03-11

🎺🎸🎻🎷🎺🎸🎻🎷🎺🎸
💽 സംഗീത സാഗരം 💽
📀 രജനി 📀
🎺🎸🎻🎷🎺🎸🎻🎷🎺🎸
സംഗീത സാഗരത്തിന്റെ മറ്റൊരധ്യായം.....

🌸🌸🌸തുമ്രി🌸🌸🌸

തു‌മ്‌രി

കാല്പനികതയ്ക്ക് പ്രാധാന്യം നൽകി ബ്രജ്‌ഭാഷയിൽ എഴുതപ്പെടുന്നവയാണ് തുമ്‌രി ഗാനങ്ങൾ.3തരത്തിൽ ഇത് വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു.പഞ്ചാബി,ലഖ്നൗ,പൂരബ് അംഗ് തുമ്‌രി എന്നിങ്ങനെ.നൃത്തത്തിന്റെ അകമ്പടിയോടേയാണ് ആദ്യകാലങ്ങളിൽ ഇത് അവതരിപ്പിച്ചിരുന്നത്.ശോഭാഗുർ‌തു,ബഡേ ഗുലാം അലി ഖാൻ,ഗിരിജാ ദേവി ഇവർ പ്രശസ്ത തുമ്‌രി ഗായകരാണ്.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരു രൂപഭാവമാണ് തുമ്രി – ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അത്ര കഠിനമല്ല. സെമി ക്ലാസിക്കൽ ഹിന്ദുസ്ഥാനിസംഗീതം. എന്നാൽ ലളിത ഗാനത്തിന് മുകളിൽ – അതാണ് തുമ്രിയുടെ സ്ഥാനം. ആരാധകർ ഒരുപാടുണ്ട്. ഇന്ത്യയിലും പാകിസ്താനിലും പ്രചാരം. ഇതിൽ തിളങ്ങി നിന്ന അനേകം ഗായികമാർ ഉണ്ട് – തുമ്രി ക്വീൻ എന്നറിയപെടുന്നവരാണ്, ഗിരിജാ ദേവി & ശോഭ ഗുർത്തു. ബീഗം അക്തർ, ഗൗഹർ ജാൻ, നയന ദേവി, ഹിരാബായ് ബാരോധകർ & ഈ വർഷം മരിച്ച കിശോരി അമോൻകർ മറ്റു ചില പ്രമുഖ തുമ്രി ഗായികമാർ.

രണ്ട് മാസങ്ങൾക്ക് മുമ്പ് മാതൃഭുമി പത്രത്തിൽ വന്നത്👇

തുമ്രി സംഗീതോത്സവം ഇന്നുമുതല്‍ Published:1 Sep 2017, 01:00 am
ന്യൂഡല്‍ഹി: സാഹിത്യ കലാപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ തുമ്രി സംഗീതോത്സവം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ മണ്ഡി ഹൗസിലെ കമാനി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6.30-നാണ് പരിപാടി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉദ്ഘാടനംചെയ്യും. സംസ്ഥാനസര്‍ക്കാരിന്റെ കലാ-സാംസ്‌കാരികവകുപ്പ് കഴിഞ്ഞ 12 വര്‍ഷങ്ങളായി തുമ്രി സംഗീതോത്സവം സംഘടിപ്പിക്കുന്നു. 500 വര്‍ഷത്തെ പാരമ്പര്യമുള്ള തുമ്രി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വകഭേദമാണ്. സാഹിത്യത്തിന്റെ ഉയര്‍ന്ന സ്വാധീനമുള്ള തുമ്രി രാജകൊട്ടാരങ്ങളിലാണ് ആലപിച്ചിരുന്നത്. വിദൂഷി ആരതി അങ്കലീകറിന്റെ ആലാപനത്തോടെ സംഗീതോത്സവത്തിന് തിരിതെളിയും. ഇന്ദ്രാണി മുഖര്‍ജി, പണ്ഡിറ്റ് ചനുലാല്‍ മിശ്ര എന്നിവരും ആദ്യദിവസം തുമ്രി ആലപിക്കും. രണ്ടാംദിവസം ഇന്ദോറില്‍നിന്നുള്ള കല്‍പ്പന സോകാര്‍കര്‍, രാംകാന്ത് ഗെയ്ക്ക്വാദ്, മാലിനി അവാസ്തി എന്നിവര്‍ കച്ചേരി നടത്തും. പൂജ ഗോസ്വാമി, മീതാ പണ്ഡിറ്റ്, പത്മവിഭൂഷണ്‍ വിദൂഷി ഗിരിജാ ദേവി എന്നിവരുടെ ആലാപനത്തോടെ സംഗീതോത്സവം സമാപിക്കും. പ്രവേശനം സൗജന്യമാണ്.

