05-03

ഓർഹൻ പാമുക്
ചുവപ്പാണെന്റെ പേര്


ഭാരതം അക്ബർ ചക്രവർത്തി ഭരിക്കുന്ന കാലത്ത് തുർക്കിയിൽ ജീവിച്ചിരുന്ന ഒരു സംഘം ചിത്രരചയിതാക്കളുടെ കഥയാണ് ചുവപ്പാണെന്റെ പേര്

* ഓർഹൻ പാമുക്*
        2006 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനംനേടിയ തുർക്കി സാഹിത്യകാരൻ,ഓർഹൻ പാമുക് 1952 ജൂൺ 7 ന് ഈസ്താംബൂളിൽ ജനിച്ചു.1982ൽ ആദ്യ നോവൽ ജവ്ദെത് ബേയും മക്കളും പ്രസിദ്ധീകരിച്ചു.1998 ൽ രചിച്ച ചുവപ്പാണെന്റെ പേര് ഇൻറർനാഷണൽ ഇംപാക് ഡബ്ലിൻ ലിറ്റററി അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
നോവൽ രചനയിൽ അനന്യമായ ഒരു ശൈലിയാണ് പാമുഖ് സ്വീകരിച്ചിട്ടുള്ളത്. ഈ നോവലിലെ ഒരു കഥാപാത്രം (ഓർഹൻ) താൻ തന്നെയാണ് എന്ന് സൂചിപ്പിക്കുന്നുണ്ട്. കഥ സ്വന്തമാവുമ്പോൾ സത്യസന്ധത ആൽപ്പം കുറയാമല്ലോ?. ഓരോ അദ്ധ്യായവും ഓരോ കഥാപാത്രത്തിന്റെ സ്വഗതമാണ്, അതിനാൽ വക്താവ് ആരാണെന്നറിയാൻ ചുരുങ്ങിയത് അടുത്ത അധ്യായമെങ്കിലും എത്തേണ്ടി വരും. "ഞാൻ ഒരു ഘാതകൻ എന്ന് വിളിക്കപ്പെടും" എന്ന അധ്യായത്തിലെ ആഖ്യാതാവിനെ(ഈ പേരിൽ കുറേ അദ്ധ്യായങ്ങളുണ്ട്) അവസാനം വരെ മറച്ചു വച്ചിരിക്കുകയാണ്! നോവൽശിൽപ്പം മനസ്സിലാക്കണമെങ്കിൽ കുറച്ച് അദ്ധ്യായങ്ങളുടെ കഥ എങ്കിലും മനസ്സിലാക്കണം. അതിനാൽ ആദ്യ അദ്ധ്യായങ്ങളുടെ ഒരു നഖചിത്രം ചേർക്കുന്നു. നോവൽ വായനയുടെ അനുഭൂതി നഷ്ടമാവാതിരിക്കാൻ സാങ്കേതികതയുടെ കെട്ടു മാത്രമേ തുറക്കുന്നുള്ളു. പുസ്തകം വായനയെ ഒട്ടൊന്നു സഹായിക്കുമെന്നല്ലാതെ, വായനാനുഭൂതി ചോർത്തിക്കളയില്ലെന്ന് ഞാൻ ആഗ്രഹിക്കുന്നു;പ്രതീക്ഷിക്കുന്നു.
    ഒരു മൃതശരീരത്തിന്റെ ഏകഭാഷണത്തിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. മരിച്ചിട്ടും മതകർമ്മങ്ങൾ അനുഷ്ഠിക്കാത്തതിനാലാവും ആത്മാവ് വിട്ടു പോകാത്ത ,തല തകർന്ന് കിണറ്റിനടിയിൽ കിടക്കുന്ന മൃതശരീരം. ഗംഭീരവും അനന്യവുമാണ് ഈ തുടക്കം.
