06-03

സുഹൃത്തുക്കളെ,
       കാഴ്ചയിലെ വിസ്മയത്തിൽഅറുപത്തിയെട്ടാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം അറബനമുട്ട്

ഉത്തരകേരളത്തിലെ മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു പുരാതന ഒരനുഷ്ഠാനകലാരൂപമാണ്  അറബനമുട്ട് .മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഏറെ പ്രചാരമുള്ള ഈ കലാരൂപം മത്സരവേദികളിലും അവതരിപ്പിച്ചുവരുന്നു

മാപ്പിളകലകളില്‍ ഏറെ പുരാതനമെന്ന് പറയാവുന്ന കലാപ്രകടനമാണ് അറബനമുട്ട്. ഉത്തരകേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ പ്രചാരമുള്ള ഒരനുഷ്ഠാനകല എന്നതിലുപരി, മത്സരവേദികളില്‍ മാറ്റുരക്കുന്ന കലകൂടിയാണ് അറബനമുട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇതിന് ഏറെ പ്രചാരമുണ്ട്.
അറബനമുട്ട്, അറവനക്കളി, റബാന എന്നീ പേരുകളിലും ഈ കല അറിയപ്പെടുന്നുണ്ട്. റാത്തീബ് മുട്ട്, കളിമുട്ട് എന്നിങ്ങനെ അറബനമുട്ടിന് രണ്ട് ശൈലികളുണ്ട്. റാത്തീബ്മുട്ട് അനുഷ്ഠാനപരമാണ്. കളിമുട്ട് വിനോദപരവും.  മുസ്ലിം പള്ളികളിലെ ഉറൂസ്, നേര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ടാണ് റാത്തീബ് മുട്ട്. വീടുകളിലെ പുത്യാപ്ള കല്യാണത്തോടനുബന്ധിച്ചാണ് കളിമുട്ട്

അറബന👇
ദഫിനേക്കാള്‍ കൂടുതല്‍ വ്യാസമുള്ളതും ചുറ്റിലും ചിലമ്പുകള്‍ ഘടിപ്പിച്ചതുമായ ചര്‍മവാദ്യമാണ് അറബന. വൃത്താകൃതിയില്‍ വളച്ചുണ്ടാക്കുന്ന അറബനയുടെ ഒരു ഭാഗം പൊതിയാന്‍ ആട്ടിന്‍തോലാണ് ഉപയോഗിക്കുക

വേഷം👇
ആറംഗ പുരുഷന്മാരാണ് അറബനമുട്ടിന് ഉണ്ടാവുക. വെള്ളമുണ്ട്, വെള്ളഷര്‍ട്ട്, വെള്ളത്തുണികൊണ്ടുള്ള സവിശേഷരീതിയിലെ തലേക്കെട്ട് എന്നിങ്ങനെയുള്ള മലബാറിലെ പാരമ്പര്യവേഷമാണ് അറബനമുട്ട്കളിക്കാരുടെ വേഷം.

പാട്ടുകൾ👇
പാട്ടുകള്‍ അറബി ഭാഷയിലെ ബൈത്തുകളാണ്.
ശ്രുതിയും താളവും തന്നെയാണ് അറബനയുടെയും പ്രത്യേകത. പിത്തള വാറുകൊണ്ടു ചുറ്റിക്കെട്ടിയതിനാല്‍ അറബന ചൂടാക്കിയാണ് ശ്രുതി വരുത്തുന്നത്. അര്‍ത്ഥ ഗര്‍ഭവും മനോഹരവുമായ മാപ്പിളപ്പാട്ടുകളുടെയോ അറബിപ്പാട്ടുകളുടെയോ പശ്ചാത്തലത്തില്‍ തന്നെയായിരിക്കും അറബന മുട്ടും നടക്കുന്നത്.

