ഇലമുളച്ചി
പന്ത്രണ്ടിലന്തിപ്പഴവും
എഴുപത്പൈസയും
കൊടുത്തുവാങ്ങിയ
മയിൽപ്പീലി പെറ്റില്ല.
മാനം കണ്ടുകാണുമെന്നും
സാമൂഹ്യ പാഠത്തിൽവെച്ചാൽ
പതിവുപോലെ പെറൂല്ലെന്നും
കൂട്ടുകാരി ;
ട്രൗസർ പോക്കറ്റിലെ
അണ്ണാറക്കണ്ണന്
കൊടുത്തൂ ഇത്തിരി
മാമ്പഴച്ചാർ.
പക്ഷിക്കുഞ്ഞുങ്ങൾക്ക്
വെള്ളം കൊടുക്കാൻ
കവുങ്ങിൽ വലിഞ്ഞുകേറി
കാലിൽ പ്ലാസ്‌റ്ററിട്ട ചേട്ടന്,
പെറാത്ത മയിൽപ്പീലി നൽകി
ഇരുപത്തിയഞ്ച് പൈസയും
പോക്കറ്റിലിട്ട് നടന്നു.
രണ്ടിലന്തിവടയും
അഞ്ച് ഗ്യാസുമുട്ടായീം
നുണഞ്ഞ് കരച്ചിൽ
ചവച്ചമർത്തി.
അവളാണിലമുളച്ചി തന്നത്
പുട്ടാൻപുളിയൊന്നവൾക്കും
കൊടുത്തു ; മൂന്നു നെല്ലിക്കയും.
ഒരിക്കലും തുറക്കാത്ത
പാഠപുസ്തകത്തിൽ
അത് കിളുർത്തു.
അവസാനമായതിന്റെ
വേരുകൾകണ്ടത്
ഒരു മഴക്കാലത്ത് ;
സ്കൂളിൽനിന്ന്
ഞങ്ങളെല്ലാരും
അവളെ കാണാൻ
പോയപ്പോഴായിരുന്നു.
എല്ലാരേയുംപോലെ
(ഞാനും) ഉറങ്ങിക്കിടന്ന
അവൾക്കൊരുമ്മ കൊടുത്തു.
പേരക്കയുടെ മണവും
തുപ്പലിന് ഗ്യാസുമുട്ടായുടെ
ചവർപ്പും.
എവിടെയാണാവോ
ഇലമുളച്ചി കിളുർത്ത
പാഠപുസ്തകം ?
തുറന്നു നോക്കണം.
ഒരു പക്ഷേ,
അതിലുണ്ടാവാം
തിരഞ്ഞു നടക്കുന്ന
എന്തോ ഒന്ന്.
രതീഷ് കൃഷ്ണ
ചായക്കപ്പ്
കപ്പിനകത്തല്ല
പുറത്താണ് കാറ്റ്:
അലസമായൊരു
പകലിനെ
മറികടക്കാൻ;
ചൂടൻ ചർച്ചയുടെ
കനലുകളെ
തണുപ്പിക്കാൻ;
നിർജ്ജീവ സദസ്സിനെ
ചൂടാക്കാൻ;
ഒരു കവിൾ
കുടിച്ച ശേഷം
പുഞ്ചിരിക്കാൻ
ആരോടും പറയാതെ
ഉള്ളിൽ കാത്തു വച്ചതിനൊക്കെ
ഉറപ്പേകാൻ;
ഏകാന്തതയെ
മനോഹരമാക്കി
പാത്രങ്ങളിൽ പകർന്ന്
ശബ്ദം കേൾപ്പിക്കാൻ;
മഴയ്ക്കൊപ്പം
അലിയാൻ;
അപരിചിത പാതകളിൽ
പരിചയം തോന്നാൻ;
നിനക്കും
എനിക്കും
നടുവിൽ
ഉറഞ്ഞ മൗനം
ഉരുക്കാൻ;
പിന്നെ ഇത്തിരി
വിപ്ളവ ചൂട് കൂട്ടാൻ;
അങ്ങനെ
നീയൊരു
വികാരമാകുന്നു.....
ഉയരത്തിൽ
വിളഞ്ഞ്
ഉയിരിൽ കലരുന്നു ....
ശാന്തി പാട്ടത്തിൽ
ആര്....?
പുഴയോളം മണ്ണിനെ
സ്നേഹിച്ചവരാരുണ്ട്.
മഴയോളം ഭൂമിയെ..
പുണർന്നവരാരുണ്ട്.
കടലോളം ഭൂമിയെ
സഹിച്ചവരാരുണ്ട്..
നിഴലോളം ഭൂമിയിൽ..
അലിഞ്ഞവയാരുണ്ട്.
തിരയോളം തീരത്തെ
മോഹിച്ചവരാരുണ്ട്...
