01-08-18

ജോർജ്ജ്  ഓർവെൽ

ഇന്ത്യയിലാണ് ജനിച്ചത് ഇദ്ദേഹം . 1903 ൽ ബംഗാളിലെ മോത്തി ഹാരിയിൽ.
ശരിക്കുമുള്ള പേര്
എറിക് ആർതർ ബ്ലെയർ

റിച്ചാർഡ് വാൽമെസ്ലി ബ്ലെയർ - ഇഡാ മേബൽ ബ്ലെയർ ദമ്പതികളുടെ മകനായി 1903 ജൂൺ 25-ന് എറിക് ആർതർ ബ്ലെയർ ജനിച്ചു. അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ സിവിൽ സർവീസിൽ കറുപ്പിന്റെ (Opium) കാര്യങ്ങൾ നോക്കിയിരുന്ന വകുപ്പിലെ ഒരുദ്യോഗസ്ഥനായിരുന്നു അച്ഛൻ റിച്ചാർഡ് വാൽമെസ്ലി ബ്ലെയർ. അമ്മ, ബർമ്മയിൽ ഊഹക്കച്ചവടത്തിലേർപ്പെട്ടിരുന്ന ഒരു ഫ്രഞ്ചുകാരന്റെ മകളും.



1905-ൽ ഓർവെലിന്റെ അമ്മ തെംസ് നദിയുടെ വടക്കേക്കരയിൽ തെക്കൻ ഓക്സ്ഫോർഡ്‌ഷയറിലുള്ള ഹെൻലി ഓൺ തെംസ് എന്ന സ്ഥലത്ത് താമസമാക്കി. ഒരു വയസ്സുള്ളപ്പോൾ തന്നെ അമ്മ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയതുകൊണ്ട് എറിക്കിന്റെ ആദ്യജീവിതത്തിൽ പിതാവിന്റെ പങ്ക് കാര്യമായി ഇല്ലായിരുന്നു.
പിന്നീട് 1912-ൽ മാത്രമാണ്‌ എറിക് പിതാവിനെ കാണുന്നത്.

 1905-ലെ അമ്മയുടെ ഡയറി, സജീവമായ ഒരു സാമൂഹ്യജീവിതവും കലാപരമായ താത്പര്യങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന് മുൻപ് അവർ ഷിപ്‌ലേക്ക് എന്ന സ്ഥലത്തേക്ക് താമസം മാറി.

അവിടെ ഓർവെൽ ബുഡ്ഡിക്കോം കുടുംബവുമായി, പ്രത്യേകിച്ച് അവിടത്തെ ജസീന്ത എന്ന പെൺകുട്ടിയുമായി, സൗഹൃദത്തിലായി. ജസീന്തയുടെ എറിക്കും ഞങ്ങളും  ഓർവെലിന്റെ ബാല്യത്തെക്കുറിച്ച് വിവരം നൽകുന്ന ഒരു സ്വതന്ത്രരചനയാണ്.

😄 അവർ ആദ്യം കണ്ടുമുട്ടിപ്പോൾ ഓർവെൽ ഒരു പറമ്പിൽ, ശീർഷാസനത്തിൽ നിൽക്കുകയായിരുന്നത്രെ.😄

"ഒരാൾ നേരേ നിൽക്കുമ്പോളെന്നതിനേക്കാൾ കൂടുതൽ ശ്രദ്ധിക്കപ്പെടുക തലകുത്തിനിൽക്കുമ്പോഴാണ്"
എന്ന് ഓർവെൽ വിശദീകരിച്ചതായി അവർ പറയുന്നു. അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൗദ്ധിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു. എച്ച്.ജി. വെൽസിന്റെ നവീന യുട്ടോപ്പിയയുടെ മാതൃകയിൽ ഒരു പുസ്തകം താൻ എഴുതിയേക്കുമെന്ന് ഓർവെൽ ജസീന്തയോട് പറഞ്ഞു.
👌👌👌👌👌👌




ബർമ്മയിൽ


ഓർവെലിന്റെ മുത്തശ്ശിയും കുടുംബവും അന്ന് ബർമ്മയിലായിരുന്നതിനാൽ തന്റെ ആദ്യനിയമനം അവിടേക്ക് തിരഞ്ഞെടുത്തു. അങ്ങനെ 1922 ഒക്ടോബറിൽ ഇന്ത്യൻ ഇമ്പീരിയൽ പോലീസിൻ ചേരാനായി സൂയസ് കനാൽ കടന്ന് സിലോൺ വഴി അദ്ദേഹം ബർമ്മയിലേക്ക് യാത്രചെയ്തു. ഒരു മാസം കൊണ്ട് റങ്കൂണിലെത്തി അവിടെനിന്ന് പോലീസ് പരിശീലന സ്കൂൾ സ്ഥിതിചെയ്തിരുന്ന മൺഡലേയിലേക്ക് പോയി. പരിശീലനത്തിനു ശേഷം ആദ്യത്തെ ഹ്രസ്വകാലനിയമനം ബർമ്മയിലെ പ്രധാന സുഖവാസകേന്ദ്രമായ മായ്മ്യോയിൽ ആയിരുന്നു. അതിനുശേഷം 1924-ന്റെ തുടക്കത്തിൽ ഉൾനാടൻ പ്രദേശമായ മയൗങ്ങ്‌മായിൽ നിയമനം ലഭിച്ചു. ഓർവെൽ ബർമ്മയിലേക്ക് പോയി അധികം താമസിയാതെ, ജസീന്തയും ഓർവെലും തമ്മിൽ ആശയവിനിമയം നിലച്ചു. ബർമ്മയിലെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ വിവരിച്ച് ഓർവെൽ എഴുതിയ കത്തുകൾ വായിച്ച് നീരസം തോന്നിയ അവർ മറുപടി എഴുതുന്നത് നിർത്തുകയാണുണ്ടായത്.
😢😢😢😢😢😢😢