കളിരീതി👇
മുട്ടിന്റെ ശബ്ദം ഉയര്‍ന്നുവരുന്നതിനനുസരിച്ച് അറബി ബൈത്തിന്റെ ഗതിയും വേഗതയും കൂടി വരുന്നു. നബിതങ്ങളുടെ മേല്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് കളി ആരംഭിക്കുന്നത്. മതപരമായ കാര്യങ്ങളും വീരഗാഥകളും പ്രേമകഥകളും അടങ്ങുന്ന പാട്ടുകളും പടപ്പാട്ടുകളുമാണ് ഇതില്‍ സാധാരണയായി പാടാറുള്ളത്. കളിക്കുന്നവര്‍ രണ്ടു ഭാഗങ്ങളിലേക്ക് പിരിഞ്ഞ് പരസ്പരം അഭിമുഖമായിട്ടാണ് നില്‍ക്കുന്നത്. ഉസ്താദ് പാട്ട് പാടാന്‍ തുടങ്ങിയാല്‍ കളിക്കാരും അത് ഏറ്റ് പാടുന്നു. പാട്ട് പകുതിയാകുമ്പോള്‍ താളം മുറുകുകയും മുട്ടിന് വേഗം കൂടുകയും ചെയ്യുന്നു. അതോടൊപ്പംതന്നെ, കളിക്കാര്‍ കൈത്തണ്ട, തൊണ്ട, ചുമല്‍, മൂക്ക് എന്നിവകൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിയും മുട്ടിയും പലവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. തീര്‍ത്തും ഭാവ വ്യത്യാസങ്ങള്‍കൊണ്ട് കാണികളെ ആകര്‍ഷിക്കുന്ന ഒരു കലയാണിത്

മത ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കൂടുതലായും അറബന മുട്ട് സംഘടിപ്പിക്കപ്പെടുന്നത്. നേര്‍ച്ചകളുമായി ബന്ധപ്പെട്ടും നാട്ടിലും മറ്റും വല്ല രോഗവും പിടികൂടിയാല്‍ അതില്‍നിന്നും മോചനം നേടാന്‍ ആളുകളെ ഒരുമിച്ചുകൂട്ടി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്ന ഘട്ടങ്ങളിലും ഇത് അനുവര്‍ത്തിക്കപ്പെട്ടിരുന്നു. ആളുകളെ കൂടുതല്‍ രസിപ്പിക്കാനായി പാട്ടുകളുടെ അവസാനങ്ങളില്‍ വേഗതകൂട്ടി പാടുക ഇതില്‍ പതിവാണ്. നായകന്‍ -സീ-എന്നൊരു ശബ്ദം പുറപ്പെടുവിക്കുമ്പോഴാണ് ഈ വേഗതക്ക് സമാരംഭം കുറിക്കുന്നത്. അയാള്‍ കയ്യിലുള്ള വടികൊണ്ട് ഭൂമിയില്‍ ഒരടി അടിക്കുന്നതോടെ അടക്കം കലാശിക്കുകയും ചെയ്യുന്നു. മറ്റു കലകളെ അപേക്ഷിച്ച് കാഴ്ച എന്നതിലപ്പുറം ശ്രവണം എന്നതാണ് ഈ കലയുടെ പ്രത്യേകത. കാഴ്ചക്കപ്പുറം കേള്‍ക്കുന്നതിലാണ് അതിന്റെ സൗന്ദര്യവും കുടിയിരിക്കുന്നത്. പരസ്പര ബന്ധിതമായ പാട്ടുകള്‍ പാടണമെന്നതാണ് അറബന മുട്ടിലെ നിബന്ധന. ദഫ് മുട്ടിനോട് അനുബന്ധമായിത്തന്നെയാണ് ഈ കലാരൂപവും ഇവിടെ പ്രചരിക്കുന്നത്

