02-05


ആനന്ദവർധനൻ


💦💦💦💦💦💦
ധ്വനി കാരൻ
കരികാ കാരൻ
സഹൃദയ ചക്രവർത്തി
എന്നീ പേരുകളിലും അറിയപ്പെടുന്ന
ആനന്ദവർദ്ധനനെ
പരിചയപ്പെടാം
ഇന്ന്

ആനന്ദവർധനൻ 
ഭാരതീയ കാവ്യ മീമാംസയുടെ അടിസ്ഥാന ശിലകളിലൊന്നായ, ഇന്ത്യൻ സൗന്ദര്യ ശാസ്ത്രത്തിൽ പുതിയ മാർഗ്ഗം വെട്ടിത്തുറന്ന , ധ്വനി ദർശനത്തിലൂടെ കാവ്യത്തിന്റെ ആത്മാവാണ് ധ്വനിയെന്ന് സ്ഥാപിച്ച ആചാര്യനാണ് ആനന്ദവർധനൻ

പൂർവ്വാചാര്യന്മാരുടെ സൗന്ദര്യ ശാസ്ത്രങ്ങളെയെല്ലാം ഖണ്ഡിച്ച് , ധ്വനി പ്രധാനമായ കാവ്യമാണ് ഉത്തമകാവ്യം എന്ന് സ്ഥാപിച്ച മഹാമനീഷി .

കാവ്യ സൗന്ദര്യത്തെക്കുറിച്ച് ശാസ്ത്രീയമായ കണ്ടെത്തലുകളും  കൂതികളെ മുൻനിർത്തിയുള്ള പ്രായോഗിക വിമർശനവും ആദ്യമായി അവതരിപ്പിച്ച് കാവ്യലാവണ്യത്തിന്റെ രഹസ്യങ്ങളിലേക്ക് ഉൾക്കാഴ്ച നൽകിയ ധ്വന്യാ ലോകം   എന്ന സംസ്കൃതകൃതി ഇദ്ദേഹത്തിന്റെതാണ്.

പ്രക്തനങ്ങളായ എല്ലാ വിജ്ഞാന മണ്‌ഡലങ്ങളിലും പ്രമാണിക പണ്‌ഡിതനായിരുന്നു ആനന്ദവര്‍ധനന്‍. ധ്വന്യാലോകത്തില്‍ വാല്‍മീകി, വ്യാസന്‍, കാളിദാസന്‍, ഭാണഭട്ടന്‍ തുടങ്ങി അനേകം ഗ്രന്ഥകാരന്‍മാരെയും ഗ്രന്ഥങ്ങളെയും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്‌.

ധ്വന്യാ ലോകം
🔆🔆🔆🔆🔆

വാച്യമല്ലാത്ത അർത്ഥം വായനക്കാരിലേക്ക് സംക്രമിപ്പിക്കുന്ന കാവ്യ ധർമ്മമാണ് ധ്വനി. ആനന്ദവര്‍ദ്ധനന്‍ സംസ്‌കൃതത്തില്‍ രചിച്ച കാവ്യമീമാംസാ ഗ്രന്ഥമാണ്   ധ്വന്യാലോകം. കാവ്യാലോകം എന്നും സഹൃദയാലോകം ഈ ഗ്രന്ഥത്തിന് പേരു നല്‍കിക്കാണുന്നു.

 ഒന്‍പതാം ശതകത്തില്‍ കാശ്മീരില്‍ ജീവിച്ചിരുന്നയാളാണ് ആനന്ദവര്‍ധനന്‍. കാവ്യത്തിന്റെ ആത്മാവായി ധ്വനി എന്ന തത്ത്വത്തെ വിശദീകരിക്കുന്നതോടൊപ്പം ധ്വനിയും മറ്റു കാവ്യതത്ത്വങ്ങളുമായുള്ള ബന്ധവും ഈ കൃതിയില്‍ ചര്‍ച്ച ചെയ്യുന്നു. നാല് ഭാഗമായാണ് ധ്വന്യാലോകത്തിലെ പ്രതിപാദനം. ഓരോ ഭാഗത്തിനും ഉദ്യോതം എന്ന് പേരു നല്‍കിയിരിക്കുന്നു.