കാറ്റോളം ഭൂമിയെ
തഴുകിയവരാരുണ്ട്
മഞ്ഞോളം ഭൂമിയെ
കുളിർപ്പിച്ചവരാരുണ്ട്..
വാനോളം ഭൂമിയെ
കണ്ടവരാരുണ്ട്..
നജീബ് എം.എം
************
അത്
അങ്ങിനെയാണ്,
ആകൃതികളില്ലാതിരിക്കുമ്പോഴും,
ചില തേറ്റകൾ പ്രദർശിപ്പിക്കും,
അടുത്തെത്തിയാലും, അറിയണമെന്നില്ല,
അറിഞ്ഞാലും,
ഒരു " അടിയന്തിരാവസ്ഥ " എന്ന തോന്നലേ
തോന്നില്ല,
തലവിഴുങ്ങപ്പെടുമ്പോൾ, വേണമെങ്കിൽ നമുക്കൊന്നു പിടയാം, അത്രമാത്രം..
സജീവൻ പ്രദീപ്
************ഇറങ്ങാൻ നേരം
ഉണ്ണാനുണ്ടാവില്ലെന്ന്
ചോദിച്ചപ്പോ
ദേ വന്നു വെന്നും പറഞ്ഞാണ്
വീട്ടിൽ നിന്നിറങ്ങിയത്.
മോളെയും ചേർത്ത് പിടിച്ച്
പാതിയടഞ്ഞ കണ്ണുകളുമായി
അവൾ കാത്തിരിക്കുന്നുണ്ടാവും
എഞ്ചിൻ അടുക്കാൻ
നിമിഷങ്ങൾ ബാക്കിനിൽക്കെ
അയാളറിയാതെ ചാടിയെഴുന്നേറ്റു
വീട്ടിലേക്കുള്ള ബസ്സ്
പുറപ്പെടാനൊരുങ്ങി സ്റ്റാന്റിൽ തന്നെ
നിൽക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന്
പാളത്തിൽ പറ്റിക്കിടന്നതിന്റെ
അഴുക്കുകൾ
കഴുകിക്കളയാൻ നേരം
ഷർട്ടിന്റെ പോക്കറ്റിൽ നിന്നും
പാതി നനഞ്ഞ ജപ്തി നോട്ടീസ്
അവളായിരുന്നു ഉണക്കിയെടുത്തത്
അയാളന്നേരം
കിടക്കപ്പായയിലെ മകളുടെ പതിവ്
കുസൃതികൾക്ക്
തലവെച്ച് കിടക്കുകയായിരുന്നു..
ജിംഷാദ്
കൊയ്ത്ത്
മാനത്ത് നീ
കൊയ്ത്തി നിറങ്ങിയ
നേരത്താണ്
ഭൂമിയിൽ
പ്രളയമുണ്ടായത്.
കവിത
പെയ്ത
മേഘങ്ങൾ
അലറാൻതുടങ്ങിയത്.
ആകാശത്തിന്റെ
നിലവിളി
പാതാളത്തോളം
താഴ്ന്നത്.
പ്രണയം
മാത്രം
കൊതിച്ചു ജീവിച്ച
കണ്ണുകളിൽ
ഇരുട്ടു കത്തിയത് ..
ഒരു തുള്ളി
സ്നേഹത്തിനുവേണ്ടി
നാടു മുഴുവൻ
അലഞ്ഞു തിരിഞ്ഞത്.
ഒടുവിൽ,
നീ
കൊയ്തിറങ്ങിയ
അന്നാണ്
ഭൂമിയിൽ
പതിരുണ്ടായത്..
കതിര്
ചാഞ്ഞ്
വീണത്. -
കണ്ണീർ പാടം
എന്ന് പേര് വീണത്.
അജിത്രി
************
പ്രളയം
വരുംമുമ്പ്
എന്റെ വീടിന്
പലനിറങ്ങളുള്ള
ചുമരുകളുണ്ടായിരുന്നു
ഇപ്പോൾ
ചെളിനിറത്തിൽ
ജലഛായചിത്രം പോലെ
എല്ലാവീടുകൾക്കും
ഒറ്റനിറമാണ്
കുപ്പിച്ചില്ലുപാകിയ
മതിലുകളുണ്ടായിരുന്നു
വേരടക്കം
പിഴുതോണ്ടുപോയി
പേര് കൊത്തിയ
ഗെയിറ്റുണ്ടായിരുന്നു
തുരുമ്പെടുത്ത്
വീണുപോയി
കൂട്ടിൽ
നാവില്ലാത്ത
തത്തയുണ്ടായിരുന്നു
കാറ്റിനൊപ്പം
പാറിപ്പോയി
അക്ക്വേറിയത്തിൽ
ചത്ത കണ്ണുകളുള്ള
മീനുകളുണ്ടായിരുന്നു
മഴയ്‌ക്കൊപ്പം
തുഴഞ്ഞുപോയി
അടുക്കളച്ചുമരുകൾ
ഇടിഞ്ഞുപൊളിഞ്ഞുപോയി
കോലായിൽനിന്നു
നോക്കിയാൽ
ഇപ്പോൾ
കരി കഴുകിക്കളഞ്ഞ
അടുപ്പുകൾ കാണാം
മുറ്റത്തെ നെല്ലിമരം
ഇപ്പോഴും
തോരാതെ പെയ്യുന്നുണ്ട്
പിന്നെ
ഇലകൾ പെയ്യും
മരം തോർന്നാൽ
മനസ്സ് പെയ്യും
കണ്ണുകൾ തോർന്നാൽ
പിന്നെ
കരള് പെയ്യും
ഒടുങ്ങാത്ത
ഓർമ്മകൾ പെയ്യും
പ്രളയത്തിലും
പ്രണയത്തിലും
തോരുക
എന്ന വാക്കില്ലല്ലോ...