അറബനമുട്ടും ദഫ്മുട്ടും👇

 ദഫിന്റെ മറ്റൊരു രൂപഭേദമാണ് അറവന. ഇതിന്റെ വാദ്യോപകരണത്തിന് ദഫിനേക്കാള്‍ വ്യാസമുണ്ട്. ചുറ്റിനും ചിലമ്പുകള്‍  ഘടിപ്പിച്ചിരിക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. അറവനയുടെയും ദഫിന്റെയും വാദ്യോപകരണം മൃഗത്തിന്റെ ചര്‍മം കൊണ്ടാണെങ്കിലും അറവനക്ക് ആട്ടിന്‍ തോലും ദഫിന് മാട്ടിന്‍ തോലുമാണ് നിര്‍മിക്കുന്നത്. കാണികളെ വിസ്മയ ചിത്തരാക്കുന്ന ഈ കലാരൂപം അതിസമര്‍ഥമായി കളിക്കുന്നവര്‍ കേരളത്തിന്റെ പല ഭാഗത്തുമുണ്ട്. കണ്ണൂര്‍, തലശ്ശേരി, മലപ്പുറം എന്നിവിടങ്ങളില്‍ അത്താഴം ഉണര്‍ത്താന്‍ അറവന മുട്ടി പാട്ടുപാടുക പതിവായിരുന്നു. കളിക്കാര്‍ രണ്ടായിപിരിഞ്ഞ് അഭിമുഖമായി അടുത്തിരിക്കുന്നു. സംഘത്തലവന്‍ മാപ്പിളപ്പാട്ടുകള്‍ ശ്രുതി മധുരമായി പാടുന്നതിനനുസരിച്ച് കളിക്കാര്‍ അറവനയില്‍ മുട്ടി താളം പിടിക്കുകയും പാട്ടുകാര്‍ ഏറ്റുപാടുകയുംചെയ്യുന്നു. മാത്രമല്ല, തനിക്കഭിമുഖമായി നില്‍ക്കുന്ന കളിക്കാരന്റെ കൈതണ്ട, മൂക്ക്, തോള് തുടങ്ങിയ ശരീരഭാഗങ്ങളില്‍ തട്ടിയും ഉരസിയും എല്ലാം താളത്തിനൊത്ത് ഒപ്പം ശബ്ദമുണ്ടാക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ അറബികള്‍ അവരുടെ നാടന്‍പാട്ടുകള്‍ക്കും നൃത്ത രൂപങ്ങള്‍ക്കും താള വാദ്യമായി അറവന ഉപയോഗിച്ചിരുന്നു. യുദ്ധവിളംബരമായും മരുഭൂമിയിലെ ഏകാന്തതയില്‍ ഒറ്റപ്പെട്ടുപോയവരെ ഒന്നിപ്പിക്കാനുള്ള ഉപാധിയായും സംഘം ചേര്‍ന്ന് മുട്ടുക പതിവായിരുന്നു. വെറും വിനോദോപാധികള്‍ മാത്രമായ ഒപ്പന, കോല്‍ക്കളി എന്നീ മാപ്പിളകലകളില്‍ നിന്ന് വ്യത്യസ്തമാണ് അറവനയും ദഫും. ഭക്തിപ്രസ്ഥാനങ്ങളുമായി (ത്വരീഖത്ത്) ബന്ധപ്പെട്ടുകൊണ്ടാണ് മലബാറില്‍ ഇവ രണ്ടിന്റെയും ആവിര്‍ഭാവം. കൂട്ട മരണം വിതക്കുന്ന വസൂരി പോലുള്ള രോഗങ്ങളെ നാടിന്റെ നാലതിരുകള്‍ കടത്തിവിടാന്‍ അറവന മുട്ടി രാത്രികാലങ്ങളില്‍ ആളുകള്‍ സംഘമായി നടക്കലും രോഗം മാറിയ വീടുകളില്‍ ശുദ്ധി കര്‍മമായി രിഫാഇ റാത്തീബ് കഴിക്കലും മറ്റും അന്നത്തെ പതിവായിരുന്നു. അറവനമാടാന്‍ ഇതിനെ ആട്ടിന്‍ തോലോ ചെറിയ മൂരിക്കുട്ടന്റെ തോലോ മാത്രമാണ് ഉപയോഗിക്കുക. ആട്ടിന്‍ തോല്‍ ഒന്നോ രണ്ടോ അറവനക്കെ തികയൂ. നിലത്ത് കുറ്റിയടിച്ച് നല്ലപോലെ നിവര്‍ത്തി വലിച്ചുകെട്ടി ഉണക്കിയ തോല്‍ ഊറക്കിട്ട് രോമം കളഞ്ഞ ശേഷം വെള്ളത്തിലിട്ട് കുതിര്‍ത്താണ് ഓരോ അറവനക്കും ആവശ്യമായ വലിപ്പത്തിലുള്ള കഷ്ണങ്ങള്‍ മുറിച്ചെടുക്കുന്നത്. പരമാവധി വലിച്ചുകെട്ടിയാല്‍ മാത്രമേ നാദം നന്നാവൂ. കുറ്റിയില്‍ തോല്‍ മാടുന്നത് പനിച്ചിക്കായി പശ ഉപയോഗിച്ചാണ്. മുറാദീ യാ മുറാദീ യാ മുറാദീ......എന്ന ആച്ചല്‍ മുട്ടിലാണ് മുട്ട് തുടങ്ങുന്നത്. ആച്ചല്‍ ആദ്യം വലത്തോട്ട് ഇരുകാലുകള്‍ മടക്കിയിരുന്ന് ഇടതുകൈയില്‍ ഇടതുകാലിനുമുകളിലായി  പിടിച്ച അറവന വലതുവശത്തേക്ക് വലത്തെ കാലിന്റെ മുകളിലേക്ക് താഴ്ത്തി വീശണം. അറവനയുടെ മധ്യത്തില്‍ അടിച്ചാല്‍ നാദം കിട്ടുകയില്ല എന്നുമാത്രമല്ല, തോല്‍ വേഗം തളരുകയും ചെയ്യും.