ആദ്യകാലനോവലുകൾ

ലണ്ടണിൽ ഒരു കുടുംബസുഹൃത്ത് വഴി വാടകക്കെടുത്ത മുറിയിൽ താമസിച്ച് ഓർവെൽ എഴുത്തു തുടങ്ങി. രചനയുടെ ലോകത്ത് നിലയുറപ്പിക്കാൻ ശ്രമിക്കുമ്പോൾ വലിയ കഷ്ടപ്പാടുകളിലൂടെ അദ്ദേഹത്തിന് കടന്നുപോകേണ്ടിവന്നു. ബർമ്മയിലെ ജോലി ഉപേക്ഷിച്ച് ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ ഉടനേയുള്ള ശീതകാലത്ത് തണുപ്പകറ്റാനുള്ള സം‌വിധാനമൊന്നുമില്ലാത്ത ഒരു മുറിയിൽ കയ്യിൽ പണമൊന്നുമില്ലാതെ എഴുത്തിൽ ശ്രദ്ധയൂന്നി അദ്ദേഹം കഴിയുന്നത് കണ്ടവർക്ക്, നല്ലൊരു ജോലിയുണ്ടായിരുന്നത് കളഞ്ഞിട്ട്, വലിയ എഴുത്തുകാരനാകുന്നത് സ്വപ്നം കണ്ടു നടക്കുന്ന കിറുക്കുപിടിച്ച ചെറുപ്പക്കാരനായാണ് അദ്ദേഹമെന്ന് തോന്നിയിരിക്കണം. എന്നാൽ പ്രതിഭയും, ധൈര്യവും, രോഗത്തേയും ദാരിദ്ര്യത്തേയും തോല്പിക്കാൻപോന്ന നിശ്ചയദാർഢ്യവും ഉണ്ടായിരുന്ന ഓർവെൽ ഒടുവിൽ ഇംഗ്ലീഷ് ഭാഷയിലെ ഗദ്യരചനയുടെ ഒന്നാംകിട നായകന്മാരിൽ ഒരാളായി അംഗീകാരം നേടി.


വിഗൻ കടവിലേക്കുള്ള വഴി എന്ന കൃതിയിൽ ഓർവെൽ അലഞ്ഞുതിരിയലിനേയും ദാരിദ്ര്യത്തേയും കുറിച്ച് ഇങ്ങനെ എഴുതി:-
👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽

ദാരിദ്ര്യമെന്നു കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് അസഹ്യമായ വിശപ്പാണ്. അതുകൊണ്ട് എന്റെ മനസ്സ് സമൂഹം പുറംതള്ളിയ കടുത്ത മാതൃകകളായ തെരുവുതെണ്ടികൾ, ഭിക്ഷക്കാർ, കുറ്റവാളികൾ, വേശ്യകൾ എന്നിവരെ തേടിപ്പോകുന്നു. ഏറ്റവും താഴേക്കിടയിലുള്ള ഇവരെപ്പോലെയുള്ളവരുമായുള്ള അടുപ്പമാണ് ഞാൻ ആഗ്രഹിച്ചത്. അക്കാലത്ത് ഞാൻ ഏറ്റവും ഏറെ അന്വേഷിച്ചത്, ബഹുമാന്യതയുടെ ലോകത്തുനിന്ന് പുറത്തുകടക്കാനുള്ള വഴിയാണ്.
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽


അതേസമയം ഓർവെൽ, താൻ ഉൾപെട്ട മദ്ധ്യവർഗ്ഗത്തിന്റെ മനോഭാവങ്ങളേയും മാന്യതകളേയും വകവെക്കാതെ, ഭവനരഹിതരായി അലഞ്ഞുതിരിയുന്നവരുടെ രീതികൾ അനുകരിച്ച് അത്തരക്കാർ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അവരിലൊരാളായി ചുറ്റിത്തിരിയാനും തുടങ്ങി. അങ്ങനെ നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദ്യം വെളിച്ചം കണ്ട ലേഖനമായ
ദി സ്പൈക്ക് എന്നത്.

 1933-ൽ പ്രസിദ്ധീകരിച്ച ഡൗൺ ആൻഡ് ഔട്ട് ഇൻ പാരിസ് ആൻഡ് ലണ്ടൺ
എന്ന പുസ്തകത്തിന്റ ഒരു ഭാഗവും അക്കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

🔴
1929 അവസാനം ഓർ‌വെൽ ഇംഗ്ലണ്ടിൽ മടങ്ങിയെത്തി മാതാപിതാക്കന്മാരുടെ വസതിയിൽ താമസമാക്കി. അവിടെ താമസിക്കുമ്പോഴാണ് ബർമ്മയിലെ നാളുകൾ
 എന്ന പുസ്തകം എഴുതിയത്. അതോടൊപ്പം തന്നെ, സമൂഹത്തിലെ ഏറ്റവും താഴത്തെ നിലയിലുള്ളവരെക്കുറിച്ചുള്ള ഒരു പുസ്തകത്തിനുവേണ്ടിയുള്ള ഗവേഷണത്തിനായി അലഞ്ഞുതിരിയാനും തുടങ്ങി. ഒപ്പം ജോൺ മിഡിൽട്ടൺ മുറേയുടെ ന്യൂ അഡെൽഫി എന്ന മാസികയിൽ എഴുതുന്നുമുണ്ടായിരുന്നു.

ഡൗൺ ആൻഡ് ഔട്ട് ഇൻ പാരിസ് ആൻഡ് ലണ്ടൺ 1932-ൽ പൂർത്തിയായി. അടുത്ത വർഷം നടന്ന അതിന്റെ പ്രസിദ്ധീകരണത്തിന് തൊട്ടുമുൻപാണ് ജോർജ്ജ് ഓർ‌വെൽ   എന്ന പേര് സ്വീകരിച്ചത്.    ഒറ്റപ്പെട്ട ഏകാന്തജീവിതത്തിനിടെ പുതിയ എഴുത്തുകാരുമായുള്ള സൗഹൃദം അദ്ദേഹം ആഗ്രഹിച്ചു. ഹാംസ്റ്റീഡ് ബൗദ്ധികവ്യാപാരങ്ങൾക്ക് സൗകര്യമുള്ള സ്ഥലമായിരുന്നു. ചെലവുകുറഞ്ഞ താമസസ്ഥലങ്ങളും അവിടെ ലഭ്യമായിരുന്നു. അവിടത്തെ അനുഭവങ്ങളാണ് 1936-ൽ എഴുതിയ അസ്പിഡിസ്ത്രാ ജയിക്കട്ടെ (Keep the Aspidistra flying) എന്ന നോവലിൽ

സ്പാനിഷ് ആഭ്യന്തരയുദ്ധം

ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ഫാസിസ്റ്റ് കലാപത്തെതുടർന്ന് പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ റിപ്പബ്ലിക്കൻ പക്ഷത്തെ പോരാളിയായി ഓർവെൽ 1936-ൽ സ്പെയിനിലേക്കു പോയി. ഫാസിസത്തെ എങ്ങനേയും ചെറുത്തേ മതിയാവൂ എന്ന് അദ്ദേഹം അക്കാലത്തെ ഒരഭിമുഖത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അഭാവത്തിൽ ജനാധിപത്യം അർത്ഥശൂന്യമാണെന്ന് ഓർവെൽ അഭിപ്രായപ്പെട്ടു. കലാകാരന്റെ സ്വാതന്ത്ര്യത്തിന് അദ്ദേഹം പ്രത്യേകം ഊന്നൽ കൊടുത്തു. ജീർണ്ണിച്ചതെന്ന് അദ്ദേഹം കരുതിയ മുതലാളിത്ത സംസ്കാരത്തേക്കാൾ അപകടകാരിയാണ് ഫാസിസമെന്നായിരുന്നു ഓർവെലിന്റെ പക്ഷം.
 അത്, ധാർമ്മികദൃഷ്ടിയിൽ നോക്കുമ്പോൾ മഹാദുരന്തമായിരിക്കുമെന്ന് അദ്ദേഹം കരുതി.

