ മാതാവാണെന്നും കരുതുക. കാടിനെ അയോദ്ധ്യയെന്നും കരുതണം. എന്നാല്‍ നിനക്ക് യാതൊരു ദുഃഖവുമുണ്ടാകുകയില്ല എന്നൊരര്‍ത്ഥം. രാമന്‍ ഗരുഡവാഹനനായ മഹാവിഷ്ണുവാണെന്നു ധരിക്കണം. സീത മഹാലക്ഷ്മിയാണെന്നും മനസ്സിലാക്കണം. കല്ലും മുള്ളും നിറഞ്ഞ അടവി സാക്ഷാല്‍ മഹാവിഷ്ണു വാഴുന്ന വൈകുണ്ഠമാണെന്നും കരുതി ജീവിക്കുക. നിനക്കു സുഖമായിരിക്കും. ജ്യേഷ്ഠനെ സേവിക്കാന്‍ പോകുന്ന മകന് ഇതില്‍കൂടുതല്‍ മഹത്തായ ഒരുപദേശം ഒരമ്മയ്ക്കും നല്‍കാനില്ല.