04-04


കർത്താവും കൃതിയും  വായനക്കാരനും തമ്മിലുള്ള ബന്ധം എന്നും സാഹിത്യത്തിലെ ഒരു ചർച്ചാ വിഷയമാണ്.
ഇന്ന്
ലോക സാഹിത്യത്തിൽ
നമുക്ക് പരിചയപ്പെടാം
ഒരു നിരൂപകശ്രേഷ്ഠനെ ........

എഴുത്തുകാരനും കൃതിക്കും
വായനക്കാരനും തമ്മിലുള്ള ബന്ധത്തെ
പുന:ക്രമീകരിച്ച ഒരു വിമർശകൻ ........













""ഗ്രന്ഥകാരൻ മരിച്ചു ''
സാഹിത്യവിമർശകനായ  റൊളാങ്ങ് ബാർത്തിന്റെ  പ്രഖ്യാപനമായിരുന്നു അത്.  
1968ൽ പ്രസിദ്ധീകരിച്ച
 The death of Authorഎന്ന  പ്രബന്ധത്തിലാണ് ആഫ്രഞ്ച് വിമർശകൻ ഈ പ്രഖ്യാപനം നടത്തിയത്. 

 ഉത്തരാധുനിക സാഹിത്യ ചിന്തയെ ഗണ്യമായി സ്വാധീനിക്കാൻ  ആ പ്രബന്ധത്തിനു കഴിഞ്ഞു.  ഒരു സാഹിത്യ കൃതിയിൽ നിന്ന് വായനക്കാർ മനസ്സിലാക്കുന്ന അർത്ഥങ്ങൾ ഗ്രന്ഥകർത്താവ് ഉദ്ദേശിച്ചവ ആവണമെന്നില്ല .   അങ്ങനെ അർത്ഥങ്ങളുടെ സ്രഷ്ടാവായ ഗ്രന്ഥകർത്താവില്ല  എന്നാണ് 'ഗ്രന്ഥകാരന്റെ മരണം '  എന്നതുകൊണ്ട് ബർത്ത് ഉദ്ദേശിച്ചത്.     പാഠം അർത്ഥ സൂചനകളുടെ ഒരു ശൃംഖലയാണ്‌. വായനക്കാരന്‌ അതിലേക്ക്‌ എവിടെ വേണമെങ്കിലും പ്രവേശിക്കാം. വായനക്കാരൻ പാഠത്തിന്റെ നിർമ്മാതാവാണ്‌, ഉപഭോക്താവല്ല. അവൻ പാഠംഎഴുതുന്നതുപോലെയാണ്‌ പ്രവർത്തിക്കുന്നത്‌.


1915-ൽ ഫ്രാൻസിലെ ഷെർബെർഗിൽ ബാർത്ത് ജനിച്ചു. ബാർത്തിന് ഒരു വയസുള്ളപ്പോൽ അച്ചൻ യുദ്ധരംഗത്തുവെച്ച് കൊല്ലപ്പെട്ടു. പാരീസിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബയോണിലേക്ക് പോയി. ഒരു ക്ഷയരോഗിയായി യൗവനകാലം കഴിക്കേണ്ടിവന്ന ബാർത്ത് നിരവധി നാടുകളിൽ പിന്നീട് അദ്ധ്യാപകനായി പ്രവർത്തിച്ചു. റുമാനിയ, ഈജിപ്ത്, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ജോലികൾക്കുശേഷം 1977-ൽ പാരീസിലെ കോളേജ് ഓഫ് ഫ്രാൻസിൽ സാഹിത്യ ചിഹ്നവിജ്ഞാനീയത്തിന്റെ പ്രൊഫസറായി നിയമിക്കപ്പെട്ടു. ഒരു ബുദ്ധിജീവി എന്ന നിലയിൽ ബാർത്തിന്റെ ജീവിതത്തിന് നിരവധി പരിണാമദശകളുണ്ട്. മാർക്സിസത്തിന്റേയും അസ്തിത്വവാദത്തിന്റേയും സ്വാധീനവലയത്തിൻ കീഴിലായിരുന്നു ചെറുപ്പകാലത്ത് ബാർത്ത്. ഒരു ഘടനാവാദി എന്ന നിലയിൽ പിൽകാലത്ത് ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ഒടുവിൽ ഉത്തരഘടനാവാദത്തിന്റെ വക്താവും പ്രയോക്താവുമായി മാറി. സാംസ്കാരികവിമർശനത്തിന്റെ മണ്ഡലത്തിലേക്കും പിൽകാലത്ത് അദ്ദേഹം ആകൃഷ്ടനായിത്തീർന്നു. 'ഗ്രന്ഥകാരന്റെ മരണം' എന്ന അദ്ദേഹത്തിന്റെ ആശയം ധൈഷണികലോകത്ത് വലിയ ചർച്ചക്ക് വഴിതെളിച്ചു. 1980-ൽ അന്തരിച്ചു.