സ്പാനിഷ് ആഭ്യന്തരയുദ്ധത്തെക്കുറിച്ച് ഒരു ഗ്രന്ഥം എഴുതുകയെന്നതും സ്പെയിനിലേക്കുള്ള യാത്രയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. എന്നാൽ പ്രധാന ലക്ഷ്യം ഫാസിസത്തെ ചെറുക്കുകയെന്നതാണെന്ന് ഓർ‌വെൽ പറഞ്ഞു. ആദ്യം അദ്ദേഹം ഒറ്റക്കാണ് പോയത്. ഭാര്യ എലീൻ പിന്നീട് ഒപ്പമെത്തി. സ്പെയിനിലെ ഐക്യ മാർക്സിസ്റ്റ് തൊഴിലാളി കക്ഷിയുടെ സേനാവിഭാഗത്തിൽ ചേർന്ന ഏതാണ്ട് 25-ഓളം വരുന്ന ബിട്ടീഷ് ഇടതുപക്ഷാനുഭാവികൾക്കൊപ്പമയിരുന്നു അദ്ദേഹം. ഐക്യ മാർക്സിസ്റ്റ് തൊഴിലാളി കക്ഷി, സ്പെയിനിൽ കറ്റലോണിയയിലെ പ്രധാന ഇടതുപക്ഷ അരാജകവാദി ശക്തിയായ സി.എൻ.റ്റി-യിലെ ഒരു തീവ്രവിഭാഗമായിരുന്നു. മുതലാളിത്തത്തെ നിർമ്മാർജ്ജനം ചെയ്യുന്നതു വഴി മാത്രമേ ഫ്രാങ്കോയെ പരാജയപ്പെടുത്താനാകൂ എന്ന് ഈ വിഭാഗം കരുതി. ഈ നിലപാട്, ഫാസിസ്റ്റ് ദേശീയതയെ പരാജയപ്പെടുത്താൻ ബൂർഷ്വാ കക്ഷികളടക്കം ആരേയും കൂട്ടുപിടിക്കുന്നതിൽ തെറ്റില്ലെന്ന് കരുതിയ സ്പാനിഷ് കമ്മ്യൂണിസ്റ്റ് കക്ഷിയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമായിരുന്നു. 1936 ജൂലൈക്ക് ശേഷം, സി.എൻ.റ്റിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന കറ്റലോണിയ, അരഗോൺ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ സാമൂഹ്യ പരിവർത്തനങ്ങൾ അരങ്ങേറി. അതിന്റെ പിന്നിലുള്ള സമത്വബോധത്തെ ഓർവെൽ, കറ്റലോണിയക്ക് സ്മരണാഞ്ജലി എന്ന കൃതിയിൽ അനുഭാവപൂർവം ചിത്രീകരിക്കുന്നുണ്ട്.



ചർച്ചാ സ്വാതന്ത്ര്യവും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളും ഉള്ള ജനാധിപത്യസോഷ്യലിസത്തിന് വേണ്ടി അദ്ദേഹം നിലകൊണ്ടു.

യുദ്ധത്തിൽ കഴുത്തിൽ വെടിയേറ്റ ഓർവെൽ മിക്കവാറും മരിച്ചെന്നു തന്നെ പറയാം.

😢 സംസാരശേഷി നശിച്ച് അസുഖകരമായ ഒരു പിറുപിറുക്കൽ പോലെയാകുമെന്ന് അദ്ദേഹം ആദ്യം ഭയപ്പെന്നു. അതുണ്ടായില്ലെങ്കിലും പരിക്ക് അദ്ദേഹത്തിന്റെ സ്വരത്തിന്റെ മട്ട് മാറ്റി. തുടർന്ന്, പരിക്ക് ഭേദമാകമാകുവോളം, അരവർഷക്കാലം, ഓർവെലും എലീനും മൊറോക്കോയിൽ താമസിച്ചു. ആ സമയത്താണ് ഓർവെൽ രണ്ടാം ലോകമഹായുദ്ധത്തിന് മുൻപിറങ്ങിയ അവസാനത്തെ നോവലായ കമിങ്ങ് അപ്പ് ഫോർ ഏയർ എഴുതിയത്. ഓർവെലിന്റെ നോവലുകളിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് ചുവയുള്ളത് അതിനാണ്. വരാനിരുന്ന യുദ്ധത്തിന്റെ നിഴലും പ്രധാന കഥാപാത്രമായ ജോർജ്ജ് ബൗളിങ്ങിന്റെ തേംസ് നദീതീരപശ്ചാത്തലത്തിലെ സുന്ദരമായ ഗ്രാമീണബാല്യാനുഭവങ്ങളും അതിൽ ഇഴചേർന്നിരിക്കുന്നു. നോവലിന്റെ ഭാവം അശുഭാപ്തി വിശ്വാസമാണ്. പഴയ ഇംഗ്ലണ്ടിന്റെ നന്മയെല്ലാം വ്യവസായങ്ങളും മുതലാളിത്തവും ചേർന്ന് നശിപ്പിച്ചിരിക്കുന്നതായും രാജ്യത്തിന് പല പുറംഭീഷണികളും ഉടലെടുത്തിരിക്കുന്നതായും അതിൽ ചിത്രീകരിച്ചിരിക്കുന്നു. "ഇത്തിരി തമാശക്കുവേണ്ടി ആളുകളെ കുരിശിൽ തറക്കുകയും തലവെട്ടിക്കളയുകയും മാത്രം ചെയ്തിരുന്ന പഴയ സ്വേഛാധിപതികളിൽ നിന്നും ഭിന്നരാണ് ഹിറ്റ്ലറും മുസോളിനിയും അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി.


