04-10-17

🌸🌸🌸🌸🌸🌸🌸🌸
🦋🦋🦋🦋🦋🦋🦋🦋
💐💐💐💐💐💐💐💐
     ലോകസാഹിത്യം
      അവതരണം:നെസി
💐💐💐💐💐💐💐💐
🦋🦋🦋🦋🦋🦋🦋
📝📝📝📝📝📝📝

📚📚
📘📘📘📘📘📘📘
ലോക സാഹിത്യ വേദിയിലേക്ക് സ്വാഗതം

📕📕📕📕📕📕📕
എക്കാലത്തും ജനങ്ങളുടെ ശബ്ദമായി നിലകൊണ്ട പോർച്ചുഗീസ് എഴുത്തുകാരനായിരുന്നു ഷൂസെ സരമാഗോ.
ഹൊസേ സരമാഗോ
നോബൽ സമ്മാന വിജയിയായ പോർച്ചുഗീസ്‌ സാഹിത്യകാരനും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു ‌ഹൊസേ ഡി സൂസ സരമാഗോ (ജനനം. നവംബർ 16, 1922 - ജൂൺ 18 2010).പോർച്ചുഗിസ് ഭാഷയിൽ നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ സാഹിത്യകാരൻ. ചരിത്രാധിഷ്ടിതവും ഭാവനാസമ്പന്നവുമായ നോവലുകളിലൂടെ ലോകശ്രദ്ധയാകർഷിച്ചു. ചരിത്രസംഭവങ്ങളുടെ അട്ടിമറികളെക്കുറിച്ചുള്ള വീക്ഷണകോണുകളാണ് ഹോസെ സരമാഗോയുടെ കൃതികളിലെ ഒരു പൊതുവായ വിഷയം. ഔദ്യോഗിക കഥാതന്തുവിനെക്കാൾ സരമാഗോ മാനുഷിക വശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. അദ്ദേഹത്തിന്റെ പല കൃതികളും ഉപമാത്മകമാണ്.പോർച്ചുഗിസ് ചരിത്രവുമായി ബന്ധപ്പെട്ട അതിസൂക്ഷ്മമായ വ്യാജോക്തിയും സമ്പന്നമായ ഭാവനയും നിറഞ്ഞ ഇദ്ദേഹത്തിന്റെ കൃതികളിൽ പലതും വിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട് . 1998-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി. ബ്ളൈൻഡ്‌നെസ്(നോവൽ, യേശുക്രിസ്തുവിന്റെ സുവിശേഷം (The Gospel According to Jesus Christ) എന്നിവയാണ്‌ പ്രശസ്ത കൃതികൾ.
ജനനം 1922 നവംബർ 16
അസിൻഹാഗ, സന്താറെം, പോർച്ചുഗൽ
മരണം 2010 ജൂൺ 18 (പ്രായം 87)
Tías, Las Palmas, സ്പെയിൻ
ദേശീയത പോർച്ചുഗീസ്
തൊഴിൽ Playwright, നോവെലിസ്റ്റ്
ജീവിത പങ്കാളി(കൾ) Pilar del Rio (m. 1988)
പുരസ്കാര(ങ്ങൾ) സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1998
ഉപന്യാസം,കവിത,നോവൽ,നാടകം, ചെറുകഥ എന്നി വിഭാഗങ്ങളിൽ 24 കൃതികളോളം രചിച്ചു. കൃതികളുടെ വിവർത്തനം 25 രാജ്യങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട് .കത്തോലിക്കാ സഭയുടെ പ്രവർത്തന രീതികളെയും,ഇടപെടലുകളെയും സരമാഗു തന്റെ കൃതികളിലുടനീളം എതിർത്തുപോന്നു.

ദി ഇയർ ഒഫ് ദ ഡത്ത് ഒഫ് റിക്കാർഡോറീസ്
ദി സ്റ്റോൺ റാഫ്റ്റ്, ദി ഹിസ്റ്ററി ഒഫ് ദ സീജ് ഒഫ് ലിസ്ബൺ
ദി ഗോസ്പൽ അക്കോർഡിങ് ടു ജീസസ് ക്രൈസ്റ്റ്
ബ്ലൈന്റ്‌നെസ്: എ നോവൽ

ആൾ ദി നെയിംസ്


ഗുഹാഭിത്തിയില്‍ തെളിയുന്ന നിഴല്‍ച്ചിത്രങ്ങള്‍

മനുഷ്യന്‍റെ സാമൂഹ്യജീർണതകളുടെ ശക്തമായ രേഖാങ്കനമാണ് ഷുസെ സരമാഗുവിന്‍റെ ഗുഹ എന്ന അനശ്വര കൃതി.

