02-04

📚📚📚📚📚📚📚📚📚📚📚
📙 പുസ്തക പരിചയം 📙

     ⌛ ആന്റിക്ലോക്ക്⏳  നോവൽ  വി. ജെ. ജയിംസ്
⏰⏰⏰⏰⏰⏰⏰⏰⏰⏰⏰

എഴുത്തുകാരൻ  :

പുറപ്പാടിന്റ പുസ്തകം  എന്ന  ആദ്യ നോവൽ മുതൽ  വായനക്കാരുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയ നോവലിസ്റ്റാണ് ശ്രീ  വി. ജെ. ജയിംസ്.  
ചോശാസ്ത്രം, ദത്താപഹാരം, നിരീശ്വരൻ എന്നീ നോവലുകളിലൂടെയും ശവങ്ങളിൽ പതിനാറാമൻ, പ്രണയോപനിഷത്ത് എന്ന കഥകളിലൂടെയും  മലയാള വായനക്കാരുടെ  മനസ്സിൽ  ഇരിപ്പിടം ഉറപ്പിച്ചു.  
ഇപ്പോൾ  ആന്റിക്ലോക്ക് എന്ന  ഈ നോവലിലൂടെ സാഹിത്യ ചരിത്രത്തിൽ സ്ഥിരസ്ഥാനം ഉറപ്പിക്കുന്നു.

ചെങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി.  വിക്രം സാരാഭായ് സ്പേസ് സെന്ററിൽ  എഞ്ചിനീയർ. തിരുവനന്തപുരത്ത് കുടപ്പനക്കുന്നിൽ താമസം. ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകത്തിന് _ ഡി. സി. ബുക്സ് രജത ജൂബിലി നോവൽ  അവാർഡ്,  മലയാറ്റൂർ പ്രൈസ്, റോട്ടറി ലിറ്റററി അവാർഡ്,  എന്നിവ  ലഭിച്ചു.  _നീരീശ്വരൻ
എന്ന നോവൽ  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടർന്റെ ബഷീർ നോവൽ പുരസ്കാരം,  തോപ്പിൽ രവി അവാർഡ് എന്നിവയ്ക്ക്  അർഹമായി. 

നോവലുകൾ: 
പുറപ്പാടിന്റെ പുസ്തകം 
ചോരശാസ്ത്രം
ദത്താപഹാരം, 
ലെയ്ക്ക
ഒറ്റക്കാലൻ കാക്ക 
നിരീശ്വരൻ
ആന്റിക്ലോക്ക് 

കഥകൾ:
ശവങ്ങളിൽ പതിനാറാമൻ,
ഭൂമിയിലേക്കുള്ള തുരുമ്പിച്ച  വാതായനങ്ങൾ, 
വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട്,
പ്രണയോപനിഷത്ത്,
കഥകൾ.  

ആന്റിക്ലോക്കിന്റെ ഭ്രമണപഥത്തിലൂടെ-:

"എങ്ങ്നീ ശവപ്പെട്ടികളോടൊപ്പം കഴ്യാമ്പറ്റണ്....."?? അവൾ ചോദിച്ചു.  

"അതിന് ശവപ്പെട്ടികളെ എന്തിത്ര ഭയക്കാൻ.... " ഞാൻ തിരിച്ചു ചോദിച്ചു.  

"ശവപ്പെട്ടീന്ന് പറഞ്ഞാലേ മരണവാ. പേടിക്കാണ്ടെങ്ങനെ..   ?"

"ജവിതത്തി ഒറപ്പ് പറയാവ്ന്ന ഒരേയൊരു സത്യോള്ളൂ ബിയാട്രീസ്, മരണം. ഏതു പണക്കാരന്റേം പവപ്പെട്ടോന്റെയും ജീവിതത്തില് തീച്ച്യായും സംഭവിക്കുന്നുവെന്ന് പറയാവുന്ന  ഒരേയൊരു കാര്യം."

അതു പറയുമ്പോൾ  അവളുടെ വെളുത്ത മുഖത്തുകൂടി ഭയത്തിന്റെ കരിന്തേളുകൾ ഇഴഞ്ഞു  നടന്നു....................

"അമ്മേടെ ഗർഭത്തി ചുരുണ്ടൂടി കെടന്നപ്പം നീ പേടിച്ചിര്ന്നോ ബിയാട്രീസ്."

"ആവോ, അറീല. ഗർഭപാത്രത്തിലെ കെടപ്പ് ഏറ്റോം സുരക്ഷിതാന്നാ പറഞ്ഞു കേട്ടിട്ടൊള്ളത്.."