    ആദ്യരൂപത്തില്‍ കാരികയും ഉദാഹരണ പദ്യഗദ്യഭാഗങ്ങളോടൊപ്പം ഗദ്യരൂപത്തില്‍ വൃത്തിയും ഇടകലര്‍ന്നാണ് രചനാശൈലി. ഇതിലെ നിര്‍വചനപരമായ കാരികാപദ്യങ്ങള്‍ അജ്ഞാത നാമാവായ ഒരു പണ്ഡിതന്‍ രചിച്ചതാണെന്നും വൃത്തിയുടെ രചയിതാവാണ് ആനന്ദവര്‍ധനന്‍ എന്നും കരുതുന്ന പണ്ഡിതന്മാരുണ്ട് .
എന്നാല്‍ കൂടുതല്‍ ഗവേഷകരും കാരികയും വൃത്തിയും ആനന്ദവര്‍ധനന്റെതന്നെ എന്നാണ് രേഖപ്പെടുത്തുന്നത്. ഗ്രന്ഥാരംഭത്തിലെ പദ്യത്തില്‍ 'സഹൃദയമനഃപ്രീതിക്കായിട്ട് ധ്വനിയുടെ സ്വരൂപം വിശദീകരിക്കുന്നു' എന്നു പ്രസ്താവിച്ചുകാണുന്നു.
 കാവ്യാത്മാവ് ധ്വനിയാണ് എന്ന് തന്റെ പൂര്‍വസൂരികളായ കവികള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിന്റെ അസ്തിത്വത്തെ ചില പണ്ഡിതന്മാര്‍ നിഷേധിക്കുന്നു.

'കാവ്യസ്യാത്മാ ധ്വനിരിതി ബുധൈര്‍
യഃ സമാമ്‌നാതപൂര്‍വഃ
തസ്യാഭാവം ജഗദുരപരേ
ഭാക്തമാഹുസ്തദനേ
കേചിദ്വാചാംസ്ഥിതമവിഷയേ
തത്ത്വമൂചുസ്തദീയം
തേനബ്രൂമഃ സഹൃദയമനഃ/പ്രീതയേ തത്സ്വരൂപം.

    ധ്വന്യാലോകം ആദ്യവായനയില്‍ വളരെ സരളമായ പ്രതിപാദനശൈലി പ്രകടമാക്കുന്നു. എന്നാല്‍, അതിലെ ധ്വനിതത്ത്വം പൂര്‍ണമായി മനസ്സിലാക്കുക അനായാസമല്ല. ധ്വന്യാലോകത്തിന് അഭിനവഗുപ്തന്‍ രചിച്ച 'ലോചനം' എന്ന വ്യാഖ്യാനഗ്രന്ഥമാണ് ധ്വനിയുടെ സത്ത സഹൃദയര്‍ക്ക് സുഗ്രഹമാക്കിത്തീര്‍ത്തത്. ലോചനത്തിന് ഉത്തുംഗോദയന്‍ എന്ന പണ്ഡിതന്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ചന്ദ്രാദിത്യന്റെ പുത്രനായ കയ്യടന്‍ ധ്വന്യാലോകത്തിന് പ്രൗഢമായ മറ്റൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്.
അഭിനവഗുപ്തന്റെ ലോചനത്തിലെ പല നിരീക്ഷണങ്ങളെയും ഖണ്ഡിച്ചുകൊണ്ട് കേരളീയനായ നീലകണ്ഠശാസ്ത്രി ധ്വന്യാലോകത്തിനു രചിച്ച വ്യാഖ്യാനം ശ്രദ്ധേയമാണ്.
ലോചനത്തിന് കേരളീയനായ ദാശരഥി നമ്പൂതിരി  അഞ്ജനം എന്ന പേരില്‍ ഒരു വ്യാഖ്യാനം രചിച്ചു. കേരളീയരായ ഉദയന്‍, രാമപിഷാരടി എന്നിവര്‍ യഥാക്രമം കൗമുദി, ബാലപ്രിയ എന്നീ പേരുകളില്‍ സംസ്‌കൃതത്തില്‍ രചിച്ച വ്യാഖ്യാനങ്ങളും കിട്ടിയിട്ടുണ്ട്.
(നോക്കൂ കേരളത്തിന്റെ പ്രാധാന്യം! )


    മലയാളത്തില്‍ വിവര്‍ത്തനവും പഠനവുമായി അനേകം ഗ്രന്ഥങ്ങള്‍ ധ്വന്യാലോകത്തിനുണ്ടായിട്ടുണ്ട്. ഇതില്‍ ഇ.വി. ദാമോദരന്‍ രചിച്ച ധ്വന്യാലോകത്തെയും ലോചനത്തെയും മലയാളത്തില്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥം പ്രധാനമാണ്. മലയാളസാഹിത്യത്തിലെ ധ്വനിപ്രധാനമായ സന്ദര്‍ഭങ്ങള്‍ ഉദാഹരണമായി പരിചയപ്പെടുത്തിക്കൊണ്ട് ഡോ.പി.കെ. നാരായണപിള്ള രചിച്ച 'കൈരളീധ്വനി'യെ 'കേരളീയരുടെ ധ്വന്യാലോകം' എന്നു വിശേഷിപ്പിക്കാം.


