04-06-2018b

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ
ദീപ നിശാന്ത്

കുളിര് പകർന്ന വായന

എന്റെ സഹപ്രവർത്തകയായ ഒരു സുഹൃത്തിന്റെ കയ്യിൽ നിന്നാണ് ദീപാ നിശാന്തിന്റെ "കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ " എന്ന ഓർമപ്പുസ്തകം കിട്ടിയത്... തുടക്കം മുതലേ ആർത്തിയോടെ വായിച്ചു... മികച്ച വായനാനുഭവം... അവരുടെ ഓർമകളിലൂടെ കടന്നുപോകുമ്പോൾ, ആമുഖക്കുറിപ്പിൽ കെ. രേഖ പറഞ്ഞതുപോലെ, "ഇത് എന്റെ അനുഭവങ്ങളാണല്ലോ,... ഇതെങ്ങിനെ ഇവരുടെ കയ്യിൽ കിട്ടി " എന്ന് പലപ്പോഴും തോന്നിപ്പോയി..... 
 "വീട്ടാനാകാത്ത ചില കടങ്ങൾ " എന്ന ആദ്യ അധ്യായം തന്നെ മനസ്സിൽ ഒരു നീറ്റലായി .. ഒരു സന്ധ്യാ സമയത്ത് ബസ്സ് മാറിക്കയറി ഭയത്തിന്റെ പെരുമഴയത്ത് അന്ധാളിച്ചു നിന്ന പ്രീഡിഗ്രിക്കക്കാരിയെ ഓട്ടോ വിളിച്ച്‌ സുരക്ഷിതമായി വീട്ടിലെത്തിച്ച അപരിചിതനായ ബസ് കണ്ടക്ടർ ..... വർഷങ്ങൾക്കു ശേഷം അയാളെ വീണ്ടും കാണുന്നത് ..... അന്ന് അയാൾ ഓട്ടോ ചാർജായി കൊടുത്ത 20 രൂപ ഒരിക്കലും വീട്ടാനാവാത്ത കടമായി ഹൃദയത്തിലും ബാഗിലും അവശേഷിക്കുന്നത് .... ചിന്തിച്ചു നോക്കിയാൽ നമ്മുടെയൊക്കെ ജീവിതത്തിലും ഇതുപോലെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രക്ഷയുടെ ഒരു പ്രവാചകനെ, ചികഞ്ഞുനോക്കിയാൽ കണ്ടെത്താനാവും...
വായനയിലൂടെ മുന്നേറുമ്പോൾ, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമനും സോഫിയയും നമ്മുടെ ഹൃദയത്തിലും പുനർജനിക്കും ... എന്നെപ്പോലെ സിനിമ ഒരിക്കൽ കൂടി കാണാൻ മോഹമുദിക്കും...
" നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം...
 അതികാലത്തെഴുന്നേറ്റ്,
 മുന്തിരിത്തോട്ടങ്ങളിൽ പോയി,
 മുന്തിരിവള്ളി തളിർത്തു പൂവിടുകയും
 മാതളനാരകം പൂക്കുകയും ചെയ്തോ എന്നു നോക്കാം
 അവിടെ വെച്ച്,
 ഞാൻ നിനക്കെന്റെ പ്രേമം നൽകാം ...."
എന്ന ചുമൽ കുലുക്കിയുള്ള സോളമന്റെ പറച്ചിൽ നമ്മുടെ കാതിൽ മുഴങ്ങും.'
ആയുധക്കടത്തു പോലെ രഹസ്യമായിരിക്കണം എല്ലാ സ്വപ്ന സ്ഥലികളും ...... ആരും കാണരുത്.... ആരോടും പറയരുത്..... എ.ടി.എം. കാർഡിന്റെ പിൻ നമ്പർ പോലെ ഉള്ളിൽ സൂക്ഷിച്ചേക്കണം എന്നവർ പറഞ്ഞു വെക്കുന്നു....
ഏതായാലും നമ്മുടെ കൂടി ഓർമകളിലൂടെ ഒരു തീർത്ഥയാത്രയാവും ഹൃദ്യമായ ഈ പുസ്തകം ....
കസാന്ത് സാക്കീസ് പറഞ്ഞതുപോലെ ഒരു പുഴയിൽ രണ്ടാമതൊന്നു കുളിക്കാൻ നമുക്കാവില്ലല്ലോ ....
ഒരിക്കലും തിരിച്ചു കിട്ടാത്തതു കൊണ്ടാവും ഓർമകൾ ഇത്രമേൽ കുളിരേകുന്നത് ......
ജീവിതമേ.... നീയെന്തിനാണ് എന്നെ ഇത്ര പെട്ടെന്ന് വലുതാക്കിക്കളഞ്ഞത് എന്ന് ചിന്തിച്ചു പോകും... -
മലയാള പുസ്തക പ്രസാധന ചരിത്രത്തിൽ ഓൺലൈൻ വഴി ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഒരു പുസ്തകമാണിത്....
സൗഹൃദം ഒരു ഏകാന്ത ധ്യാനമാണെന്നും ചില മൗനങ്ങൾ നമ്മോട് ഒരുപാടൊരുപാട് സംവദിക്കുന്നുണ്ടെന്നും ഈ വായനാനുഭവം എന്നോട് മന്ത്രിക്കുന്നു.... 
പലപ്പോഴും കണ്ണിൽ നനവ് പടരും; തൊണ്ടയിടറും, ഗൃഹാതുരത്വമുണരും ... തീർച്ച....
വെട്ടം ഗഫൂർ