"തുണിത്തൊട്ടിലി   താരിട്ടുംകേട്ട് ഒറങ്ങീരുന്നപ്പഴോ? ഭയോണ്ടാര്ന്നോ"

"അത് നൊക്കെ എന്തരിനാ ഭയക്കുന്നേ.... നല്ല രസോല്ലേ തൊട്ടിലീകെടക്കാൻ"

"അതേ, എന്തിനാ ഭയക്കുന്നേ. ശവപ്പെട്ടീം അതുപോലാ. ഗർഭപാത്രം പോലെ സുരക്ഷിതമായി കാക്കും. തൊട്ടില് പോലെ ശാന്തമായിട്ട് ഒറക്കും. എത്ര പാവമാ ഓരോ ശവപ്പെട്ടീം. എന്നട്ട് നമ്മ്ളെന്തിനാ  അതിനെ ഭയക്കണതും വെറുക്കണതും."

ഇത്  ആന്റിക്ലോക്ക് നോവലിലെ ഒരു സംഭാഷണ ശകലം.

ഹെന്റ്രി എന്ന ശവപ്പെട്ടിക്കടക്കാരന്റെ ചിന്താധാരയിലൂടെ നോവൽ വികാസം പ്രാപിക്കുന്നു. സാത്താൻ ലോപ്പോയെന്ന കോടീശ്വര മുതലാളിയോടും അയാളുടെ നായയോടും അടങ്ങാത്ത പകയുമായി ലോപ്പോയ്ക്കുള്ള ശവപ്പെട്ടിയും   പണിത് കാത്തിരിക്കുകയാണ് ഹെന്റ്രി. 

കടപുഴകി വീണ പുളി മരം  ബിയാട്രീസിനെയും അരുമയായ മൂന്നു മക്കളെയും ഒരു പെട്ടിയലാക്കി പള്ളിപ്പറമ്പിലെ കുരിശുകളുടെ പാടത്ത്  അടക്കിയതോടെ ഒറ്റയായ മനുഷ്യൻ.  അയാൾ ലോകത്തെ നോക്കി കാണുന്നത്  ശവപ്പെട്ടികളുടെ വിടവിലൂടെയാണ്. 

ഉപയോഗിക്കുന്നവൻ വാങ്ങുന്നില്ല.......
വാങ്ങുന്നവൻ ഉപയോഗിക്കുന്നില്ല..... 
ഉപയോഗിക്കുന്നവൻ അറിയുന്നില്ല. .....

ഇതാണ് പൊതുവെ ശവപ്പെട്ടിയെക്കുറിച്ച് പറയുന്നത്.  ഈ ധാരണകൾ കൃത്യമായി  അറിയാമായിരുന്നതിനാൽ ലോകത്തോട് ക്രമമായ  ഒരകലം അയാൾ  സൂക്ഷിച്ചിരുന്നു. 

പള്ളിയിലെ കുഴിവെട്ടി ആന്റപ്പനാണ് ഒരു സ്നേഹിതൻ. വല്ലപ്പോഴും  രാത്രിയിൽ സിമിത്തേരിയുടെ ഇരുളിൽ അരക്കുപ്പി ചാരായം ഇവർ പങ്കുവെയ്ക്കുമായിരുന്നു.

രണ്ടു പേർക്കും പാരമ്പര്യമായി കൈമാറിക്കിട്ടിയതാണ് ഈ തൊഴിലുകൾ. 

തന്റെ ഭാര്യയെ കീഴ്പ്പെടുത്താൻ ശ്രമിച്ചതിന് പകരം ചോദിക്കാൻ ചെന്ന  ഹെന്റ്രിയെ ഹിറ്റ്ലർ എന്ന  ജർമ്മൻ നായയെ വിട്ട് സാത്താൻ ലോപ്പോ കടിപ്പിക്കുന്നു. 
ദുർബലനായ  അയാൾ  അടങ്ങാത്ത പകയും ഉള്ളിലൊതുക്കി കാത്തിരിക്കുന്നു.  

ആദിനാടിന്റെ ജൈവമേഖലകളെ തകർത്ത്  , പാറമട ഖനനത്തിലൂടെ ലോപ്പോ പണം വാരുന്നു. അയാളെ എതിർക്കാൻ പഴയ സമര വീര്യമുള്ള ഒരാളേ ആ നാട്ടിലുള്ളു. കരുണൻ.  തനിക്ക് സ്വന്തമായുള്ള  , പഴയ സഖാക്കളുടെ ഒളിയിടമായിരുന്ന ആ കുന്നിനു കൂടി ലോപ്പോ വില പറയുന്നു. 