കൊഴിഞ്ഞു, തുംരി കി മല്ലിക By: രേണുക അരുൺ renuka.arun@gmail.comPublished:30 Oct 2017, 10:08 pm

ഗിരിജയും ഗംഗയും ബാബാ വിശ്വനാഥനുമാണ് തനിക്ക്‌ ഏറ്റവും വേണ്ടപ്പെട്ടവരായി ബനാറസിൽ നിലകൊള്ളുന്നത് എന്നു പറഞ്ഞത് ഉസ്താദ് ബിസ്മില്ലാ ഖാൻ ആണ്. ഗംഗാ നദിക്കും കാശി വിശ്വനാഥനുമൊപ്പം അദ്ദേഹം പ്രതിഷ്ഠിച്ച ഗായികയാണ് ഗിരിജാദേവി. കഴിഞ്ഞ ആഴ്ച ഗിരിജാദേവിയും ഓർമയായി.  എൺപത്തിയെട്ടാം വയസ്സിൽ ഭൂമിയിൽ നിന്ന് വിട വാങ്ങുമ്പോഴും നിരവധി കച്ചേരികൾ അവർക്ക് പാടി തീർക്കുവാൻ ബാക്കിയുണ്ടായിരുന്നു. ഒക്ടോബർ മാസത്തിൽ തന്നെ മൂന്നു കച്ചേരികൾ ബാക്കി നിൽക്കേ അവർ ഗംഗയിൽ അലിഞ്ഞു ചേർന്നു. തനിക്ക്‌ ശേഷം പ്രളയമില്ല, കൊടുക്കാനുള്ളതത്രയും ശിഷ്യർക്ക് പകർന്നു നൽകിയിട്ടുണ്ട്. ഝാൻസി റാണി മരിച്ചപ്പോൾ എല്ലാ സ്ത്രീകളും കൂടെ പോയില്ലല്ലോ. എന്റെ മരണത്തിനു ശേഷം എന്ത് എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. ഞാൻ ജീവിച്ചിരിക്കുമ്പോൾ വരൂ, എനിക്കുള്ളതെല്ലാം എടുക്കാമല്ലോ എന്ന് കളിയും കാര്യവും പറഞ്ഞ ‘തുംരി കി മല്ലിക’ ഭൂമിയിൽ നിന്ന് പോയിക്കഴിഞ്ഞു. ബാക്കി നിൽക്കുന്ന ബനാറസി ഖരാനയുടെ അമൂല്യ സമ്പത്തായ ദ്രുപദുകളും ദാദ്രയും ഖയാലും തുമ്രിയും കജ്രിയും ഹോരിയും ഒക്കെ അടുത്ത തലമുറയുടെ കൈയിൽ ഭദ്രമാകുമെന്ന്‌ ആശിക്കാം.  ബനാറസിലെ ‘ബഗീച്ചകൾ’ (പൂന്തോട്ടം) എന്നത് പൂ പോലെ സുന്ദരമായ ഒരു പ്രയോഗമാണ്. ബനാറസിന്റെ സംഗീതത്തിൽ നിന്ന് മാറ്റി നിർത്താനാവില്ല ഗംഗാ നദിയെയും പൂന്തോട്ടങ്ങളെയും. ബനാറസിൽ ജനിച്ച ഗിരിജാദേവിയുടെ അച്ഛൻ രാംദാസ് റായി ഒരു ജമീന്ദാറായിരുന്നു. അച്ഛൻ തന്നെ ആയിരുന്നു ആദ്യ ഗുരു. മകളെ ആൺകുട്ടിയെ പോലെ അദ്ദേഹം വളർത്തി. ഉയർന്ന കുടുംബത്തിൽ ജനിച്ച