അൽപ്പം അലങ്കര ശാസ്ത്ര ചരിത്രം


കാവ്യത്തിന്റെ ശാസ്ത്രീയമായ അധ്യയനമാണ് അലങ്കാരശാസ്ത്രത്തിന്റെ വിഷയം. സാഹിത്യശാസ്ത്രം, കാവ്യശാസ്ത്രം, സൗന്ദര്യശാസ്ത്രം എന്നീ പേരുകളും സമാനാർഥത്തിൽ പ്രയോഗിച്ചുകാണുന്നു. രാജശേഖരൻ (10-ാം ശതകം) തന്റെ കാവ്യമീമാംസയിൽ സാഹിത്യവിദ്യ എന്നാണ് അലങ്കാരശാസ്ത്രത്തിനു നല്കിയിട്ടുള്ള പേര്.

അലങ്കാരപദത്തിന്റെ അർത്ഥം

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

അലങ്കരിക്കുന്നത് അതായത് സൗന്ദര്യം വർധിപ്പിക്കുന്നത് എന്ന വിപുലവും സരളവുമായ അർഥത്തിലാണ് അലങ്കാരപദം പണ്ടുകാലത്തു പ്രയോഗിച്ചിരുന്നത്. ശബ്ദാലങ്കാരം തൊട്ടു രസം വരെയുള്ള എല്ലാ കാവ്യധർമങ്ങളും ഈ പദം കൊണ്ടു വിവരിക്കപ്പെട്ടിരിക്കുന്നു. കാവ്യോത്കർഷദായകങ്ങളായ ധർമങ്ങൾ വിശകലനം ചെയ്യപ്പെടാതെ എല്ലാം ഒന്നായി കണ്ടുകൊണ്ടുള്ള സമീപനത്തിന്റെ ഫലമായിരുന്നു അത്. അടുത്ത ഘട്ടത്തിൽ 'അലങ്കാര'ത്തിന്റെ അർഥം കൂടുതൽ സങ്കീർണമായിത്തീർന്ന് കാവ്യചമത്കാരഹേതുക്കളായ അംശങ്ങൾ വെവ്വേറെ പരാമർശിക്കപ്പെടുവാൻ തുടങ്ങി. അപ്പോൾ ഈ പദത്തിന്റെ വിവക്ഷ ഉപമാദികളായ അർഥാലങ്കാരങ്ങളെയും യമകാദികളായ ശബ്ദാലങ്കാരങ്ങളെയും മാത്രം സംബന്ധിക്കുന്ന രീതിയിൽ സങ്കുചിതമായിത്തീർന്നു. എങ്കിലും സംപൂർണ സാഹിത്യശാസ്ത്രം എന്ന അർഥത്തിൽ ത്തന്നെ അലങ്കാരശാസ്ത്രം എന്ന വാക്ക് ഉപയോഗിച്ചുവരുന്നു.