അറബനമുട്ടിന്റെ താളത്തിലൂടെ....👇
https://youtu.be/rV3MAhq36uw
https://youtu.be/5AzM6_SDybQ
https://youtu.be/kuJjXoWmmd4
അറബനമുട്ട് കലാകാരൻ ബക്കർ എടക്കഴിയൂരിനെ ആദരിച്ചു(പത്രവാർത്ത  2016 ജൂൺ 30)
ചാവക്കാട് : അറബന മുട്ട് കലാകാരന്‍ ബക്കർ എടക്കഴിയൂരിനെ ആദരിച്ചു. മാപ്പിള കലാ അദ്ധ്യാപക ചാരിറ്റബിൾ സൊസൈറ്റി കോർവ്വയുടെ തൃശൂർ ജില്ലാ കമ്മറ്റിയാണ് ആദരിച്ചത്. ഒരു പുരുഷായുസ്സ് മുഴുവനും അറബനമുട്ട് എന്ന കലാരൂപത്തെ ജനകീയമാക്കുന്നതിന് വേണ്ടി ഇദ്ദേഹം ചിലവഴിച്ചു. അറബനമുട്ട് കേരളാ സ്കൂൾ കലോത്സവങ്ങളിലെ ഇഷ്ട കലയാക്കി മാറ്റിയതിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്‌.


അറബനമുട്ടിലെ സൗകുമാര്യതയ്ക്ക് ഗുരുപദവി പുരസ്‌കാരം
കെ എം അക്ബര്‍
ചാവക്കാട്: അറബന മുട്ടിലെ സൗകുമാര്യത അറബനമുട്ട് കലാകാരന്‍ തിരുവത്ര കുഞ്ഞിമൊയ്തുവിന് കേന്ദ്രസര്‍ക്കാറിന്റെ ഗുരുപദവി പുരസ്‌കാരം. മാപ്പിള കലകളില്‍ ശ്രദ്ധേയനായ ചാവക്കാട് തിരുവത്ര പുതിയറ പി എം കുഞ്ഞുമൊയ്തുവിനാണ് മാപ്പിള കലകളുടെ പ്രോല്‍സാഹനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുരസ്‌കാരം ലഭിച്ചത്. കേരളത്തില്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ഏക അറബനമുട്ട് കലാകാരനാണ് കുഞ്ഞിമൊയ്തു.
പുരസ്‌കാരത്തിന് അര്‍ഹനായതോടെ സ്വന്തം വീട്ടില്‍വച്ച് നാലുപേരെ അറബന മുട്ട് പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കും. കേരള സാംസ്്കാരിക വകുപ്പാണ് പുരസ്‌കാരത്തിന് കുഞ്ഞിമൊയ്തുവിന്റെ പേര് നിര്‍ദേശിച്ചത്. 30 വര്‍ഷത്തിലേറേയായി കേരളത്തിനകത്തും പുറത്തും അറബനമുട്ടില്‍ ആയിരങ്ങള്‍ക്ക്് പരിശീലനം നല്‍കിയിട്ടുള്ള കുഞ്ഞിമൊയ്തു നിരവധി സ്‌കൂള്‍, യൂനിവേഴ്‌സിറ്റി കലോല്‍സവങ്ങളില്‍ വിധികര്‍ത്താവുമായിരുന്നു. സംസ്ഥാന കലോല്‍സവത്തില്‍ കുഞ്ഞിമൊയ്തു പരിശീലിപ്പിച്ച നിരവധി വിദ്യാര്‍ഥികള്‍ സമ്മാനം നേടിയിട്ടുണ്ട്. പതിയാരി കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാരുടെ മകന്‍ അബു ഉസ്താദും അറബനമുട്ടിന്റെ സുല്‍ത്താന്‍ ബക്കര്‍ എടക്കഴിയൂരുമാണ് കുഞ്ഞിമൊയ്തുവിന്റെ ഗുരുനാഥര്‍.
കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ 10 വര്‍ഷമായി പരിശീലകനായ കുഞ്ഞിമൊയ്തു, ഈ വര്‍ഷം പുറത്തിങ്ങുന്ന പൂമരം സിനിമയില്‍ അറബനമുട്ട് വിധികര്‍ത്താവായും അഭിയിച്ചിട്ടുണ്ട്.