പന്ത്രണ്ടു വർഷത്തെ അലച്ചിലിനൊടുവിൽ ഈസ്താംബൂളിലെത്തുന്ന ബ്ലാക്കിന്റെ കഥയിൽ നോവലിന്റെ രണ്ടാമധ്യായം തുടരുന്നു. ഞാനൊരു നായയാണെന്ന മൂന്നാമദ്ധ്യായം ഇസ്ലാമിലെ നായ സങ്കൽപ്പത്തെ ഇക്കാലത്ത് പ്രകോപിപ്പിച്ചേക്കാം. ഒരു ചിത്രഭാഷണക്കാരൻ കഥ പറയുന്ന സങ്കേതമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.ചിത്രത്തിനു് നോവലിൽ തന്റേതായ സ്ഥാനമുണ്ടെന്ന് പുറകേ വ്യക്തമാവും. ഒരു ചിത്രവായനക്കാരൻ നമുക്ക് അപരിചിതനുമാണല്ലോ.
  എനിഷ്ത്തെ എഫന്റി, പ്രധാന ചിത്രകാരൻ ഉസ്താദ് ഉസ്മാൻ,സഹ ചിത്രകാരൻ ,ചിത്ര പുസ്തകം രചിപ്പിക്കുന്ന സുൽത്താൻ,എലിഗന്റ്, എലിഗൻറിനെ വധിക്കുന്ന ബാല്യകാല സുഹൃത്തായ ചിത്രകാരൻ ,എന്നിവരെ ഞാനൊരു ഘാതകൻ എന്നു വിളിക്കപ്പെടും എന്ന നാലാമദ്ധ്യായത്തിൽ പരിചയപ്പെടാം.( കിണറിൽ നിന്ന് 12 അടി അകലെ കുഴിച്ചിട്ട നിധി) മൂന്ന് ,പന്ത്രണ്ട് എന്നീ സംഖ്യകൾക്ക് ഈ നോവലിൽ വലിയ പ്രാധാന്യമുണ്ട്.
      ബ്ലാക്കിന്റെ അമ്മാവൻ എനിഷ്തെ കഥ പറയുന്നു. "കുടിയനും മുൻ കോപിയുമാണ് അവന്റെ അച്ഛൻ, എന്റെ മരണപ്പെട്ടഭാര്യയുടെ ചേച്ചിയാണ് അവന്റെ അമ്മ. ആറാം വയസിലാണവൻ എന്റെ വീട്ടിലെത്തിയത് .ഇരുപത്തിനാല് വയസ് അവനുള്ളപ്പോൾ 12 വയസുള്ള എന്റെ മകളോടു തോന്നിയ അനുരാഗമാണ് അവനെ പരിത്യജിക്കേണ്ടി വരാൻകാരണം.
         അതിസുന്ദരിയായ മകളെ (ഷെകുരെ)വിവാഹം കഴിച്ച തുർക്കി കുതിരപട്ടാള്ളക്കാരൻ നാലുവർഷമായി തിരിച്ചു വന്നിട്ടില്ല.സുൽത്താനു വേണ്ടി രചിക്കുന്ന രഹസ്യ സചിത്ര പുസ്തകത്തിൽ ചിത്രം വരക്കാനാണവനെ വരുത്തിയത്.
  ആറാമദ്ധ്യായം ഓർഹൻ കഥ പറയുന്നു.(ഓർഹൻ താൻ തന്നെയാണെന്ന സൂചന അവസാനം നൽകുന്നുമുണ്ട് - ഒരു സഹസ്രാബ്ദത്തിനു മുമ്പുള്ളതാണ് കഥ എങ്കിലും). ചേട്ടൻ ഷൗക്കത്ത് .മുത്തച്ഛൻ .അമ്മ. മുത്തഛനോടു സംസാരിക്കുന്ന ബ്ലാക്.തങ്ങളുടെ വികൃതി ബ്ലാക്ക് അറിയാതിരിക്കാൻ ശ്രമിക്കുന്ന അമ്മയുടെ നോട്ടം.ഒക്കെയാണിതിൽ.
