02-06-18

വൈറസ്
പരസ്പരം തോളിൽ
കൈയ്യിട്ട് നടന്ന
ഗ്രാമത്തിലെ ജനങ്ങൾ
എത്ര പെട്ടന്നാണ്
ശത്രുവിനെപ്പോൽ
ഉറ്റുനോക്കാനാരംഭിച്ചത്
പ്രതിരോധങ്ങളെ കൂസാത്ത അജയ്യനായ
വൈറസാരുടെ
ദേഹത്താവുമെന്ന സംശയം നോട്ടങ്ങളിൽ
വെളിപ്പെട്ടു
പാറാടനും
അണ്ണാർക്കണ്ണനും
കരണ്ട പേരക്കായും
മാങ്ങയുമെത്ര തിന്നുപോയെന്ന ഓർമ്മകൾ ഞെട്ടറ്റു വീണു
നിന്റെ ചുണ്ടുകൾ പോൽ
ഏറെ മധുരിക്കുന്നതാ
കിളികൊത്തുന്നതെന്ന്
കാതിലോതി അമർത്തിച്ചു
ചുംബിച്ച കല്യാണച്ചെക്കൻ
പറന്നകന്ന നാട്ടിലുണ്ടാകുമോ
കിളിച്ചുണ്ടൻ മാങ്ങകൾ?
പനിക്കിടക്കയിലൊരു
പെൺകുട്ടി
ഓർമ്മകളിൽ പൊള്ളി
കിടന്നു
വെള്ളയുടുപ്പിട്ട
മാലാഖയെത്തേടി
അമ്മിഞ്ഞ നുണയേണ്ട
വരണ്ട ചുണ്ടുകൾ
വിതുമ്പിക്കരഞ്ഞു
സ്നേഹഗീതമായെത്തുന്ന
അവളെ കാണാഞ്ഞ്
ആശുപത്രിയിലെ
സൂചി ത്തുമ്പുകൾ പോലമുണ്ട് അസ്വസ്ഥമാവുന്നു
സംശയത്തിന്റെ വൈറസ്
ബാധിച്ചിരിക്കയാണ്
ഒരു നാടിനെ
കടന്നു വരുന്നതെല്ലാം
കവർന്നു പോകാൻ
വേണ്ടിയാമോ.....?'
ശ്രീല.വി.വി

പരേതാത്മാക്കളോട് സംസാരിക്കുന്ന ഒരാൾ
ആത്മാക്കളോട്
സംസാരിക്കുന്ന
ഒരാളുണ്ടായിരുന്നു
വടകരയിൽ .
അയാൾക്കൊരു
പേരു വേണമെങ്കിൽ
നിങ്ങൾ തന്നെ വിളിച്ചോളൂ
ഞാനിടുന്നില്ല .
രാവിലെ
ചായ കുടിച്ചാൽ
തുടക്കമായി .
അതു ശരിയാവില്ല
നീ പറഞ്ഞത് തെറ്റാണ്
അവിടെയും വിഷമമുണ്ടോ?
വെള്ളം കിട്ടാതെയോ?
പച്ചപ്പ് നശിച്ചെന്നോ?
കള്ളന്മാരുണ്ടെന്നോ?
പോലീസിനെ കൂട്ടുപിടിച്ച്
കൊലപ്പെടുത്തൽ
അവിടെയില്ലല്ലോ !!
ഇങ്ങനെ ചോദ്യമിട്ടും
കേൾവിയിലും ഇരിക്കും .
കൃഷ്ണയ്യർ
അഴീക്കോട് മാഷ്
ഇടയ്ക്കിടയ്ക്ക്
വന്നു പോയി .
അവർ പോകുമ്പോൾ
ശൂന്യത നിറഞ്ഞു
അന്നും ,ഇന്നും .
കെ .കേളപ്പൻ
അയ്യങ്കാളി
നാരായണ ഗുരു
വന്നു
ഇറങ്ങിപ്പോയത്
കാലിക ദുഃഖം
തലയിൽപ്പേറി കുനിഞ്ഞ് .
നാട്ടുകാരുടെ ബന്ധുക്കളായ
പരേതാത്മാക്കളോട്
സംസാരിച്ച് പ്രതിഫലം
കിട്ടിയതു മുതല്ക്കാണ്
വീട്ടിനു മുമ്പിൽ
പ്രതിഷേധം
അണക്കെട്ടു തീർത്തതും
ഒരുനാൾ പൊട്ടിയതും .
ഇപ്പോൾ
അയാൾ
ഉറക്കെ
പ്പറയുന്നുണ്ട്
ശവങ്ങളോട്
മിണ്ടുന്നതിനേക്കാൾ
സന്തോഷം
പരേതാത്മാവിനോട്
താളത്തിൽ
മേളത്തിൽ
ഉച്ചരിച്ചിരിക്കുമ്പോൾ
(ടി.പി.രാധാകൃഷ്ണൻ )