അലങ്കാര ശാസ്ത്രത്തെപ്പറ്റി അൽപ്പം കൂടി
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ക്രിസ്തുവിനു വളരെ കാലം മുൻപു മുതൽതന്നെ ഭാരതത്തിൽ അലങ്കാരം പഠനവിഷയമായിരുന്നു എന്ന് ഊഹിക്കുവാൻ വഴിയുണ്ട്. നിരുക്തകാരനായ യാസ്കൻ (ബി.സി. 600) തന്റെ പൂർവികനും വൈയാകരണനുമായ  ഗാർഗ്യന്റെ ഉപമാനിർവചനം (അഥാതോ ഉപമാ യത് അതത് തത്സദൃശം) ഉദ്ധരിച്ച് അനേകം ഋഗ്വേദമന്ത്രങ്ങൾകൊണ്ട് അതിനെ ഉദാഹരിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. യഥാ,ന, ചിത്, വത്, ആ, നു മുതലായ പ്രത്യയങ്ങൾ ഉപമാവാചകങ്ങളായി ഇദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു. 'നിപാതങ്ങൾ' എന്നാണ് ഇവയ്ക്ക് ഇദ്ദേഹം കൊടുത്തിട്ടുള്ള പേര്. ഭൂതോപമ, രൂപോപമ, ലുപ്തോപമ, സിദ്ധോപമ എന്നിങ്ങനെ ഉപമയ്ക്കുള്ള പ്രകാരഭേദങ്ങളും ഇദ്ദേഹത്തിന്റെ പഠനങ്ങൾക്കു വിഷയമായി. ഇതിൽനിന്നെല്ലാം ഉപമ എന്ന അലങ്കാരം യാസ്കന്റെ കാലത്തിനു മുൻപുതന്നെ വൈയാകരണന്മാർ ചർച്ചയ്ക്കു വിഷയമാക്കിയിട്ടുണ്ടെന്നും വേദമന്ത്രങ്ങളുടെ അർഥങ്ങൾ വിസ്തരിക്കുമ്പോൾ അവയിലെ ഉപമകളും വ്യാഖ്യാതങ്ങളായിട്ടുണ്ടെന്നും ന്യായമായി വിചാരിക്കാം.

യാസ്കനു ശേഷമുണ്ടായ പ്രസിദ്ധവൈയാകരണനായ പാണിനിയും 'അലങ്കാര'ത്തിലെ ചില ശാസ്ത്രീയ ശബ്ദങ്ങളെക്കുറിച്ച് ഉല്ലേഖനം ചെയ്തിട്ടുണ്ട്. പാണിനീസൂത്രങ്ങളിലും തുടർന്നുണ്ടായ കാത്യായനന്റെ വാർത്തികത്തിലും പതഞ്ജലിയുടെ ഭാഷ്യത്തിലും അത്തരം പരാമർശങ്ങൾ കാണാം.
'ഉപമാനാനി സാമാന്യവചനൈഃ', 'ഉപമിതം വ്യാഘ്രാദിഭിഃ സാമാന്യാപ്രയോഗേ'
എന്നീ പാണിനിസൂത്രങ്ങൾ കാണുമ്പോൾ ഗാർഗ്യന്റെ അഭിപ്രായങ്ങളെ പാണിനി നല്ലപോലെ ആത്മസാത്കരിച്ചിട്ടുണ്ടെന്നു കരുതാം. ഉപമാനം, ഉപമിതം, സാമാന്യം, ഔപമ്യം, ഉപമാർഥം, സാദൃശ്യം എന്നീ പദങ്ങളുടെ പ്രയോഗം ഏതാണ്ട് 50 സൂത്രങ്ങളിൽ കാണുന്നുണ്ട്. ഇതിൽനിന്നെല്ലാം അലങ്കാരശാസ്ത്രത്തിന്റെ ഉദ്ഗമസ്ഥാനം വ്യാകരണശാസ്ത്രം തന്നെയാകാനേ വഴിയുള്ളു എന്ന് അഭ്യൂഹിക്കപ്പെടുന്നു. ആനന്ദവർധനന്റെ ധ്വന്യാലോകത്തിലുള്ള 'എല്ലാ വിദ്യകളുടെയും മൂലം വ്യാകരണമാകയാൽ ആദ്യത്തെ വിദ്വാൻമാരെല്ലാം വൈയാകരണൻമാരായിരുന്നു' എന്ന പരാമർശം ഈ ഊഹത്തെ കുറെയൊക്കെ സാധൂകരിക്കുന്നു.

