06-02


സുഹൃത്തുക്കളെ,
      കാഴ്ചയിലെ വിസ്മയത്തിൽഅറുപത്തിനാലാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം കരിങ്കാളി

വന്നേരി നാട്ടിലേയും വന്നേരി നാട്ടിനോടതിര് പങ്കിടുന്ന പടിഞ്ഞാറൻ വള്ളുവനാട്ടിലേയും തെക്കൻ ഏറനാട്ടിലേയും പറയ സമുദായത്തിന്‍റെ അവാകാശമായ അനുഷ്ടാന ക്ഷേത്ര കലാരൂപമാണ് ''കരിങ്കാളി''

പറയസമുദായത്തിൽ പെട്ടവർ വേഷം കെട്ടുന്ന ഒരു അനുഷ്ടാനകലാരൂപമാണ്കരിങ്കാളി. തെക്കേമലബാർമേഖലയിലുള്ള കാവുകളിലെയുംഅമ്പലങ്ങളിലെയും പൂരങ്ങളോടും വേലകളോടും അനുബന്ധിച്ചാണ് കരിങ്കാളി സാധാരണ കാണുന്നത് . കരിങ്കാളി കെട്ടുന്നതിന് ചിട്ടയുള്ള വ്രതം ആവശ്യമായി ഗണിക്കപ്പെടുന്നു.

ചെണ്ടയുടെ താളത്തോടെ ഉത്സവപ്പറമ്പിൽ എത്തുന്ന കരിങ്കാളികൾ ആ താളത്തിൽ വെളിച്ചപ്പെടുകയും ചെയുന്നു. എന്നാൽ ഇവർ പ്രധാനക്ഷേത്രങ്ങളുടെ അടുത്ത് പോവാറില്ല. പകരം ക്ഷേത്രത്തിൽ നിന്ന് അകലെ താല്കാലികമായി നിർമ്മിച്ച കുരുത്തോലമണ്ഡപത്തിൽ ചടങ്ങുകൾ അവസാനിപ്പിക്കുന്നു

👇വേഷവിധാനം
കറുപ്പ്,ചുവപ്പ്,വെളുപ്പ് എന്നിവ ഇടകലർന്ന ഉടയാടയാണ് കരിങ്കാളി അരയിൽ അണിയുന്നത് . കാലിൽ ചിലമ്പ് ധരിച്ചിരിക്കും. വലത്തെ കയ്യിൽ പള്ളിവാൾ പിടിച്ചിരിക്കും. ഇടത്തെ കയ്യിൽ കുരുത്തോലകൊണ്ട് ഉണ്ടാക്കിയ ഗദ ഉണ്ടാവും . പിച്ചളകൊണ്ട് ഉണ്ടാക്കിയ കൃത്രിമമുലകളും തലയിൽ കിരീടവും ഉണ്ട് . മുകൾ ഭാഗം കൂർത്ത ആകൃതിയുള്ള കിരീടം കുരുത്തോലകളാൽ അലങ്കരിച്ചിരിഒക്കും.

ചരടുകൾ കൊണ്ടുള്ള കൃത്രിമക്കണ്ണടയും കുരുത്തോല കൊണ്ടുല്ല കൃത്രിമമൂക്കും ഈ വേഷത്തിന്റെ പ്രത്യേകതയാണ്.

ഇതര ചടങ്ങ്👇
കരിങ്കാളി കെട്ടിനോടനുബന്ധിച്ച് കോഴികളെ പരസ്യമായി ബലിനല്കുന്നു . വെളിപ്പെട്ട ശേഷം കിരീടം അഴിച്ചുവെച്ച് കരിങ്കാളികൾ കോഴികളെ തലയറുത്ത് ചോരകുടിക്കുന്നു

മലപ്പുറം ജില്ലയിലെ മൂക്കുതലകണ്ണേങ്കാവ് കരിങ്കാളി കെട്ടലിനു പ്രസിദ്ധമാണ്. അഞ്ഞൂറോളം കരിങ്കാളികൾ ഇവിടെ വഴിപാട് ആയി എത്തുന്നു.