പുറപ്പാട്
ഉടവാളും ഉറുമിയും ഞാൻ മുറുക്കി
തടയാനിറങ്ങേണ്ട കൂട്ടുകാരേ
അവളെന്റെയാണെങ്കിലവളെയുംകൊ-
ണ്ടരളിത്തറയിൽക്കയറി നിൽക്കും
ഒരുപാടു കാലം പഠിച്ചതൊക്കെ
ഒരു നാളിലെന്നെത്തുണക്കുമല്ലോ
പടവാളു ചൂണ്ടി ഞാൻ നിന്നുവെന്നാൽ
തകരാതിരിക്കില്ല കോട്ടവാതിൽ
ഉറുമിത്തലപ്പിൽ കവിത പൂത്താൽ
പിടയാതിരിക്കില്ലവൾക്കു ചിത്തം
മരണത്തിലും ഞാനവൾക്കു പുത്തൻ
ചുടുനിണപ്പട്ടിൻപുടവനൽകും
അവളുടെ കണ്ണിലേയിന്ദ്രനീലം
അവസാനമായ്ക്കണ്ടു ഞാനുറങ്ങും
നിലവിളക്കേന്തിയെൻ വീടു നില്പാ
ണവളെയും കൂട്ടി ഞാൻ പടി ചവിട്ടും
അരളിത്തറയിലിരുന്നു ഞങ്ങൾ
മധുരം തെറുത്തു ചവയ്ക്കുമല്ലോ
കഴിയുമീദു:ഖമാച്ചോന്ന ചുണ്ടിൽ -
പ്പുലരികൾ വന്നു വിരിഞ്ഞിടുമ്പോൾ
തടയുവാനാരും തുനിഞ്ഞിടേണ്ടാ
പടയിൽ ജയിച്ചേമടക്കമുള്ളൂ
റെജി കവളങ്ങാടൻ

ഞാനും നീയും
ഞാനൊരു മഴയാവുമ്പോഴെല്ലാം ,
പുഴയായ് എന്നെ നീ മടിയിലിരുത്തിയേക്കണം
ഞാനൊരു കുളിർക്കാറ്റാ കുമ്പോൾ ...
പൂമരമായ്  നീ കാത്തു നിന്നേക്കുക.
ഞാനൊരു നക്ഷത്രമായേക്കും ...
കരിമുകിലായെന്റെ  കണ്ണു നീ പൊത്തുമെങ്കിൽ. ...
ഒരു സ്വപ്നം പോലെ ഞാനടുത്തു വന്നേക്കാം ,
നിദ്രയായ്  നീ കൂട്ടിരിക്കുമെങ്കിൽ
ഒരു പിൻവിളിയായ് ഞാൻ കൂടെ വരാം ..
മൂളിപ്പാട്ടുമായ് നീ  കൂടെപ്പോരുമെങ്കിൽ ...
വഴിപ്പൂവ് പോലെ ഞാൻ കാത്തുനിന്നീടാം , മിഴിത്തുമ്പാലെ നീ തഴുകി നില്ക്കുമെങ്കിൽ
നീയില്ലായ്മയോളം വലിയ ഞാനില്ലായ്മകളിൽ  ഞാൻ വലഞ്ഞിടുമ്പോൾ
പ്രിയമുള്ളൊരു വാക്കിന്റെ നിറനാഴിയിൽ ,
 നീ നിന്നെ  നിറച്ചു തന്നേക്കണം'
ഷീലാ റാണി

