02-04b


📚📚📚📚📚📚📚📚📚📚📚

  📙   പുസ്തക പരിചയം 📙

അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ
       നോവൽ
സി. വി. ബാലകൃഷ്ണൻ 
പ്രസാ  : ഡി. സി. ബുക്സ് 
വില     : 290/- 

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

സി. വി. ബാലകൃഷ്ണൻ

കാസർഗോഡ് ജില്ലയിലെ പീലിക്കോട് താമസിക്കുന്നു. നോവലിസ്റ്റ്,  കഥാകൃത്ത്,  തിരക്കഥാകൃത്ത്  എന്ന നിലയിൽ  സജീവം. അൻപതിലേറെ കൃതികൾ.  
ആത്മാവിനു ശരിയെന്നു തോന്നുന്ന  കാര്യങ്ങൾ  എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും, സിനിമയുടെ ഇടങ്ങൾ ( പഠനം) മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള സംസ്ഥാന  അവാർഡ്,  സമഗ്ര സംഭാവനയ്ക്ക് മുട്ടത്തു വർക്കി  അവാർഡ്,  പത്മപ്രഭാ പുരസ്കാരം,  ബഷീർ പുരസ്കാരം,  ഒ.  ചന്തുമേനോൻ പുരസ്കാരം  എന്നിവ നേടി. 

കൃതികൾ  :

ആയുസ്സിന്റെ പുസ്തകം,  ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ,  കണ്ണാടിക്കടൽ, ദിശ, ഇതിവൃത്തം, ഏതോ രാജാവിന്റെ പ്രജകൾ, ജീവിതമേ നീ എന്ത്?, ജ്വാലാ കലാപം, മരണം എന്നു പേരുള്ളവൻ , ഒറ്റയ്ക്കൊരു പെൺകുട്ടി,  കാമമോഹിതം, ആമേൻ ആമേൻ, എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ,  ലൈബ്രേറിയൻ, അവനവന്റെ ആനന്ദംകണ്ടെത്താനുള്ള വഴികൾ  (നോവലുകൾ)
👆👆👆👆👆👆

ഭുമിയെപ്പറ്റി അധികം പറയണ്ട , മഞ്ഞുപ്രതിമ, ഭവഭയം, പ്രണയകാലം, ദൈവത്തിന്റെ ഭാഷ രഹസ്യ ഭാഷ, എന്റെ പ്രിയപ്പെട്ട കഥകൾ,  തിരഞ്ഞെടുത്ത കഥകൾ. 
(കഥകൾ )👆👆👆👆

രതി സാന്ദ്രത,  വീവ ഗോവ,
പരിമള പർവ്വതം, സി.  വി. ബാലകൃഷ്ണന്റെ നോവെല്ലകൾ
(നോവെല്ലകൾ) 👆👆👆

(ഓർമ്മ) 👇👇👇👇
വാതിൽ തുറന്നിട്ട  നഗരത്തിൽ.  

ആനന്ദം കണ്ടെത്താനുള്ള വഴിയിലൂടെ

1950- 70 കളിലെ വടക്കൻ പ്രദേശത്തെ ഒരു അങ്ങാടിയിലെ സിഗരറ്റ് മൊത്ത വ്യാപാരിയും ധനികനുമാണ് നായകൻ.  ആ കാലഘട്ടത്തിൽ സ്വന്തം ഷെവർലെ    കാറും പാണ്ടികശാലയും ഉള്ള പാരമ്പര്യ ധനികൻ. 
നായകന്റെ ഭ്രമ കല്പനയിലൂടെയാണ് നോവൽ  ആരംഭിക്കുന്നത്.  

ബാല്യത്തിലേ  ദെയ്യക്ക എന്ന  സ്ത്രീയുമായുള്ള ഹൃദ്യമായ ബന്ധം  അയാളുടെ മനസ്സിൽ  എന്നും  പച്ച പിടിച്ചു നില്ക്കുന്ന  ഒന്നാണ്.  

അമിതമായ ലൈംഗീക തൃഷ്ണയാണ് ഇയാൾക്കുള്ളത്. സുന്ദരിയും ആരോഗ്യവതിയുമായ ഭാര്യയുമായി സംയോഗം കഴിഞ്ഞും വേലക്കാരിയെ തേടിപ്പോകുന്നത് ശമിക്കാത്ത  ലൈംഗീക തൃഷ്ണയുടെ ബഹിർസ്ഫുരണമാണ്. 

