03-09-18b


വര്‍ഗസമരം,സ്വത്വം - ഒ.വി.വിജയൻ
സി ഗണേഷ്, മലയാള സര്‍വകലാശാല, വാക്കാട് പിഒ,തിരൂര്‍, മലപ്പുറം.
ഫോണ്‍-9847789337 
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽഅസിസ്റ്റന്റ് പ്രൊഫസർ.
ആചാര്യ  ആദ്യ നോവൽ
നെഹ്രു യുവകേന്ദ്ര അവാർഡ്
മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം
കൊച്ചുബാവ പുരസ്കാരം
എന്നിവ നേടി
8 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
പാലക്കാട് ജില്ലയിലെ മാത്തൂരിൽ ജനിച്ചു.
ഭാര്യ സുനിത യും സാഹിത്യകാരിയാണ്
(ശാസ്ത്രലേഖനങ്ങൾ, നോവൽ ബാലസാഹിത്യം)
മകൾ സ്നിഗ്ദ്ധ( തംബുരു)

വര്‍ഗസമരത്തിന്‍റെ വിജയോപനിഷത് 
   പാലക്കാട്ടെ മാത്തൂരെന്ന ഗ്രാമത്തിന് വംശീയമായി അഭിമാനിക്കാവുന്ന ഒന്ന് ലോകപ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ പി ആര്‍ ജി മാത്തൂരിന്‍റെ ജന്‍മസ്ഥലമെന്ന
പദവിയാണ്. നരവംശശാസ്ത്രം അക്കാദമികവിഷയമെന്ന നിലയില്‍ മലയാളത്തില്‍ പിച്ചവെക്കുമ്പോള്‍ ഒ വി വിജയന്‍റെ രചനകളിലെ നരവംശീയത അന്വേഷിക്കാന്‍ ശ്രമിച്ച് ഒരു ലേഖനമെഴുതാനദ്ദേഹം ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.

മാത്തൂരില്‍ നിന്ന് കോട്ടായിയിലെ പഞ്ചായത്ത് വായനശാലയിലേക്ക് തൊണ്ണൂറുകളുടെ തുടക്കത്തില്‍ നടക്കുമ്പോള്‍ വിജയന്‍റെ രാഷട്രീയാവബോധം തെളിച്ചത്തോടെ വരച്ചിടുന്ന ഒരു പുസ്തകം വായനക്കെടുക്കുകയായിരുന്നു ലക്ഷ്യം.

പുസ്തകത്തിന്‍റെ പേരറിയില്ല. എന്നാല്‍ കവര്‍ചിത്രത്തില്‍ അരിവാളും ചുറ്റികയുമുണ്ടെന്ന് പറഞ്ഞപ്പോള്‍ തിരഞ്ഞുപിടിക്കാനൊരു ചിഹ്നം കിട്ടിയ സന്തോഷത്തില്‍ ലൈബ്രേറിയന്‍ ഒടുവിലത്തെ ഷെല്‍ഫില്‍ തിരയാന്‍ പോയി. തിരിച്ചുവന്ന് സ്വല്‍പം നിരാശയോടെയും അതിനെക്കാള്‍ ഉപദേശപൂര്‍വവും പുസ്തകം തന്നുകൊണ്ട് അയാള്‍ പറഞ്ഞ മറുപടി ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നു.കാര്യം ശരി, പക്ഷേങ്കില്..അരിവാള്‍ചുറ്റികയോടൊപ്പം നക്ഷത്രമില്ല,സൂക്ഷിക്കണം.പാര്‍ട്ടി ലൈനില്‍നിന്ന് പയ്യന്‍ വിട്ട്പോകേണ്ട എന്നയാള്‍ കരുതിക്കാണണം. അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു അയാള്‍. ആ ജോലി അയാള്‍ക്ക് പാര്‍ട്ടി അനുവദിച്ച ഔദാര്യമായിരുന്നു. ഉണ്ണുന്ന ചോറിന് കൂറുള്ളവനുമായിരുന്നു. തലയില്‍ കഷണ്ടി കയറിയ സുമുഖനായ ലൈബ്രേറിയന്‍.

വര്‍ഗസമരം,സ്വത്വം എന്നായിരുന്നു പുസ്തകത്തിന്‍റെ പേര്. വില പന്ത്രണ്ട് രൂപ. ഗ്രന്ഥകര്‍ത്താവ് ഒ.വി വിജയന്‍. കവറില്‍ വെള്ള പശ്ചാത്തലത്തില്‍ ആകെയുണ്ടായിരുന്നത് കറുപ്പിലെ അക്ഷരങ്ങള്‍ മാത്രം. പിന്നെ ചെമപ്പില്‍ അരിവാള്‍ചുറ്റികയും.