നിഖിൽ.സി. എഴുതിയ അനുഭവക്കുറിപ്പ്👇
കുട്ടിക്കാലത്ത് കരിങ്കാളിയെന്നു കേൾക്കുമ്പോഴെ പേടിയായിരുന്നു. കരിങ്കാളികൾ തുള്ളിക്കൊണ്ടുവരുമ്പോൾ കരിങ്കൽ മതിലിന്റെ മുകളിൽ കേറി ദൂരെ നിന്നാണ്  കണ്ടിരുന്നത്. അടുത്തുള്ള വീട്ടീൽ ഒരു പ്രാവശ്യം കരിങ്കാളി കെട്ടുന്നുണ്ടായിരുന്നു. വേഷം കെട്ടാൻ തുടങ്ങിയപ്പോൾ  അത്ര പേടിയുണ്ടായിരുന്നില്ല, കരിതേച്ച മുഖവും  കിരീടവും കുരുത്തോലകൊണ്ടുള്ള മൂക്കും വെച്ചപ്പോൾ ചെറുതായി പേടി തുടങ്ങി . ചെണ്ടകൊട്ടും കൊട്ടിനൊത്തുള്ള കരിങ്കാളിയുടെ തുള്ളലും  കൂടിയായപ്പോൾ ഞാൻ അവിടുന്നോടി. അപ്പോഴെക്കും കരിങ്കാളി വീടിനു ചുറ്റും അലറിവിളിച്ചുകൊണ്ട് വലം വെയ്ക്കുന്നുണ്ടായിരുന്നു. ഞാൻ ആണെങ്കിൽ ഇതെല്ലാം വേറൊരു വീടിന്റെ പുറകിൽ നിന്ന് എത്തി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങോട്ടെങ്ങാനും ഓടി വരുമോ എന്നായിരുന്നു എന്റെ പേടി.

പറയ സമുദായക്കാരുടെ അനുഷ്ടാനകലയാണ് കരിങ്കാളി. ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കാവുകളിലാണ് ഇവർക്ക് പ്രവേശനമുണ്ടായിരിക്കുക.

അരയില്‍ മൂന്നു നിറങ്ങളുള്ള ഉടയാടയണിഞ്ഞ് കാലില്‍ ചിലമ്പിട്ട് വലംകൈയില്‍ പള്ളിവാള്‍ പിടിച്ച് ഇടംകൈയില്‍ കുരുത്തോല കൊണ്ടുള്ള ഗദ ധരിച്ച് കരിങ്കാളി തുള്ളുന്നു.കരിയെന്ന സിനിമയിലെ ഈ വേഷത്തിനു പറയാനുള്ളത് അരുള്‍പ്പാടല്ല, തുറന്നുകാട്ടലാണ്. ജാതീയത ചുഴന്നുനില്‍ക്കുന്ന കേരള സമൂഹത്തിന്റെ മൂടുപടം നീക്കുകയാണ് കരിങ്കാളി വേഷം. തിയേറ്റര്‍ ഇടപെടല്‍ ഇല്ലാതിരുന്നിട്ടും കരി 2015 ലെ ദേശിയ ചലച്ചിത്ര അവാര്‍ഡിന്റെ അന്തിമപട്ടികയില്‍ ഇടംനേടിയിരുന്നു. പിന്നണിയിലും മുന്നണിയിലും പുതുമുഖങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള ചിത്രം അണിയിച്ചൊരുക്കിയത് നരണിപ്പുഴ ഷാനവാസാണ്. കരിഎന്ന സിനിമയെക്കുറിച്ച്.....👇

കരിഎന്ന സിനിമയ്ക്ക് മനീഷ് നാരായണൻതയ്യാറാക്കിയ ആസ്വാദനം👇
കരി: ജാതികേരളത്തിന്റെ മുഖം