കെവിൻ ,,,,,, നീനു ,,,,,,,
തെറിച്ച് നിൽക്കുന്നവരും; തെറിച്ച് നടക്കുന്നവരും കെവിനെ പോലെ ജ്വലിക്കുന്ന ഓർമ്മയാണ്.
പ്രണയത്തേ സമരമാക്കി ,
പ്രതിരോധമാക്കി
സ്വയം കരുതലിന്റെയും
സംരക്ഷണത്തിന്റയും  മാതൃകയായി
ഇച്ഛാശക്തി കൊണ്ട്
സമൂഹത്തോളം ഉയരാൻ സാധിക്കും
എന്നു കാണിച്ച്..
ഉടലും ഉയിരും നൽകി
എരിഞ്ഞടങ്ങി അന്യന്റെ
മനസ്സിൽ ചേക്കേറി...... നടന്നകലുന്നവർ
കൊന്നു തള്ളിയാലും  ,'
മലയാള മനസ്സിനേ ,കൈവരിച്ച പൊതുധാരയേ നന്മയേ ,സംരക്ഷണത്തേ ,......!
മരിക്കാത്ത ഓർമ്മകളുടെ  പ്രഹര ശേഷികൊണ്ട് കാലം  പ്രതിരോധിക്കുമെന്ന് അറിയാതെ പോയല്ലോ ....!!!!
ദുരഭിമാനികളായ കപട സദാചാരക്കാർ,,,,
കൃഷ്ണദാസ്  .കെ.

ഹൈകുകൾ
1. ഇന്നും വിരിഞ്ഞു
മുറ്റത്ത് പത്തു മണി,
മഴ നനഞ്ഞ്.
2. കുന്നിറങ്ങുന്നു
അസ്തമയ സൂര്യൻ.
ഇരുണ്ട ഗ്രാമം.
3. ഉറ്റ സൗഹൃദം
വർണ്ണക്കുടക്കീഴിൽ.
കാറ്റും മഴയും .
4.പഴയ വഴി
പുതിയ പാഠങ്ങൾ.
സ്കൂൾ യാത്ര.
5. പാഠ്യവിഷയം
തോളിലേറ്റിയ ഭാരം.
പുതുവർഷം.
6. ഓർക്കുന്നുണ്ട്,
ഇന്നുമാ, സ്കൂൾ മുറ്റം
പിന്നിട്ട കാലം.
രമേശ്, വഞ്ചടിയിൽ

പിരാനകളെ   വളര്‍ത്തുന്നത് 
ചില്ലുകൂട്ടിലെ കടൽ
ജലപാളികളിലൂടെ
വീശിയടിക്കുന്ന
ഏകാന്തത
തവിട്ട് കലർന്ന കറുപ്പിന്റെ
ചെറു ചലനങ്ങൾ
കൂർത്ത പല്ലുകൾ
കടിച്ചു കുടഞ്ഞ
എല്ലിൻ ചീളിന്റെ
അവസാന തരി ത്തിളക്കം
ഈ മുറിയും
ഇതിരിക്കുന്ന വീടും
പണ്ടെങ്ങോ
കാടായിരുന്നിരിക്കണം
ചെവിയാട്ടുന്ന കാറ്റിന്റെ
കിരുകിരുപ്പ്
മലയിറങ്ങുന്നുണ്ടാവണം
ഒന്ന്കണ്ണടയ്ക്കുമ്പോൾ
വഴിയിൽ തലയറുത്തിട്ട കാട്ടുമൃഗം
അടികൊണ്ട പാടുകളിൽ
  കട്ടച്ചചോര
തുറിച്ചു നോക്കുന്ന
 മരക്കൂട്ടങ്ങൾ
ഒറ്റപ്പെട്ട മട
നനഞ്ഞ മണ്ണിലെ
കാലടയാളങ്ങൾ
കൊമ്പിൽ കോർത്ത ചൂര്
നിലാവിൽ തിളങ്ങുന്ന തേറ്റ
ദാഹം തീർത്ത ജലപാതങ്ങൾ
വിശനലഞ്ഞ മലമ്പാതകൾ
ഒടുക്കത്തെ പിടച്ചിലിൽ
പാറക്കൂട്ടത്തിൽ തെറിച്ചുവീണ
പനന്തത്തയുടെ പറക്കൽ
പെട്ടെന്ന്
മണ്ണ് പുതഞ്ഞ
 അജ്ഞാതനായ ആദിവാസിയുടെ
തലയോടും പാട്ടും
കാലിൽ തട്ടി
പൊടിഞ്ഞുചിതറുന്നു
നൂറ്റാണ്ടുകളുടെ വിശപ്പായി
 വെള്ളത്തിലൂടെ ഊളിയിട്ട്
അടുത്ത്ചെല്ലുമ്പോൾ
സ്വന്തം നിഴലിനെ കണ്ട പോലെ
വെട്ടി വിയർത്ത
എന്തോഒന്ന്
കയ്യേറിയ വീടിന്റെ ഓർമ്മയെ
നിശ്ശബ്ദമായി
തിന്നുതുടങ്ങുന്നു
# പിരാന്ന  - ഒരു അലങ്കാര മൽസ്യം
മാംസഭോജിയായത് കൊണ്ട് മിക്കവാറും
ഒറ്റപ്പെട്ട കൂട്ടിൽ വളർത്തപ്പെ ടുന്നു
( കവിത മാധ്യമത്തിൽ )
R Sangeetha.