കൂടാതെ രണ്ടാം വീടെന്നു വിളിക്കുന്ന  ഗോഡൗണെന്നു നാട്ടുകാർ കരുതുന്ന  സ്ഥലത്ത് ധാരാളം സ്ത്രീകളെ എത്തിക്കുകയും അവരുമായി നിർബാധം ബന്ധം പുലർത്തുകയും ചെയ്യുന്നു. 

എന്തിനും  ഏതിനും  മൂക സാക്ഷിയും വലംകയ്യുമായി അമരേശനെന്ന  ഡ്രൈവറും കൂടെയുണ്ട്.  

ഇദ്ദേഹത്തിന്റെ പെൺവേട്ട തുടരുന്നതിനിടയിലാണ് അവിചാരിതമായി നാഗിനിയെ കാണുന്നത്. അരയ്ക്ക് മുകളിൽ സുന്ദരമായ സ്ത്രീ രൂപവും താഴേക്ക് നാഗരൂപവുമായി അഴകൊഴുകുന്ന മനോഹരമായ  ശില്പം പോലത്തെ നാഗിനിയെ കണ്ടമാത്രയിൽ അനുരക്തനാകുന്നു. 

നാഗിനിയുടെ സംരക്ഷകനോട് അയാൾ പറയുന്ന വിലയ്ക്ക്  നാഗിനിയെ തനിക്ക് വിട്ടു തരണമെന്ന്  ഇദ്ദേഹം  ആവശ്യപ്പെട്ടു.  പക്ഷേ  ആവശ്യം നിരസിക്കപ്പെട്ടു.

തന്റെ മുതലാളിയുടെ മനസ് വായിച്ച അമരേശൻ വളരെയേറെ കഷ്ടപ്പെട്ട് നാഗിനിയുമായുള്ള സംയോഗം ഏർപ്പെടുത്തുന്നു. 
അത്  അദ്ദേഹത്തിന്റെ  ജീവിതത്തിൽ കരിനിഴൽ പടർത്തിയ ഒരനുഭവമായി മാറുന്നു. 

അദ്ദേഹത്തിന്റെ ലൈംഗിക ശേഷി നഷ്ടമാകുന്നു. 
സഞ്ജീവീ ക്ലിനിക്കിലെ പ്രഭു ഡോക്ടറുടെ  ചികിത്സ തേടി. ഫലം കണ്ടില്ല.  പ്രഭു ഡോക്ടർ ഏർപ്പാട് ചെയ്ത ഒരു സിദ്ധനും അദ്ദേഹത്തെ ചികിത്സിക്കുന്നു. 
ഒരുപാട് ക്രിയാവിധികളിലൂടെ കടന്നു പോകുമ്പോഴും ലൈംഗീക  ഉത്തേജനം  എന്നത്  അപ്രാപ്യമായി തുടരുന്നു. 

പിന്നീട്  അമരേശനെ  പറഞ്ഞു വശത്താക്കി, ഇദ്ദേഹത്തിന്റെ ചിലവിൽ  കൊണ്ടുവരുന്ന സ്ത്രീകളുമായി അമരേശൻ ബന്ധപ്പെടുന്നത് കണ്ടാനന്ദിക്കുന്ന  ഒരു മനോനിലയിലേക്ക് ഇയാൾ കൂപ്പു കുത്തുന്നു. 

അങ്ങാടിക്കടുത്തെ സ്കൂളിൽ പുതുതായി വന്ന പാട്ട് ടീച്ചറിൽ ഇയാൾക്ക് താത്പര്യം  ജനിക്കുന്നു.
അമരേശൻ വഴി  അവരുടെ  സംയോഗം  കാണാനുള്ള  എല്ലാ ശ്രമങ്ങളും പാഴിലാവുന്നു. 
തുല്യ നിലയിലുള്ള  ഒരു ബന്ധം മാത്രമേ നടക്കൂ  എന്ന് ടീച്ചർ  നിബന്ധന വെയ്ക്കുന്നു. 

ഘട്ടം ഘട്ടമായി തന്റെ സ്വത്തിന്റെയും  വ്യാപാര പങ്കാളിത്താവകാശവും നല്കുന്നു. കൂടാതെ  പുതിയ  ഒരു തുണിക്കടയും അമരേശനായി ഇദ്ദേഹം   തയ്യാറാക്കി  നല്കി . അങ്ങനെ ധനികനായ  അമരേശനുമായി സന്ധിക്കാൻ ടീച്ചർ  തയ്യാറാവുന്നു. മറഞ്ഞിരുന്നു  ആരുമറിയാതെ കാണാനുള്ള  ഒരുക്കങ്ങളും പൂർത്തിയായി. 