ആന്റപ്പന്റെ മകൻ ഡേവിഡും കരുണന്റെ മകൾ ശാരിയും തമ്മിൽ  സ്നേഹത്തിലാണ്. 
ഹെന്റ്രിയുടെ കടയാണ് അവരുടെ ഇടത്താവളം. ശവപ്പെട്ടിക്കടയിൽ ഒരു പ്രണയം പൂത്തു വിടരുന്നത്  അരുമയായി ഹെന്റ്രി നോക്കി കാണുന്നു. 

ലോപ്പോയുടെ ഡ്രൈവറായി ഡേവിഡ് ജോലി ചെയ്യുന്നു. ജർമ്മനിയിൽ നിന്ന്  വന്ന മദാമ്മയ്ക്ക് സാരി  ഉടുക്കാൻ സഹായിക്കാനായി ശാരി ലോപ്പോയുടെ ബംഗ്ലാവിൽ  ചെല്ലുന്നു. അതൊന്നും വിലക്കാനാവാതെ, ഒന്നും തന്നെ തുറന്നു പറയാനാവാതെ നിസ്സഹായനായി ഹെന്റ്രി നോക്കി നില്ക്കുന്നു. 

പണ്ഡിറ്റ്  എന്നാണ്  അയാളെ എല്ലാവരും വിളിക്കുക  ശരിയായ പേര്  ആർക്കും  അറിയില്ല.  പണ്ഡിറ്റ് വാച്ച് വർക്സ് എന്ന  സമയമാപിനികളുടെ വൈദ്യനും ശുശ്രൂഷകനുമായി പണ്ഡിറ്റ് തുടരുന്നു. 
നേതാജിയുടെ ഐ. എൻ. എ യിലൂടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുത്ത ധീരനാണ് പണ്ഡിറ്റ്.  പക്ഷേ  ഒന്നിനെയും പേടിയില്ലാതെ ആർക്കും വഴങ്ങാതെ അയാൾ നൂറ്റിപ്പന്ത്രണ്ട് വയസ്സു വരെ ജീവിക്കുന്നു.  
അദ്ദേഹം  നിർമ്മിക്കുന്നതാണ്. 
 ആന്റിക്ലോക്ക്.
സമയമാപിനിയുടെ സൂചി ദിശതെറ്റിച്ച് പിറകോട്ട് കറങ്ങി, കാലത്തെ തൊടുകയും ഭൂതത്തിലേക്ക് നോട്ടമയക്കുകയും ചെയ്യുന്ന ആന്റിക്ലോക്ക് .

പലരും  ആവശ്യപ്പെട്ടിട്ടും ആർക്കും നല്കാത്ത  ആന്റിക്ലോക്ക് പണ്ഡിറ്റ് നല്കുന്നത് ഹെന്റ്രിക്കാണ്  . 

ഹെന്റ്രിയുടെ കടയിലെ ആണിയിൽ പണ്ഡിറ്റ് തന്നെ  ക്ളോക്ക്   ഉറപ്പിക്കുന്നു. പക്ഷേ  അന്നു രാത്രി പണ്ഡിറ്റ് മരിക്കുന്നു. ആന്റിക്ലോക്ക് പൂർത്തിയാക്കുക എന്ന  നിയോഗത്തിനായി മാത്രം കാലം  അവധി നല്കിയതുപോലെ പണ്ഡിറ്റ് കടന്നുപോയി. 
എന്നാൽ മരിച്ചു കിടന്ന പണ്ഡിറ്റിന്റെ കയ്യിൽ ചുരുട്ടിപ്പിടിച്ച നിലയിൽ കണ്ടെത്തിയ പേപ്പറിലെ കുറിമാനം എന്നതായിരുന്നു.....???? ഒരു സ്വാഭാവിക മരണമായിരുന്നോ അത്....????

ഹെന്റ്രിയുടെ ജീവിതത്തിൽ  ആ ക്ലോക്ക്   ചലനം ആരംഭിക്കുന്നു. 

കടലാഴങ്ങളിൽ ചുഴിമലരികൾ തീർക്കുകയും വായുമണ്ഡലത്തിൽ ഇടിമുഴക്കവും കൊടുങ്കാറ്റും സൃഷ്ടിക്കും എന്ന  പണ്ഡിറ്റിന്റെ പ്രവചനം പോലെ ഹെന്റ്രിയുടെ ജീവിതത്തിൽ മെല്ലെ മാറ്റങ്ങൾ വരുത്തുന്നു. 