സാഹിത്യ സൈദ്ധാന്തികൻ, നിരൂപകൻ, സാമൂഹ്യ ശാസ്ത്രജഞൻ ,സംസ്കാര വിമർശകൻ,  ഭാഷാശാസ്ത്രജ്ഞൻ എന്നീ നിലകളിലെല്ലാം നിറഞ്ഞു നിന്ന വ്യക്തിത്വമാണ് ബാർത്തിന്റേത്.


ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പ്രധാനകൃതികൾ:

റൈറ്റിങ്ങ് ഡിഗ്രി സീറോ(1967)
മിത്തോളജീസ് (1972)
ഓൺ റസീൻ(1964)
ക്രിട്ടിക്കൽ എസ്സേയ്സ്(1974)
എലിമെന്റ്സ് ഓഫ് സെമിയോളജി(1964)
ക്രിറ്റിസിസം ആൻഡ് ട്രൂത്ത് (1987)
ദ ഫാഷൻ സിസ്റ്റം(1985)
എസ്/സെഡ്(1974)
ദ എമ്പയർ ഓഫ് സൈൻസ്(1983)
സാഡ്, ഫ്യൂറിയോ, ലൊയോള(1976)
ദ പ്ലഷർ ഓഫ് ദ ടെക്റ്റ് (1975)
ബാർത്ത് ബൈ ബാർത്ത്(1977)
എ ലവേർസ് ഡിസ്കോഴ്സ് (1978)
ക്യാമറ ല്യൂസിഡ(1982)
ദ സെമിയോടിക് ചലഞ്ച്(1988)

കൂട്ടിച്ചേർക്കാൻ ഒത്തിരി
എല്ലാവരുടേയും പങ്കാളിത്തത്തിന് ക്ഷണിക്കുന്നു '

വായനക്കാരന്റെ ദൈവം
അര്‍ഥത്തെ പുനര്‍നിര്‍മിക്കാനുള്ള മനുഷ്യന്റെ ഉദ്യമങ്ങള്‍ക്കു ചരിത്രത്തോളം പഴക്കമുണ്ട്. പൂര്‍ണത മരണമത്രെ. അപൂര്‍ണത അമരത്വവും. അപൂര്‍ണതയെ അനശ്വരമാക്കുന്ന ദാര്‍ശനികയുക്തി അതിന്റെ വ്യാഖ്യാനസാധ്യതയിലൂന്നിയുള്ളതാണ്. ഏത് ആത്യന്തികമായ അര്‍ഥവും അനന്തമായ നീട്ടിവയ്ക്കലാണെന്ന് അര്‍ഥത്തിന്റെ സ്ഥായിത്വത്തെ കുറിച്ച് ദെറിദ പറയുന്നുണ്ട്. അര്‍ഥത്തിന്റെ കേന്ദ്രീകരണത്തെയാണ് അദ്ദേഹം നിഷേധിച്ചത്.’ഗ്രന്ഥകാരന്റെ മരണം പ്രഖ്യാപിച്ച ഫ്രഞ്ച് ചിന്തകന്‍ റൊളാങ് ബാര്‍ത്ത് എഴുത്തുകാരന്റെ അപ്രമാദിത്വം ഉടച്ചുവാര്‍ക്കുകയായിരുന്നു. വായനക്കാരനെ അദ്ദേഹം സ്രഷ്ടാവിന്റെ പദവിയിലേക്കുയര്‍ത്തി പ്രജാപതിയാക്കി വാഴിച്ചു. വായന എന്ന പ്രക്രിയയെ മൗലികവും സര്‍ഗാത്മകവുമായ അനുഭവമാക്കിതീര്‍ക്കുന്ന പ്രകടനപത്രികയ്ക്കാണു നാലരപ്പതിറ്റാണ്ടു മുമ്പ് അദ്ദേഹം രൂപംനല്‍കിയത്. സൃഷ്ടിയുടെ ആദിയും അന്തവും എഴുത്തുകാരന്‍ തന്നെയെന്ന ചിരപ്രതിഷ്ഠധാരണയുടെ നേരെയുള്ള ആയുധപ്രയോഗമായിരുന്നു അത്. ഒരേ രക്തത്തില്‍ പിറന്ന കുഞ്ഞുങ്ങളുടെ സ്വഭാവങ്ങള്‍ വിഭിന്നമാവുന്നതിനുക്രോ സ്രോമസോം രസതന്ത്രം ബാര്‍ത്ത് ഭാഷാശാസ്ത്രത്തില്‍ അടയാളപ്പെടുത്തുകയായിരുന്നു.