1944-ലാണ് ഓർവെൽ ആനിമൽ ഫാം 
എന്ന കഥ എഴുതിത്തീർത്തത്. ആദ്യം ബ്രിട്ടണിൽ പ്രസിദ്ധീകരിക്കപ്പെട്ട ആ കൃതിയെ വായനക്കാരും വിമർശകരും ഒരുപോലെ പുകഴ്ത്തി. ആ സമയത്ത്, അമേരിക്കയിലെ പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ഹാർകോർട്ട് ബ്രേസിന്റെ പ്രസാധകൻ ഫ്രാങ്ക് മോർളി പുസ്തകവായനക്കാരുടെ താത്പര്യങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിച്ചറിയാനായി ബ്രിട്ടണിലെത്തി. കേംബ്രിഡ്ജിലെ പുസ്തക കടയായ ബൗസ് ആൻഡ് ബൗസിൽ ആളുകൾ, മുഴുവൻ പ്രതികളും വിറ്റുതീർന്നുകഴിഞ്ഞിരുന്ന ഒരു പുസ്തകം തിരക്കി വരുന്നതാണ് മോർളി കണ്ടത്. ആനിമൽ ഫാമിന്റെ രണ്ടാം പതിപ്പായിരുന്നു ആ പുസ്തകം. കടയിൽ അവശേഷിച്ചിരുന്ന ഒരു പ്രതി വായിച്ച മോർളി നേരേ ലണ്ടണിൽ പോയി പുസ്തകം അമേരിക്കയിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം വാങ്ങിയെടുത്തു.💪🏼💪🏼💪🏼💪🏼💪🏼

 അങ്ങനെ കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം.

ആനിമൽ ഫാം പ്രസിദ്ധീകൃതമായപ്പോൾ രണ്ടാം ലോകമഹായുദ്ധം അന്ത്യത്തോടടുക്കുകയായിരുന്നു. സംഭവവികാസങ്ങളുടെ നടുക്കായിരിക്കാൻ ഓർവെലിന് തിടുക്കമായി. യുദ്ധലേഖകനായി ഫ്രാൻസിന്റെ വിമോചനവും ജർമ്മനിയുടെ അധിനിവേശത്തിന്റെ തുടക്കവും റിപ്പോർട്ട് ചെയ്യാൻ ഒബ്സർവർ പത്രത്തിന്റെ എഡിറ്റർ ഡേവിഡ് ആസ്റ്റർ ആവശ്യപ്പെട്ടപ്പോൾ ട്രിബ്യൂണിലെ ജോലി ഓർവെൽ രാജിവച്ചു.


1984 -
 അവസാനവർഷങ്ങൾ

ഇതിനിടെ ഓർവെൽ ദമ്പതികൾ ഒരാൺകുട്ടിയെ ദത്തെടുത്തു. 1944 ൽ ജനിച്ച റിച്ചാർഡ് ഹോറേഷ്യോ ബ്ലെയർ ആയിരുന്നു ആ കുട്ടി.

 1945-ൽ അദ്ദേഹം ജർമ്മനിയിലെ കൊളോണിൽ വച്ച് രോഗബാധിതനായി. ആ സമയത്തു തന്നെ ഭാര്യ എലീൻ ഇംഗ്ലണ്ടിലെ ന്യൂകാസിലിൽ ട്യൂമർ നീക്കം ചെയ്യാനുള്ള ഒരു ശസ്ത്രക്രിയയെ തുടർന്ന് മരിച്ചു. 😢

ശസ്ത്രക്രിയയെ നിസ്സാരമായെടുക്കുകയും അതിനായി അധികം പണം ചെലവാക്കുന്നത് ഒഴിവാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തതുമൂലം, അവർ അസുഖത്തിന്റെ കാര്യം ഓർവെലിനെ അറിയിച്ചിരുന്നുപോലുമില്ല.

അടുത്ത നാലു വർഷത്തേക്ക് ഓർവെൽ പത്രമാസികകളിലെ ലേഖനമെഴുത്തിനൊപ്പം 1949-ൽ പ്രസിദ്ധീകരിച്ച ഏറ്റവും പ്രധാനകൃതിയായ 1984-ന്റെ രചനയിലും മുഴുകി. ലേഖനങ്ങൾ ഏറെയും പ്രസിദ്ധീകരിച്ചത് ട്രിബ്യൂൺ, ഒബ്സർവർ, മാഞ്ചസ്റ്റർ സായാഹ്നവാർത്ത എന്നീ പത്രങ്ങളിലും കുറച്ചുമാത്രം പ്രചാരമുണ്ടായിരുന്ന ചില രാഷ്ട്രീയ-സാഹിത്യ ആനുകാലികങ്ങളിലും ആയിരുന്നു.
1984 എന്ന നോവലിന് ആദ്യം അദ്ദേഹം യൂറോപ്പിലെ അവസാനത്തെ മനുഷ്യൻ
എന്ന പേരും പരിഗണിച്ചിരുന്നു. എന്നാൽ ഓർവെലിന്റെ പ്രസാധകനായ ഫ്രെഡെറിക് വാർബർഗ്ഗിന് അതിഷ്ടമായില്ല. പിന്നെ, 1980 എന്ന പേരും തുടർന്ന് 1982 എന്ന പേരും പരിഗണിച്ചു. എന്നാൽ ഓർവെലിന്റെ രോഗം മൂലം പ്രസിദ്ധീകരണം നീണ്ടുപോയതിനാൽ ഒടുവിൽ കൃതി പ്രസിദ്ധീകരിച്ചത് 1984 എന്ന പേരിലാണ്.


ഓർവെൽ ആ നോവൽ ഏറെയും എഴുതിയത് സ്കോട്ട്‌ലണ്ടിന്റെ പടിഞ്ഞാറെ തീരത്തെ ജൂറാ ദ്വീപിലുള്ള ബാൺഹിൽ എന്ന ഉപേക്ഷിക്കപ്പെട്ട ഉൾനാടൽ കൃഷിയിടത്തിൽ താമസിച്ചാണ്.

 അവിടെ തുടങ്ങി, കൃഷിയിടത്തിന്റെ ഉടമസ്ഥയായ മാരഗരറ്റ് ഫ്ലെച്ചർ താമസിച്ചിരുന്ന ആർഡ്‌ലൂസ്സാ എന്ന സ്ഥലത്തു ചെന്നവസാനിച്ചിരുന്ന എട്ടു കിലോമീറ്റർ പാത ആയിരുന്നു ദ്വീപിൽ ആകെയുണ്ടായിരുന്ന വഴി.

1948-ൽ ഓർവെൽ റെയ്നാൾഡ് റെയ്നോൾഡിനോട് ചേർന്ന് ബ്രിട്ടണിലെ പ്രചാരണസാഹിത്യകാരന്മാർ എന്ന സമാഹാരം പ്രസിദ്ധീകരിച്ചു.