സുന്ദരിയായ ഗാനകോകിലം അമരേശനൊത്ത് രണ്ടാം വീട്ടിൽ  എത്തുന്നു..... 
പക്ഷേ.... അവിടെ അദ്ദേഹത്തെ കാത്തിരുന്നത് ഒരു ദുരന്തമായിരുന്നോ....????

ആ മഴയുള്ള,  കുളിരാർന്ന രാത്രിയിൽ  അയാൾക്ക് കാഴ്ച നഷ്ടപ്പെടുകയാണ്. .....

ഉപസംഹാരത്തിൽ ബാക്കി വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത്  നോവലിസ്റ്റ് തന്നെയാണ്.  

ഈ നോവലിൽ 1950- 70 കാലഘട്ടത്തിലെ  ചരിത്രം  കടന്നു വരുന്നു. ഒരുപാട് ജീവിതങ്ങളുടെ നേർചിത്രങ്ങൾ നമുക്ക്  ഈ പുസ്തകത്തിൽ വായിക്കാം. 

എം.  മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തിരങ്ങളിലെയും , ദൈവത്തിന്റെ വികൃതികളിലെയും ചില കഥാപാത്രങ്ങളോട്  ഇതിലെ ചില കഥാപാത്രങ്ങൾ  അടുത്തു നില്ക്കുന്നുണ്ട്. 

എന്റെ വീക്ഷണം  :

സി. വി. ബാലകൃഷ്ണൻ  നല്ല ധാരാളം രചനകളുടെ ഉടമയാണ്. എന്നാൽ  ഈ നോവലിനെ  അദ്ദേഹത്തിന്റെ നല്ല നോവലുകളുടെ കൂട്ടത്തിൽ പെടുത്താൻ എനിക്ക് തോന്നുന്നില്ല. അതു ലൈംഗീകത പ്രമേയമാക്കിയതുകൊണ്ടല്ല. ഭാഷയിലും ആഖ്യാനത്തിലും പ്രമേയത്തിലും സി. വി. പുലർത്തിയിരുന്ന  ഔന്നിത്യം ഈ നോവലിൽ എനിക്ക് കാണാൻ സാധിച്ചില്ല. 

പുതു തലമുറ   എഴുത്തുകാർ, തുറന്നെഴുത്തെന്ന പേരിൽ  ആവശ്യത്തിനും അനാവശ്യത്തിനും കഥകളിലും നോവലുകളിലും ലൈംഗീകത ചാലിക്കുന്ന പ്രവണതയേറി വരുന്ന  ഒരു കാലമാണിത്. ആ സമയപരിസരത്ത് ലൈംഗീക ശേഷി നഷ്ടപ്പെട്ട  ഒരുവന്റെ ജീവിതം  പ്രമേയമാക്കി ഇത്തരം ഒരു നോവൽ രചനയിലൂടെ സി. വി. ബാലകൃഷ്ണൻ  എന്താണ് സമൂഹത്തോട് പറയാൻ  ഉദ്ദേശിച്ചത്??? അത്  വ്യക്തമല്ല. അതായത്  ഈ നോവലിലുടെ പ്രസരിപ്പിക്കാനുദ്ദേശിക്കുന്ന ആശയം പരിപൂർണ്ണമായി  സംവേദനം ചെയ്യാൻ  സാധിച്ചിട്ടില്ല എന്നാണ്  എന്റെ  അഭിപ്രായം.  

വായന വ്യത്യസ്തമാണ്. 
ഇതിനു കടക വിരുദ്ധമായ  അഭിപ്രായം  ചിലപ്പോൾ മറ്റു വായനക്കാർക്ക് ഉണ്ടാകാം. 

പാരായണ ക്ഷമതയുള്ള നോവലാണ്. ഇഴയാതെ നീങ്ങുന്നു. 

ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, ലൈബ്രേറിയൻ,പരിമള പർവ്വതം പോലുള്ള  മനോഹരമായ രചനകൾ തന്ന  ഒരു കഥാകാരന്റെ അത്ര മികച്ചതല്ലാത്ത ഒരു നോവൽ. 

പഠന വായനയ്ക്കുള്ള എന്തെങ്കിലും  ഉണ്ട്  എന്ന് പറയാൻ കഴിയില്ല.  


















🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

തയ്യാറാക്കിയത്  : കുരുവിള ജോൺ