കുത്തകകളുടെ നീരാളിപ്പിടിയിലമരുന്ന ജനങ്ങളുടെ ജീവിതത്തെ കാവ്യാത്മകമായി ചിത്രീകരിക്കുകയാണ് നൊബേല്‍ പുരസ്‌കാരജേതാവ് ഷുസെ സരമാഗുവിന്‍റെ നോവല്‍ ഗുഹ. ആധുനികനെന്നും പരിഷ്‌കാരിയെന്നും ബുദ്ധിശാലിയെന്നുമൊക്കെ അഭിമാനിക്കുന്ന മനുഷ്യനില്‍ വളര്‍ച്ചയുടെയോ ബുദ്ധിശക്തിയുടെയോ ഒക്കെ അടയാളമായി രേഖപ്പെടുത്തേണ്ടതായിരുന്നു സമത്വബോധവും സാഹോദര്യഭാവവും. എന്നാല്‍ അത് ഒരിക്കലും വ്യാപകമായരീതിയില്‍ നമുക്കിടയില്‍ സൃഷ്ടിക്കപ്പെട്ടില്ലെന്നു മാത്രമല്ല, വളര്‍ച്ചയുടെയും കണ്ടെത്തലുകളുടെയും പടവുകളോരോന്നും മനുഷ്യനെ ഒരുമിപ്പിക്കുന്നതിനുപകരം വര്‍ഗ്ഗങ്ങളായും വിഭാഗങ്ങളായുമൊക്കെ വിഭജിക്കുന്നതായാണ് നമുക്ക് അനുഭവപ്പെട്ടത്. സമ്പത്തും അധികാരവും ശക്തിയും സാമൂഹ്യജീവിയായ മനുഷ്യനെ ക്രമബദ്ധമായ, സ്ഥാനികമായ ശ്രേണികളാക്കി തിരിക്കുന്നതായാണ് നാം കണ്ടുവരുന്നത്. സമകാലികമായ ആഗോളവത്കരണവും വാണിജ്യവത്കരണവും ഈ സാമൂഹികക്രമീകരണത്തിന് ആക്കം കൂട്ടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യന്‍റെ സാമൂഹ്യജീർണതകളുടെ ശക്തമായ രേഖാങ്കനം ആണ് ഷുസെ സരമാഗുവിന്‍റെ ഗുഹ എന്ന അനശ്വര കൃതി.
പ്ലേറ്റോയുടെ വിഖ്യാതമയ അലിഗറിയില്‍നിന്നാണ് സരമാഗു ഈ കൃതിയുടെ പേര് കടംകൊണ്ടിരിക്കുന്നത്. ഒരു ഗുഹാഭിത്തിയില്‍ തളക്കപ്പെട്ടിരിക്കുന്ന മനുഷ്യര്‍, അവരുടെ സമീപം കൂട്ടിയിരിക്കുന്ന ആഴിയ്ക്കുമുന്നിലൂടെ കടന്നു പോകുന്നവരുടെ നിഴല്‍ച്ചിത്രങ്ങള്‍ ഭിത്തിയില്‍ പതിയുന്നതുകണ്ട് പേരിടുന്നതും വ്യാഖ്യാനിക്കുന്നതുമാണ് ഈ അലിഗറി. മനുഷ്യന്‍റെ ഇന്ദ്രിയാനുഭവങ്ങളെ അറിവുകളിലേക്ക് പരിണമിപ്പിക്കുന്നതിലുള്ള പോരായ്മയാണ് പ്ലേറ്റോ ഇതില്‍ ചര്‍ച്ച ചെയ്യുന്നത്. അതേപോലെ തങ്ങളുടെ വിശാലമായ അനുഭവപാഠങ്ങളെ തൊട്ടറിയാതെ പുരോഗമിക്കുന്ന മനുഷ്യനെയാണ് ഗുഹയില്‍ പ്രതീകാത്മകമായി ചിത്രീകരിക്കുന്നത്
കേന്ദ്രം എന്നു വിളിക്കപ്പെടുന്ന അജ്ഞാതമായൊരു നഗരകേന്ദ്രത്തിനെ ചുറ്റിപ്പറ്റിയാണ് സരമാഗു കഥ പറയുന്നത്. നഗരപ്രാന്തത്തില്‍ താമസിച്ച് കളിമണ്‍പാത്രങ്ങളും മറ്റും ഉണ്ടാക്കി കേന്ദ്രത്തില്‍ കൊണ്ടുചെന്ന് വിറ്റ് ജീവിതം കഴിക്കുന്ന സിപ്രിയാനോ അലിഗറും കുടുംബവുമാണ് ഇതിലെ പ്രധാനകഥാപാത്രങ്ങള്‍. എന്നാല്‍ മണ്‍പാത്രങ്ങളുടെ പ്രിയവും വില്പനയും കുറഞ്ഞതോടെ കേന്ദ്രത്തിന്റെ നിര്‍ദേശാനുസാരം കളിമണ്‍പാവകളുടെ നിർമാണത്തിലേക്കു തിരിയുകയാണ്. കപ്പല്‍ച്ചേതത്തിൽ അകപ്പെട്ടവര്‍ ഒരു ദ്വീപ് കണ്ട് അതു നല്ലദ്വീപോ പ്രേതദ്വീപോ എന്ന് തിരിച്ചറിയാനാകാതെ അങ്ങോട്ടേക്ക് തുഴയുന്നവരെപ്പോലെയായി ആ കുടുംബം. ദിവസങ്ങള്‍ മെനക്കെട്ട് രാപകല്‍ ചിന്തിച്ച് ആശയങ്ങള്‍ സൃഷ്ടിച്ച്, അതു മണ്ണില്‍ കുഴച്ചെടുത്ത് രൂപം പകര്‍ന്നും പൂർണത പോരെന്നു തോന്നി തച്ചുടച്ചും വീണ്ടും കുഴച്ചെടുത്തും ഒക്കെ പാവകളെ സൃഷ്ടിച്ചെടുത്തുകൊണ്ടിരുന്നു. അവരുടെ ശ്രമത്തെ അംഗീകരിച്ച് കേന്ദ്രം ഉടനടി 1200 പാവകളെ നിര്‍മ്മിച്ചു നല്‍കുവാനുള്ള ഓര്‍ഡര്‍ നല്‍കുന്നു. അതു പൂര്‍ത്തിയാക്കാന്‍ അവര്‍ സർവസ്വവും സമര്‍പ്പിച്ച് പണിയെടുത്തു തുടങ്ങുന്നു. എന്നാല്‍ ആധുനിക വിപണിവത്കരണത്തിന്‍റെ മുഖമുദ്രകളായി കരുതപ്പെടുന്ന വിപണി ഗവേഷണങ്ങളും വിശകലനങ്ങളും 
സാധുക്കളായ ഈ സാധാരണ നിര്‍മ്മാണത്തൊഴിലാളികളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നിടത്ത് കഥയില്‍ ഗതിവിഗതികള്‍ ഉണ്ടാവുകയാണ്.