അറബന എന്ന മുട്ടുവാദ്യ നിർമ്മാണം👇
ആധുനികചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന -ഏകദേശം അമ്പതുകൊല്ലം മുമ്പുവരെ മാരക വസൂരിരോഗത്തെ ഉപരോധിക്കാൻ ശക്തമെന്ന്‌ മലബാറിലെ മാപ്പിളമാരിലൊരു വലിയ വിഭാഗം റിഫാ ഈ റാത്തീബ്‌ എന്ന കുത്ത്‌ റാത്തീബിനെ വിശ്വസിച്ചിരുന്നു. ആയുധങ്ങളെടുത്തു സ്വശരീരത്തിൽ മുറിവേല്പിക്കുന്ന ‘കുത്ത്‌ റാത്തീബി’ന്റെ പശ്ചാത്തലവാദനം അറബനമുട്ടായിരുന്നു. കുത്ത്‌ റാത്തീബ്‌ ഇന്ന്‌ ഏറെ അസ്തമിച്ചുവെങ്കിലും അറബന എന്ന മുട്ടുവാദ്യം പക്ഷേ, ക്ഷയിച്ചില്ല. ‘കളിമുട്ട്‌’ എന്ന കലാരൂപപ്രകടത്തിലൂടെ അറബനയ്‌ക്ക്‌ പുനർജൻമം കിട്ടിയിരിക്കുന്നു.

യൂവജനോത്സവത്തിൽ ഒരിനമായി ഉൾപ്പെട്ടതിനാൽ അറബന (കളി) മുട്ടെന്ന കലാരൂപത്തെ കൂടുതൽ കൂടുതൽ അറിയാനും അഭ്യസിക്കാനും അവസരമൊരുങ്ങുകയും ചെയ്‌തു. ശക്‌തമായ അസ്തിവാരത്തിലെ വമ്പൻ കോട്ടകൊത്തളവും പണിയാൻ ഒക്കൂ എന്നപോലെ ‘ശരിയായ’ ഉപകരണത്തിലെ ‘ശരിയായ’കലാപ്രകടനവും സാദ്ധ്യമാകൂ. അറബനമുട്ട്‌ എന്ന കലാരൂപത്തെ കേട്ടിട്ടും കണ്ടിട്ടും ഉണ്ടെങ്കിലും അറബന എന്ന വാദ്യം എന്തെന്നും അതിന്റെ നിർമ്മാണം എങ്ങിനെയെന്നും അറിയുന്നവർ ചുരുങ്ങും. അഞ്ചു തടിക്കഷണങ്ങൾ വൃത്തമാക്കിച്ചേർത്ത്‌ ഒരു ഭാഗം തോൽ (തുകൽ)കൊണ്ടു മാടി (പൊതിഞ്ഞ്‌) വശങ്ങളിലെ തുളകളിൽ ‘ചിലമ്പ്‌’ പിടിപ്പിച്ചതാണ്‌ അറബന.

അഹ്‌മദുൽ കബീർ റിഫാ ഈ എന്ന സൂഫി വര്യന്റെ അപദാനങ്ങൾ വാഴ്‌ത്തുന്ന അറബിഗീതങ്ങളായ ‘കുത്ത്‌ റാത്തീബി’ൽ ആച്ചൽമുട്ട്‌, അഞ്ചുമുട്ട്‌, കോരിമുട്ട്‌ ഇത്യാദി മുട്ടുകളാണ്‌. അഭ്യസനം പ്രയാസമെങ്കിലും പരിശീലനം പൂർത്തീകരിച്ചവർക്ക്‌ എളുപ്പമായ ഈ മുട്ടുകൾക്ക്‌ ഉപയോഗപ്പെടുത്തിയിരുന്ന ഈ അറബനകൾ ‘ഒരേ വലിപ്പം എന്ന കണിശം’ പാലിച്ചിരുന്നില്ല, പാലിക്കേണ്ട ആവശ്യവുമില്ല.