കരി നമ്മുടെ നടപ്പുകാലത്തിന്റെ കരി പുരണ്ട മുഖമാണ്

നവോത്ഥാന കേരളം എന്നത് ചുവരെഴുത്തിലെ പൊള്ളത്തരമായി ചുരുങ്ങുന്ന കാലത്തെ ആധിയാണ് കരി. കേരളീയ സമൂഹത്തിലും മലയാളിയുടെ ഉപബോധത്തിലും വാലറ്റും വേരറ്റും പോകാത്ത ജാതിചിന്തയുടെ ദൃശ്യരേഖ. കറുത്ത ഹാസ്യത്തിലൂന്നി ചിരി ചിന്തയാക്കുന്ന അവതരണവും, പാത്രസൃഷ്ടിയിലും പ്രകടനങ്ങളിലും നിലനിര്‍ത്തിയ സ്വാഭാവികതയും കരിയെ മികച്ച അനുഭവമാക്കുന്നു. പല അടരുകളിലായി ഉള്‍ച്ചേര്‍ത്ത സൂക്ഷ്മരാഷ്ട്രീയത്തിന്റെ കരുത്തും കരിയുടേതാണ്. സൈദ്ധാന്തിക കാപട്യങ്ങള്‍ നിറഞ്ഞ ദൃശ്യമിശ്രണത്തിനുമപ്പുറം സമാന്തര സിനിമയ്ക്ക് ഉയിര്‍പ്പുണ്ടാകുമെന്നതിന്റെ ഉറപ്പാണ് ഷാനവാസ് നരണിപ്പുഴ രചനയും സംവിധാനവും നിര്‍വഹിച്ച കരി.

ചേര്‍ത്തലയില്‍ നിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ട വാഹനത്തില്‍ നിന്നാണ് കരി തുടങ്ങുന്നത്. ദിനേശന്റെ വീട് തേടിയാണ് ചേര്‍ത്തലക്കാരനായ ഗോപു കേശവമേനോന്റെയും തൃശൂരുകാരന്‍ ബിലാലിന്റെയും വരവ്. ഗോപുവിന്റെ ഗള്‍ഫിലെ സ്ഥാപനത്തിലെ ജോലിക്കാരനാണ് ദിനേശന്‍. താല്‍ക്കാലിക വിസയില്‍ ഗള്‍ഫിലുള്ള ദിനേശന് ജോലി സ്ഥിരപ്പെടുന്നതിനായി വീട്ടുകാര്‍ കരിങ്കാളി വഴിപാട് നടത്തുന്നുണ്ട്. ആ വഴിപാടിനുള്ള പണവുമായാണ് തൊഴിലുടമയും കൂട്ടുകാരനുമെത്തുന്നത്. ഒരു ഘട്ടത്തില്‍ കരിങ്കാളി വഴിപാട് മുടങ്ങുമ്പോള്‍ അത് ഏറ്റെടുത്ത് നടത്താനുള്ള ബാധ്യത ഇരുവരുടേതുമാകുന്നു.

അവര്‍ണ്ണര്‍ക്ക് പ്രവേശനം സാധ്യമായതിന് ശേഷവും ക്ഷേത്രാനുഷ്ഠാനങ്ങളില്‍ കീഴ്ജാതിക്കാര്‍ പുറത്താണ്. മലബാറില്‍ പൂരക്കാലത്തെ തെയ്യങ്ങളും, നടയിലാട്ടുമെല്ലാം കീഴാളരുടേതാണ്. പക്ഷേ എല്ലാം ക്ഷേത്രമതിലിന് പുറത്താണ്. മലബാറിലെ കരിങ്കാളി കീഴ്ജാതിക്കാരന്‍ കെട്ടുന്ന കോലമാണ്. മതില്‍ക്കെട്ടിന് പുറത്ത് തുള്ളിത്തീര്‍ക്കേണ്ട ദൈവരൂപം. അധ:കൃതന്റെ പ്രതിരോധവും പ്രതിഷേധവുമാണ് കരിയുടെ കറുപ്പ്. അപ്പോഴും നിസ്സഹായതയില്‍ കരിങ്കാളിയായി ഉറഞ്ഞുതുള്ളി കരിഞ്ഞടങ്ങാന്‍ മാത്രമേ അവര്‍ക്ക് സാധിക്കുന്നുള്ളൂ.