നോവലിന്‍റെ പൊതുശൈലികളില്‍നിന്ന് വ്യത്യസ്തമായി വളരെ ചുരുങ്ങിയൊരു ഭൂമികയില്‍, പരിമിതമായ കഥാപാത്രങ്ങളിലൂടെയാണ് സരമാഗു ഗുഹ അവതരിപ്പിക്കുന്നത്. എന്നാല്‍ അവയുടെ പ്രഹരശേഷി പതിന്മടങ്ങു ശക്തമാണ് താനും. കേന്ദ്രം എന്ന അജ്ഞാതമായ നഗരവിപണനകേന്ദ്രം തന്നെ എടുക്കുക, അതിന് നിയതമായൊരു പ്രദേശം വർണിച്ച് അവതരിപ്പിക്കേണ്ട കാര്യമില്ല. കേരളത്തിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും സമാനതകള്‍ കണ്ടെത്താനാകും.
 സിപ്രിയാനോ ആല്‍ഗര്‍, മണ്‍പാത്രജോലികളില്‍ സഹായികൂടിയായ മകള്‍ മാര്‍ത്ത, മകളുടെ ഭര്‍ത്താവും കേന്ദ്രത്തിലെ ഗാര്‍ഡായി ജോലിചെയ്യുകയും ചെയ്യുന്ന മാര്‍ക്കല്‍ ഗാചോ, സിപ്രിയാനോയുടെ വളര്‍ത്തുപട്ടി ഫൗണ്ട് എന്നിവര്‍ മാത്രമാണ് ഉടനീളകഥപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. ഇവരിലൂടെ ജീവിതത്തെപ്പറ്റിയുള്ള ആധുനികമനുഷ്യന്‍റെ അടിസ്ഥാനകാഴ്ചപ്പാടുകളെ ചോദ്യം ചെയ്യാന്‍ സരമാഗുവിനു സാധിച്ചു എന്നതാണ് ഈ നോവലിന്‍റെ വിജയം. മനുഷ്യത്വത്തെ മുറുകെപ്പിടിച്ചവര്‍ക്ക് വേദനനിറഞ്ഞൊരു അനുഭവമാണ് ഈ നോവല്‍ സമ്മാനിക്കുക.