കൊന്നത് അവളെയായിരുന്നില്ലേ?
അവനൊഴിഞ്ഞ  മണ്ണിൽ
ഇനിയവളെ   നട്ടുപിടിപ്പിക്കണം          
ഒരു കണ്ണീർച്ചെടി
വരണ്ടമണ്ണിലേക്കിനി
വേരുകളാഴ്ത്തുമായിരിക്കും.
തെക്കേപറമ്പിലെ     വാകമരത്തിൽ
കൂടുകൂട്ടിയ   അക്ഷരങ്ങൾക്ക്‌
തീ പിടിച്ചിരിക്കുന്നു
ലോകം മായ്ച്ചെഴുതിയ
ക്രമംതെറ്റിയ ചില    അക്ഷരങ്ങളുടെ തീക്കോലങ്ങൾ
തൂങ്ങിയാടുന്നുണ്ട്
അവസാനശ്വാസത്തിലും.
അവളെമാത്രം ചേർത്തുപിടിച്ചനെഞ്ച്
മിടിപ്പുകളൊപ്പി    യാത്രയാവാതെ.
ജീവനൊഴിഞ്ഞിട്ടും...
അവളെ നിറച്ചുവെച്ച
കണ്ണുകൾ   ചൂഴ്ന്നെടുക്കുമ്പോഴും...
നെഞ്ചിലേക്ക് വീശിയടിച്ച
ചുഴലിക്കാറ്റുകൾ
വേരുകൾ
കടപുഴക്കിയെറിഞ്ഞപ്പോഴും
അവൻ,
അവളെ
നെഞ്ചോട്
ചേർത്തുപിടിച്ചിരുന്നു.
 വാങ്ങിവെച്ചൊരു   മന്ത്രകോടിയുടെ മടക്കിൽ
തണുത്തുറഞ്ഞുകിടന്ന
സ്വർണ്ണതാലിയിൽ
രണ്ടുജീവനുകൾ
ഇഴചേർന്നു
മിടിച്ചിരുന്നു.
ബൂട്ടിനുള്ളിൽ   നെരിഞ്ഞമർന്ന നാഭിയിൽ
ജീവന്റെ മറുപാതി
തുടിച്ചിരുന്നു..
ഇനി  മഴവില്ലുകൾകൊരുത്ത
പ്രണയാക്ഷരങ്ങളെ
കുറിച്ചെഴുതുമ്പോൾ..!
നിലവിളികളെ വേട്ടയാടപ്പെട്ട
തെരുവുകളെക്കൂടി
വരച്ചുവെക്കേണ്ടതുണ്ട്
സത്യത്തിൽ,  അവളായിരുന്നില്ലേ   മരിച്ചത് ?
ഒരു ചുംബനത്തോടൊപ്പം
കൈവെള്ളയിലടിച്ച്‌
അവനേകിയ
വിശ്വാസം
ചുരുട്ടിപ്പിടിച്ച്
ഇനിയവൾ
ലോകത്തിനു
മറുപടിനൽകട്ടെ
അവളുടെ  ആകാശത്തെയും അവന്റെ
നക്ഷത്രത്തെയും
ഒരുമിച്ച്
ജപ്തിചെയ്യപ്പെട്ട
ഇരുണ്ട
രാത്രിക്കുമപ്പുറം ,
അവനു  കഴുമരമെറിഞ്ഞ
ആ കനത്ത ചിറകടിയൊച്ചകൾ
ശെരിക്കും...
അവളെയല്ലേ കൊന്നത്... ?
എന്ന്...
ഒരച്ഛന്റെ നെഞ്ചിലെ
തുളവീണ തേങ്ങൽ
നമ്മളോട് ചോദിക്കുന്നുണ്ട്.
റൂബി നിലമ്പൂർ



