ജാതി വേരാഴ്ന്ന മണ്ണിലൂടെയുള്ള സഞ്ചാരമായാണ് ചിത്രത്തിന്റെ ആഖ്യാനഘടന. ദിനേശന്റെ വീട്ടിലേക്കുള്ള വഴിയന്വേഷണം ജാതിവിത്തുകള്‍ വില്‍പ്പനയ്ക്ക് എന്ന പോസ്റ്റര്‍ ഒട്ടിക്കുന്ന ആളിലാണ് തുടങ്ങുന്നത്. ജാതി വിത്തുകള്‍ വ്യാപകമായി വില്‍ക്കുകയും, രാഷ്ട്രീയ വിളവെടുപ്പും മുതലെടുപ്പും നടത്തുകയും ചെയ്യുന്നിടത്തേക്ക് വഴിചൂണ്ടിയാണ് കരി തുടര്‍ന്നങ്ങോട്ട് കനലായ് കത്തുന്നത്. ലളിതവും സരളവുമായ അവതരണത്തിന്റെ ആസ്വാദനവുമാണ് കരി. ഇത്രമേല്‍ വിശ്വസനീയവും, സ്വാഭാവികവുമായ കഥാപാത്രനിര്‍മ്മിതിയും, പരിചരണവും സമീപകാലത്തെങ്ങും മലയാളത്തില്‍ കണ്ടിട്ടില്ല. പ്രമേയത്തിന്റെ ഉള്‍ക്കനം പേറുന്ന കരി എന്ന പേരിനൊപ്പം, കൃത്രിമ വെളിച്ചത്തിലൂടെ പ്രകാശപൂര്‍ണ്ണമാകാതെ കറുപ്പിലേക്കും ഇരുട്ടിലേക്കുമാണ് സിനിമയുടെ ദൃശ്യസഞ്ചാരം.

കേരളത്തിന്റെ സാമൂഹ്യഘടനയിലും, മനോഘടനയിലുമുള്ള ജാതീയതയുടെ ആഴം തേടുകയും ആപത്ശങ്ക വ്യക്തമാക്കുകയുമാണ് സംവിധായകന്‍. ക്ഷേത്രമതിലിന് പുറത്തായ കരിങ്കാളിയും,സമൂഹത്തില്‍ പിന്‍നിരയിലേക്ക് അകറ്റപ്പെട്ട കീഴാളരും കരിയില്‍ ഒന്ന് തന്നെയാണ്. ജാതീയമായ അസഹിഷ്ണുതയുടെ സംഘടിത കേന്ദ്രങ്ങളായി പൊതുമണ്ഡലവും, തൊഴിലിടവും,സൗഹൃദവും,രാഷ്ട്രീയവുമെല്ലാം മാറുന്നതിലെ ആശങ്ക സിനിമയില്‍ കാണാം. ജാതീയ വിവേചനത്തെ മനുഷ്യപക്ഷത്ത് നിന്ന് സമീപിക്കാനാണ് സംവിധായകന്‍ ഷാനവാസ് ശ്രമിക്കുന്നത്.