അലങ്കാരപഠനം ഒരു പ്രത്യേക ശാസ്ത്രമായി പതഞ്ജലിക്കുമുൻപ് രൂപം കൊണ്ടിരുന്നില്ല. അലങ്കാരത്തെക്കുറിച്ചു പ്രസ്താവങ്ങളുണ്ടെങ്കിലും അലങ്കാരശാസ്ത്രത്തെക്കുറിച്ചു പ്രാചീനകൃതികളിൽ ഒരിടത്തും പ്രസ്താവിച്ചുകാണുന്നുമില്ല. ഛാന്ദോഗ്യോപനിഷത്തിൽ പഴയ ശാസ്ത്രങ്ങളുടെ ഒരു പട്ടിക കൊടുത്തിട്ടുള്ളതിൽ (VII. 1. 2. 4) അലങ്കാരശാസ്ത്രം ഉൾപ്പെടുന്നില്ല. ലളിതവിസ്തരം എന്ന ബുദ്ധമതഗ്രന്ഥത്തിൽ 'കാവ്യകരണഗ്രന്ഥം' എന്ന ഒരു പ്രയോഗമുണ്ടെങ്കിലും അലങ്കാരത്തെക്കുറിച്ചുള്ള പരാമർശമായി അതിനെ സ്വീകരിക്കുക വിഷമമാണ്. കൌടല്യന്റെ അർഥശാസ്ത്രത്തിലും അലങ്കാരശാസ്ത്രത്തെക്കുറിച്ച് ഒന്നും പറഞ്ഞുകാണുന്നില്ല. രാജാവുപയോഗിക്കുന്ന ഭാഷയുടെ ശൈലി ഇന്നവിധത്തിലായിരിക്കണമെന്ന് ഇദ്ദേഹം അനുശാസിക്കുന്നുണ്ട്. അർഥക്രമം, സ്പഷ്ടത്വം, ഔദാര്യം എന്നിവ രാജശാസനങ്ങൾക്കു അനിവാര്യഗുണങ്ങളാണെന്ന് ഇദ്ദേഹം പ്രതിപാദിച്ചപ്പോൾ അലങ്കാരശാസ്ത്രവുമായി അവയ്ക്കു ബന്ധമുള്ളതായി ഇദ്ദേഹം ലക്ഷീകരിച്ചിട്ടില്ല. ചുരുക്കത്തിൽ, അലങ്കാരത്തെക്കുറിച്ചു പ്രാചീനാചാര്യന്മാർ ബോധവാന്മാരായിരുന്നു എന്നല്ലാതെ ഒരു പ്രത്യേക ശാസ്ത്രമായി അലങ്കാരശാസ്ത്രത്തെ പരാമർശിക്കുവാനോ വളർത്തിക്കൊണ്ടുവരുവാനോ അവർ ശ്രദ്ധിച്ചിരുന്നില്ല.


അല്പം കൂടി ചരിത്രം


ഭാമഹന്റെ കാവ്യാലങ്കാരത്തിനുശേഷം അലങ്കാരശാസ്ത്രം ക്രമമായ പുരോഗതി കൈവരിച്ചതിന്റെ ഫലമായി സംസ്കൃതഭാഷയിലുണ്ടായിട്ടുള്ള കാവ്യശാസ്ത്രഗ്രന്ഥങ്ങൾ അനവധിയാണ്. അവയിൽ പ്രാമുഖ്യമർഹിക്കുന്നത് കാവ്യാദർശം, കാവ്യാലങ്കാരസംഗ്രഹം, കാവ്യാലങ്കാരസൂത്രം, കാവ്യാലങ്കാരം, ധ്വന്യാലോകം, കാവ്യമീമാംസ, വക്രോക്തിജീവിതം, വ്യക്തിവിവേകം, ശൃംഗാരപ്രകാശം, സരസ്വതീകണ്ഠാഭരണം, ഔചിത്യവിചാരചർച്ച, കവികണ്ഠാഭരണം, കാവ്യപ്രകാശം, അലങ്കാരസർവസ്വം, വാഗ്ഭടാലങ്കാരം, കാവ്യാനുശാസനം, രസതരംഗിണി, ചന്ദ്രാലോകം, ഏകാവലി, പ്രതാപരുദ്രയശോഭൂഷണം, സാഹിത്യദർപ്പണം, അലങ്കാരശേഖരം, കുവലയാനന്ദം, ചിത്രമീമാംസ, രസഗംഗാധരം എന്നിവയാണ്. ഇവ കൂടാതെ കണ്ടുകിട്ടിയിട്ടുള്ള 150-ൽ അധികം അലങ്കാരഗ്രന്ഥങ്ങൾ വേറെയുമുണ്ട്. അവയിൽ 50-ൽ അധികം കൃതികളുടെ രചയിതാക്കൾ ആരെന്നു നിരാക്ഷേപമായി തെളിഞ്ഞിട്ടില്ല


ധ്വന്യാലോകവും ധ്വനിസിദ്ധാന്തവും
(നെറ്റിൽ നിന്നും)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

