03-01

📕📕📕📕📕📕📕📕
ലോകസാഹിത്യം
നെസി
📕📕📕📕📕📕📕📕

  ലോക സാഹിത്യത്തിൽ
                ഇന്ന്
ജാപ്പനീസ് എഴുത്തുകാരൻ
🖋🖋🖋🖋🖋🖋🖋🖋
        ഹാരുകി മുറകാമി
🖋🖋🖋🖋🖋🖋🖋🖋

നോർവീജിയൻ വുഡ്’, ‘ദി വൈൻഡ്-അപ് ബേർഡ് ക്രോണിക്കിൾ’, ‘കാഫ്ക ഓൺ ദ ഷോർ’, ‘വൺ ക്യൂ എയ്റ്റ് ഫോർ’ തുടങ്ങിയ നോവലുകളിലൂടെയാണ് ജാപ്പനീസ് എഴുത്തുകാരനായ ഹാരുകി മുറകാമി ലോകമെമ്പാടും അറിയപ്പെടുന്നത്. തികച്ചും അപരിചിതവും ദുർഗ്രഹവുമായ അന്തരീക്ഷവും വിചിത്രമായ മാനസികവ്യാപാരങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളും വായനക്കാരെ അത്ഭുതപരതന്ത്രരാക്കുന്ന ജീവിതസന്ധികളും നിറഞ്ഞതാണ് മുറകാമിയുടെ നോവലുകൾ. അവയുടെ സവിശേതകളെല്ലാം പ്രകടിപ്പിക്കുന്ന ശില്പഭദ്രമായ രചനകളാണ് അദ്ദേഹത്തിന്റെ കഥകളും. നോവലെഴുത്ത് ഒരു വനം നട്ടുപിടിപ്പിക്കുന്നതുപോലുള്ള പ്രവൃത്തിയാണെന്നും എന്നാൽ കഥയെഴുത്ത് ഒരു ചെറിയ ഉദ്യാനമുണ്ടാക്കുന്നതിന്റെ ആനന്ദം നൽകുന്നുവെന്നും മുറകാമി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 26 കഥകളുടെ സമാഹാരമാണ് ‘ബ്ലൈൻഡ് വില്ലോ, സ്ലീപ്പിങ് വുമൺ. യുദ്ധാനന്തരജപ്പാനിലെ നാഗരികസംസ്‌കൃതി മനുഷ്യബന്ധങ്ങളിലുണ്ടാക്കിയ അന്യവത്കരണവും ദുരൂഹതയുമാണ് നോവലുകളിലെന്നപോലെ ചെറുകഥകളിലും മുറകാമി ആവിഷ്കരിക്കുന്നത്. ഇരുണ്ടതും ദുഃസ്വപ്നസങ്കുലവുമായ ഈ കഥകളുടെ അന്തരീക്ഷം പലവിതാനങ്ങളിലും കാഫ്കയെ ഓർമിപ്പിക്കും. ആധുനികാനന്തരകാലത്തെ കാഫ്ക എന്ന് നിസ്സംശയമായും മുറകാമിയെ വിശേഷിപ്പിക്കാം. ‘ഐസ്‌മാൻ’, ‘ദ മിറർ’, ‘എ ഫോക്‌ലോർ ഫോർ മൈ ജനറേഷൻ’, ‘ക്രാബ്‌സ്’, ‘ദ ഹണ്ടിങ് നൈഫ്‌സ്’, ‘എ പ്രീ ഹിസ്റ്ററി ഓഫ് ലേറ്റ് സ്റ്റേജ് കാപിറ്റലിസം’ എന്നിവയാണ് ശ്രദ്ധേയമായ കഥകൾ. ഇതോടൊപ്പം വായിക്കേണ്ട മുറകാമിയുടെ മറ്റുരണ്ട് കഥാസമാഹാരങ്ങളാണ് ‘ദി എലിഫെന്റ് വാനിഷസ്’, ‘ആഫ്റ്റർ ദ ക്വൈക്ക്’ എന്നിവ.