എന്നാൽ ‘അഷ്‌ടധ്വനി’ താളക്രമത്തിലധിഷ്‌ഠിതവും ഒരുവേദിയിൽ അവതരിപ്പിക്കുന്നതുമായ അറബനകളിമുട്ടെന്ന കലാരൂപത്തിനുപയോഗിക്കുന്നത്‌ ഒരേ വലിപ്പമുളള അറബനകളാണ്‌, ആയിരിക്കണം. ദൃഢതയ്‌ക്കൊപ്പം കൂടുതൽ നാദം കിട്ടുന്നതുമായ മരത്തടികളാണ്‌ അറബന‘കുറ്റി’ പണിയാനുപയോഗിക്കുക. ഈഴച്ചെമ്പകത്തിന്റെ വേര്‌. തടിയാണേറ്റവും നല്ലത്‌. അയ്‌നി, പിലാവ്‌ എന്നിവയുടെ വേര്‌. തടികൊണ്ടും അറബന ഉണ്ടാക്കാം. മേൽപറഞ്ഞ മരത്തടിയിൽനിന്ന്‌ പതിനെട്ട്‌ സെന്റിമീറ്റർ നീളത്തിൽ ആറര സെന്റിമീറ്റർ വീതിയിൽ ഒന്നരസെന്റിമീറ്റർ കനത്തിൽ അഞ്ചുകഷണങ്ങൾ ‘വട്ടം കൂട്ടാ’വുന്ന (വൃത്തമാക്കി ചേർക്കാവുന്ന) ആകൃതിയിൽ ചെത്തി എടുക്കണം.

വൃത്തമാക്കുന്ന ‘ചേർപ്പ്‌’ (ജോയന്റ്‌) മരാശാരിയുടെ യുക്തിക്കനുസൃതമെങ്കിലും സാധാരണ കണ്ടുവരുന്നതിങ്ങനെയാണ്‌. വട്ടം കൂട്ടുന്നതിന്‌ മുമ്പ്‌ ഓരോ ഖണ്ഡത്തിന്റെ നടുവിലും ‘ചിലമ്പ്‌’ ഇടാൻ ആറ്‌ സെന്റിമീറ്റർ നീളം ഒന്നര സെന്റിമീറ്റർ വീതിയിൽ ചതുരത്തിലുളള ‘തുള’ ഉണ്ടാക്കിയിരിക്കണം. വട്ടം കൂട്ടി&വൃത്തമാക്കി ചേർത്ത ‘കുറ്റി’ക്ക്‌ അധികബലത്തിന്‌ ചുറ്റും ഒന്നോ ഒന്നരയോ സെന്റിമീറ്റർ വീതിയുളള ‘പിത്തളവാർ’ കൊണ്ട്‌ -ബെൽട്ട്‌ പോലെ-വലിച്ചു മുറുക്കി ആണിവച്ചുറപ്പിക്കണം.

ഇനി പിത്തള കെട്ടിയതിന്നെതിർഭാഗത്ത്‌ തോൽമാടണം. ചെറിയ കന്നുകുട്ടിയുടെയോ ആടിന്റെയോ തോൽ ആണ്‌ മാടാൻ ഉപയോഗിക്കുക. കനം കൂടുതലായിരിക്കുമെന്നതിനാൽ മറ്റ്‌ തുകലുകൾ എടുക്കാറില്ല (കനം കൂടിയാൽ നാദം കിട്ടുകയില്ല).

ആട്ടിൻതോൽ നല്ല നാദമുയർത്തും. എങ്കിലും രണ്ടോ മൂന്നോ അറബന മാടാനേ ഒരുതോൽ തികയൂ. ആട്ടിൻതോൽകൊണ്ട്‌ മാടിയത്ര നാദം കിട്ടുകയില്ലെങ്കിലും മൂരിക്കുട്ടിയുടെ ഒരു തോൽകൊണ്ട്‌ നാലോ അഞ്ചോ അറബനമാടാം. തോൽ നന്നായി വലിച്ചുനീട്ടിയിട്ട്‌ ഉണക്കിയെടുക്കണം. ചെറിയൊരു മുളക്കഷണം ഒരു കത്തിപോലെ ഉപയോഗിച്ച്‌ തോലിലുളള രോമങ്ങൾ വടിച്ചുകളയണം. പിന്നീട്‌ തോൽ വെളളത്തിലിട്ട്‌ കുതിർത്ത്‌ അറബനകൾ മാടാൻ വേണ്ട വലിപ്പത്തിൽ കഷണം മുറിച്ചെടുക്കണം. ‘പനച്ചിക്കായ്‌’ പശകൊണ്ടാണ്‌ അറബന മാടുക. കുറേ നേരം കൈകാര്യം ചെയ്‌ത അറബന വലിവ്‌ നഷ്‌ടപ്പെട്ട്‌ നല്ല നാദം പുറപ്പെടുവിക്കാതാകും. അപ്പോൾ തീയ്‌ക്കരികെ പിടിച്ച്‌ ചൂടേല്പിച്ച്‌ വലിവ്‌ ആക്കണം. ഈ വലിവും തളർച്ചയുമൊന്നും ഏശാതെ-ഒട്ടിച്ചയിടം വ്യതിചലിക്കാതെ -ഇരിക്കാനേറ്റം നല്ലതാണ്‌ പനച്ചിക്കായ്‌ പശ.