തങ്ങൾക്ക്‌ സംഗീതം നന്നല്ല എന്ന് ഗിരിജാദേവിയുടെ അമ്മ പലപ്പോഴും മുഖം കറുപ്പിച്ചു. അതിനൊന്നും ചെവി കൊടുക്കാതെ അച്ഛൻ അദ്ദേഹത്തിന്റെ ഗുരുവായ ‘ബഡെ ദാദാജി’ എന്ന് വിളിച്ചിരുന്ന സർജു പ്രസാദ് മിശ്രയെ മകളുടെയും ഗുരുവാക്കി. ഒൻപതാം വയസ്സിൽ ഒരു സിനിമയിൽ ബാലനടിയായി അഭിനയിച്ചതല്ലാതെ ഒരു വേദിയിലും അവർ പാടിയില്ല. ആഴത്തിലുള്ള പഠനത്തിലൂടെ ഗിരിജാദേവിയുടെ സംഗീതം വളർന്നു. ഗിരിജാദേവി എന്ന ഗായികയെ തേച്ചു മിനുക്കി ഒരു രത്നമാക്കിയതിനു പങ്കു വഹിച്ചത് അവരുടെ ഭർത്താവാണ്. എം.എസ്. സുബ്ബലക്ഷ്മിക്ക്‌ സദാശിവം എന്ന പോലെ ആയിരുന്നു ഗിരിജാദേവിക്ക്‌ മധുസൂദൻ ജെയ്ൻ. ഗിരിജയ്ക്കായി അച്ഛൻ കണ്ടു പിടിച്ച ബിസിനസുകാരനായ ജെയ്ൻ അന്നേ വിവാഹിതനായിരുന്നു. രണ്ടാമത്തെ ഭാര്യയായി ജെയ്ൻ കുടുംബത്തിലെത്തിയ ഗിരിജാദേവിക്ക് കുടുംബ പ്രാരാബ്ധങ്ങളിൽ സംഗീതത്തിനുള്ള സമയം കുറഞ്ഞു പോകുന്നു എന്ന് ഭയമായി തുടങ്ങി. റൊട്ടി പൊള്ളി പൊങ്ങി വരുന്നത് നോക്കി നിൽക്കുന്ന നേരം എന്തെല്ലാം സാധകം ചെയ്യാം എന്ന് അവർ ചിന്തിച്ചു. ആ കാലഘട്ടത്തിലെ പല കലാകാരികളും ഒതുങ്ങിയും ഒടുങ്ങിയും പോയ ഗതികേട് ഗിരിജാദേവിക്ക് സംഭവിച്ചില്ല. ഗിരിജയുടെ സംഗീതത്തിന് ഏകാന്തത ആവശ്യമെന്നു മനസ്സിലാക്കിയ മധുസൂദൻ ജെയ്ൻ ഗിരിജയ്ക്കും മകൾക്കുമായി മറ്റൊരു വീട് കണ്ടെത്തി അവരെ മാറ്റി പാർപ്പിച്ചു. ഗിരിജയുടെ നാളുകൾ മുഴുവൻസമയം സംഗീത സാന്ദ്രമായി. ഭർത്താവിന്റെ നിർദ്ദേശമായിരുന്നു വലിയ കുടുംബങ്ങളിലും സ്വകാര്യ വ്യക്തികളുടെ ചടങ്ങുകളിലും പാടേണ്ട എന്നത്. ഗിരിജാദേവി അതിനാൽ അലഹബാദ് ആകാശവാണിയിൽ പാടിത്തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് അവരുടെ സംഗീതം ഡൽഹിയിലും കൊൽക്കത്തയിലും ബോംബെയിലും ഒക്കെ എത്തി. ഡോ. എസ്. രാധാകൃഷ്ണനും സരോജിനി നായിഡുവും നെഹ്രുവും ഒക്കെ മുൻനിരയിലെ ഇരിപ്പിടങ്ങളിൽ ആസ്വാദകരായി എത്തി.  