വിശ്വസാഹിത്യത്തിലെ ജനകീയ എഴുത്തുകാരനും എക്‌സ്പിരിമെന്റല്‍ നോവലിസ്റ്റുമാണ് ഹറുകി മുറകാമി. റിയലിസത്തിനും സങ്കല്‍പകഥകള്‍ക്കുമിടയില്‍ സചേതനമായൊരിടം കണ്ടെത്തുന്നുതാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. അപസര്‍പ്പക കഥകളും സയന്‍സ് ഫിക്ഷനുകളുമാണ് ഇവയില്‍ പ്രധാനം. എന്നാല്‍ മുറകാമി റിയലിസത്തിന്റെ കൂട്ടുപിടിച്ച് എഴുതിയ നോവലാണ് നൊര്‍വീജിയന്‍ വുഡ് (Norwegian Wood)

ഭാവനാത്മകമായ എഴുത്തില്‍ കൂടുതല്‍ താല്പര്യംകാട്ടുന്ന മുറകാമി പക്ഷേ, നോര്‍വീജിയില്‍ ഹുഡ് (Norwegian Wood) എന്ന കൃതി പൂര്‍ണമായും റിയലിസ്റ്റിക്കായി എഴുതിയിട്ടുള്ളതാണ്. 1987 ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ ഇറങ്ങിയത് 2000 ലാണ്. ഇപ്പോഴിതാ ഈ കൃതിയുടെ മലയാളം പരിഭാഷയും പുറത്തിറങ്ങി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഗീതാഞ്ജലിയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

നോര്‍വീജിയന്‍ വുഡ് എന്ന നോവലിനെക്കുറിച്ച് വിവര്‍ത്തക ഗീതാഞ്ജലി എഴുതുന്നു

നോര്‍വീജിയന്‍ വുഡ് എന്ന നോവല്‍ മുറകാമിയുടെ വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്; എല്ലാവരും വായിച്ചിരിക്കേണ്ട കൃതി എന്ന് അതിനെ വിശേഷിപ്പിക്കുന്നവര്‍ നിരവധിയുണ്ടണ്ട്. ജപ്പാനില്‍ ഇത് എല്ലാവരും വായിച്ചിട്ടുണ്ട് എന്നും നിരീക്ഷിക്കപ്പെടുന്നു. പ്രമേയങ്ങള്‍ മാത്രമല്ല, ആഖ്യാനഭാഷയുടെ സൗന്ദര്യവും നോവലിന്റെ ജനസമ്മിതിക്ക് കാരണമായിട്ടുണ്ടണ്ട്. മുറകാമി 1987-ല്‍ ഈ നോവല്‍ എഴുതിയപ്പോള്‍ അതിന്റെ ശീര്‍ഷകവും ജാപ്പനീസിലായിരുന്നു. എന്നാല്‍, 2000-ല്‍ ഇംഗ്ലിഷ് തര്‍ജ്ജമ പ്രസിദ്ധീകരിച്ചപ്പോള്‍ ഇത് നോര്‍വീജിയന്‍വുഡ്  എന്നായി മാറി. മലയാളത്തിലും അതുതന്നെ നിലനിര്‍ത്തുന്നു. ബീറ്റ്ല്‍സ് 1965-ല്‍ പുറത്തിറക്കിയ ഒരു പാട്ടാണ് ‘നോര്‍വീജിയന്‍ വുഡ് ‘. അറുപതുകളിലെ റോക് സംഗീതത്തിന്റെ ഭാവങ്ങള്‍ നിര്‍ണ്ണയിക്കുന്നതിലും അന്തരീക്ഷം സൃഷ്ടിക്കുന്നതിലും പ്രധാനമായ ഒരു പങ്ക് ഈ പാട്ടിനുണ്ടായിരുന്നു. മുറകാമിയുടെ നോവലിലും സമാനമായ ഒരു സ്ഥാനമാണ് ഇതിനുള്ളത്.
മുപ്പത്തിയേഴാം വയസ്സില്‍ ഹാംബര്‍ഗ്ഗില്‍ വിമാനമിറങ്ങുമ്പോള്‍ ടോറു വാട്ടാനബെ എന്ന കഥാനായകന്‍ ‘നോര്‍വീജിയന്‍ വുഡി’ന്റെ ഒരു ഓര്‍ക്കസ്റ്റ്രല്‍ ‘കവര്‍’ രൂപം കേള്‍ക്കാനിടയാകുന്നു.മുന്‍പു പലപ്പോഴും തന്നെ ഉലച്ചിട്ടുള്ള ഈ പാട്ടിന്റെ സമ്മര്‍ദ്ദത്തില്‍, അറുപതുകളിലെ തന്റെ വിദ്യാര്‍ത്ഥി ജീവിതത്തിന്റെയും സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും ലൈംഗികതയുടെയും നഷ്ടലോകത്തേക്ക് അയാള്‍ തിരിച്ചുപോകുന്നതാണ് നോവലിന്റെ ഉള്ളടക്കം. ലക്ഷ്യബോധമോ താത്പര്യമോ കൂടാതെ നാടകപഠനവുമായി ടോറു ടോകിയോയില്‍ കഴിഞ്ഞിരുന്ന കാലമായിരുന്നു അത്; ഇതേ നിസ്സംഗതയാണ് അപ്പോള്‍ കൊടുമ്പിരിക്കൊണ്ടുവന്നിരുന്ന ഒരു വിദ്യാര്‍ത്ഥിപ്രക്ഷോഭത്തോടും അയാള്‍ക്കുണ്ടായിരുന്നത്. കൂടെ പഠിക്കുന്ന ഉല്ലാസവതിയായ കൂട്ടുകാരിയോട് അടുപ്പമുണ്ടെങ്കിലും അത് ഒരു നല്ല പ്രണയബന്ധമായി മാറുന്നില്ല; ഇതിനു തടസ്സമായി പറയുന്ന മറ്റൊരു പെണ്‍കുട്ടിയെ അവളുടെ തകര്‍ന്ന മാനസികനിലയില്‍ നിന്ന് പുറത്തുകൊണ്ടുവരികയെന്നതും സംഭവിക്കുന്നില്ല. നഷ്ടബോധത്തോടൊപ്പംതന്നെ, നിസ്സംഗതയും അതിനോടു ബന്ധപ്പെട്ട ഇത്തരം സന്ദിഗ്ധതകളും ചേര്‍ന്നാണ് നോവലിന്റെ കേന്ദ്രാനുഭവം സൃഷ്ടിക്കുന്നത്. കഥയുടെ ഒരു ഭാഗം നടക്കുന്നത് ക്യോട്ടോവിനടുത്തുള്ള മലനിരകളിലുള്ള ഒരു സാനറ്റോറിയത്തിലാണ്. ടോകിയോയുടെ നഗരപശ്ചാത്തലത്തില്‍നിന്ന് മഞ്ഞുമലകളുടെ ശാന്തതയിലേക്ക് മാറുമ്പോള്‍ ടോറുവിന്റെ ആഖ്യാനത്തിന്റെ പ്രകൃതത്തിലും വ്യത്യാസം വരുന്നു. ആ ഘട്ടത്തില്‍ അയാള്‍ വായിക്കുന്ന പുസ്തകങ്ങളും ഈ ഭാവമാറ്റത്തെ സഹായിക്കുന്നുണ്ട്.

