01-10-18


സൂര്യനെ അണിയുന്ന  ഒരു സ്ത്രീ
നോവൽ 
കെ. ആർ. മീര. 
പ്രസാ  : ഡി. സി. ബുക്സ് 
വില     : ₹ 380-

ആരാച്ചാർ എന്ന  സൂപ്പർ (ധാരാളം  പതിപ്പുകൾ  ഈ നോവലിനുണ്ടായി) നോവലിനുശേഷം ശ്രീമതി കെ. ആർ.  മീരയുടെ പുതിയ നോവലാണ്  സൂര്യനെ അണിയുന്ന  ഒരു സ്ത്രീ.

വനിതയിൽ തുടർച്ചയായി  പ്രസിദ്ധീകരിച്ച നോവലിന്റെ  പുസ്തകരൂപമാണിത്.

ഒരു വനിതാ  ഡോക്ടറുടെ ജീവിതമാണ്  നോവലിലെ പ്രതിപാദ്യം.

ജെസബേൽ, എം. ഡി  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്താണ്  ജെറോം ജോർജ് മരക്കാരന്റെ വിവാഹാലോചന വരുന്നത്.  കുടുംബത്തിലെ മറ്റൊരു പെൺകുട്ടിക്ക് വന്ന  ആലോചന ആ കുട്ടി വീടുവിട്ടു പോയതിനാൽ  ജെസബലിലേക്ക് വഴിമാറി വന്നതാണ്.   (എന്തുകൊണ്ട്  ആ കുട്ടി  വീടുവിട്ടു പോയത്  എന്ന് പിന്നീട് നോവലിൽ ഇതൾ വിരിയും)

സ്ത്രീധനത്തിന്റെ തർക്കത്തിൽ തട്ടിത്തൂവിപോകാൻ തുടങ്ങിയ  ബന്ധം നടത്തുന്നത് ജെറോമിന്റെ അമ്മാവന്റെ നിർബന്ധം  കൊണ്ട് മാത്രമാണ്.  ഡോ.  ജെറോമിന്റെ പിതാവ് ജോർജ് ജെറോം മരക്കാരന് അല്പം പോലും  താത്പര്യം  ഉണ്ടായിരുന്നില്ല.
ഡോ. ജെസബെലിന്റെ സഹോദരനും ഈ വിവാഹത്തോട് വലിയ  താത്പര്യം  ഉണ്ടായിരുന്നില്ല.
ജെസബേൽ ആശങ്കയിലായി..... എന്നാലും  ഉറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറുന്നത് കുടുംബത്തിന്  ചീത്തപ്പേരു വരുത്തും എന്ന  കാരണത്താലും അമ്മ സാറായുടെ നിശിതമായ വാദഗതികൾക്കു മുന്നിലും  ജെറോം ജോർജ് മരക്കാരന്റെ താലി ജെസബേലിന്റെ കഴുത്തിൽ  വീഴുന്നു.

വിവാഹാനന്തര ജീവിതം  ജെസബേലിന് കുരിശായി മാറുന്നു.  സ്വാഭാവിക ലൈംഗീകത  ജെറോമിന് അന്യമായിരുന്നു. അയാൾ  ഒരു സ്വവർഗ്ഗാനുരാഗി ആയിരുന്നു.  ഒരു ഡോക്ടർ  എന്ന നിലയിൽ  ഈ വൈകല്യങ്ങളെ അംഗീകരിച്ചു  വിധേയയായി കഴിയാൻ തീരുമാനിക്കുമ്പോഴും പെണ്ണ്  എന്നും പുരുഷന്  അടിമയായിരിക്കണം എന്ന  ചിന്തയും പുരുഷൻ കുടുംബവും സമൂഹവും ഭരിക്കും എന്ന  അടിമ വീക്ഷണവും പുലർത്തുന്ന ജോർജ് മരക്കാരൻ അസഹനീയത സൃഷ്ടിക്കുന്നു.