ഒരേ പണിയിലെങ്കിലും ആവശ്യമില്ലാത്ത വാശിയും വീറും കണിച്ചിരുന്ന അടുത്ത കവലയിലെ ശവപ്പെട്ടിക്കച്ചവടക്കാരൻ ജോപ്പൻ സുഖമില്ലാതെ കിടപ്പിലാകുന്നു . 
ഹെന്റ്രിയെ കാണണം  എന്നാവശ്യപ്പെടുന്നു. അടച്ചിട്ട മുറിയിൽ പരമ്പരാഗത വൈരികളെപ്പോൽ മയ്യപ്പെട്ടി കച്ചവടം നടത്തിയിരുന്ന ജോപ്പൻ എന്താണ്  ഹെന്റ്രിയോട് വെളിപ്പെടുത്തിയത്.....???? 

നിസംഗയായി, നിർവികാരയായി ശവപ്പെട്ടി പണിയിൽ  ജോപ്പനെ സഹായിക്കുന്ന ഗ്രേസിയുടെ മനസ്സിൽ  ഉറഞ്ഞുകൂടുന്നതെന്താവും........???? 

തന്റെ ജീവിതം മാറ്റിമറിക്കുന്ന ആ വിവരം അറിഞ്ഞിട്ടും  വളരെ നിർമമനായി അതിനെ ഹെന്റ്രി  നേരിട്ടത് എന്തുകൊണ്ടാകാം.....????

ലോകം  തനിക്ക് നല്കിയ കയ്പ്പുള്ള പാനപാത്രം കുടിച്ചു തീർക്കാനും  ദൈവഹിതമെന്തോ അത് സ്വീകരിക്കാനും ഹെന്റ്രി തയ്യാറാകുന്നു. 

ഡേവിഡും ലോപ്പോയും തമ്മിൽ  തെറ്റുന്നു. 
സ്വിമ്മിംഗ് പൂളിനടിയിലെ ലക്ഷ്വറി സ്യൂട്ടിൽ ലോപ്പോയെ പൂട്ടിയിട്ട് ഡേവിഡ് ശാരിയുമായി ഓടിപ്പോകുന്നു. 

എന്നാൽ  ഡേവിഡിന് ഒരു പെട്ടിവേണം എന്നു പറഞ്ഞു സാത്താൻ ലോപ്പോ ഹെന്റ്രിയുടെ കടയിൽ വരുന്നു..... 
സാത്താൻ ലോപ്പോ  എങ്ങനെ ഡേവിഡിന്റെ കെണിയിൽ നിന്നും രക്ഷപെട്ടു.......????

ഹെന്റ്രിയുടെ ആക്രമണത്തിൽ  ലോപ്പോയുടെ ബോധം നഷ്ടപ്പെടുന്നു. പക്ഷേ  വിധിയാളനല്ലാത്ത താൻ വിധിക്കരുത് എന്ന ചിന്തയിൽ  ബോധം തിരിച്ചു കിട്ടിയ ലോപ്പോയെ ഹെന്റ്രി വെറുതെ വിടുന്നു......... 

എന്നാൽ  ലോപ്പോ തിരിച്ചു  ആക്രമിക്കുന്നു. 
മുറിവുപറ്റി കിടക്കുന്ന  ഹെന്റ്രിയെ വെല്ലുവിളിച്ച് ലോപ്പോ ആന്റിക്ലോക്ക് എടുക്കാൻ  ആയുന്നു.................

പക്ഷേ.........

ലോപ്പോയ്ക്കായി തയ്യാറാക്കിയ പെട്ടി അനാഥമാകുമോ??????

എന്റെ വീക്ഷണം  :

പുറപ്പാടിന്റെ പുസ്തകം  എന്ന നോവൽ വായന മുതൽ  എനിക്ക് പ്രിയപ്പെട്ട  എഴുത്തുകാരനാണ് ശ്രീ. വി. ജെ. ജയിംസ്.  

ഒരെഞ്ചിനീയറുടെ കൃത്യതയും  കൂർമ്മതയും സൂക്ഷ്മതയും രചനകളിൽ പുലർത്തുന്നു. 

ദാർശനിക  , താത്വീക ചിന്തകളുടെ തലങ്ങളും ശാസ്ത്രീയ വിശകലനങ്ങളും വളരെ ലളിതമായി പറയാൻ ശ്രമിക്കന്നു. 

