02-08-18


സിനിമാ ലോകത്തിലേക്ക്‌ സ്വാഗതം !!!
 6. Blow-Up (1966)
ബ്ലോ-അപ്പ് (1966)
ഭാഷ ഇംഗ്ലീഷ്
സംവിധാനം മൈക്കിളാഞ്ചലോ അന്റോനിയോണി
Running time 101 മിനിറ്റ്

ഇറ്റാലിയൻ സംവിധായകൻ മൈക്കിളാഞ്ചലോ അന്റോനിയോണിയുടെ ഇംഗ്ലീഷിലുള്ള ആദ്യ ചിത്രമാണ് ബ്ലോഅപ്പ്.  അർജെന്റിനൻ എഴുത്തുകാരൻ ജൂലിയോ കോർത്തസാറിന്റെ അതേ പേരിലുള്ള ചെറുകഥയാണ് സിനിമയ്ക്കുള്ള പ്രേരണ. 1960 കളിലെ  കൗണ്ടർ കൾച്ചർ മൂവ്മെന്റിന്റെ സമയത്തെ  ലണ്ടനിലെ  സാമൂഹിക ജീവിതത്തെയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. 1967 ലെ കാൻ ഫെസ്റ്റിവലിൽ പാംദ്യോർ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ളതാണ്  ഈ മിസ്റ്ററി ത്രില്ലർ.

ഫാഷൻ മോഡലുകളുടെ ഫോട്ടോ എടുക്കുന്ന ലണ്ടനിലെ ഫോട്ടോഗ്രാഫറാണ് തോമസ്.  ഒരു ദിവസം തോമസ്, പുതിയതായി പബ്ലിഷ് ചെയ്യാൻ പോകുന്ന ബുക്കിനു വേണ്ടി സാധരണയിൽ നിന്നും വിത്യസ്തമായ ചിത്രമെടുക്കാൻ തീരുമാനിക്കുകയും പാർക്കിൽ വെച്ച് കണ്ട കമിതാക്കളുടെ ചിത്രം എടുക്കുകയും ചെയ്യുന്നു.  ഫോട്ടെ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീ തോമസിന്റെ ക്യമാറ കൈക്കലാക്കാൻ ശ്രമിക്കുകയും പരിചയപ്പെടുകയും  ചെയ്യുന്നു. സ്റ്റുഡിയോയിൽ ഫിലിം ബ്ലോഅപ്പ് ചെയ്തപ്പോൾ, ആ ഫോട്ടോയുടെ ഫ്രൈമിനരികിൽ ഒരു കൊലപാതകത്തിന്റേതെന്ന് സംശയിക്കാവുന്ന നിഴലുകളും കാണുന്നു

 7. The Conformist (1970)
ദി കോൺഫോർമിസ്റ്റ് (1970)
ഭാഷ ഇറ്റാലിയൻ
സംവിധാനം ബെർണാർഡോ ബെർട്ടോളൂച്ചി
Running time 107 മിനിറ്റ്

1930 കളിലെ ഫാസിസ്റ്റ് ഭരണത്തിലുള്ള ഇറ്റലി, ഫാസിസ്റ്റ് സീക്രട്ട് പോലീസ് ഓഫീസറായ മാര്‍സെലോ ക്ലെരിച്ചി തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മിഷന് തയ്യാറെടുക്കുകയാണ് . ഈ പ്രാവശ്യം ഇല്ലാതാക്കേണ്ടത് ഒരുകാലത്ത് തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള പ്രഫസര്‍ ലൂക്കാ ക്വാദ്രിയെയാണ്. ഇവിടെ മാനുഷികവികാരങ്ങള്‍ക്ക് സ്ഥാനമില്ല. ഫാസിസത്തിന്റെ ശത്രുക്കള്‍ ഇല്ലാതായേ പറ്റൂ . ഡ്രൈവറായ മാംഗനേലയോടൊപ്പം മർച്ചേലോയുടെ യാത്ര ആരംഭിക്കുന്നു . സിനിമയും.... നിരവധി ഫ്ലാഷ്ബാക്കുകള്‍ ഈ യാത്രയില്‍ കടന്നു വരുന്നുണ്ട് . മയക്കുമരുന്നിടിമയായ അമ്മയോടും മാനസീകാസ്വാസ്ത്യമുള്ള അച്ഛനോടുമൊപ്പമുള്ള നിമിഷങ്ങള്‍, ചെറുപ്പകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ലെെംഗികാതിക്രമത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, ഫാസിസ്റ്റ് സീക്രട്ട് പോലീസില്‍ ഏതു വിധേനയും കയറിക്കൂടാന്‍ നടത്തിയ കരുനീക്കങ്ങള്‍ , ഇഷ്ടമില്ലാതെ തിരഞ്ഞെടുത്ത ദാമ്പത്യം . ക്വോദ്രിയുടെ അനിവാര്യമായ മരണത്തിനു കാരണമായ സംഭവവികാസങ്ങളേക്കാള്‍ മർചേലോ എന്ന വ്യക്തിത്വമാണ്  പ്രേക്ഷകന മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത് ....

 ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലെ ഏറ്റവും പ്രഗൽഭരായ അന്താരാഷ്ട്രസംവിധായകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സംവിധായകന്‍ ബെര്‍ണാഡോ ബര്‍ട്ടലൂച്ചിയുടെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ ചിത്രമാണ് " the conformist ". ഫാസിസ്റ്റ് ഭരണത്തിലുള്ള ഇറ്റലിയുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഒരേ സമയം ഫാസിസത്തിന്റെ പൊളിറ്റിക്കല്‍ സൈഡും അതില്‍ വിശ്വസിക്കുന്ന പ്രധാനകഥാപാത്രത്തിന്റെ മാനസികാവസ്ഥയിലേക്ക് ആഴത്തിലിറങ്ങിചെല്ലുന്ന ഒരു സൈക്കളോജിക്കല്‍ ഡ്രാമയുമാണ്. ലോക സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രസൃഷ്ടികളിലൊന്നാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ മർചേലോ ക്ലെരിച്ചി . സമൂഹം "നോര്‍മല്‍ "എന്ന് കരുതുന്ന ഒരു ജീവിതമാണ് മർചേലോയുടെ ലക്ഷ്യം . തന്റെ ആഗ്രഹങ്ങളോ പൊളിറ്റിക്കല്‍ വ്യൂവോ ഒന്നും തന്നെ അതിനൊരു വിഖാതമാവാന്‍ മർചേലോ അനുവദിക്കുന്നില്ല. സമ്പന്നയായ ഭാര്യയോടോപ്പമുള്ള അയാളുടെ ദാമ്പത്യം പോലും ഇത്തരത്തില്‍ ഒരു അഡ്ജസ്റ്റ്മെന്റാണ് . ഫ്ലാഷ്ബാക്കുകളിലൂടെ "മർചേലോയുടെ ഫാസിസ്റ്റ് ആവാനുള്ള കാരണങ്ങള്‍" പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും അവ പ്രേക്ഷകനെ "കൺവിന്‍സ് "ചെയ്യാന്‍ സാധ്യതയില്ല . അത് തന്നെയാണ് സംവിധായന്‍ ഉദ്ദേശിക്കുന്നതും . പൊളിറ്റിക്സ് ,തത്വചിന്ത, ഫ്രോയിഡിയന്‍ ആശയങ്ങള്‍ എന്നിവയുടെ ഇടപെടല്‍ ചിത്രത്തില്‍ ആദ്യാവസാനം കാണുവാന്‍ സാധിക്കുമെങ്കിലും ആത്യന്തികമായി സിനിമ ഫോക്കസ് ചെയ്യുന്നത് മർചേലോയുടെ മിഷനിലാണെന്ന് തെറ്റിധരിപ്പിക്കാനാണ് സംവിധായന്‍ ശ്രമിക്കുന്നത് .

ഒരു ക്യാരക്ടർ സ്റ്റഡി ത്രില്ലര്‍ രൂപത്തില്‍ അവതരിപ്പിക്കുന്നു എന്നത് മാത്രമല്ല ഈ ചിത്രത്തിന്റെ പ്രത്യേകത . സിനിമ നടക്കുന്ന കാലഘട്ടത്തിനെ അവതരിപ്പിച്ചിരിക്കുന്നതിലെ പെര്‍ഫെക്ഷന്‍ , മനോഹരമായ സിനിമാറ്റോഗ്രഫി എന്നിവയെല്ലാം ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ് . സിനിമയിലൂടെ അനാവൃതമാവുന്ന "ഫ്രോയിഡിയന്‍ " ആശയങ്ങളില്‍ താല്പര്യമില്ലാത്ത സിനിമാപ്രേമികളെപ്പോലും ചിത്രത്തിന്റെ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ പിടിച്ചിരുത്തും എന്നതില്‍ സംശയമില്ല .