പരമ്പരാഗത തൊഴിലുപേക്ഷിച്ച് പുതിയൊരു തൊഴിലില്‍, പുതിയൊരു സ്ഥലത്ത് എത്തിപ്പെടുന്നതിന്റെ സിപ്രിയാനോയുടെ വേദന, താനൊരു അമ്മയാകാന്‍ പോകുന്നുവെന്ന് അറിഞ്ഞിട്ടും ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങളില്‍ മുങ്ങി ആഹ്ലാദിക്കാനാകാതെ നില്‍ക്കുന്ന മാര്‍ത്ത, തന്റെ ഉടമസ്ഥരുടെ വേദനകള്‍ അറിഞ്ഞിട്ടും ഒന്നും ചെയ്യാനാകാത്ത ഫൗണ്ട് അങ്ങിനെ അങ്ങിനെ സാധാരണ ജീവിതങ്ങളുടെ ഒട്ടേറെ ആശങ്കകള്‍, ആകുലതകള്‍ ഒക്കെ അത്യന്തം മിഴിവോടെ ആഖ്യാനം ചെയ്തിരിക്കുന്നു. സരമാഗുവിന്‍റെ വാക്കുകളുടെ ശക്തിയും ആഖ്യാനത്തിന്‍റെ സത്തയും ചോരാതെതന്നെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ വിവർത്തക ജാനകി ശ്രീധരന് സാധിച്ചിട്ടുണ്ട്.
സരമാഗോ നീണ്ട വാക്യങ്ങളിൽ എഴുതുന്നു. പലപ്പോഴും വാക്യങ്ങൾ ഒരു താളിനെക്കാളും നീളമുള്ളവയായിരിക്കും. അദ്ദേഹം കുത്ത് (.) വളരെ പിശുക്കിയേ ഉപയോഗിക്കാറുള്ളൂ. പകരം കോമ-കളാൽ വേർതിരിച്ച രീതിയിൽ വാക്യങ്ങളുടെ ഒരു അയഞ്ഞ ഒഴുക്കാണ് സരഗാസോയുടെ കൃതികളിൽ. അദ്ദേഹത്തിന്റെ പല ഖണ്ഡികകളും മറ്റ് പല എഴുത്തുകാരുടെയും കൃതികളിലെ അദ്ധ്യായങ്ങളെക്കാൾ നീണ്ടതാണ്. സംഭാഷണങ്ങളെ വേർതിരിക്കാൻ അദ്ദേഹം ക്വട്ടേഷൻ മാർക്ക് ഉപയോഗിക്കാറില്ല. പകരം പുതിയ സംഭാഷകന്റെ വാക്യത്തിലെ ആദ്യത്തെ അക്ഷരം കടുപ്പിക്കുന്നു (കാപ്പിറ്റൽ ലെറ്റർ). തന്റെ കൃതിയായ ബ്ലൈന്ഡ്നെസ്സ് ആന്റ് കേവിൽ അദ്ദേഹം തത്പുരുഷ നാമങ്ങൾ (പ്രോപർ നൌൺസ്) ഉപയോഗിക്കുന്നില്ല. നാമകരണത്തിലുള്ള ബുദ്ധിമുട്ട് സരമാഗോയുടെ കൃതികളിലെ ഒരു ആവർത്തിക്കുന്ന വിഷയമാണ്.
സരമാഗോയുടെ  ബ്ലെെൻഡ്നെസ്സ്എന്ന നോവൽ  അന്ധതഎന്ന നാടകമായി 5 വർഷം മുമ്പ് കേരളത്തിലെ അരങ്ങിലെത്തി.എസ്.സുനിൽ സംവിധാനം നിർവഹിച്ച അന്ധതയെ കുറിച്ച് നെറ്റിൽ വന്ന ലേഖനം👇