സാഹിത്യ വിമർശനം

വളരെക്കാലം ഓർവെൽ ഒരു ഗ്രന്ഥനിരൂപകനായിരുന്നു. ദീർഘവും പ്രഗല്ഭവുമായ ആ നിരൂപണങ്ങൾ ഇംഗ്ലീഷ് സാഹിത്യത്തിലെ നിരൂപണശാഖയെ ഏറെ സ്വാധീനിച്ചു. ചാൾസ് ഡിക്കൻസിനെക്കുറിച്ച് 1940-ൽ എഴുതിയ പ്രബന്ധത്തിന്റെ പ്രശസ്തമായ സമാപനഭാഗം ഓർവെലിന്റെ നിരൂപണശൈലിക്ക് ഉദാഹരണമാണ്.

ശക്തമായ വ്യക്തിനിഷ്ഠത പ്രകടിപ്പിക്കുന്ന ഏതു രചന വായിക്കുമ്പോഴും, വായിക്കുന്ന പുറത്തിന് പിന്നിൽ ഒരു മുഖം കാണുന്നതായി നമുക്കു തോന്നും. അത് ആ പുറം എഴുതിയ ആളിന്റെ യഥാർഥമുഖമായിരിക്കണമെന്നില്ല.

സ്വിഫ്റ്റ്, ഡോഫോ, ഫീൽഡിങ്ങ്, സ്റ്റെന്ധാൾ, താക്കറേ, ഫ്ലോബേർ തുടങ്ങിയവരുടെ കൃതികൾ വായിക്കുമ്പോൾ എനിക്കീ അനുഭവം ശക്തമായി ഉണ്ടാവാറുണ്ട്. പലപ്പോഴും അവരുടെ യഥാർത്ഥമുഖഛായ തന്നെ എനിക്ക് അറിവുണ്ടാവുകയില്ല. അത് അറിയണമെന്ന് എനിക്ക് ആഗ്രഹവുമില്ല. ഞാൻ കാണുന്നത് ആ എഴുത്തുകാരന് ഉണ്ടായിരിക്കേണ്ടതെന്ന് ഞാൻ കരുതുന്ന മുഖമാണ്. ഡിക്കൻസിന്റെ കാര്യത്തിൽ ഞാൻ കാണാറുള്ളത് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ മുഖത്തിന്റെ അതേ ഛായയുള്ള മുഖമല്ല. എന്നാൽ അതുമായി ആ മുഖത്തിന് സാമ്യമുണ്ട്. അത് നല്ല നിറവും കൊച്ചു താടിയുമുള്ള ഒരു നാല്പതുകാരന്റെ മുഖമാണ്. അയാൾ ചിരിക്കുകയാണ്. ചിരിയിൽ കോപം കലർന്നിട്ടുണ്ട്. എന്നാൽ അതിൽ വിജയഭാവമോ കാലുഷ്യമോ ഇല്ല. അത് എപ്പോഴും എന്തിനോടൊക്കെയോ സമരം ചെയ്യുന്ന ഒരാളുടെ മുഖമാണ്. അതേസമയം, അയാളുടേത് ഭയം കലരാത്ത തുറന്ന യുദ്ധമാണ്. കോപത്തിലും അയാൾ മഹാമനസ്കനാണ്. മറ്റൊരുരീതിയിൽ പറഞ്ഞാൽ അയാൾ പത്തൊൻപതാം നൂറ്റാണ്ടിലെ സ്വന്തന്ത്രബുദ്ധിയായ ലിബറൽ ആണ്. ഇന്ന് നമ്മുടെ ആത്മാക്കളെ പരിവർത്തനം ചെയ്തെടുക്കാനായി മത്സരിക്കുന്ന നാറുന്ന കൊച്ചു യാഥാസ്ഥിതികതകളെല്ലാം ഒരുപോലെ വെറുക്കുന്ന ഒരു ജനുസ്സിലാണദ്ദേഹം പെടുന്നത്.


എഴുത്തുകാർക്കുള്ള നിയമങ്ങൾ

രാഷ്ട്രീയവും ഇംഗ്ലീഷ് ഭാഷയും എന്ന ലേഖനത്തിൽ ഓർവെൽ എഴുത്തുകാർ പിന്തുടരേണ്ട ആറ് നിയമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട.

പ്രയോഗിക്കാൻ പരിഗണിക്കുന്ന ഉപമയോ ഉല്പ്രേക്ഷയോ മറ്റലങ്കാരമോ സാധാരണ അച്ചടിച്ചു കാണാറുള്ളതാണെങ്കിൽ അതുപേക്ഷിക്കുക.
ചെറിയൊരു വാക്ക് മതിയാകുമെന്നുള്ളപ്പോൾ വലിയ വാക്ക് ഉപയോഗിക്കാതിരിക്കുക.
എഴുതിയതിൽ ഒരു വാക്ക് വെട്ടിക്കളയാൻ വഴിയുണ്ടെങ്കിൽ അത് ചെയ്യുക.
കർത്തരി പ്രയോഗം ആകാമെന്നുള്ളപ്പോൾ കർമ്മണി പ്രയോഗം ഉപയോഗിക്കാതിരിക്കുക.
പകരം ഉപയോഗിക്കാവുന്ന സാധാരണ ഭാഷയിലെ ഒരു വാക്ക് ഓർമ്മ വരുന്നുണ്ടെങ്കിൽ അന്യഭാഷാപദമോ, ശാസ്ത്ര-സാങ്കേതിക സംജ്ഞയോ ഉപയോഗിക്കാതിരിക്കുക.
ഇതിൽ ഏതെങ്കിലും ഒരു നിയമം പിന്തുടരുന്നത് രചനയെ വികൃതമാക്കുമെങ്കിൽ ആ നിയമത്തെ മടികൂടാതെ ലംഘിക്കുക.
ഓർവെലും ഇംഗ്ലീഷ് ഭാഷയും

1984-ലേയും ആനിമൽ ഫാമിലേയും മറ്റും പല പ്രയോഗങ്ങളും ഇംഗ്ലീഷ് ഭാഷയുടെ ശൈലീസമുച്ചയത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ആ കൃതിയിൽ നിന്ന് ഇംഗ്ലീഷ് ഭാഷ കടംകൊണ്ടവയിൽ ചിലത് താഴെ പറയുന്നവയാണ്.