8.Blue Velvet (1986)
ബ്ലൂ വെല്‍വെറ്റ് (1986)
ഭാഷ ഇംഗ്ലീഷ്
സംവിധാനം ഡേവിഡ്‌ ലിഞ്ച്
Running time 120 മിനിറ്റ്

1986 ൽ ഇറങ്ങിയ ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത അമേരിക്കൻ ചലചിത്രമാണ് ബ്ലൂ വെൽവറ്റ്. മിസ്റ്ററി, സൈക്കളോജിക്കൽ ത്രില്ലർ, ക്രൈം ഡ്രാമ, നിയോ നോയ്ർ എന്നിങ്ങനെ പല ജേനറുകൾ സംയോജിച്ച ഈ ചിത്രം ആധുനിക സിനിമാ യുഗത്തിലെ ക്ലാസിക്കുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. അറുപതുകളിലെ ലുമ്പർട്ടൺ എന്ന ചെറു അമേരിക്കൻ പട്ടണത്തിലാണ് കഥനടക്കുന്നത്. ജെഫ്രി ബ്വോമണ്ട് എന്ന കൊളേജ് വിദ്യാർത്ഥിക്ക് തന്റെ വീടിന് സമീപത്ത് നിന്ന് അറുത്ത് മാറ്റപ്പെട്ട നിലയിൽ മനുഷ്യ ചെവി ലഭിക്കുന്നതും തുടർന്നുള്ള അന്വേഷണം സമീപത്ത് താമസിക്കുന്ന ബാറിലെ പാട്ടുകാരിയായ സ്ത്രീയിലേക്ക് എത്തുന്നതും, തുടർന്ന് ജെഫ്രി അവരെക്കുറിച്ച് മനസിലാക്കുന്ന രഹസ്യങ്ങളേയും ചുറ്റിപ്പറ്റിയാണ് ഇതിലെ കഥ വികസിക്കുന്നത്. കയ്ൽ മക്ലഷ്ലാൻ, ഇസബെല്ല റോസെല്ലിനി, ലോറ ഡേൺ, ഡെന്നിസ് ഹോപ്പർ എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്ന ഈ ചിത്രം ആദ്യ കാഴ്ച്ചയിൽ ഒരു മിസ്റ്ററി ചിത്രം ആണെങ്കിലും സൂക്ഷമ വീക്ഷണത്തിൽ പലവിധ ആശയങ്ങളാൽ രൂപപ്പെടുത്തിയിരിക്കുന്നതാണ് ഇത്. ഒട്ടേറെ ബിംബങ്ങളും അതിൽ നിന്നു വ്യാഖ്യാനിച്ചെടുക്കാവുന്ന പലവിധ ആന്തരികാർത്ഥങ്ങളും ഇതിനെ ഒരു അസാധാരണ ചലചിത്രമാക്കി മാറ്റുന്നു.

 9. Diamonds of the Night (1964)
ഡയമണ്ടസ് ഓഫ് ദ നൈറ്റ്(1964)
ഭാഷ ചെക്ക്
സംവിധാനം ജാൻ  നെമെക്ക്
Running time 63 മിനിറ്റ്

ഹോളോകോസ്റ്റ് നാളുകളിൽ അനേകായിരം ജൂതന്മാർ കടന്നുപോയ ജീവിത സന്ദർഭങ്ങളെയാണ് ജാൻ നെമെക് എന്ന ചെക്ക് സംവിധായകൻ തന്റെ ആദ്യ സിനിമ സംരംഭത്തിനായി തെരഞ്ഞെടുത്തത്. അർണോസ്റ്റ് ലസ്റ്റിഗ് എഴുതിയ "ഡാർക്‌നെസ്സ് കാസ്റ്റ്സ്‌ നോ ഷാഡോ" എന്നാ പുസ്തകത്തെ ആധാരമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. എഴുത്തുകാരന്റെ സജീവ സജീവ സാന്നിധ്യം ചിത്രീകരണത്തിലുടനീളം സംവിധായകന് കൈമുതലായി. ഈ ചിത്രത്തിലൂടെ പിന്നീട് ജാൻ നെമെക്ക് ലോകസിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി.