     ഹിജറ ആയിരത്തിൽ പുസ്തകം പൂർത്തിയാക്കണമെന്നാണ് സുൽത്താന്റെ മോഹം. എനിഷ്തെ എഫന്റി അതിനാണ് ബ്ലാക്കിനെ വരുത്തിയത്. മുഖ്യ ചിത്രകാരൻ ഉസ്താദ് ഉസ്മാനാണ്.ഈ മുഖ്യസ്ഥാനം ഉസ്മാന് ലഭിച്ചതുകൊണ്ട് എനിഷ്ത്തെക്ക് ഉസ്മാനുമായി രസക്കുറവുണ്ടായിരുന്നു..
ബ്ലാക്കിന്, ഷെകുരെ നൽകിയ കത്ത് ഒരു വലിയ ജൂതസ്ത്രീ (എസ്തെർ - ചില അദ്ധ്യായങ്ങൾ എസ് തെർ പറയുന്നവയാണ് )രഹസ്യമായി ഏൽപ്പിച്ചു.കത്തു കൊടുത്ത എസ്തെറാണ് എട്ടാം അദ്ധ്യായം പറയുന്നത്.ആ കത്തിൽ തന്നെ ഇനി കാണരുതെന്നാണവൾ എഴുതിയിരിക്കുന്നത്.(അതിന്റെ അർത്ഥം എന്താണെന്നറിയാൻ നോവൽ വായിക്കുക തന്നെ വേണം)
  9.ഷെകുരെ പറയുന്നു. ബ്ലാക്കിന്റെ പ്രണയാഭ്യർത്ഥന പിതാവിനെ അറിയിച്ചത്. പട്ടാളക്കാരനുമയുള്ള വിവാഹം .രണ്ടു കുട്ടികൾ. തിരിച്ചു വരാത്ത ഭർത്താവ്. അയാളുടെ 8 വയസിനിളപ്പമുള്ള സഹോദരന്റെ പാതിരാ പ്രകടനത്തിൽ ഭർതൃഗൃഹം ഉപേക്ഷിച്ചത്. ( തുർക്കിയിലെ ആണ്ണധികാരത്തിലെ പെൺ നോവുകൾ വായനക്കാരനിൽ നൊമ്പരമുണ്ടാക്കും).
     ഗ്രന്ഥത്തിലേക്ക് വരക്കപ്പെട്ടെങ്കിലും കൊള്ളയടിക്കപ്പെട്ട മരമാണ്( ചിത്രം)പത്താമധ്യായം പറയുന്നത്. എനിക്കൊരു വൃക്ഷമാകണ്ട, അതിന്റെ അർത്ഥമായാൽ മതി എന്നാഗ്രഹിക്കുന്ന മരം.
     11ബ്ലാക് പറയുന്നു.
ചിത്രങ്ങളെപ്പറ്റി മഹാചിത്രകാരൻ ചോദിച്ച മൂന്നു ചോദ്യങ്ങൾ.
എസ്തയേറിനെ കണ്ട്, ഷെകുരക്കെഴുതിതിയ കത്തു കൊടുക്കുന്നു.
       ബട്ടർഫ്ലൈ( ഹസൻ ചെലേബി)യാണ് പന്ത്രണ്ടാം അദ്ധ്യായം പറയുന്നത്. ബാല്യകാല സുഹൃത്ത്. മൂന്ന് കഥകൾ
  13 സ്റ്റോർക്ക് .
ചിത്രകലയെ സംബന്ധിക്കുന്ന മൂന്ന് കഥകൾ
14 ഒലിവ്, ( വെലിജാൻ )അന്ധതയെയും ഓർമ്മയേയും കുറിച്ചുള്ള മൂന്ന് കഥകൾ .ഒടുവിൽ എലിഗൻറ് എഫെൻറിയുടെ മൃതദേഹം കിട്ടിയ കാര്യം അറിയുന്നു.
 15.എസ്തെർ പറയുന്നു.
തന്നെ പുനർവിവാഹം
ചെയ്തയക്കാൻ പിതാവിനു താൽപ്പര്യമില്ലെന്നവൾക്കറിയാം.
