04-06-18

കലി പാകം
രാജീവ് ശിവശങ്കർ
📗📗📗📗📗📗
           ആധുനികതയുടെ സൗന്ദര്യശാസ്ത്രയുക്തികളിൽ ഒന്നായി മലയാള നോവൽ പ്രസ്ഥാനം മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം ഉൾക്കൊണ്ടുതന്നെ വായനക്കാരെ ആകർഷിക്കാൻ കാലാനുസൃതമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന നോവലുകൾക്ക് സാധിക്കുന്നുണ്ട്. സമകാല മലയാളനോവലിലെ ഏറ്റവും പാരായണക്ഷമതയുള്ള രചനകളുലൂടെ സാഹിത്യത്തിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ എഴുത്തുകാരനാണ്, നോവലിസ്റ്റാണ് രാജീവ് ശിവശങ്കർ.എഴുതിയ എട്ടു പുസ്തകങ്ങളിൽ ഏഴും നോവലുകളാണ്.
    ഇതിഹാസങ്ങൾ എന്നും പുനരാവിഷ്കരിക്കപ്പെടുന്നു കാരണം അവക്ക് സ്വതന്ത്രമായ അസ്തിത്വമുണ്ട്. ഭാരതീയ  സാഹിത്യത്തിലെ മികച്ച കൃതികൾ പലതും ഇതിഹാസങ്ങളുടെ പുനരാഖ്യാനങ്ങൾ ആണ് അതുകൊണ്ടു തന്നെ ഇതിഹാസമെന്ന വിശേഷണത്തിന് ഏറ്റവും യോജിച്ച മഹാഭാരതം മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത തലങ്ങൾ --------ഭാവങ്ങൾ, അവസ്ഥാന്തരങ്ങൾ
 സ്ത്രീപുരുഷബന്ധങ്ങളിലെ വൈരുധ്യങ്ങൾ എന്നിങ്ങനെ മനുഷ്യനെ സംബന്ധിച്ചതെല്ലാം ആഖ്യാനം ചെയ്യുന്നു. മഹാഭാരതത്തെ അവലംബിച്ച് രചിക്കപ്പെട്ട നോവലാണ് കലിപാകം  അതുകൊണ്ടു തന്നെ കാലം കറുപ്പിൽ വരച്ചിട്ട കലിയുടെ കഥയാണ് രാജീവ് ശിവശങ്കറിന്റെ കലിപാകം. 
ഭാരതീയ മിത്തോളജി പ്രകാരം  കലി കലിയുഗത്തെ സൂചിപ്പിക്കുന്ന മൂർത്തിയാണ്. കലിയുഗത്തിൽ അധർമത്തിനാണ് മുൻ‌തൂക്കം. 
പുരാണങ്ങളിൽ പലയിടങ്ങളിലായി പറഞ്ഞ കാര്യങ്ങൾ ഒരു പ്രത്യേക രീതിയിൽ ഒരുമിപ്പിച്ചു കൊണ്ട് പോകുന്ന ശൈലിയാണ് കലിപാകത്തിൽ നോവലിസ്റ്റ് അവലംബിച്ചിട്ടുള്ളത് .
കഥാപാത്രങ്ങളായ ഉത്താനപാദൻ, സോമകീർത്തി, കേശിനി, വാർഷ്ണേയൻ, ദ്വാപരൻ, പുഷ്ക്കരൻ ഋതുപർൺ എന്നിവരുടെ മനസസഞ്ചാരത്തിലൂടെ ആണ് നോവൽ വളരുന്നത്. നളന്റേയും കലിയുടെയും കഥയാണെങ്കിലും നളനോ കലിയോ നോവലിൽ നേരിട്ട് കഥ പറയാൻ വരുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്. അപ്രധാന കഥാപാത്രങ്ങളെക്കൊണ്ടാണ് കഥ പറയിക്കുന്നത്. കൂടാതെ നോവലിസ്റ്റിന്റെ ഭാവനയിൽ സൃഷ്ടിച്ച ചില കഥാപാത്രങ്ങളും നോവലിൽ ഉണ്ട്  (ദിനനാഥൻ, സോമകീർത്തി, ഉത്താനപാദൻ ) 
വർത്തമാനകാലത്തിലെ പ്രശ്നങ്ങൾക്കോ സംഭവങ്ങൾക്കോ സമാനമായ ചിലത് പഴമയിൽ ഉണ്ടായിരിക്കുമ്പോൾ അവയെ പുതിയ വീക്ഷണകോണിലൂടെ നോക്കിക്കാണാൻ ശ്രമിക്കുകയാണ് രാജീവ് ശിവശങ്കർ. വർത്തമാനകാലത്തെ പ്രക്ഷുബ്ധമാക്കുന്ന അനവധി വിഷയങ്ങൾ --- അധികാരം സാധാരണക്കാരനെ വേട്ടയാടുന്നത്; പരാജിതന്റെ സങ്കടങ്ങൾ; പെണ്ണിന്റെ പ്രതികാരവും നിസ്സഹായതയും; ചൂതും മദ്യവും മദിരാക്ഷിയും അന്നും ഇന്നും എന്നും അധികാരത്തെ നിയന്ത്രിക്കുന്നത്, ഗോവധനിരോധനം, വികസനത്തിന്റെ രാഷ്ട്രീയം തുടങ്ങി വിവിധ വിഷയങ്ങൾ ഈ നോവലിൽ ആവിഷ്കരിച്ചിട്ടുണ്ട്. 
        
ചുരുക്കിപ്പറഞ്ഞാൽ മഹാഭാരതത്തിലെ വനപർവ്വത്തിലെ നളദമയന്തി കഥയ്‌ക്  പുതുഭാഷ്യം ചമച്ചിരിക്കയാണ് രാജീവ്‌ശിവശങ്കർ. മലയാളം അദ്ധ്യാപകർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് കലിപാകം.
നമ്മൾ മനസിലാക്കിയ നളദമയന്തിമാരിൽ  നിന്നും കലി പുഷ്കര ദ്വാപരന്മാരിൽ നിന്നും  തികച്ചും വ്യത്യസ്തമായ ചിന്തയും ശക്തിയും കാഴ്ചപ്പാടും ഉള്ള കഥാപാത്രങ്ങളെയാണ് നൂതനഭാഷ്യത്തിലൂടെ രാജീവ്‌ശിവശങ്കർ നമുക്ക് കാട്ടിത്തരുന്നത് .
ഡിസി ബുക്ക്സ് 
വില. 225/
തയ്യാറാക്കിയത്  സീതാദേവി

കറുത്ത കാലത്തിന്റെ കഥയാണ് കലി പാകം.ഹിന്ദു മത വിശ്വാസ പ്രകാരമുള്ള കലിയുഗത്തിന്റെ പ്രതീകമാണ് കലി.പ്രതീകാരത്തിന്റെ കഥയാണ് കലി എക്കാലത്തും പറയുന്നത്. കലി മൂലം നളന് ദുരിതങ്ങളും, ദുരന്തങ്ങളും അനുഭവിക്കേണ്ടി വരുന്നു.മഹാഭാരതത്തിലെ വനപർവ്വത്തിൽ അവതരിപ്പിച്ചിരിക്കുന്ന നളചരിതം കഥയെ പുതിയ രീതിയിലാണ് ഈ നോവലിൽ വരച്ചീടുന്നത്.
രാധാമണി അയിങ്കലത്ത്