പനിക്കാലം
പ്രത്യാക്രമിക്കാനൊരായുധം കിട്ടാതെ -
യത്യാഹിതത്തിന്റെ പ്രത്യേകവാർഡിൽ
ഹത്യയ്ക്കു മുമ്പുള്ളിടയ്ക്കാലവാഴ്‌വിൻ -
സത്യം പുതച്ചുറങ്ങുന്നയാൾ ശാന്തം...
നിശ്വാസഗന്ധവും ഡെറ്റോളിൽ മുക്കി -
പ്പരസ്പരം കണ്ണുനീർ പങ്കുവെക്കാതെ,
വേവുന്ന നെഞ്ചിൽ വിരൽ തൊട്ടു നോക്കി -
ത്താപം ശമിപ്പിച്ചു പുഞ്ചിരിക്കാതെ,
കാലം കടിച്ചിട്ട തേൻ പഴം നോക്കി,
പ്രാണന്റെ കയ്പും കുടിച്ചുറങ്ങുമ്പോൾ
പൊള്ളുംനിലാവിൻ സ്രവത്തിന്റെ സാമ്പിൾ
പെട്ടെന്നു നീലിച്ചു കട്ടിയാവുന്നു..
ലാബിന്റെ വാതിൽ തുറന്നടയുന്നു
കാറ്റിന്റെയാംബുലൻസ് കാത്തു നിൽക്കുന്നു..
വീടുകളെല്ലാം വിയർത്തൊലിക്കുന്നു
ഭീതികൾ ലൈറ്റിട്ടു പാഞ്ഞടുക്കുന്നു...
ആരോ തിരിച്ചിട്ട വാക്കിൽക്കുരുങ്ങി
ഓർമ്മയ്ക്കു തീരാപ്പനി പിടിക്കുന്നു ...
ശ്രീനിവാസൻ തൂണേരി

അമൂർത്തം
എന്റെ ശരീരത്തിന്റെ അർത്ഥമെന്തെന്ന് നീ ഒരിക്കലെങ്കിലും അറിഞ്ഞിട്ടുണ്ടോ...
നിൻറേതായ ഉന്മാദങ്ങൾക്കുമേലേ തളർന്നുപോയതാണ്..
ഇച്ഛകളും ഇഷ്ടാനിഷ്ടങ്ങളും നഷ്ടപ്പെട്ട്...
ഇന്ദ്രിയസത്തയത്രയും വരണ്ടു പോയിരിക്കുന്നു...
ജീർണ്ണപുഷ്പങ്ങളുടെ ഗന്ധം ചൂഴ്ന്നു നിൽക്കുന്ന ശിലാതലമാണത്.
മരണത്തിന്റെ ഇലകൾ വന്ന് അതിനെ മൂടുന്നതിന് മുമ്പ്
പുതുമണ്ണിൻറെ ഗന്ധമോടെ
മഴയിലും കാറ്റിലും അലിഞ്ഞെത്തുന്ന കാട്ടുപൂക്കളുടെ മണമോടെ
ആകാശത്തിലേക്ക് ചില്ലകൾ വിരിച്ചു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന നക്ഷത്രത്തിളക്കമോടെ,
ഓരോ സുഷുമ്നയിലും നനവാർന്ന രസനയുടെ
നാനാർത്ഥങ്ങളെ നീ തിരയണം
അതേ
ഇന്നേവരെ അനുഭവിയ്ക്കാൻ കഴിഞ്ഞിട്ടില്ലാത്തവിധം അതീവഹൃദ്യമായ ഒരു മണം അതിനുള്ളിലേക്ക്
കിതച്ചിറങ്ങുമ്പോൾ
നോക്കൂ..
അത് നിന്റെ
ഉറവിടത്തിലേക്കുള്ള യാത്ര..
പ്രജ്ഞയുണർന്ന്,
കണ്ണുകളിൽ സ്വച്ഛതയുടെ വെളിച്ചം.
വിചിത്രമായ ശാന്തത..!
ഒരു നിമിഷത്തെ ഉൾക്കാഴ്ച..
ഒരുപാട് വ്യർത്ഥതകൾക്കിടയിലും തിളങ്ങുന്ന ഒരർത്ഥം
അല്ലെങ്കിൽ തന്നെ
അർത്ഥമറിയാതെ  അറിയുന്നവയത്രയും അമൂർത്തപ്പെടുകയാണ്.

ദീപ കരുവാട്ട്