   19 ആം അധ്യായം ഉസ്താദ് സ്റ്റോർക്കിന്റെ ഒരു സ്വർണ്ണ നാണയമാണ് പറയുന്നത്. കള്ളക്കമ്മട്ടവും കള്ളന്മാരും, വിവിധ തരത്തിൽ നാണയം സൂക്ഷിക്കുന്ന / സ്നേഹിക്കുന്ന മനുഷ്യരുടെ കഥ രസകരമായി അവതരിപ്പിക്കുന്നു.
ഘാതകൻ ഷെകുരെയുടെ പിതാവ് (ദാദ)എനിഷ്തെ എഫൻറിയുടെ തല അടിച്ചു പൊളിച്ച് കൊല്ലുമ്പോൾ ,ഷെകുരെ ബ്ലാക്കുമായി (തൂക്കിക്കൊന്ന ജൂതന്റെ വീട്ടിൽ വച്ച്) ഭോഗത്തിലേർപ്പെട്ടിരിക്കുകയായിരുന്നു.
 31ആം അദ്ധ്യായത്തിലാണ് ചുവപ്പ് കഥപറയാനായി എത്തുന്നത് .യുദ്ധത്തിലും രതിയിലും ചിത്രങ്ങളിലും എവിടെയുമുള്ള ചുവപ്പിനെ ഉസ്താദ് സൃഷ്ടിച്ചത് ഹിന്ദുസ്ഥാനിലെ ഏറ്റവും ഉഷ്ണമേറിയ പ്രദേശങ്ങളിൽ നിന്നും ഏറ്റവും നല്ലയിനം വണ്ടുകളെ പൊടിച്ചെടുത്ത് അഞ്ചു ഭാഗം ചുവപ്പുപൊടിയും ഒരു ഭാഗം മഷിച്ചെടിയും വെള്ളത്തിൽ കലർത്തി തിളപ്പിക്കലും അരിക്കലും ആവർത്തിച്ച് ചെയ്താണ് !
    പന്ത്രണ്ട് കഥാപാത്രങ്ങൾ കഥ പറച്ചിലുകാരാണ്. അതിൽ ഒരു ചെറിയ അദ്ധ്യായത്തിന്റെ മാത്രം കാഥികനായ ചുവപ്പിന്റെ പേര് പുസ്തകത്തിനു നൽകിയതെന്തെന്നു ചിന്തിക്കണം. സത്യത്തിൽ രണ്ടു ചിത്രങ്ങൾ ഉൾപ്പടെ പതിനൊന്നു പേരും ചുവപ്പു തന്നെ.
ഒരു കൊലപാതകവും അതിന്റെ അന്വേഷണവും പോലെയാണ് ആഖ്യാനം. ഇസ്ലാമിക ലോകവും ചിത്രരചനയിലെ സൂക്ഷ്മാന്വേഷണവുമൊക്കെ ജീവിതാന്വേഷണം തന്നെയാണ്.