റോക്‌സംഗീതത്തിന്റെയും നാടോടി സംഗീതത്തിന്റെയും ഈണങ്ങളില്‍ ലയിക്കുന്ന അയാളുടെ ലൈംഗികതയ്ക്കും പരിണതിയുണ്ടാകുന്നു. ഇളം നിറത്തിലുള്ള ഒരു ജലഛായാചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന, ഘനമുള്ള പദപ്രയോഗങ്ങള്‍ ഒഴിവാക്കിയ രചനാരീതിയാണിവിടെ; ഓരോ വാക്കിനും ഒരു നിറവും ഭാവവുമുണ്ട്. ജാപ്പനീസ് സംഗീതംപോലെ അലിവുള്ള ശൈലി. ഇവയൊന്നും വാക്കുകളുടെയും നിറങ്ങളുടെയും ശൈലീഭേദങ്ങളുടെയും സ്വകീയഭാവങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ഈ വിവര്‍ത്തനത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്.

🍁🍁🍁🍁🍁🍁🍁🍁
🎥🎥🎥🎥🎥🎥🎥🎥

ലോക സിനിമ വേദിയിൽ
ഹാരുകി മുറകാമിയുടെ
നോർവീജിയൻ വുഡ് എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ ഇറങ്ങിയ സിനിമ
📹📹📹📹📹📹📹📹

നോര്‍വീജിയന്‍ വുഡ് (Norwegian Wood a.k.a Noruwei no mori, 2010, Japanese)


Haruki Murakamiയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി Tran Anh Hung സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രമാണ് നോര്‍വീജിയന്‍ വുഡ്. ബീറ്റില്‍സിന്റെ ഇതേ പേരിലുള്ള ഗാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പേര് നോവലിനും ചിത്രത്തിനും നല്‍കിയത്.