സാര്‍വജനീനമായ ആകുലതകളെ ജീവിതാവസ്ഥകളെ ചരിത്രത്തേയും കാലത്തേയും ഒക്കെ തന്റെ സാഹിത്യം കൊണ്ട് വരച്ചുവെക്കുന്ന എഴുത്തുകാരനായാണ് സരമാഗോ മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. 'പോസിബിള്‍ പോയംസ്' മുതല്‍ 'എലഫന്റ് ജേര്‍ണി' വരെയുള്ള അദ്ദേഹത്തിന്റെ വലിയ സാഹിത്യജീവിതത്തില്‍ വ്യത്യസ്ഥ ചരിത്ര സാഹചര്യങ്ങളിലെ മനുഷ്യന്റെ ഒറ്റപ്പെടല്‍ തന്നെയാണ് വിഷയമായിട്ടുള്ളത്. ദൃശ്യങ്ങളായി വായനക്കാരന് വായന അനുഭവപ്പെടുന്നഒരു സാഹിത്യ ഭാഷയാണ് അദ്ദേഹത്തിന്റേത്. 'അന്ധതയും' 'ക്രിസ്തുവിന്റെ സുവിശേഷവും' 'എലഫന്റ് ജേര്‍ണിയുമൊക്കെ' ഉദാഹരണങ്ങള്‍. പേരില്ലാത്ത നഗരത്തില്‍ പടര്‍ന്ന് പിടിക്കുന്ന അജ്ഞാതരോഗമായ 'വെളുത്ത അന്ധത' ബാധിച്ച മനുഷ്യരാണ് അന്ധതയിലെ കഥാപാത്രങ്ങള്‍. വിശ്രുത മെക്‌സിക്കന്‍ സംവിധായകന്‍ ഫെര്‍ണാോ മെര്‍സിലസ് അന്ധതയെ ചലചിത്രമാക്കുകയുണ്ടായി. ആ നോവലിന്റെ അതേപേരിലുള്ള നാടകാവിഷ്‌കാരമാണ് വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്‌സിന്റെ പുതിയ നാടക സംരംഭം. വിക്ടോറിയന്‍ ശീലങ്ങളിലാണ് ആധുനിക ഇന്‍ഡ്യന്‍ നാടകവേദി രൂപപ്പെട്ടിട്ടുള്ളത്. മൂവായിരം വര്‍ഷത്തോളം പഴക്കമുള്ള നാടക പാര്‍മ്പര്യം നമുക്കുണ്ടെന്നും ആ ശീലത്തിന്റെ തുടര്‍ച്ചയായിരിക്കണം ഇന്‍ഡ്യന്‍ തീയറ്റര്‍ എന്നുമുള്ള തിരിച്ചറിവില്‍ അന്വേഷണാത്മകമായ ഒരു പാട് നാടകശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കൂടിയാട്ടത്തേക്കാളും പഴക്കമുള്ള തെയ്യം നാടകമാണെന്ന തിരിച്ചറിവിലേക്ക് നമ്മുടെ നാടകവേദി ഉണരുന്ന പശ്ചാത്തലത്തില്‍ രംഗാവതരണത്തില്‍ സ്ഥലത്തിന്റെ തെരഞ്ഞെടുപ്പുമുതലുള്ള നാടകഭാഷയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കേരളത്തില്‍ സജീവമായി നടന്നിട്ടു്. ജോസ് ചിറമ്മല്‍, നരിപ്പറ്റ രാജു, നാട്ടുഗദ്ദിക എന്ന നാടകത്തിലൂടെ കെ ജെ ബേബി തുടങ്ങി വിക്ടോറിയന്‍ ഭാവുകത്വത്തില്‍നിന്നുള്ള മോചനത്തിന്റെ നാടകവേദിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരേറെ. ഈ തുടര്‍ച്ചയിലാണ് സെന്‍ട്രല്‍ ആര്‍ട്‌സിന്റെ അന്ധതയുടെ ഭാഷ പ്രസക്തമാകുന്നത്. എന്‍ ശശിധരന്‍ രചിച്ച കാസര്‍ഗോഡ് ജില്ലയിലെ 'കാടകം' ഗ്രാമത്തിന്റെ എഴുപതുവര്‍ഷത്തെ കഥ പറഞ്ഞ എസ്.സുനില്‍ സംവിധാനം ചെയ്ത 'ജീവചരിത്രം', ഒരു വലിയ തെങ്ങിന്‍ തോപ്പിനെ അരങ്ങാക്കിക്കൊണ്ട് അവതരിപ്പിച്ച 'ഈഡിപ്പസ് രാജാവ്' (സംവിധാനം:എസ്.സുനില്‍), കരിവെള്ളൂര്‍ മുരളി രചിച്ച് നരിപ്പറ്റ രാജു സംവിധാനം ചെയ്ത 'അരീന', രംഗവേദിയില്‍ ഇരുനൂറോളം വേദികളവതരിപ്പിച്ച 'കുരുതിപ്പാടം' എന്നീ നാടകങ്ങള്‍ക്ക് ശേഷമാണ് സെന്‍ട്രല്‍ ആര്‍ട്‌സ് അന്ധത അരങ്ങിലെത്തിച്ചത്.