സ്രഷ്ടാവിന്റെ കൈയില്‍നിന്നു പുറത്തുപോവുന്ന നിമിഷം മുതല്‍ പിതൃത്വം കൈമോശം വന്നുകഴിഞ്ഞു. ഈയൊരു ഉള്‍വിളികൊണ്ടാവാം കാഫ്ക തന്റെ കൃതികള്‍ പ്രസിദ്ധീകരണത്തിനു നല്‍കാതെ സ്വന്തമാക്കിവച്ചത്- ബാര്‍ത്തിന്റെ ചിന്തയ്ക്കും മുമ്പെയായിരുന്നു അത്. രണ്ടുതരം വായനക്കാരുണ്ടെന്ന് ബാര്‍ത്ത് പറയുന്നു. ഇതില്‍ ‘ഉപഭോക്താവ്’ കൃതി വായിക്കുന്നത് സ്ഥിരതയുള്ള അര്‍ഥം അന്വേഷിച്ചാണ്. എന്നാല്‍ ‘സര്‍ഗാത്മക വായനക്കാരന്‍’ തന്റേതായ രചനാപാഠം സൃഷ്ടിക്കുക വഴി ‘എഴുത്തുകാരന്‍’ തന്നെയാവുന്നു. എഴുത്തുകാരന്റെ ഉദ്ദേശ്യങ്ങളെ തഴയാന്‍ വായനക്കാരനുള്ള അധികാരത്തെ വിളംബരം ചെയ്യുന്നു ബാര്‍ത്ത്. സൂചിതത്തെ തള്ളാനോ കൊള്ളാനോ വായനക്കാരനു സ്വാതന്ത്ര്യമുണ്ട്. തികച്ചും വിഭിന്നമായ അര്‍ഥവ്യവസ്ഥകളുമായി ഒരു പാഠത്തെ ബന്ധിപ്പിക്കാനും വായനക്കാരനു സാധിക്കും. ഗ്രന്ഥകാരന്‍ അതിമാനുഷന്‍ അല്ലെന്ന് ബാര്‍ത്ത് അടിവരയിട്ടു പറയുകയാണ്. ഉത്തരഘടനാ ചിന്തകളുടെ കണ്ണാടിയായ ഈ പാഠമാണു പില്‍ക്കാലത്ത് ദറിദ അപനിര്‍മാണം എന്ന ഉത്തരാധുനിക ചിന്തയ്ക്കായി വിളക്കിച്ചേര്‍ത്തത്. പാഠത്തിന്റെ അപനിര്‍മാണപരമായ വായനയിലൂടെ മനുഷ്യചിന്തയ്ക്കു പരിചിതമായ എല്ലാ ശീലങ്ങളുടെയും സാധ്യതകള്‍ ദറിദ തകിടംമറിച്ചു. അപനിര്‍മാണം കൃതിക്ക് ഏകീകൃതസത്തയുണ്ടെന്നു തന്നെ ചിന്തിക്കുന്നില്ല. പാഠത്തെ കുറിച്ചുള്ള ചിന്തകളിലൂടെ ബാര്‍ത്ത് ദറിദയ്ക്കു മുമ്പെ അപനിര്‍മാണ ചിന്തയ്ക്കു വേണ്ടിയുള്ള വിത്ത് പാകി. എന്നാല്‍, രചയിതാവ് എന്ന വ്യക്തിക്കു പകരം ഭാഷയെ സങ്കല്‍പ്പിക്കണമെന്ന് ആദ്യമായി