1960കളില്‍ ടോക്കിയോയില്‍ ജീവിക്കുന്ന Watanabe എന്ന പത്തൊമ്പതുകാരനിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. തന്റെ നല്ല സുഹൃത്തായിരുന്ന കിസുകിയുടെ മരണത്തിന് കുറച്ചുമാസങ്ങള്‍ക്ക് ശേഷം കിസുകിയുടെ girlfriend ആയിരുന്ന Naokoവിനെ കണ്ടുമുട്ടുന്നു. പരസ്പരം അടുക്കുന്ന ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ ഒരുനാള്‍ ഒരു പ്രത്യേകകാരണത്താല്‍ നഓകോ Watanabeയെ വിട്ടുപോകുന്നു. പിന്നീട് മിഡോരി എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന Watanabeയുടെ ജീവിതത്തിലേക്ക് വീണ്ടും നഓകോ കടന്നുവരുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. ആദ്യം കേള്‍ക്കുമ്പോള്‍ ഒരു സാധാരണ ത്രികോണപ്രണയകഥ ആണെന്ന് തോന്നുമെങ്കിലും അത്തരത്തിലുള്ള മറ്റുചിത്രങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒട്ടേറെ സവിശേഷതകള്‍ ഈ ചിത്രത്തിനുണ്ട്. ഓരോ മനുഷ്യനും ജീവിതത്തില്‍ പ്രണയവും ലൈംഗികതയും ആവശ്യമാണെന്നും, ഇവയുടെ കാര്യത്തില്‍ പലപ്പോഴും മനുഷ്യന്‍ ഏറെ സ്വാര്‍ത്ഥനാണെന്നും ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നു.

ദ സെന്റ്‌ ഓഫ് ഗ്രീന്‍ പപ്പായ എന്ന തന്റെ ആദ്യചിത്രത്തിലൂടെത്തന്നെ പല പുരസ്കാരങ്ങളും നേടി സ്വന്തം കഴിവുതെളിയിച്ച സംവിധായകന്‍ Tran Anh Hungന്റെ മറ്റൊരു മികച്ച ചിത്രംതന്നെയാണ് നോര്‍വീജിയന്‍ വുഡ്. നോവലിന്റെ ഒരു രത്നച്ചുരുക്കം മാത്രമായി സിനിമ ഒതുങ്ങിപ്പോയി എന്ന് പല നിരൂപകരും വിമര്‍ശിച്ചെങ്കിലും പ്രേക്ഷകന്റെ മനസ്സില്‍ ആഴത്തില്‍ പതിയുന്ന രീതിയിലുള്ള ഒരു ചിത്രം തന്നെയാണ് സംവിധായകന്‍ ഒരുക്കിയത്. പല രംഗങ്ങളിലും സംഭാഷണങ്ങളിലും ലൈംഗികതയുടെ അതിപ്രസരം കാണാന്‍ സാധിക്കുമെങ്കിലും ഒരിക്കല്‍പ്പോലും അരോചകമാകാത്തവിധം വളരെ സൂക്ഷ്മതയോടെ അത്തരം രംഗങ്ങളെ സംവിധായകന്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഇരുത്തം വന്ന, കയ്യടക്കമുള്ള ഒരു സംവിധായകന് മാത്രം സാധിക്കുന്ന ഒന്ന്. നായകന്‍റെ കാഴ്ചപ്പാടിലൂടെ ചിത്രം മുന്നോട്ടുപോകുന്നതിനാലോ അതോ എഴുത്തിന്റെ പ്രത്യേകതകൊണ്ടോ എന്നറിയില്ല, നായകന്‍ ഒഴിച്ച് ഒട്ടുമിക്ക കഥാപാത്രങ്ങളും ഒട്ടുംതന്നെ loveable ആയി തോന്നിയില്ല. എന്തൊക്കെയോ ദുഃഖങ്ങള്‍ കടിച്ചുപിടിച്ച് പുറമേ ചിരിച്ച് നടക്കുന്നവര്‍. എങ്കിലും എപ്പോഴും പുഞ്ചിരിക്കാതെ ഇടക്കൊക്കെ ഓരോ പൊട്ടിക്കരച്ചിലുകള്‍ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകനും ഒരുപോലെ ആശ്വാസമായി.
പ്രധാനവേഷങ്ങള്‍ ചെയ്ത Ken'ichi Matsuyama, Rinko Kikuchi, Kiko Mizuhara എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. Mark Lee Ping Binന്റെ ഫ്രെയിമുകള്‍ അത്യന്തം മിഴിവുള്ളവയായിരുന്നു. അതേപോലെ There Will Be Blood, Inherent Vice തുടങ്ങിയ ചിത്രങ്ങളുടെ സംഗീതസംവിധായകനായ Jonny Greenwoodന്റെയും Can എന്ന ബാന്‍ഡിന്റെയും ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു. ഇടക്ക് പശ്ചാത്തലത്തില്‍ കയറിവരുന്ന ബീറ്റില്‍സിന്റെ Norwegian Wood എന്ന ഗാനവും ആകര്‍ഷകമായി.