ഒരുപാട്  ഒരുപാട് പ്രശ്നങ്ങൾ  ജെറോമും അയാളുടെ പിതാവും സൃഷ്ടിക്കുമ്പോഴും പെണ്ണ് എപ്പോഴും  അടങ്ങിയൊതുങ്ങി ജീവിക്കേണ്ടവളാണെന്ന പാഠമാണ്  വല്യമ്മച്ചി  ഒഴികെയുള്ള കുടുംബാംഗങ്ങൾ ജെസബേലിന് നല്കുന്നത്.

മറ്റൊരു വലിയ പ്രശ്നത്തിന്റെ പേരിൽ  ജെസബേൽ തന്റെ വീട്ടിലേക്ക് പോരുന്നു. എന്നാൽ  അവിടെയും  അവൾക്ക് സ്വസ്ഥത ലഭിക്കുന്നില്ല.

ജെസബേലിനെ കണ്ടു തിരിച്ചു പോയ  ജെറോം ജോർജ് മരക്കാരൻ ഒരപകടത്തിൽപെടുന്നു.... അയാൾ കോമായിലായി.

മറ്റുപല കാരണങ്ങളാൽ  ജെസബേലിന്  വിവാഹമോചന പത്രിക കോടതിയിൽ  കൊടുക്കേണ്ടി വരുന്നു.

വക്കീലിന്റെ നിശിതമായ ചോദ്യശരങ്ങൾക്ക് ജെസബേൽ വിധേയയാകുന്നു....

(മുറിച്ച മുടിയും , ജീൻസും, വസ്ത്ര ധാരണവും കോടതിയുടെ പരിഗണനയിൽ  വരും  എന്ന്  ഈ നോവൽ  പഠിപ്പിച്ചു. )

എന്നാൽ  വല്യമ്മച്ചിയും ( ഈ വല്യമ്മച്ചി മാത്രമാണ്  ഈ നോവലിലെ യഥാർത്ഥ ഫെമിനിസ്റ്റ്. നല്ല ഫ്രീക്കി വല്യമ്മച്ചി 😘😘😘😘 ശരിക്കും  ഒരുമ്മ കൊടുക്കാൻ  വാത്സല്യത്തോടെ തോന്നുന്ന കഥാപാത്രം)
ജെറോമിന്റെ അമ്മയും.... ,
ജെറോം  ഒരു  സ്വവർഗാനുരാഗിയാണെന്നറിയുമ്പോൾ സ്വന്തം അമ്മ  സാറായും  ജെസബേലിനെ പിന്തുണയ്ക്കുന്നു.

എന്തായാലും  അവസാനം  ജെറോം ജോർജ് മരക്കാരനെന്ന ഭർത്താവ് മരിക്കുന്നു.

അന്നേ ദിവസമാണ് വിവാഹ മോചനം  അനുവദിക്കാതെ ഭർത്താവിനെ ശുശ്രൂഷിക്കാതെ നടക്കുന്നത് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണെന്നുള്ള കോടതി വിധിയുടെ പകർപ്പ്  ജെസബേലിന് ലഭിക്കുന്നത്.

ഇതിനിടയിൽ  ഒരുപാട് സംഭവ വികാസങ്ങൾ നോവലിൽ ഉരുത്തിരിയുന്നു.

അങ്ങനെ  സുര്യനെ അണിയുന്ന  ഒരു സ്ത്രീ   എന്ന നോവൽ  അസ്തമിക്കുന്നു.

എന്റെ  വീക്ഷണം:

ആരാച്ചാർ എന്ന നോവലും, മനോഹരമായ കഥകളായ ഓർമ്മയുടെ ഞരമ്പ്,  നേത്രോന്മീലനം എന്നിവയും  എഴുതിയ ശ്രീമതി കെ. ആർ.  മീരയുടെ പേനയിലെ ബാക്കി വന്ന മഷി തീരാനും..... ഒരു  വാരിക ചോദിച്ച നോവൽ കൊടുത്ത് അവരെ തൃപ്തിപ്പെടുത്താനും എഴുതിയതെന്നേ എനിക്ക്  തോന്നിയുള്ളു.