ചൂണ്ടിക്കാണിച്ചത് മല്ലാര്‍മെയാണ്. മല്ലാര്‍മെയുടെ രചനകള്‍ എഴുത്തുകാരനെ പിന്നിലാക്കുകയും ഭാഷയെ മുന്നില്‍ നിര്‍ത്തുകയും ചെയ്യുന്നു. വായന സര്‍ഗാത്മക പ്രക്രിയയാണെന്ന പ്രഖ്യാപനത്തിലൂടെ ബാര്‍ത്ത് മണ്ഡന- ഖണ്ഡന വിമര്‍ശനങ്ങള്‍ക്കപ്പുറം നിരൂപണത്തെ ദാര്‍ശനിക തലത്തിലേക്കുയര്‍ത്തുകയാണുണ്ടായത്. നിരൂപണകല സര്‍ഗാത്മകസൃഷ്ടിയാണെന്നു പ്രഖ്യാപിച്ച കെ പി അപ്പന്റെ സൗന്ദര്യദര്‍ശനത്തിന്റെ യുക്തിയും ഇതുതന്നെ.സാംസ്‌കാരിക നിര്‍മിതികള്‍ അപഗ്രഥിക്കുന്നതിനുള്ള രീതിശാസ്ത്രമായി ബാര്‍ത്ത് ഘടനാവാദത്തെ അവലംബിച്ചു. പുതിയ കാലത്തിന്റെ സാമൂഹികചിന്തയ്ക്കും സൗന്ദര്യദര്‍ശനത്തിനും ചിഹ്നജ്ഞാനം സമ്മാനിച്ചു ബാര്‍ത്ത്.1915 നവംബര്‍ 12ന് ഫ്രാന്‍സിലെ ഷെര്‍ബോയിലാണു ജനനം. 1980 മാര്‍ച്ച് 23നു പാരിസില്‍ റോഡപകടത്തില്‍ അന്ത്യം.സൃഷ്ടിയുടെ മൗലികതപോലെ പ്രധാനമാണു വായനയിലെ മൗലികതയുമെന്ന ഉള്‍വിളിയാണ് ബാര്‍ത്തിനെ കാലാതീതമാക്കുന്നത്. വായനക്കാരന്റെ ജനനം എഴുത്തുകാരന്റെ മരണത്തിലാണെന്നു പ്രഖ്യാപിച്ച മഹാമനീഷി. എലിമെന്റ് ഓഫ് സെമിയോളജി, തിയറി ഓഫ് ദ ടെക്സ്റ്റ്, ഫ്രം വര്‍ക്ക് ടു ടെക്സ്റ്റ്, മിഷേല്‍ ഓണ്‍ റാസെല്‍, എംപയര്‍ ഓഫ് സൈന്‍സ്, എ ലവേഴ്‌സ് ഡിസ്‌കോഴ്‌സ്: ഫ്രാഗ്‌മെന്റ്‌സ്, കാമറ ലൂസിഡ, സെമിയോട്ടിക് ചലഞ്ച് ഇന്‍സിഡന്റ്, ദ റെസ്‌പോണ്‍സിബിലിറ്റി ഓഫ് ഫോംസ്, മിത്തോളജീസ്, റൈറ്റിങ് ഡിഗ്രി സീറോ, ദ പ്ലെഷര്‍ ഓഫ് ദ ടെക്സ്റ്റ്, റൈറ്റിങ് ആന്റ് ഐഡിയ, ഇയര്‍ലി തോട്ട് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
(സഫീർ ഷാബാസ്)