ഒരു പാഴ്‌മരമായി ചിലയിടങ്ങളിൽ വളരുന്നതാണ്‌ പനച്ചിമരം. ആ മരത്തിലെ ‘പച്ചത്തക്കാളി’പോലൊത്ത കായ്‌ പറിച്ചെടുത്ത്‌ കൂർത്തതെന്തെങ്കിലും തൊണ്ടു കുത്തിത്തുളച്ച്‌ പശ പുറത്തു ചാടിക്കാം. അറബനക്കുറ്റിയുടെ പുറഭാഗത്ത്‌ പനച്ചിപ്പശ തേച്ച്‌ അതിൻമേൽ തുകൽ ചേർത്ത്‌ ഒട്ടിക്കുന്നു. ഈ ഒട്ടിക്കൽ നന്നായിരിക്കാനും ഒപ്പം തുകൽ നന്നായി വലിഞ്ഞ്‌ ഒട്ടിയിരിക്കാനും ‘വട്ട്‌’ ഇറക്കണം. പുതുതായി ഒട്ടിച്ച തോലിന്നുമീതെ നാലോഅഞ്ചോ വരിയാൽ കയർ കൊണ്ടു വരിഞ്ഞു മുറുക്കുന്നതിനെയാണ്‌ വട്ട്‌ ഇറക്കുക എന്ന്‌ പറയുന്നത്‌. വട്ടിറക്കി നാലുദിവസത്തോളം കെട്ടിത്തൂക്കിയിടുകയോ ഒരിടത്തു വയ്‌ക്കുകയോ ചെയ്യുന്നു. അത്രയും ദിവസംകൊണ്ട്‌ മാടിയത്‌ (ഒട്ടിച്ചത്‌) നന്നായി ഉണങ്ങിക്കഴിയും. അതോടെ വട്ട്‌ അഴിച്ചുമാറ്റുകയും ചെയ്യാം.

ഇനി ചിലമ്പ് പിത്തള അടിച്ചുപരത്തി തകിടാക്കിയതിൽ നിന്ന്‌ ഏകദേശം പതിനെട്ട്‌ സെന്റിമീറ്റർ വട്ടത്തിൽ മുറിച്ചെടുത്ത്‌ നടുവിൽ ഒരു ചെറിയ ദ്വാരവും ഉണ്ടാക്കണം. ഇത്തരം രണ്ടെണ്ണം വീതം ചിലമ്പിനുളള തുളകളിൽ ഒരു ഇരുമ്പ്‌ കമ്പിയിലൂടെ പിടിപ്പിച്ചിടണം. അറബനമുട്ടുമ്പോൾ, മുട്ടിന്റെ ‘ഗതിശക്തി’ക്കനുസരിച്ച്‌ ഈ ചിലമ്പുകൾ കൂട്ടിയടിച്ചു ത്സിൽത്സിൽ നാദം പുറപ്പെടീക്കും. ഇത്രയുമായാൽ അറബനയായി. ഇതൊരുതരം പ്രയാസം‘ എന്നുളളവർ ആകൃതിയിൽ സാമ്യംതോന്നുന്നതെന്തെങ്കിലുമോ അഥവാ പാട്ടത്തകിട്‌ ഗഞ്ചിറയോ അറബനയാക്കി ഉപയോഗിച്ച്‌ മഹത്തായ ഒരു സുവർണ്ണകലയേയും പ്രാചീനമായൊരു രാജധ്വനിവാദ്യത്തേയും അവഹേളിക്കാതിരുന്നാൽ മതി.