മാര്‍ക്സിന്‍റെ അനിവാര്യതാദര്‍ശനം വിപ്ലവം സാദ്ധ്യമെന്നു കരുതിയത് മുതലാളിത്തം പഴുക്കിലയായി നിന്ന ബ്രിട്ടനിലായിരുന്നല്ലോ. എന്നാല്‍ വിപ്ലവം വന്നതാകട്ടെ ഗണ്യമായ ഒരു വ്യാവസായിക പ്രോളിറ്റേറിയറ്റിന്‍റെ സാന്നിദ്ധ്യമില്ലാതിരുന്ന സാറിസ്റ്റ് റഷ്യയിലും. വിപ്ലവം ചരിത്രപരമായി അനിവാര്യമല്ലെങ്കില്‍ ധാര്‍മികമായി അതിനെ അനിവാര്യമാക്കാന്‍ നമുക്ക് കഴിയണം - ആമുഖമൊഴി വായിച്ചപ്പോള്‍ ഉള്ളിലേക്കു കടക്കാന്‍ പ്രേരണയായി.

1988ല്‍ പ്രസിദ്ധീകരിച്ച  പുസ്തകത്തിന് ഏറ്റവും അനുയോജ്യമായ കവര്‍ തയ്യാറാക്കിയത് സുരേഷ് ചമ്പക്കരയാണ്. രണ്ട് ചുവപ്പന്‍ വരകള്‍ക്കിടയില്‍ടൈറ്റിലും അരികില്‍ അരിവാള്‍ ചുറ്റികയും. കറന്‍റ് ബുക്സിന്‍റെ ലോഗോ പോലും സ്ഥാനം മാറ്റി പ്രതിഷ്ഠിച്ചിരിക്കുന്ന കവര്‍. പുരോഗമനോന്‍മുഖമായ മൂഡ്.

ഒ വി വിജയന്‍റെ ആമുഖം ഇങ്ങനെ : അങ്ങനെ നാം ഒരറിവിലെത്തുന്നു. ശക്തിയുടെ മണ്ഡലത്തിലും ചിന്തയുടെ മണ്ഡലത്തിലും സമൂലമായ പരിവര്‍ത്തനം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഈ അറിവുകളെ ഉള്‍ക്കൊള്ളാത്ത ഒരു വിപ്ലവസമരശാസ്ത്രം വെറും
പാഠപുസ്തകമായി കെട്ടിയിരിക്കുകയേയുള്ളൂ. കൗമാരക്കാരനെ സംബന്ധിച്ച് ആവേശം തരുന്ന വരികള്‍.
അനുസൃതമായ രാഷ്ട്രീയവും നൈതികവും കലാപരവും ദാര്‍ശനികവും മതപരവും മറ്റുമായ അഭിപ്രായങ്ങള്‍ വാര്‍ത്തെടുക്കേണ്ടത് പ്രസ്തുത സാമൂഹികരൂപങ്ങളെ വേറെ വേറെ പഠിച്ചിട്ടുവേണം.

കാലഘട്ടത്തിന്‍റെ ലോകതലസ്ഥാനം പടിഞ്ഞാറിലാണ്. അതിന്‍റെ ഇച്ഛാശക്തിക്കെതിരെ കിഴക്കിന്‍റെ ഇച്ഛാശക്തിയെ പ്രതിഷ്ഠിക്കുക എന്നത് കോളനിവിരുദ്ധവിപ്ലവത്തിന്‍റെ കടമകളിലൊന്നാണു താനും. അദ്ദേഹം അര്‍ഥശങ്കയ്ക്കിടയില്ലാതെ എഴുതുന്നു. "കിഴക്ക്....കിഴക്ക്...നമ്മുടെ കിഴക്ക് " ഞാന്‍ ഉരുവിട്ടു. ഞാനാദ്യം കേള്‍ക്കുന്ന കിഴക്കിന്‍റെ പ്രബോധനമായിരുന്നു അത്.. കേരളരാഷ്ട്രീയത്തെ ശരിക്കും തൊട്ടുഴിഞ്ഞുകൊണ്ട് വിജയന്‍ പറയുന്നത് നിരാനന്ദമായ നൈതികമൗഡ്യത്തിന്‍റെ മൂടുപടമിടുന്നതിന് പകരം ഇ എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ഒന്നു പൊട്ടിച്ചിരിച്ചുകാണാന്‍ ഞാനാഗ്രഹിക്കുന്നുവെന്നാണ്. എ കെ ജി ചിരിക്കുന്നതു കണ്ടവനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഞാനാദ്യം കേള്‍ക്കുന്ന,ആരോഗ്യമുള്ള ഇടതുപക്ഷ വിമര്‍ശനമായി  ഉള്ളില്‍ അത് അടയാളപ്പെട്ടു.