ബൈബിൾ വചനങ്ങൾ തനിക്ക് തോന്നുന്ന പോലെ കഥാപാത്രങ്ങളുടെ പേരിലോ , ചിന്തയിലോ ചേർത്തെഴുതിയാൽ വിശ്വാസം  അല്ലെങ്കിൽ  ഇക്കിളി കൂടി വായനക്കാർ പിറകെ വരും  എന്ന്  എഴുത്തുകാരിയെ ആരോ പറഞ്ഞു പറ്റിച്ചു .

രണ്ടര വർഷമായി  ഞാൻ  വിവാഹം കഴിച്ചിട്ട്... എന്റെ കന്യകാത്വം ഇതുവരെ പോയില്ല  എന്നു വിലപിക്കുന്ന  ഏക നായികയെ അവതരിപ്പിച്ച ക്രഡിറ്റ്  മീരാജീ.... താങ്കൾക്കാണ്. അഭിമാനിക്കാം....
ആരെങ്കിലും  എന്റെ കന്യകാത്വം നശിപ്പിക്കൂ.... എന്നു കരയുന്ന നായികയേയും അവതരിപ്പിച്ചത്  മീരാജീ.... താങ്കളാണ്...... അതൊന്നു നശിച്ചുകിട്ടാൻ  എല്ലാ പരീക്ഷകളിലും റാങ്ക് നേടിയ  ഒരു  ഡോക്ടർ  ഓടി നടക്കുന്നതായി ചിത്രീകരിക്കാൻ...... മീരാജീ..... താങ്കൾക്ക് മാത്രമേ പറ്റൂ......

ആരാച്ചാർ എന്ന നോവലിന് മുൻപാണ്  ഈ നോവൽ ശ്രീമതി  കെ. ആർ.  മീര  എഴുതിയതെങ്കിൽ തീർച്ചയായും  ഞങ്ങൾ  വായനക്കാർ പറഞ്ഞുപോയേനേ.... ആരാച്ചാർ ഒരു മോഷണ കൃതിയാണെന്ന്.  അത്രമാത്രം  അന്തരമുണ്ട് ഈ നോവലുകളുടെ ഘടനയിൽ, ഭാഷയിൽ,  രചനാ സൂചകങ്ങളിലും ( എല്ലാ നോവലുകളും  ഹിറ്റാകണമെന്നോ.... അവാർഡ്  വാങ്ങണമെന്നോ, ഒന്നുമല്ല പറയുന്നത് )

കാരണം  ഈ നോവലിൽ ഘടനാപരമായും ഇതിവൃത്തത്തിലും പ്രമേയത്തിലും ഒരുപാട് ബലഹീനതകളുണ്ട്.....

ഇത്രയും വലിച്ചു നീട്ടാതെ ......  (വണ്ടിയിൽ  കഞ്ചാവ് വെയ്ക്കുന്നത്, സെബിൻ എന്ന കഥാപാത്രം,    ഒരു ഡോക്ടറുടെ കൂടെപ്പോയി ഹോട്ടലിൽ റൂമെടുക്കുമ്പോൾ സ്വന്തം  ഐഡി കാർഡ് കൊടുക്കുന്നത്.... ഒരു ദിവസം മാത്രം പരിചയമുള്ള  ഒരാളോടു തന്റെ കന്യാ ചർമ്മം ഭേദിക്കാൻ പറയുന്നതും.... അയാൾ  എഴുന്നേറ്റോടുന്നതും.....) അങ്ങനെ  ചില  സാധാരണക്കാർ പോലും ചെയ്യാത്ത മണ്ടത്തരങ്ങൾ റാങ്ക് ജേതാവായ ഡോക്ടർ ജെസബേൽ ചെയ്യുന്നത് കാണുമ്പോൾ  ഈ കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരി കേവലം എൽ. കെ. ജി സ്റ്റുഡന്റാണോ എന്ന്  ഉറക്കെ പറഞ്ഞാൽ   ഇപ്പഴത്തെ  എൽ. കെ. ജി. മക്കൾ നമ്മെ തല്ലും.

ജനപ്രിയ നോവൽ  എന്ന രീതിയിൽ  വായിച്ചു പോകാം......
കുരുവിള ജോൺ 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