FB യിൽ ഇട്ട പോസ്റ്റ്

ബാല്യത്തിൽ നിന്ന് മധുരതരമായ എന്തെന്കിലും  ഓർത്തെടുക്കാനില്ലാത്ത മനുഷ്യജീവിതങ്ങളുണ്ടാവില്ല. കുളിരുന്ന ആ അനുഭവങ്ങളെ താലോലിച്ചു കൊണ്ടായിരിക്കും മിക്കവരും പിന്നീടുള്ള  ജീവിതത്തിൻറെ കനൽവഴികൾ താണ്ടുന്നതും. ഭൂതകാലക്കുളിർ  മുട്ടറ്റമല്ല കുന്നോളം തന്നെയാണെന്ന് അനുഭവപ്പെടുത്തുന്ന രചനയാണ് ദീപാനിശാന്തിൻറെ "കുന്നോളമുണ്ടല്ലോ  ഭൂതകാലക്കുളിർ". 

വീട്, സ്കൂൾ, കോളെജ്, വഴിയരികുകൾ, വാഹനങ്ങൾ എല്ലാം സംഭവങ്ങളുടെ പിറവിയ്ക്ക് ഇടങ്ങളാകാം.  വീട്ടുകാരോ കുട്ടുകാരോ, പരിചിതരോ അപരിചിതരോ എല്ലാം അവയുടെ സ്രഷ്ടാക്കളുമാകാം. ഒരു പക്ഷേ നമ്മൾനിസ്സാരമെന്നെണ്ണി മറന്നുകളയുന്നവയെ ദീപ സ്വന്തം ശൈലിയിലവതരിപ്പിക്കുമ്പോൾ ഇതെൻറേതാണല്ലോ എന്ന് വിടർകണ്ണുകളുമായി അതിശയം കൊള്ളേണ്ടിവരുന്നു വായനക്കാർക്ക്.
ലളിതമായ, വായനാക്ഷമതയുള്ള ഒരു രചനാശൈലി ഈ പുസ്തകത്തെ മനോഹരമാക്കുന്നു. ഹാസ്യത്തിൻറെ നേർത്ത അകമ്പടി പ്രഹരശേഷിയുള്ള ആക്ഷേപം തന്നെയായി മാറുന്നതും കാണാം. വായനാസുഖവും സാമൂഹ്യബോധവുമുള്ള കുറിപ്പുകളായി ഇവ മാറുന്നത് തുളുമ്പുന്ന ആത്മാർത്ഥതയാലാണ്. വായിക്കുന്നവർക്കെല്ലാം "ഇതെൻറേതാണ്" എന്ന മട്ടിൽ ചേർത്തു പിടിക്കാവുന്ന ഒരു പിടി അനുഭവങ്ങളുടെ സമാഹാരം.
വഴിതെറ്റിയ ബസ് യാത്രക്കിടയിൽ വീടുവരെയും കൊണ്ടുചെന്നാക്കുന്ന കിളിയുടെ വറ്റിപ്പോകാത്ത മനുഷ്യത്വം, ഒളിച്ചുവായിച്ച മംഗള, മനോരമാദികൾ, ഡാൻസ് പ0നത്തിലെ പരാജയം ഡ്രൈവിംഗ് പ0നത്തിലേക്കും നീളുന്നതിലെ നിസ്സഹായത എന്നിങ്ങനെ ഓരോ അവതരണവും നമ്മുടെ കൂടി നഷടസ്ഥലികളാകുന്നു.
 ആറിത്തണുത്ത പെൺജന്മം,വിവാഹം ഒരു ശിക്ഷയല്ല,  തുടങ്ങിയ ഖണ്ഡങ്ങൾ ജീവിതത്തിൻറെ നിറം കെട്ടുപോയ ശിഷ്യകൾക്കുള്ളവയാണ്. ജാതി പുതിയ കാലത്തെ മലീമസമാക്കിക്കൊണ്ടിരിക്കുന്നതിലുള്ള അസ്വസ്ഥതകൾ, പ്രതികരണങ്ങൾ; സ്വന്തം മകനിലെ ആൺകോയ്മാ ബോധത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന അമ്മമനസ്സ്, ശിഷ്യരുടെ ദാരിദ്ര്യവും മറ്റു സംഘർഷങ്ങളുമേറ്റു വാങ്ങുന്ന അധ്യാപിക  എന്നിങ്ങനെ പല തലങ്ങളിലുള്ള അനുഭവങ്ങളുടെ ലളിതാവിഷ്കാരം.
കേരളവർമ്മ കോളെജ് അധ്യാപികയായ ദീപ സോഷ്യൽമീഡിയകളിൽ സജീവമാണ്.
പ്രണയവ്യഥയുടെ മാനിഫെസ്റ്റോ, രാധയും രാജാവിൻറെ പ്രേമഭാജനങ്ങളും എന്നീ നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വപ്നാ റാണി