ഒടുവില്‍ ഒരിടത്തെത്തിയപ്പോള്‍ എന്‍റെ മുഴുവന്‍ ചിന്തകളും ആശയങ്ങളും വാക്കുകളും ഭാഷയും ഒരുപക്ഷെ ബോധം തന്നെയും ഇരുളിലാഴുകയും ഞാനെന്ന അവ്യക്തസ്വത്വം മറയുകയും പ്രപഞ്ചാനുഭവത്തിനു കീഴില്‍ നമ്രനാവുകയും ചെയ്തു. അപ്പോള്‍, പുതിയതെന്തൊക്കെയോ തെളിഞ്ഞ് വരുന്നതായി ഞാനനുഭവിച്ചു. ഇതായിരുന്നു ആ ഖണ്ഡിക. "നമ്മുടെ സമൂഹമനസ്സില്‍ നിന്ന്  ഉരുത്തിരിയുന്നത് പലായനത്തിന്‍റെ ക്ഷീണവും പ്രാര്‍ത്ഥനയുടെ വികാസവുമാണ്. കേരളത്തിനു പറയത്തക്ക ഒരു ഭക്തിപ്രസ്ഥാനം ഇല്ലെന്ന അറിവോടെ തന്നെയാണ് ഞാനിത് പറയുന്നത്. അത്തരമൊരു പ്രസ്ഥാനം ഇല്ലാതിരുന്നിട്ടും നമ്മുടെ സമൂഹത്തിന്‍റെ വ്യാവഹാരിതകളില്‍ പ്രാര്‍ത്ഥന അന്തര്‍ലീനമായിരിക്കുന്നു. നമ്മുടെ വിപ്ലവത്തിന്‍റെ മുദ്രാവാക്യങ്ങള്‍ക്കിടയിലും ചെകിടോര്‍ത്ത്നോക്കിയാല്‍ അതിന്‍റെ ധ്വനികള്‍ കേള്‍ക്കാം. ചെകിടോര്‍ക്കാന്‍ സിദ്ധി വേണമെന്നും സിദ്ധി സമ്പാദിക്കുന്നത് ശ്രമകരമാണെന്നും മാത്രം".  പുതിയ തെളിച്ചം എന്നെ വായനയില്‍ മുന്നോട്ട് നടത്തി.

അസഹിഷ്ണുതയുടെ നിഴല്‍ യുദ്ധങ്ങള്‍ എന്ന ലേഖനം വര്‍ഗസമരങ്ങളുടെ ആശയാവലി ചര്‍ച്ച ചെയ്യുന്നു. വിജയനെഴുതുമ്പോള്‍ വര്‍ഗസമരം അച്ഛന്‍ പറഞ്ഞുതരുന്നതു മാതിരി. ഒരു സമ്പ്രദായം വളരുമെന്നു പറയുന്നതില്‍ തെറ്റില്ല. പക്ഷേ ആ സമ്പ്രദായം മറ്റതുകളെ നിഷേധിക്കുന്ന രീതിയില്‍ വളരുമെന്നും അത്തരം വളര്‍ച്ചയിലൂടെ സദാ നവീകരിക്കുമെന്നും കരുതുന്ന അതിനിര്‍ഭരതയെ ലേഖകന്‍ എതിര്‍ക്കുന്നു. അന്തസ്സോടെ, സ്നേഹഭാവത്തോടെ. മാര്‍ക്സിസത്തെ ശാന്തഗംഭീരമായി എതിര്‍ക്കുന്ന സാത്വികത എന്നില്‍ വെളിച്ചം പോലെ നിറഞ്ഞു.