      രചനാ സങ്കേതം പിടികിട്ടുന്നതു വരെയേ ഉള്ളൂ വായന ശ്രമകരമാവുക. ഒന്നോ രണ്ടോ അദ്ധ്യായം കഴിയുമ്പൊഴേക്കും വായന സുഖകരമാവും. മരണത്തെ ഇത്ര നിർമ്മമത്വത്തോടെ ആർക്കെങ്കിലും അവതരിപ്പിക്കാനാകുമോ എന്ന് സംശയമാണ്. ഒരു പെണ്ണിനെ മനസ്സിലാക്കാൻ ഒരാൾക്കമാവില്ല എന്ന് നായിക തന്നെ വിചാരിക്കുന്നുണ്ട്. ശരിക്കും ഷെകുരെയെ മറ്റൊരാൾക്കും മനസ്സിലാക്കാനാവില്ല. ഷെ കുരയെ മാത്രമോ 12 വർഷം പ്രണയിച്ചു നടന്ന സ്ത്രീയെ ആദ്യം കിട്ടിയപ്പോൾ വദനസുരതത്തിനു നിർബന്ധിച്ച ബ്ലാക്കിനെയാണോ വെട്ടുകൊണ്ട് മരണാസന്നനാ ചിക്കിടക്കുന്ന ബ്ലാക്കിന് അയാൾ ആഗ്രഹിച്ചത് ചെയ്തു കൊടുക്കുന്ന ഷെകുരെയെ ആണോ മറ്റുള്ളവർക്ക് മനസ്സിലാക്കുക!.ഷെകുരെ യെ മോഹിച്ച ഭർത്തൃ സഹോദരൻ ഹസൻ കൊന്നത് അവളെ സ്വന്തമാക്കിയ ബ്ലാക്കിനെ കൊല്ലാൻ ശ്രമിച്ചിട്ടു് ഇന്ത്യയിൽ അക്ബർ ചക്രവർത്തിയുടെ രാജസഭയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച വെലിജാൻ എഫന്റി എന്ന ഒ ലിവിനെ ! അതും ബ്ലാക്കിനോടുള്ള വിരോധത്താൽ. മനുഷ്യാവസ്ഥകൾ എത്രമേൽ പ്രവചനാതീതമാണെന്നു കാണിച്ചുതരുന്നുണ്ട്, ഈനോവൽ.
 ഷെകുരെ ആനന്ദത്തിന്റെ ചിത്രത്തെപ്പറ്റി പറയുന്നു. കൈകളാൽ താലോലിച്ചുകൊണ്ട് ഓർഹന് പാൽ ചുരത്തുകയാണ് അമ്മ.ഒരൽപ്പം അസൂയാലുവായ ഷൗക്കത്തിന്റെ (ചേട്ടൻ)കണ്ണുകൾ ഷെകുരെ(അമ്മ)യുടെ കണ്ണുകളുമായി കൊരുത്തിരിക്കുന്നു.      എല്ലാ ആസക്തികളുമുള്ള സ്ത്രീയുടെ ആത്യന്തിക ആനന്ദം തന്റെ  മക്കളുടെ സന്തോഷമാണെന്നു പറഞ്ഞാണ് മുകളിൽ പറഞ്ഞ ചിത്രത്തിൽ നോവൽ അവസാനിക്കുന്നത്. ഷെകരെയുടെ പല ഇഷ്ടങ്ങളെയും അവിശ്വസനീയമായി രൂപപ്പെടുത്തിയത് ഈ മാതൃവാത്സല്യമായിരുന്നു എന്ന് ഒരു ഞെട്ടലിന്റെ അനുഭൂതി ചാലിച്ച സന്തോഷത്തോടെ അനുവാചകൻ അറിയുന്നു  .വയനയെ കുറേയൊക്കെ തടസപ്പെടുത്തിയേക്കാമെങ്കിലും വായനയുടെ ഒടുവിൽ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന നോവലാണ് ഓർഹൻ പാമുക്കിന്റെ ചുവപ്പാണെന്റെ പേര്.          
വിവർത്തനത്തെപ്പറ്റി മാത്രം ഒന്നും മിണ്ടുന്നില്ല                       .            


നല്ല കുറിപ്പ്.  
ഈ പുസ്തകം  സാധാരണ ഗതിയിൽ വായിച്ചു നീക്കാൻ വലിയ  പാടാണ്. ക്രമാനുഗതമല്ലാത്ത കഥാപാത്ര വിന്യാസം,
സാഹിത്യാഭിരുചിയില്ലാത്ത പദാനുപദ തർജ്ജമ.  
ചിലയിടത്തെങ്കിലും നാലപ്പാടനോ, കടമ്മനിട്ടയോ, രമാ മേനോനോ, പുത്തേഴനോ ചെയ്യുന്ന പോലെ മനോഹരമായ മലയാള പദങ്ങൾ  എടുക്കാമായിരുന്നു. പകരം  ജീവനില്ലാത്ത പദങ്ങളുടെ വിന്യാസമാണ് പരിഭാഷയെ ജീവനില്ലാതെ ആക്കിയത് .