കരിങ്കാളി വഴിപാട് മുടങ്ങാതിരിക്കാന്‍ അയ്യപ്പനെ ശരണം പ്രാപിക്കുകയാണ് ഗോപുവും ബിലാലും. കലയ്ക്ക് വേണ്ടിയാണെങ്കില്‍ പറ്റില്ല, പണം കിട്ടിയാല്‍ കരിങ്കാളി കെട്ടാമെന്ന് സമ്മതിക്കുകയാണ് അയ്യപ്പന്‍. സവര്‍ണ്ണബോധവും മുതലാളിത്തമനസ്സുമായി നീങ്ങുന്ന ഗോപു കേശവന്‍ ഗത്യന്തരമില്ലാതെ അയ്യപ്പന് പിന്നാലെ കൂടുന്നു. തന്റെ ദരിദ്രാവസ്ഥയും നിസ്സഹായതയുമാണ് ജാതീയതയുടെ കോലമിടാന്‍ അയ്യപ്പനെ നിര്‍ബന്ധിതനാക്കുന്നത്. ഭക്ഷണത്തിനും, തൊഴിലിനും, വിശ്വാസത്തിനും മതിലുയര്‍ത്തുന്ന ജാതീയത പക്ഷേ  ലഹരിക്ക് മുന്നില്‍ ഒരുമപ്പെടുന്നതിനെയും കരി തുറന്നുകാട്ടുകയാണ്. അയ്യപ്പന്റെ കീഴാളബോധവും നിസ്സഹായതയും പ്രതിരോധവും പ്രതിഷേധവുമെല്ലാം പൊട്ടിപ്പുറപ്പെടുന്നത് ലഹരിമൂര്‍ച്ഛയിലാണ്. മസ്ദൂരെന്ന് പറയുമ്പോ ലൈന്‍മാനുമല്ല തെങ്ങേറ്റക്കാരനുമല്ല കരിങ്കാളിയുമല്ല,മനുഷ്യനാണെന്ന് തോന്നും, ഒരു പടപ്പ്. ഗോപുവിനും ബിലാലിനും മുന്നില്‍ അയ്യപ്പനിലെ നിസ്സഹായനായ മനുഷ്യന്‍ വെളിപ്പെടുന്നത് ഇങ്ങനെയാണ്. കീഴാളന്റെ കല ഉപരിവര്‍ഗ്ഗത്തിന് ആസ്വാദന ഉരുപ്പടി മാത്രമാകുന്നതിനെയും അയാള്‍ ചോദ്യം ചെയ്യുന്നുണ്ട്.

മലപ്പുറത്താണ് കഥാപ്രദേശമെങ്കിലും ആലപ്പുഴയെയും പാലക്കാടിനെയും തൃശൂരിനെയും പരാമര്‍ശിച്ച് ജാതിവിളയുന്ന കേരളത്തിലുടനീളം

കയറിയിറങ്ങുന്നുണ്ട് സിനിമ. മലപ്പുറം മലബാറിനെയാകെ പ്രതിനിധീകരിക്കുന്നതാകാം. ജാതീയത എത് നിമിഷവും തല പൊക്കി വിഷം തീണ്ടുന്ന ഇടമാണ് കേരളമെന്നതിന്റെ വിശദീകരണമാകുന്ന നിരവധി രംഗങ്ങളും കരിയിലുണ്ട്. ഉടലിന്റെ നിറം പ്രണയത്തെയും ജീവിതത്തെയും പരിമിതപ്പെടുന്നതിലെ നിസ്സഹായതയും നിലവിളിയും കരിങ്കാളിയുടെ ഉറഞ്ഞുതുള്ളലിലുണ്ട്. കരിയുടെ വലിയ ചിരി കണ്ണീരായി മാറുന്നത് അതുകൊണ്ടാണ്. നീ വെളുത്തത് കൊണ്ടല്ലേ നമ്മള്‍ രണ്ടിടത്തായത് എന്ന് കാമുകിയോട് അയ്യപ്പന്‍ പറയുന്നിടത്തും മകന്‍ തടിച്ചില്ലെങ്കിലും വെളുത്താല്‍ മതിയെന്ന അമ്മയുടെ ആഗ്രഹത്തിലും ചിരിക്കപ്പുറത്തുള്ള നോവും, നിസ്സഹായതയുമുണ്ട്.