എം.ബഷീർ
മഴ വലിയൊരു കഥയെഴുതി,,,,
പുഴയെ വഴിയിൽ
തളയ്ക്കെരുതെന്ന്,,,,
തളച്ചാൽ,,,
നിറഞ്ഞു കവിഞ്ഞ്,,,,,
കെട്ടഴിച്ച്,,,,,
കരളും പറിച്ചവളൊഴുകുമെന്ന്,,,
കരൾ പിളരും നോവിൽ,,
വഴിയെടുത്ത,,,
കൈവഴികളിൽ,,,
കഥയറിയാതുയർന്ന,,,,
വീടുകളിൽ,,,
ഒഴുക്കെറിഞ്ഞ്,,,,,, ചെളി നിറച്ച് പായുമെന്ന്,,,,,
കവർന്നെടുത്ത അതിരുകൾ,,,
കണക്കു പറഞ്ഞ്,, എലുകയും അടയാളവും,,,,, അളന്നു കുറിച്ച്,,,
തിരിച്ചെടുക്കുമെന്ന്,,,
മലയിടിച്ച് വയൽ നികത്തൽ,,,,
മഴ തന്നെ ചെയ്യുമെന്ന്,,,,
കുതിർന്ന മണ്ണും,,,
കരഞ്ഞൊഴുകുമെന്ന്,,,
ശ്രീലാ അനിൽ
യാത്ര
ആദ്യത്തെ മഴ മുത്തത്തിൽ
അവൾ കുളിർന്നു പോയി,,,,
മാനം കണ്ണിറുക്കി,,,,
കൈകൾ പിൻവലിക്കെ,,,,
കവിളിൽ വീണ്ടും,,,,
കുളിരുമ്മകൾ,,,,,
ഇത്തവണ അവളുടെ മെലിഞ്ഞ കൈകൾ,,,,
അവന്റെ ഹൃദയത്തെ തൊട്ടു,,,,
മാനം മഴകെെകൊണ്ടണച്ച്
അവളുടെ
കാതിൽ മന്ത്രിച്ചു,,,
നമുക്കൊരു യാത്ര പോണം,,,,
മാനത്തു നിന്നൊരു മഴ മേഘത്തുണ്ട് ,,,,,,,
അടർന്ന് അവളോടൊപ്പം
മലയിറങ്ങി,,,,,
മണ്ണിറങ്ങി,,,,,,
കാടിറങ്ങി ,,,,,'
ആ കൈകളിലമർന്നവൾ
തുള്ളിച്ചാടി,,,,
തുളുമ്പി,,,, പതഞ്ഞൊഴുകി,,,,,
പുഴയങ്ങനെ പഴയ വഴികളിൽ
നിറഞ്ഞ്,,,,
നിരന്ന്,,,,,
എല്ലാം മറന്ന്,,,,,
കടലു കാണാൻ,,,,,
ഒരു പോക്കു പോയി,,,,
അവളറിഞ്ഞില്ല,,,
കൂടെ
കുഞ്ഞുങ്ങളുടെ കരച്ചിലും ,,,,
മരങ്ങളുടെ,,,,
ചെടികളുടെ,,,,
കൂരകളുടെ,,,,
ജീവനും കൂടെപ്പോന്നെന്ന്,,,,,
അറിഞ്ഞാൽ അവൾ നൊന്തേനേ,,,,,
വേണ്ടെന്നു പറഞ്ഞേനെ,,,,,
ഇത്ര നാൾ ക്ഷമിച്ചില്ലേ?
ഇനിയും സഹിച്ചേനേ,,,,,
ശ്രീലാ അനിൽ
************
ഇനിയൊരു കഥാ വായന- മൊളൂഷ്യം
https://drive.google.com/open?id=19hUGLCUatPN3qZd_RabcpDLPgT4YyHoW