01-10-18b

സ്വവർഗ്ഗരതിയുടെ ശോഭക്കാഴ്ച
Strange obsession - sobhaa de
അഭിനിവേശത്തിന്റെ തടവറ
ശോഭാ ഡേ

     മുംബയിൽ ജനിച്ച നോവലിസ്റ്റും കോളമിസ്റ്റും മോഡലിങ് പ്രതിഭാസവുമായ ശോഭാ ഡേയുടെ strange Obsession എന്ന നോവലിന്റെ പരിഭാഷയാണ് അഭിനിവേശത്തിന്റെ തടവറ. മലയാള വിവർത്തനം നിർവഹിച്ച കബനി.സി., സിവിക് ചന്ദ്രന്റെ (പി. ശ്രീദേവിയുടേയും) മകളാണ്.
      ഈ നോവലിനെ പ്രസക്തമാക്കുന്ന ഒരേ ഒരു സംഗതി ശോഭാ ഡേ എന്ന സ്ത്രീ എഴുതിയ നോവൽ എന്നതാണ്. രണ്ടു സ്ത്രീകൾ നടത്തുന്ന ലൈംഗീക ബന്ധത്തിന്റെ തുറന്നെഴുത്ത് നടത്തുന്നത് ഒരു സ്ത്രീയാണ് എന്നത് മാത്രം
      ഒരു ശരാശരി നോവലാണ് ഇത്. അതിസുന്ദരിയായ ഡൽഹി പെൺകുട്ടി അമൃത മോഡലിങ്ങിൽ കൂടുതൽ സാധ്യതയുള്ള മുംബയിലെത്തുന്നു. മംഗ്സ് എന്നു വിളിക്കപ്പെടുന്ന, ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ കരുത്തയായ മകൾ, അവളിൽ അനുരക്തയാവുന്നു. അമൃതയെ സ്വന്തമാക്കാൻ ഏതറ്റം വരെയും പോകാൻ അവൾ തയ്യാറാണ്.ഒരു അപസർപ്പക കഥ പറയുന്ന അതേ അവിശ്വസനീയതയുടെ ചായക്കൂട്ടിലാണ് മംഗ്സിന്റെ കഥ മെനയുന്നത്. അമ്മ രതി നിഷേധിച്ചതിന്റെ ഈർഷ്യയിൽ മകളെ ഭോഗിച്ച പിതാവിനെ വെറുക്കുന്ന ബാല്യവും, ബോംബെയിലും ഡൽഹിയിലും എന്തും ചെയ്യാൻ കഴിയുന്ന, എന്തും മണത്തറിയുന്ന, ധനാഢ്യമായ,വർത്തമാനവും, അനിയന്ത്രിതമായ രതികാമനകളും ഒക്കെ ചേർത്ത് ,കടുത്ത വർണ്ണത്തിലാണ് മങ്സിനെ സൃഷ്ടിച്ചിരിക്കുന്നത്. അവളുടെ ബലാത്സംഗവും ,അതിനേ തുടർന്നു വരുന്ന സ്വവർഗ്ഗ രതിയുടെ വർണ്ണനകളും വായനക്കാരനെ ചെടിപ്പിക്കാതിരിക്കില്ല. രതി എഴുതാൻ മിടുക്കിയാണ് ശോഭ. സ്ത്രീ പുരുഷ ലൈഗിക ബന്ധത്തിന്റെ തീക്ഷ്ണസ്വരവും അവർ കാമാതുരതയോടെ അവതരിപ്പിക്കുന്നു. തനിക്കേറെ പരിചയമുള്ള രംഗങ്ങൾ മാത്രമേ ( മോഡലിങ്, പത്രപ്രവർത്തനം) അവർ ഇതിലുപയോഗിക്കുന്നുള്ളു.
       ക്ലൈമാക്സിൽ ചില വെളിപ്പെടുത്തലുകളിലൂടെ എല്ലാമൊന്ന് വെളുപ്പിച്ചെടുക്കാനും നോവലിസ്റ്റ് തയ്യാറാവുന്നത് അല്പം ആശ്വാസകരം തന്നെ.മങ്സ് എന്ന മീനാക്ഷിയോട് വായനക്കാരൻ ക്ഷമിച്ചു കൊള്ളും
        എഴുത്തുകാരിയെന്ന പോലെ വിവർത്തകയും സ്ത്രീ ആണെന്നത് ഈ നോവലിന്റെ കാര്യത്തിൽ ശ്രദ്ധേയമാണ്! വൃത്തിയുള്ള വിവർത്തനമാണ് കബനിയുടേത്,ഇടയിൽ മൂന്നു പദങ്ങൾ കല്ലുകടി ആണെങ്കിലും .

ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ എങ്ങനെ ബലാത്സംഗം ചെയ്യും, എങ്ങനെ ഭോഗിക്കും എന്ന് ഒരു സത്രീ തന്നെ വിശദീകരിക്കുന്നത് വായിക്കാൻ താൽപ്പര്യമുള്ളവർ മാത്രം ഈ നോവൽ വായിച്ചാൽ മതി എന്നു തോന്നുന്നു
രതീഷ്
🌾🌾🌾🌾🌾🌾