ലോകമാര്‍ക്സിസത്തിന്‍റെ ചരിത്രപരതയെ വിശദമാക്കുകയാണ് വിജയന്‍.ശ്വാസം പിടിച്ചുമാത്രം വായിക്കാവുന്ന ഖണ്ഡികകള്‍. അസാമാന്യമായ കുറ്റാന്വേഷണനോവലിന്‍റേതുപോലെ ആഖ്യാനചാതുരി. സ്റ്റാലിനിസം. പെരിസ്ട്രോയിക്ക. ഗ്ലാസ്നോസ്റ്റ്. ഒടുവില്‍ അന്ന് ടെലിവിഷന്‍റെ ദൂരദര്‍ശന്‍ വാര്‍ത്തകളില്‍ നിത്യസാന്നിധ്യമായിരുന്ന ഗോര്‍ബച്ചേവ്. (വിജയന്‍ ഗോര്‍ബച്ചേവിന്‍റെ വലിയ ആരാധകനായിരുന്നു.മൂഡ്ഡസ്വര്‍ഗത്തിന്‍റെ വന്ധ്യതയില്‍നിന്ന് വിപ്ലവത്തെ രക്ഷിക്കുകയാണ് വാസ്തവത്തില്‍ ഗോര്‍ബച്ചേവ് ചെയ്യുന്നതെന്ന് വിജയന്‍ അന്ന് എഴുതി. എന്നാല്‍ ഗൊര്‍ബച്ചേവായിരുന്നു മൂഡ്ഡസ്വര്‍ഗത്തിലെന്ന് കാലം പിന്നീട് തിരുത്തി.)

വര്‍ഗസമരത്തിലൂടെ വര്‍ഗരഹിതമായ ഒരുലോകം ഉരുത്തിരിയുമെന്നും ആ ഉരുത്തിരിയലിന് നിദാനം തൊഴിലാളിവര്‍ഗത്തിന്‍റെ രാഷ്ട്രാന്തരീയ ഐക്യദാര്‍ഡ്യമായിരിക്കുമെന്നും ബാലപാഠം പഠിപ്പിക്കുമ്പോള്‍ പുസ്തകത്തിനോട് വലിയ ആഭിമുഖ്യം തോന്നി. വലിയ ആശയത്തെ ലളിതമായി പറഞ്ഞുതരുന്ന ഉപനിഷത് സാരള്യം.

ലോകകമ്യൂണിസത്തിന്‍റെ ഗതിവിഗതികളെക്കുറിച്ചു പറയുമ്പോഴും വിജയന്‍റെ ചില മൗലികപ്രയോഗങ്ങള്‍ മനസ്സില്‍ തങ്ങിനിന്നു. കെല്‍പ്പില്ലാത്തവന്‍,കുശുമ്പുനോട്ടം,തലനാരു ചീന്തുക, ഭയപ്പാട്,തെറ്റില്‍ കാലിടറുക,പ്രപഞ്ചമനസ്സ് എന്നിവ ഉദാഹരണം.

ഒടുവില്‍ നാമറിഞ്ഞതില്‍ ഏറ്റവും ഉദാത്തരായ മനുഷ്യസ്നേഹികളുടെ കുടുംബമായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത അഭിനിവേശം. യഥാര്‍ഥ ഇടതുപക്ഷമനസ്സ് രൂപപ്പെടാനുള്ള സര്‍ഗാത്മകമായ വഴിത്താര."എനിക്കും തെറ്റ് പറ്റാം കുട്ടീ..നീ കരുതിയിരുന്നോളൂ"എന്ന് ഒ വി വിജയന്‍റെ കഥാപാത്രം പറയുന്നു. മാര്‍ക്സിസം പതുക്കെ എന്‍റെ ചെവിയില്‍ പറഞ്ഞത് അതാണ്.

കൊളോണിയലിസത്തെ കണക്കറ്റ് പ്രഹരിക്കുന്നത് കണ്ടപ്പോള്‍ ആഹ്ലാദചിത്തനായി. കൊളോണിയലിസത്തിനു കുഴലൂത്തു നടത്തുന്ന വാര്‍ത്താപാഠങ്ങള്‍ മാത്രം പരിചയിച്ചുശീലിച്ച എനിക്കത് അദ്ഭുതമായിരുന്നു. ജാലിയന്‍ വാലാബാഗിനേക്കാള്‍ വലിയ ദുരന്തമായിരുന്നു കൊളോണിയലിസത്തോടുള്ള വിധേയത്വമെന്ന വിജയന്‍റെ അഭിപ്രായത്തോട് സിന്ദാബാദ് വിളിക്കാന്‍ തോന്നി. തിരുത്തപ്പെടേണ്ട മാര്‍ക്സിസത്തെക്കുറിച്ച് 1890 ഏപ്രില്‍5 ന് ഫ്രെഡറിക് എംഗല്‍സ് സി എസ് ഷിമിറ്റിന് അയച്ച കത്ത് വലിയൊരു അറിവായി.

🌾🌾🌾🌾🌾