പുതുമൊഴി

രാഷ്ട്രീയവും ഇംഗ്ലീഷ് ഭാഷയും എന്ന പേരിൽ 1946-ൽ എഴുതിയ ലേഖനത്തിൽ ഓർവെൽ, സത്യസന്ധവും വ്യക്തവുമായ ഭാഷയുടെ ആവശ്യകത ഊന്നിപ്പറഞ്ഞതിനൊപ്പം, തെറ്റിദ്ധരിപ്പിക്കുന്നതും അവ്യക്തവുമായ ഭാഷ രാഷ്ട്രീയ ഉപജാപങ്ങളുടെ ഉപകരണമാകുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഓർവെലിന്റെ 1984-ലെ ഭാഷയുടെ പേര് പുതുമൊഴി (New speak) എന്നാണ്. രാഷ്ട്രീയവൽക്കൃതമായ ആ വക്രഭാഷ സ്വീകാര്യമായ വാക്കുകൾക്ക് പരിധി നിശ്ചയിച്ച് സ്വതന്ത്രചിന്ത അസാധ്യമാക്കിത്തീർക്കുന്നു.

വല്യേട്ടൻ


1984-ലെ പ്രസിദ്ധമായ മറ്റൊരു പ്രയോഗം വല്യേട്ടൻ (Big Brother) എന്നതാണ്. പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളേയും ഗ്രസിച്ചു നിൽക്കുന്ന ഏകാധിപത്യരാഷ്ട്രത്തിന്റെ മേൽനോട്ടത്തെ സൂചിപ്പിച്ച്, "വല്യേട്ടൻ ശ്രദ്ധിക്കുന്നുണ്ട്" എന്ന് നോവലിൽ പലയിടത്തും പറയുന്നുണ്ട്. ആധുനികകാലത്തെ സുരക്ഷാക്യാമറകൾ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം. വല്യേട്ടൻ എന്ന പേരിൽ പ്രസിദ്ധമായ ഒരു യഥാതഥ ടെലിവിഷൻ പ്രോഗ്രാം (reality television show) തന്നെയുണ്ട്.

നൂറ്റിയൊന്നാം നമ്പർ മുറി

നൂറ്റിയൊന്നാം നമ്പർ മുറി എന്ന ടെലിവിഷൻ പരിപാടിയുടെ പേരും 1984-ൽ നിന്നാണ് വന്നത്. ആ നോവലിലെ സ്നേഹമന്ത്രാലയത്തിൽ (Ministry of Love) മനുഷ്യരെ പുന:രഭ്യസിപ്പിക്കാൻ (to re-educate) കൊണ്ടുപോയിരുന്ന മർദ്ദനഅറയുടെ സംഖ്യയാണത്.

ചിന്താപോലീസ്

ചിന്താപോലീസ് (Thought Police) എന്ന പ്രയോഗത്തിനും ഇംഗ്ലീഷ് ഭാഷ 1984-നോട് കടപ്പെട്ടിരിക്കുന്നു. അഭിപ്രായപ്രകടനസ്വാതന്ത്ര്യം നിലനിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന സമൂഹങ്ങളിൽ സ്വതന്ത്രമായ ആശയപ്രകടനത്തിനുള്ള അവകാശത്തിന്റെ നിഷേധത്തെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കാറുള്ളത്.

ഇരുചിന്ത

1984-ൽ ഉപയോഗിക്കുന്ന ഭാഷയായ പുതുമൊഴിയിലെ ഒരു വാക്കാണ് ഇരുചിന്ത (Double think). പരസ്പരവിരുദ്ധമായ രണ്ടഭിപ്രായങ്ങൾ ഒരേസമയം വച്ചുപുലർത്തുകയും രണ്ടിലും ആത്മാർ‍ത്ഥമായി വിശ്വസിക്കുകയും ചെയ്യുന്ന ചിന്താരീതിയെ പരാമർശിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

'കൂടുതൽ തുല്യരായ' ചിലർ


ആനിമൽ ഫാം എന്ന നോവലിൽ, ഫാമിൽ അടിച്ചമർത്തപ്പെട്ട മൃഗങ്ങളുടെ വിമോചനത്തിന് വേണ്ടിയുള്ള സമരത്തിലെ മുദ്രാവാക്യം, എല്ലാമൃഗങ്ങളും തുല്യരാണ് (All Animals are Equal) എന്നായിരുന്നു. വിമോചനം നടന്ന് മൃഗാധിപത്യം സ്ഥാപിക്കപ്പെട്ടപ്പോൾ നടപ്പായത് ചില മൃഗങ്ങളുടെ ഏകാധിപത്യമാണ്. എല്ലാ മൃഗങ്ങളും തുല്യരാണ്; എന്നാൽ ചില മൃഗങ്ങൾ മറ്റുള്ളവയേക്കാൾ കൂടുതൽ തുല്യരാണ് (All animals are equal, but some are more equal than others) എന്നായി പുതിയ മുദ്രാവാക്യം. ഇതിന്റെ വകഭേദങ്ങൾ, മനുഷ്യർക്കിടയിലെ സമത്വം പാലിക്കപ്പെടാതെ പ്രഘോഷിക്കപ്പെടുക മാത്രം ചെയ്യുന്ന സ്ഥിതിയെ പരാമർശിക്കാൻ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, കോടതികൾ കുറ്റവാളികൾക്ക് അവരുടെ സാമ്പത്തിക പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ നീതിവിളമ്പുന്നുവെന്ന് സംശയിക്കപ്പെടുമ്പോൾ, എല്ലാ കുറ്റവാളികളും തുല്യരാണ്, എന്നാൽ ചില കുറ്റവാളികൾ മറ്റുള്ളവരേക്കാൾ കൂടുതൽ തുല്യരാണ് എന്ന് പറഞ്ഞേക്കാം.

ശീതയുദ്ധം

ശീതയുദ്ധം (Cold War) എന്ന പ്രയോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ടെങ്കിലും, അതിന്റേയും ആദ്യത്തെ പ്രയോക്താവ് ‌ഓർവെൽ ആയിരിക്കാൻ സാധ്യതയുണ്ട്. ട്രിബ്യൂൺ മാസികയിൽ 1945-ൽ എഴുതിയ ആറ്റം ബോ‌ബും നിങ്ങളും എന്ന പ്രബന്ധത്തിലാണ് ഓർവെൽ ശീതയുദ്ധം എന്നെഴുതിയത്.