ഒരു നാസി കോണ്സെൻട്രഷൻ ക്യാമ്പിൽ നിന്നും മറ്റൊന്നിലേക്ക് ട്രെയിനിൽ കൊണ്ടു പോകുന്നതിനിടയിൽ, രണ്ട് യുവാക്കൾ രക്ഷപ്പെടുന്നു. മരണത്തിലേക്കുള്ള തീവണ്ടിയാത്രയിൽ നിന്നും രക്ഷപ്പെട്ട അവർ എത്തിപ്പെടുന്നത് എങ്ങോട്ടേക്കാണ്? മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീകരതയാർന്ന കാലഘട്ടത്തിൽ ഇരയാക്കപ്പെടുന്നവരുടെ ഉള്ളുപൊള്ളുന്ന ജീവിതാനുഭവത്തെ അനാവരണം ചെയ്യുന്നു ഈ ഒരു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം.

ആദ്യ സീൻ മുതൽ വെടിയൊച്ചയുടെ അകമ്പടിയോടെ ആ യുവക്കളോടൊപ്പം തന്നെ ഓടുന്ന കാമറ പിന്നീട് മരക്കാടിലും,ചതുപ്പുനിലത്തും, പറക്കെട്ടിലും, കൊടുംവനത്തിലും ഗ്രാമത്തിലുമൊക്കെ പിൻതുടരുന്നു. നാസി കോണ്സെൻട്രഷൻ ക്യാമ്പിൽ നിന്നും പൂർവ ജീവിതം സ്വപ്നം കണ്ട് രക്ഷപ്പെടാൻ ധൈര്യം കാട്ടിയ അവർക്ക് വിശപ്പിന്റെ വിളികളാൽ ആ ധൈര്യം ചോർന്നു പോകുന്നതും, മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളും ചിത്തഭ്രമങ്ങളും ദിവാസ്വപ്നങ്ങളും ഉന്മാദാവസ്ഥയും പരിഭ്രാന്തിയും യാഥാർഥ്യവുമായി കൈകോർക്കുന്നതോടെ സിനിമയും സങ്കീർണമാകുന്നു. കഥാപാത്രത്തിന്റെ യാത്രയോടും മനസിക സഘർഷവസ്ഥകളോടൊത്ത് പ്രേക്ഷകനെയും കൂട്ടിക്കൊണ്ടു പോകുന്ന സിനിമ ആവശേഷിപ്പിക്കുന്ന ചോദ്യങ്ങൾ മനസ്സിനെ ചുട്ടുപ്പൊള്ളിക്കുന്ന അനുഭവമായി മാറുന്നു.


10. Casablanca (1942)
കാസാബ്ലാങ്ക (1942)
ഭാഷ ഇംഗ്ലീഷ്
സംവിധാനം മൈക്കിൾ കർട്ടിസ്
Running time 102 മിനിറ്റ്

മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ എന്നിവയ്ക്ക് ഓസ്കാര്‍ ലഭിച്ച മനോഹരമായ ചിത്രം. മൈക്കര്‍ കേര്‍ട്ടിസ് സംവിധാനം ചെയ്ത ഈ ചിത്രം മനോഹരമായ ഒരു പ്രണയകഥ പറയുന്നു, രണ്ടാം ലോക മഹായുദ്ധകാലത്ത് കാസബ്ലങ്ക എന്ന അഭയാര്‍ത്ഥി നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ സിനിമ. "എവരിബഡി കംസ് ടൂ റിക്ക്" എന്ന പ്രസിദ്ധീകരിക്കാത്ത നാടകത്തെ അടിസ്ഥാനപെടുത്തി എടുത്തതാനു. പ്രണയിനിയെ സ്വീകരിക്കുക, നാസികള്‍ക്കെതിരെ പട പൊരുതുന്ന നേതാവിനെ രക്ഷപെടുത്തുക എന്നീ രണ്ടു കാര്യങ്ങളില്‍ ഒന്ന് തീരുമാനിക്കേണ്ടി വരുന്ന ഒരു മനുഷ്യന്‍റെ കഥ പറയുന്ന ഈ സിനിമ എക്കാലത്തെയും മികച്ച പ്രണയ സിനിമ ആയി കണക്കാക്കുന്നു