കരിയെയും കറുപ്പിനെയും പല മാനങ്ങളിലുള്ള വായനയ്ക്ക് വിധേയമാക്കുന്നുണ്ട് സിനിമ. ഹോട്ടല്‍ റൂമിലും വഴി വക്കിലും കരിങ്കാളി മുറ്റത്തുമെല്ലാം ഒളിനോട്ടതൃപ്തിയടയുന്ന ആണിനെയും പെണ്‍മയുടെ സംഘടിതരൂപവുമെല്ലാം കാലമാവശ്യപ്പെടുന്ന രൂപകങ്ങളായി സിനിമയിലുണ്ട്. ആന ഇടയുമ്പോള്‍ നാല് പാടും ചിതറുന്ന ആചാരങ്ങളും ആള്‍ക്കൂട്ടവും,പണ്ട്് പുഴ ഉണ്ടായിരുന്ന ഇടമെന്ന് ഭാരതപ്പുഴയെ

ഫോണില്‍ പരിചയപ്പെടുത്തുന്ന രംഗം,ഭാരതപ്പുഴയില്‍ കുളിച്ചോ എന്ന ചോദ്യത്തിന് വിയര്‍ത്ത് കുളിച്ചു എന്ന മറുപടി,  ബ്ലാക്ക് ഹ്യൂമറിന്റെ വിശാല സാധ്യതയിലേക്ക് കരിയെ നയിക്കുന്നുണ്ട്.

ന്യൂ ജനറേഷന്‍ ബ്രാന്‍ഡില്‍ നാഗരിക ആകുലതകളും, ഉപരിപ്ലവ രാഷ്ട്രീയവും ആവര്‍ത്തിക്കുന്ന സൃഷ്ടികളും, കേവലനന്മയിലൂന്നിയ സന്ദേശകാവ്യങ്ങളും വാഴുന്ന നമ്മുടെ സിനിമാപരിസരം യാഥാര്‍ത്ഥ്യബോധവും മൗലികതയുമുള്ള ഈ സിനിമയെ ആനയിക്കാനിടയില്ല.

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലും കരി പുറത്തായിരുന്നു. ഉത്തമമെന്നും അധമമെന്നും നിറംകെട്ടിത്തിരിച്ച് കരിങ്കാളിയെ ക്ഷേത്രത്തിന് പുറത്താക്കുന്ന ആചാരപ്പഴമ തന്നെയാണ് മറ്റൊരു തരത്തില്‍ കാലികമൂര്‍ച്ചയുള്ള ഈ ചിത്രത്തിന് പടിയടച്ചത്.

കരിങ്കാളിയുടെയും കീഴാളന്റെയും ദ്വന്ദ്വത്തില്‍ ഉഴലുന്ന അയ്യപ്പനെ കെ.ടി സതീശന്‍ അതിഗംഭീരമായി അവതരിപ്പിച്ചു. ബിലാല്‍ എന്ന കഥാപാത്രമായ രാംമോഹനെ മലയാള സിനിമയ്ക്ക് ഇനിയും നന്നായി പ്രയോജനപ്പെടുത്താനാകും. ഗോപുകേശവും കഥാപാത്രത്തോട് നീതി പുലര്‍ത്തി. മറ്റെല്ലാ അഭിനേതാക്കളിലും ജീവിതപരിസരത്ത് നിന്ന് കണ്ടെടുക്കാവുന്നവരോളം വിശ്വസനീയത സംവിധായകന്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ജാതീയമായി ആക്രമണത്തില്‍ നിന്നും, വ്യവസ്ഥിതിയുടെ ഭീഷണിയില്‍ നിന്നും അയ്യപ്പന്‍ കുതറി രക്ഷപ്പെടുന്നത് നാട്ടില്‍ നിന്ന് കാട്ടിലേക്കാണ്. പണ്ടെങ്ങോ പുഴയായിരുന്ന മണല്‍പ്പരപ്പിലായിരുന്നു തൊട്ടുമുമ്പ് അയാള്‍ അഭയം തേടിയത്. ജീവിതത്തിന്റെ ഇരുള്‍പ്പടര്‍പ്പിലേക്കും കരി എന്ന കേന്ദ്രപ്രമേയത്തിന്റെ വിവിധ മാനങ്ങളിലേക്കും സ്വാഭാവികതയോടെ കടന്നുചെല്ലുന്നതാണ് രാമചന്ദ്രന്റെ ക്യാമറ. സിനിമാറ്റിക് കൃത്രിമത്വമില്ലാതെയുള്ള ദൃശ്യപരിചരണം പ്രമേയത്തെ വിശ്വസനീയ പ്രതലത്തിലാക്കാന്‍ നന്നായി സഹായിച്ചിട്ടുണ്ട്. സുദീപ് പളനാടിന്റെ സംഗീതവും പശ്ചാത്തലവും മികച്ച ഭാവപരിസരമാണ് ഒരുക്കിയത്.