നോവലിലെന്നപോലെ തീര്‍ത്തും സ്വാര്‍ത്ഥരായ, ഉപഭോഗജീവിതത്തിന്റെ തിളക്കങ്ങളില്‍ ജീവിതസാരം കെത്തുന്ന കുറേ കഥാപാത്രങ്ങളെ നാടകം പരിചയപ്പെടുത്തുന്നു. പൊങ്ങച്ചത്തിന്റേയും ചരക്കുവത്ക്കരണത്തിന്റേയും വലിയൊരു കാര്‍ണിവലില്‍ നാടകം ആരംഭിക്കുന്നു. പിന്നെ തീര്‍ത്തും ഒറ്റപ്പെട്ട് ജീവിതം ആഘോഷിക്കുന്ന ചിലകഥാപാത്രങ്ങളുടെ സ്വകാര്യതകളെ രംഗത്തവതരിപ്പിക്കുന്നു. ഇവരോരോരുത്തരും വിചിത്രമായ അന്ധതബാധിച്ച് നിസ്സഹായരാവുകയാണ്. ഒടുവില്‍ നഗരത്തിലെ പ്രശസ്തമായ കണ്ണാശുപത്രിയിലെ ഡോക്ടറും അന്ധനാവുന്നു. അപ്പോഴേക്കും നഗരമാകെ പടര്‍ന്നുകൊണ്ടിരിക്കുന്ന പ്ലേഗുപോലൊരു രോഗമാണ് വിചിത്രമായ വെളുത്ത അന്ധതയെന്ന് സ്ഥിതീകരിക്കുന്നു. ഗവര്‍ണ്‍മന്റ് രോഗികളായവര്‍ക്ക് വേണ്ടി അല്ലെങ്കില്‍ കാഴ്ചയുള്ളവര്‍ക്ക് രോഗം പടരാതിരിക്കാനായി അന്ധന്മാരെ മാറ്റിപാര്‍പ്പിക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നു. അന്ധരായ അന്തേവാസികള്‍ നിറഞ്ഞ അത്തരമൊരു മാറ്റിപാര്‍പ്പിക്കല്‍ കേന്ദ്രമാണ് നാടകത്തിന്റെ മുഖ്യഭാഗം. ഡോക്റ്ററില്‍ നിന്നും മാറിനില്‍ക്കാന്‍ ഇഷ്ടമല്ലാത്തതുകൊണ്ട് അല്ലെങ്കില്‍ തന്റെ കാഴ്ച നഷ്ടപ്പെടുമ്പോള്‍ മറ്റൊരു സ്ഥലത്താകാമെന്ന ഭയം കൊണ്ട് ഡോക്റ്ററുടെ കൂടെ നാം പരിചയപ്പെട്ട നഴ്‌സ് അന്ധത അഭിനയിച്ചുകൊണ്ട് മാറ്റിപ്പാര്‍പ്പിക്കല്‍ കേന്ദ്രത്തില്‍ ഡോക്റ്റര്‍ക്കൊപ്പം എത്തിച്ചേരുന്നു. ഡോക്റ്ററുടെ ഭാര്യയെ നെഴ്‌സ് എന്ന കഥാപാത്രമാക്കി മാറ്റിയത് സംവിധായകന്റെ രംഗഭാഷാ സാതന്ത്ര്യമാണ്.