ഒരു വാത്സല്യം തോന്നുന്ന കഥാപാത്രങ്ങളെ വിന്യസിക്കാൻ ഇദ്ദേഹത്തിന്  അസാധാരണമായ കഴിവുണ്ട് . 

ഈ നോവലിലെ ഓരോ കഥാപാത്രത്തെയും വ്യത്യസ്ത അച്ചുകളിൽ തയ്യാറാക്കി  കൃത്യമായ അനുപാതത്തിൽ  ആന്റിക്ലോക്കിലെ സൂചികളായി ചേർത്തു വെയ്ക്കുകയാണ് . 

പണ്ഡിറ്റ് പണി തീർത്തെങ്കിലും ലോപ്പോയോടുള്ള പ്രതികാരവും ഹെന്റ്രിയുടെ ബാക്കി ജീവിതവുമാണ്  ആന്റിക്ലോക്കിന്റെ ചാലക ശക്തി. അതിലെ ചെറുസൂചികളും പൽചക്രങ്ങളുമായി ധാരാളം കഥാപാത്രങ്ങൾ  മാറുകയാണ്. 

ശവപ്പെട്ടിയുടെ വിടവിലൂടെ ലോകത്തെ നോക്കുന്ന  ഹെന്റ്രി.  
ഓരോരുത്തരുടെയും  ജീവിതത്തിന്റെ  അവസാനത്തെ കിടപ്പിനായി ശവപ്പെട്ടി  പണിയുന്ന ഹെന്റ്രി.  
അയാളുടെ വീക്ഷണം വ്യത്യസ്തമാണ്. 
ശക്തിയും ദൗർബല്യവും, മോഹവും നിരാശയും അയാളിലിഴചേരുന്നു . 
ജനിമൃതികളുടെ 
താഴ് വരയിലൂടെ നടക്കുകയും മരണത്തിന്റെ  അർത്ഥം കൃത്യമായി മനസ്സിലാക്കുകയും ചെയ്ത  അയാൾ മാനസീകമായി കരുത്തനാണ്. ഒരു സന്യാസി വര്യന്റെ നിർമമതയോടെ, നിസംഗതയോടെ അയാൾ  എല്ലാം കാണുന്നു, അറിയുന്നു. എന്നാൽ ശാരീരികമായി  അയാൾ  ബലഹീനനുമാണ്. എത്ര മാത്രം നിരാസക്തനായാണ് അയാൾ ലോപ്പോയ്ക്ക് മാപ്പ് കൊടുക്കുന്നത്. അതേപോലെ അവസാനമയാൾ പെട്ടി പണിയുന്നതും മരണത്തിന്റെ നനുത്ത തണുപ്പിന്റെ മടിയിലിരുന്നാണ്. 

ജീവിതങ്ങളുടെ നൈരന്തര്യം ഇത്ര മനോഹരമായി കഥാപാത്രങ്ങളിൽ സന്നിവേശിപ്പിച്ച  , ഈ അടുത്ത് വായിച്ച  ഏറ്റവും മനോഹരമായ നോവൽ.

നാട്ടു മൊഴിവഴക്കങ്ങളുടെ , ഗ്രാമ്യഭാഷയുടെ , പ്രാദേശിക ഭാഷാ വ്യതിയാനങ്ങളുടെ അസാധാരണ ഭംഗിയായി 
ഈ നോവലിലെ ഭാഷ പരിലസിക്കുന്നു. നെയ്യാർ ഡാമിന് പരിസരങ്ങളിലെ സംസാര ഭാഷ കഥാഗാത്രത്തോട് ഇഴചേർന്ന് പോകുന്നു. 

എത്ര എഴുതിയാലും തീരാത്ത വിശേഷങ്ങൾ  ഈ നോവലിനെക്കുറിച്ചെഴുതാനുണ്ട്. എന്നാൽ 
വാട്സാപ്പ് കുറിപ്പിന്റെ ദൈർഘ്യം  കുറിപ്പിന്റെ വായനയെ ബാധിക്കുമെന്നതിനാൽ  മനോഹരമായ ഈ നോവൽ   വായനയ്ക്കായി ശുപാർശ ചെയ്യുന്നു  എന്നുമാത്രം  പറഞ്ഞു  നിറുത്തുകയാണ് .



















⏳⌛⏳⌛⏳⌛⏳⌛⏳⌛⏳

തയ്യാറാക്കിയത് : കുരുവിള ജോൺ