കരി നമ്മുടെ നടപ്പുകാലത്തിന്റെ കരി പുരണ്ട മുഖമാണ്. കാലമാവശ്യപ്പെടുന്ന കാഴ്ച. ജാതി രാഷ്ട്രീയവും സാമുദായിക പ്രീണനവും ഒരു ജനതയെ ഇരുണ്ട നാളിലേക്ക് തിരിച്ചുവിടുമ്പോള്‍ അതിനോടുള്ള ചെറുത്തുനില്‍പ്പാകുന്നുണ്ട് ഈ ചിത്രം. നിര്‍ബന്ധമായും കാണേണ്ട സിനിമ.

ജാതീയതക്കെതിരെ അട്ടഹാസം മുഴക്കി 'കരിങ്കാളി' എന്ന ഒറ്റയാൾ നാടകം. കരിങ്കാളിയായും മൂക്കൻ ചാത്തനായും അപ്പു എന്ന കോമരമായും പുന്നയൂർക്കുളം ചെറായി സ്വദേശി ബേബി രാജ് അരങ്ങിൽ ആടിത്തിമിർക്കുേമ്പാൾ അഭിമാനിക്കാനേറെയുണ്ട്. രചയിതാവും സംവിധായകനുമായ ഒരുമനയൂർ സ്വദേശി അശോകൻ ആചാരിയുമൊത്ത് ഒരുക്കിയ നാടകത്തിൽ കരിങ്കാളിയിൽ കീഴാളർ അടക്കിവെച്ച ആത്മരോഷങ്ങളും ഹൃദയ വിലാപങ്ങളുമാണ് പങ്കുവെക്കുന്നത്.  പറയ സമുദായത്തി​െൻറ കലാരൂപമാണ് കരിങ്കാളി. ഭഗവതിയുടെ രൗദ്ര രൂപമായ കരിങ്കാളി ദേശത്തി​െൻറ ക്ഷേമ െഎശ്വര്യങ്ങൾക്കായി നില കൊള്ളുന്നുവെന്നാണ് ഐതിഹ്യം. ദേഹമാസകലം കരിപൂശി, കച്ചകെട്ടി, കാലിൽ ചിലങ്കയണിഞ്ഞ് വാളുമേന്തി തുള്ളിച്ചാടിയാണ് കരിങ്കാളി അരുളപ്പാട് അറിയിക്കുന്നത്. തുള്ളലെല്ലാം അവസാനിച്ച് ചിലങ്കയും അരക്കച്ചയും അഴിച്ച് ശരീരത്തിലെ കരി കഴുകി കളഞ്ഞാൽ അവൻ തീണ്ടാപ്പടി അകലെ നിൽക്കേണ്ട അവസ്ഥയാണിന്നും. കാലം മാറിയിട്ടും പൂർവാധികം ശക്തിയാർജിച്ച് സടകുടഞ്ഞ് നിൽക്കുന്ന ഈ ജാതീയ ചിന്തകൾക്കും സാമൂഹിക ഉച്ചനീചത്വങ്ങൾക്കുമെതിരെയാണ് 'കരിങ്കാളി'യിലൂടെ ശബ്ദമുയർത്തുന്നത്.