ഡോക്റ്ററെ പരിചരിക്കാന്‍ വേണ്ടി മാറ്റിപാര്‍പ്പിക്കല്‍ കേന്ദ്രത്തിലെത്തി എല്ലാവരുടേയും സംരക്ഷണമേറ്റെടുക്കേിവന്ന നോവലിലെ ഭാര്യ വെളുത്ത വസ്ത്രമണിഞ്ഞ നെഴ്‌സ് ആവുന്നതോടെ സ്ത്രീത്വത്തിന്റെ അല്ലെങ്കില്‍ ഉന്നതമായ ഒരു സ്ത്രീവാദത്തിന്റെ പ്രതീകമായി മാറുന്നു. ഡോക്റ്ററുടെ ഭാര്യയാണോ, കാമുകിയാണോ അതുമല്ല ഒരു നേഴ്‌സ് മാത്രമാണോയെന്ന് നാടകത്തില്‍ വെളിപ്പെടുത്താത്തതുകൊണ്ടുതന്നെ വിവിധ സ്ത്രീഭാവങ്ങളുടെ പ്രതിനിഥിയാകാന്‍ മറ്റെല്ലാ സ്വാര്‍ത്ഥകഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരു 'സ്ത്രീയെ' ആവിഷ്‌കരിക്കുവാന്‍ നാടകത്തിലെ നഴ്‌സ് എന്ന കഥാപാത്രത്തിന് കഴിഞ്ഞു. മാറ്റിപാര്‍പ്പിക്കല്‍ കേന്ദ്രത്തിലും അന്തേവാസികള്‍ അവനവന്റെ കാര്യം മാത്രം പരിഗണിക്കുന്നവരാണ്. തോക്കുള്ള ഒരാള്‍ കൂടി അന്തേവാസിയായി എത്തുന്നതോടെ, ആയുധം അധികാരം പ്രയോഗിക്കാനുള്ള ഒരു ഉപാധിയാവുന്നതോടെ കൂട്ടായ്മയെക്കുറിച്ച് പരസ്​പര സ്‌നേഹത്തെക്കുറിച്ച് അന്തേവാസികളോരോരുത്തരും ബോധവാന്മാരാവുന്നു. തോക്കൂകാരന്റെ തോക്ക് അധികാരത്തിന്റെ അങ്ങേയറ്റം ഭീഭത്സമായ ജീര്‍ണ്ണിച്ച അവസ്ഥകള്‍ അന്തേവാസികളെ പരിചയപ്പെടുത്തുന്നു. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി സ്ത്രീശരീരങ്ങള്‍ പരസ്യമായി ഉപയോഗിക്കപ്പെടുന്നു. ഒടുവില്‍ നഗരം മുഴുവന്‍ അന്ധത ബാധിച്ച് എല്ലാം തകര്‍ന്ന ഒരു നിശ്ചലാവസ്തയില്‍ മാറ്റിപാര്‍പ്പിക്കല്‍ കേന്ദ്രത്തില്‍ ഒരു കലാപം പൊട്ടിപ്പുറപ്പെടുന്നു. നഴ്‌സും ചുരുക്കം ചിലരും രക്ഷപ്പെട്ട് പുറത്തേക്കിറങ്ങുന്നു. തകര്‍ന്ന നഗരത്തെക്കുറിച്ച് നഴ്‌സ് അവര്‍ക്ക് പറഞ്ഞ് കൊടുക്കുന്നു. മാനവികതയും സഹവര്‍ത്തിത്വവും അവരെ പഠിപ്പിച്ച ആന്ധ്യ ജീവിതം മനോഹരമാണെന്ന തിരിച്ചറിവില്‍ അവരുടെ എല്ലാ അഴുക്കുകളേയും കഴുകിക്കൊണ്ട് മഴ പെയ്യുന്നു. പ്രകൃതിയെ അവര്‍ അങ്ങനെ തിരിച്ചറിഞ്ഞു. ഓരോരുത്തര്‍ക്കായി കാഴ്ച തിരിച്ചുകിട്ടുന്നു.