രാഷ്ട്രീയ വീക്ഷണങ്ങൾ


ഓർവെലിന്റെ രാഷ്ട്രീയനിലപാടുകൾ പരിണമിച്ചുകൊണ്ടിരുന്നുവെങ്കിലും, എഴുത്തുകാരനെന്ന നിലയിൽ ആജീവനാന്തം അദ്ദേഹം ഇടതുപക്ഷത്തായിരുന്നു. ഒടുവിലൊക്കെ ഓർവെൽ സ്വയം വിശേഷിപ്പിച്ചിരുന്നത് അരാജകത്ത്വവാദിയായ യാഥാസ്ഥിതികൻ എന്നാണ്. ബർമ്മയിലെ അനുഭവങ്ങൾ അദ്ദേഹത്തെ സാമ്രാജ്യത്ത്വത്തിന്റെ കടുത്ത വിമർശകനാക്കി. ഡൗൺ ആൻഡ് ഔട്ട് ഇൻ പാരിസ് ആൻഡ് ലണ്ടനും വിഗൻ കടവിലേക്കുള്ള വഴിയും എഴുതുന്നതിനുവേണ്ടി നടത്തിയ പഠനത്തിൽ തെളിവായ ദാരിദ്ര്യത്തിന്റെ മുഖം അദ്ദേഹത്തെ സോഷ്യലിസ്റ്റ് പക്ഷപാതിയാക്കി. "1936-നു ശേഷം ഞാൻ എഴുതിയ ഓരോ വരിയും നേരിട്ടോ അല്ലാതെയോ സ്വേഛാധിപത്യത്തെ എതിർത്തും ഞാൻ മനസ്സിലാക്കുന്ന തരത്തിലുള്ള ജനാധിപത്യസോഷ്യലിസത്തെ പിന്തുണച്ചും ആണ്" എന്നദ്ദേഹം 1946-ൽ എഴുതി.

💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼

പൊതുജീവിതത്തിലെ തർക്കങ്ങളിൽ ശക്തവും വ്യതിരിക്തവുമായ നിലപാടുകൾ കൈക്കോണ്ടതിനൊപ്പം തന്നെ രാഷ്ട്രനീതിയിലെ കോലാഹലങ്ങൾക്കിടയിൽ ജീവിതത്തിന്റേയും പ്രകൃതിയുടേയും സൗന്ദര്യം കാണാൻ കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓർവെൽ ബോധവാനായിരുന്നു. 1946-ൽ എഴുതിയ ചൊറിയൻ തവളയെക്കുറിച്ച് ചില ആലോചനകൾ (Some Thoughts on the Common Toad) എന്ന പ്രബന്ധം സമാപിക്കുന്നതിങ്ങനെയാണ്:‌

🌷💐🌾🍄🍁🍂🍃🎋“ എത്രയോ തവണ തവളകൾ ഇണചേരുന്നതും മുയൽജോഡികൾ പാടത്ത് ഗുസ്തിപിടിക്കുന്നതും നോക്കിനിൽക്കുമ്പോൾ, കഴിയുമെങ്കിൽ അത്തരം കാഴ്ചകൾ ആസ്വദിക്കുന്നതിൽ നിന്ന് നമ്മെ തടയുമായിരുന്ന യജമാനന്മാരെ ഞാൻ ഓർത്തിട്ടുണ്ട്. അവർക്കതിന് കഴിയില്ലെന്നത് നമ്മുടെ ഭാഗ്യം. രോഗമോ വിശപ്പോ, പട്ടിണിയോ, കാരാഗൃഹമോ, ഭയമോ നമ്മുടെ വഴിമുടക്കാത്ത കാലത്തോളം, വസന്തം നമുക്ക് വസന്തം തന്നെയാണ്. ഫാക്ടറികളിൽ അണുബോംബുകൾ കുന്നുകൂടുകയും നഗരങ്ങളിൽ പോലീസ് ചുറ്റിത്തിരിയുകയും ഉച്ചഭാഷിണികൾ നുണപരത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോഴും ഭൂമി സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നു. സ്വേച്ഛാധിപതിക്കും, ഉദ്യോഗസ്ഥവൃന്ദത്തിനും അരുചികരമാണെങ്കിലും ആ പ്രക്രിയ തടയുവാൻ അവർക്ക് കഴിവില്ല.


ഓർവെലിനെക്കുറിച്ചുള്ള ചില അഭിപ്രായങ്ങൾ

ബെർണാർഡ് ക്രിക്ക്
എഴുത്തിനായും, എന്താണ് എഴുതേണ്ടതെന്നതിനെക്കുറിച്ച് സമഗ്രമായ ഒരു ദർശനം ഉണ്ടാക്കിയെടുക്കാനും കഠിനമായി പ്രയത്നിച്ച ധീരനായിരുന്നു ഓർവെൽ. തന്റെ പശ്ചാത്തലത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സുഹൃത്തുക്കളെ അദ്ദേഹം വിശ്വാസത്തിലെടുത്തിരുന്നില്ല. ആശയങ്ങളുടേയും സാഹിത്യത്തിന്റേയും തലങ്ങളിൽ ഒതുങ്ങിനിന്ന അദ്ദേഹത്തിന്റെ തുറന്ന പ്രകൃതി, എഴുത്തിൽ മാത്രമാണ് പ്രകടമായത്. തന്റെ ചെറിയ സുഹൃദ്‌വലയത്തിലുള്ളവരെപ്പോലും അദ്ദേഹം പരസ്പരം അകറ്റിനിർത്തി. ഓരോ ആൾക്കും മറ്റാരെങ്കിലും അദ്ദേഹത്തിന്റെ പരിചയത്തിലുണ്ടെന്നറിയുമ്പോൾ അത്ഭുതമായിരുന്നു. വളരെ അടുത്തറിയാമായിരുന്ന സ്ത്രീകളുമായിപ്പോലും വൈകാരികമായ സ്വകാര്യങ്ങൾ പങ്കുവക്കുന്നതിൽ അദ്ദേഹം വിമുഖനായിരുന്നു. സ്വന്തം ചർമ്മത്തിനുള്ളിൽ സ്വസ്ഥനോ പൂർണ്ണമായും ഉൽഗ്രഥിതനോ ആയ മനുഷ്യനായിരുന്നില്ല അദ്ദേഹം. ബഹുമുഖവ്യക്തിത്വത്തിനുടമയായിരുന്ന ഓർവെലിന്റെ സ്വഭാവം അതിസങ്കീർണ്ണമായിരുന്നു.

മൈക്കൽ ഷെൽഡൺ:

ഓർവെലിന് തോറ്റുപോയവനായി അഭിനയിക്കുകയെന്നത്, ജയിക്കുന്നവർക്കുനേരേയുള്ള പ്രതികാരമെന്നതിന് പുറമേ, ഉപജാപങ്ങളും, ആർത്തിയും, തത്ത്വദീക്ഷയില്ലായ്മയും വഴി നേടുന്ന ജീർണ്ണതകലർന്നതും പൊതുവേ മാനിക്കപ്പെടുന്നതുമായ വിജയത്തിന്റെ തിരസ്കാരവും ആയിരുന്നു. അതോടൊപ്പം അത്, സ്വന്തം ഗർവിനേയും പുരോഗമനകാംക്ഷയേയും നിയന്ത്രണത്തിൽ നിർത്താൻ വേണ്ടിയുള്ള ഒരുതരം സ്വയം വിമർശനത്തിന്റേയും ഫലം ചെയ്തു.