സാഹിത്യശാസ്ത്രഗ്രന്ഥങ്ങളിൽ അദ്വിതീയസ്ഥാനമലങ്കരിക്കുന്നത്, കാശ്മീരീപണ്ഡിതനായ ആനന്ദവർധനന്റെ (825-875) ധ്വന്യാലോകം ആണ്. കാരിക, വൃത്തി, ലോചനം (വ്യാഖ്യാനത്തിന്റെ പേര്) എന്നീ മൂന്നു അംശങ്ങളോടുകൂടി സംപൂർണമായ ഈ ഗ്രന്ഥത്തിൽ 4 ഉദ്യോതങ്ങളുണ്ട്. കാരികയുടെയും വൃത്തിയുടെയും കർത്താക്കന്മാർ ഒരാളല്ല രണ്ടുപേരാണ് എന്നും, അതല്ല ഒരാൾ തന്നെയാണ് എന്നും നിരൂപകന്മാർക്കിടയിൽ വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ബഹ്വർഥസംഗ്രഹരൂപമായ കാരികയും അതിന്റെ സകലസാരവിവരണരൂപമായ വൃത്തിയും ചേർന്ന നിബന്ധനമാണ് ധ്വന്യാലോകമെന്നും അവ രണ്ടും ആനന്ദവർധനന്റെ തന്നെ കൃതിയാണെന്നും കൂലംകഷമായ പരിശോധനയ്ക്കുശേഷം ചിലർ സ്ഥാപിച്ചിട്ടുണ്ട്. കാവ്യാലോകമെന്നും സഹൃദയാലോകമെന്നും സംജ്ഞാന്തരങ്ങളുള്ള പ്രസ്തുത ഗ്രന്ഥത്തിന് അഭിനവഗുപ്തൻ എഴുതിയ പ്രൗഢഗംഭീരമായ വ്യാഖ്യാനമാണ് ലോചനം; ചന്ദ്രിക എന്ന പേരിൽ വേറെയും ഒരു വ്യാഖ്യാനമുണ്ടായിരുന്നു എന്ന് ഊഹിക്കപ്പെടുന്നു.

ഒന്നാമത്തെ ഉദ്യോതത്തിലെ പ്രമേയം 'കാവ്യസ്യാത്മാ ധ്വനിഃ' എന്നതാണ്. ധ്വനിയുടെ വകഭേദങ്ങൾ രണ്ടിലും, ധ്വനികാരണങ്ങൾ മൂന്നിലും, ഗുണീഭൂതവ്യംഗ്യം നാലിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. വസ്തു, അലങ്കാരം, രസം എന്നീ മൂന്നുതരം ധ്വനികളിൽ സർവോത്കൃഷ്ടമായ രസധ്വനിയാണ് സഹൃദയരെ സമാകർഷിക്കുന്ന കാവ്യാത്മഭൂതവും ആനന്ദൈകസാരവുമായ തത്ത്വമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന ഈ സാഹിത്യശാസ്ത്രത്തിന്റെ രചനകൊണ്ട് പാണിനി, ഭരതൻ, ശ്രീശങ്കരൻ എന്നിവരോടു സമസ്കന്ധനും ആചാര്യസ്ഥാനീയനുമായി ആനന്ദവർധനൻ നിലകൊള്ളുന്നു.

ധ്വന്യാലോകത്തിന്റെ പ്രശസ്തിക്ക് ഏറ്റവും സഹായകമായത് അഭിനവഗുപ്തന്റെ (എ.ഡി. 925-1025) ലോചനം എന്ന വ്യാഖ്യാനമാണെന്നതിൽ സംശയമില്ല.

ഇന്ത്യൻ കാവ്യ മീമാംസയുടെ സത്ത െൾക്കൊണ്ട് നവവിമർശനത്തിൽ അവയുടെ നവീകരണ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
ഭരതന്റെ നാട്യശാസ്ത്രത്തിനും ആനന്ദവർദ്ധനന്റെ ധ്വ ന്യാലോകത്തിനും കാലോചിതമായ ഭാഷ്യങ്ങൾ വേണം.
പ്രാചീന സൂത്രങ്ങൾ ഉദ്ധരിച്ച് തൃപ്തിയടയലല്ല അത്.
ഇന്ത്യൻ സാഹിത്യ മീമാംസക്ക് പുതിയ വായനയും പുതിയ ചിന്തയും വേണം.
അപ്പഴേ അവയ്ക്ക് സമകാലിക പ്രസക്തി കൈവരൂ.
ഇല്ലെങ്കിൽ മൃതഭാഷയിലെ മൃത കോശങ്ങളായി അവ ജീർണ്ണിച്ചൊടുങ്ങും