വലിയൊരു ക്യാന്‍വാസില്‍ രചിക്കപ്പെട്ട നോവലിന് അതിന്റെ ഉള്ളടക്കത്തിന്റെ സവിശേഷതകള്‍ നഷ്ടപ്പെടാതെ ഒരു നാടകഭാഷയുണ്ടാക്കാനാണ് സംവിധായകന്റെ ശ്രമം. വിചിത്രമായ ഒരു ഭൂപ്രദേശത്തിന്റെ, കണ്ണിന്റെ റെറ്റിനയുടെ പ്രതീകമെന്നോണം അതിലൊക്കെ ഉപരിയായി അതിസാഹസികമായ വര്‍ത്തമാന നഗരജീവിതത്തെ ഒരു സര്‍ക്കസ്സിനോട് താരതമ്യം ചെയ്യുന്ന രീതിയിലാണ് നാടകത്തിന്റെ സെറ്റ് ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഗോത്ര സ്വഭാവമുള്ള 'ലൈവ് മ്യൂസിക്ക്' അജ്ഞാത ദേശമെന്ന സരമാഗോയുടെ സങ്കല്‍പ്പനത്തിനെ അരങ്ങിലാവിഷ്‌കരിക്കുന്നതിനുപയോഗിച്ചിരിക്കുന്നത്. രംഗസജ്ജീകരണങ്ങളും വെളിച്ചവും സംഗീതവും കേവലം ആസ്വാദനം എന്നതിലുപരിയായി നോവലിന്റെ അല്ലെങ്കില്‍ നാടകത്തിന്റെ രാഷ്ട്രീയം വെളിപ്പെടുത്തുന്നതിനുള്ള ഉപാധികളായാണ് പ്രയോഗിച്ചിരിക്കുന്നത്. കണ്ണൂര്‍ജില്ലയിലെ വെള്ളൂര്‍ഗ്രാമത്തിലെ നാടകക്കൂട്ടായ്മക്കൊപ്പം സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥികളും അഭിനയം, സംവിധാനം, വസ്ത്രാലങ്കാരം,സംഗീതം, ദീപം എന്നീ മേഖലകളില്‍ കൈകോര്‍ത്തു. ഇവിടെ അന്ധത കാഴ്ചയില്ലായ്മയെക്കുറിച്ചല്ല. കാണാതിരിക്കുന്ന കാഴ്ചകളെക്കുറിച്ചാണ് സംസാരിക്കുന്നത്. കമ്പോളവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ ഒറ്റപ്പെടലും നിസ്സഹായതയുമാണ് അന്ധത. അധികാരത്തിന്റെ രുചിയറിഞ്ഞ പ്രത്യയശാസ്ത്രങ്ങള്‍ അത് നിലനിര്‍ത്താന്‍ സ്വീകരിക്കുന്ന അടിച്ചമര്‍ത്തലിന്റെ രൂപങ്ങളാണ് അന്ധത. ആഗോളീകരിക്കപ്പെട്ട മലയാളിയുടെ പ്രത്യയശാസ്ത്ര ജീര്‍ണ്ണതകളെക്കുറിച്ചുകൂടിയാണ് അന്ധത.


 📚📚📚📚📚📚📚📚
☄☄☄☄☄☄☄☄
ലോക സാഹിത്യ വേദി
        ചർച്ചയ്ക്കായി
             നൽകുന്നു .
🙏🙏🙏🙏🙏🙏🙏🙏