സിദ്ധേശ്വരി ദേവിയുടെയും കേസരി ബായി, റസൂലൻ ബായി തുടങ്ങിയവരുടെയും സംഗീതത്തെ ആരാധിച്ചിരുന്ന ഗിരിജാദേവിയുടെ ആരാധകരായിത്തീർന്നു ഹിന്ദുസ്ഥാനി സംഗീതത്തിലെ ഭൂരിഭാഗം സംഗീതജ്ഞരും. ബനാറസുകാരൻ തന്നെയായിരുന്ന പണ്ഡിറ്റ് രവിശങ്കറിന്‌ സഹോദരി ആയിരുന്നു ഗിരിജാദേവി. എല്ലാ വർഷവും തന്നെ ഗിരിജ ഏട്ടന് രാഖി കെട്ടി. ഗിരിജയുണ്ടാക്കിയ ഭക്ഷണം രുചിക്കാനും ഗിരിജയുടെ പാട്ടു കേൾക്കാനും രവിശങ്കർ സമയം കണ്ടെത്തി. ഹിന്ദുസ്ഥാനി സംഗീത ശാഖയിൽ തുമ്രികളും കജ്രികളും ഒക്കെ പാതി ശാസ്ത്രീയം എന്ന ഗണത്തിൽ പെടുത്തി തരം താഴ്ത്തപ്പെട്ടിരുന്നു. (കജ്രി, തുമ്രി, ഗണത്തിൽ പെടുന്ന നാടോടി സ്വഭാവമുള്ള ,അർദ്ധ ശാസ്ത്രീയ ഗാനങ്ങളെക്കുറിച്ച് നേരത്തെ രാഗം,മഴ എന്ന കുറിപ്പിൽ എഴുതിയിട്ടുണ്ട്). ഉത്തർ പ്രദേശിൽ നിന്നും ബിഹാറിൽ നിന്നും സൃഷ്ടിക്കപ്പെട്ട ബനാറസ് ഖരാന തുംരികളെ  ‘പുരബിയ ആംഗ്’ എന്നാണ് ശാസ്ത്രീയമായി വിശേഷിപ്പിച്ചിട്ടുള്ളത്. ഗിരിജാദേവിയാണ് പുരബിയ ആംഗ് തുംരികളുടെ രക്ഷക. ഹിന്ദുസ്ഥാനി കച്ചേരികളിൽ ഒഴിവാക്കപ്പെട്ടിരുന്ന തുംരികൾക്കു സ്ഥാനം ഉയർത്തി നൽകാൻ അവരുടെ ആലാപനത്തിനായി. പാദസരത്തിന്റെ കിലുക്കം പോലെ എന്നാണ് തുമ്രികളുടെ താളത്തിനെ ലളിതമായി നിർവചിച്ചിരിക്കുന്നത്. ‘പായൽ കെ ചൻകേ’ എന്ന് ഗിരിജാദേവി ആലപിക്കുമ്പോൾ പാദസരം കിലുങ്ങുന്ന ഭാവവും, ശബ്ദത്തിന്റെ ഗതി നിയന്ത്രണവും അവിടെ സംഭവിക്കുകയാണ്. വെള്ളത്തിൽ നിന്ന് കരയിലിട്ടപ്പോൾ പിടയ്ക്കുന്ന മത്സ്യത്തെ കുറിച്ച് പാടുന്ന തുംരീയിൽ മത്സ്യത്തിന്റെ വേദന വരണം എന്ന് നിഷ്കർഷിച്ചിരുന്ന ഗായിക.  കഴിഞ്ഞ വർഷം രാജ്യം അവരെ പദ്മവിഭൂഷൺ നൽകി ആദരിച്ചു. ഒരു പുരസ്കാരവും കൊതിക്കുന്നില്ല, ഭഗവാൻ എല്ലാം തന്നുകഴിഞ്ഞു എന്നായിരുന്നു അവരുടെ പ്രതികരണം. സ്റ്റേജിലെ ഇരിപ്പിലും ചിരിയിലും വായിലെ പാൻ മസാലയിലും നോട്ടത്തിലും വെള്ളിമുടിയിഴകളിലുമെല്ലാം സംഗീതമായിരുന്നു. ഗംഗോത്രിയിലെ ഗോമുഖത്തിൽ നിന്നും ഉത്ഭവിക്കുന്ന ഗംഗ, ബനാറസിലെത്തി ചേർന്ന് നിഗൂഢമായി ഒഴുകും പോൽ ദ്രുപദിൽ നിന്നും തുമ്രിയിലേക്കും കജ്രിയിലേക്കും മറ്റുമുള്ള പ്രവാഹം കേൾവിക്കാർ അത്ഭുതാദരങ്ങളോടെ അനുഭവിച്ചു. ബ്രാഹ്മ മുഹൂർത്തത്തിലുണർന്ന്‌ ഗംഗാനദിയിൽ നീന്തിയതിനു ശേഷമുള്ള ‘റിയാസ്’ (സാധകം)-അതിന്റെ കരുത്ത് തന്നെയായിരുന്നു വാർധക്യത്തിലും അവരുടെ സംഗീതം. പിങ്ക് നിറത്തെയും പാവകളെയും എല്ലാക്കാലത്തും ഇഷ്ടപ്പെട്ടിരുന്ന കുസൃതിക്കാരിയും കൂടിയായിരുന്നു ഗിരിജാദേവി. വാർധക്യത്തിലുംകൂടി സാധകത്തിലും അധ്യാപനത്തിലും അവർ മുഴുകി. ശബ്ദത്തിന് യാതൊരു പതർച്ചയുമില്ലാതെ എൺപത്തിയെട്ടിലും ചടുലതയും ചാരുതയും അവർ സംഗീതത്തിലൊളിപ്പിച്ചു. പഠിച്ചത് മുഴുവനും പകർന്നു നൽകാൻ മനസ്സുണ്ടായിരുന്ന മഹതി.  ഗംഗാ നദി ഇപ്പോഴും ശാന്തമായി ഒഴുകുന്നു. ‘രംഗി സാരി ഗുലാബി ചുനരിയ രേ’ (എന്റെ സാരി ഞാൻ റോസാ പൂക്കളാൽ നിറം കൊടുക്കുമ്പോൾ) എന്ന് ഗിരിജാദേവി പാടുന്നതാകണം ഗംഗയുടെ രാഗം. അനിർവചനീയമായ ആത്മശക്തി നിറഞ്ഞു നിൽക്കുന്ന ഗിരിജാദേവിയുടെ ശബ്ദത്തിന്റെ അക്ഷോഭ്യതയും ശാന്തതയും ഇനി നമുക്കൊപ്പമില്ല .മുൻ തലമുറയിലെ മുതിർന്ന സംഗീതജ്ഞർ പലരും എവറസ്റ്റ് കൊടുമുടിക്കൊപ്പം ഉയരത്തിലാണ് എന്ന ബോധ്യത്തോടെ തുംരികളുടെ മഹാറാണിക്ക്‌ പ്രണാമം.

GIRIJA DEVI - RAAG DESH THUMRI - PIYA NAHI AYE

കൂട്ടിച്ചേർക്കലുകൾ:..അഭിപ്രായങ്ങൾ... എന്നിവയാകട്ടെ.... ഇനി