ടി.ആർ. ഫിവൽ:

അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന ജീവിതാനുഭവം ദീർഘകാലം ദാരിദ്ര്യവും തോൽവിയും അപമാനവും സഹിച്ച് ഒരെഴുത്തുകാരനായി മാറാൻ നടത്തിയ സമരമാണ്. അതിനെക്കുറിച്ച് തന്നെയായി അദ്ദേഹം മിക്കവാറും ഒന്നും എഴുതിയിട്ടില്ല. വിയർപ്പും കഷ്ടതകളും ചേരികളിലെ ജീവിതത്തിലെന്നതിനേക്കാൾ അവിടത്തെ അനുഭങ്ങളെ
 സാഹിത്യമാക്കി മാറ്റാൻ പെടേണ്ടി വന്ന പാടിലായിരുന്നു

ഇനിയും
പറയാനുണ്ട്
ഓർവലിനെപ്പറ്റി

കൂട്ടിച്ചേർക്കാം

👌🤝🏼🤝🏼🤝🏼🤝🏼


ഓർവെലിന്റെ രചനകൾ


പുസ്തകങ്ങൾ

ഡൌൺ ആന്റ് ഔട്ട് ഇൻ പാരിസ് ആന്റ് ലണ്ടൻ (1933)
ബർമ്മീസ് ദിനങ്ങൾ (1934) —
പാതിരിയുടെ മകൾ (1935)
അസ്പിദിസ്ട്രാ ജയിക്കട്ടെ(1936)
വിഗൻ കടവിലേക്കുള്ള വഴി (1937) -
കറ്റലോണിയയ്ക്ക് സ്മരജ്ജഞ്ജലി (1938)
വായുവിനായി മുകളിലേക്ക് (1939)
ആനിമൽ ഫാം (1945)
1984 (1949) -

പ്രബന്ധങ്ങൾ

Penguin Books George Orwell: Essays, with an Introduction by Bernard Crick

The Spike (1931)
ഒരു കോപ്പ നല്ല ചായ (1946) —
ഒരു തൂക്കിക്കൊല (1931) —
ഷൂട്ടിങ്ങ് ആൻ എലിഫന്റ് (1936) —
ചാൾസ് ഡിക്കൻസ് (1939) —
Boys' Weeklies (1940)
തിമിംഗിലത്തിനുള്ളിൽ (1940)
ആനയും ഒറ്റക്കൊമ്പനും (1941)
വെൽസും ഹിറ്റ്ലറും ലോകരഷ്ട്രവും (1941)
ഡൊണാൾഡ് മാക്ഗില്ലിന്റെ കല (1941)
സ്പെയിനിലെ യുദ്ധത്തിലേക്കൊരു തിരിഞ്ഞു നോട്ടം (1943)
ഡബ്ലിയൂ.ബി. യീറ്റ്സ് (1943)
പുരോഹിതന്മാരുടെ പ്രയോജനം: സാൽവദോർ ദാലിയെക്കുറിച്ച് ചില കുറിപ്പുകൾ (1944)
ആർതർ കൊസ്ലർ (1944) —
ദേശീയതയെക്കറിച്ച് ചില കുറിപ്പുകൾ (1945) —
പാവങ്ങൾ എങ്ങനെ മരിക്കുന്നു (1946)
രാഷ്ട്രീയവും സാഹിത്യവും: ഗള്ളിവേഴ്സ് ട്രാവൽസിന്റെ ഒരു പഠനം (1946)
രാഷ്ട്രീയവും ഇംഗ്ലീഷ് ഭാഷയും (1946)
ജെയിംസ് ബൺഹാമിനെക്കുറിച്ച് പുനർചിന്ത (1946)
ഇംഗ്ലീഷ് കൊലപാതകത്തിന്റെ അധഃപതനം (1946)
ചൊറിയൻ തവളയെക്കുറിച്ച് ചില ആലോചനകൾ (1946)
ബ്രേയിലെ വികാരിയെക്കുറിച്ച് ഒരു നല്ല വാക്ക് (1946)
പി.ജി. വോഡ്‌ഹൗസിന്റെ പക്ഷം (1946)
ഞാൻ എന്തിന് എഴുതുന്നു (1946)
സാഹിത്യത്തെ എങ്ങനെ തടയാം (1946)
അതൊക്കെയായിരുന്നു അന്നത്തെ സന്തോഷങ്ങൾ (1946)
ലിയർ രാജാവും, ടോൾസ്റ്റോയിയും വിദൂഷകനും (1947)
ഗാന്ധിയെക്കുറിച്ച് ചില ചിന്തകൾ (1949)
പുസ്തകക്കടയുടെ സ്മരണകൾ (1936)
വെള്ളത്തിനടിയിലെ നിലാവ് (1946)
റുഡ്യാർഡ് കിപ്ലിങ്ങ് (1942)
Raffles and Miss Blandish (1944)


കവിതകൾ


Romance
A Little Poem
Awake! Young Men of England
Kitchener
Our Minds are Married, But we are Too Young
The Pagan
The Lesser Evil
Poem from Burma

കുറിപ്പുകൾ

^ 1946-ൽ ഞാൻ എന്തിന് എഴുതുന്നു (Why I write?) എന്ന പേരിൽ രചിച്ച പ്രബന്ധത്തിൽ ഓർവെൽ, ആറോ ഏഴോ വയസ്സുള്ളപ്പോൾ തന്നെ, വലുതാകുമ്പോൾ താൻ ഒരു എഴുത്തുകാരനാകും എന്ന് അറിയാമായിരുന്നു എന്ന് പറയുന്നുണ്ട്. പതിനേഴാമത്തേയും ഇരുപത്തിനാലാമത്തേയും വയസ്സുകൾക്കിടക്ക് ഈ പരിപാടി ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും അങ്ങനെ ചെയ്യുന്നത് തന്റെ സ്വത്വത്തോട് കാട്ടുന്ന ക്രൂരതയാണെന്നും ഇന്നല്ലെങ്കിൽ നാളെ ലക്ഷ്യബോധം വീണ്ടെടുത്ത് പുസ്തകങ്ങൾ എഴുതി തുടങ്ങേണ്ടി വരുമെന്ന് അപ്പോഴും ബോദ്ധ്യമുണ്ടായിരുന്നു എന്നും കൂടി അദ്ദേഹം പറയുന്നു.













****************
അനിമൽ ഫാം
മദ്യപാനിയായ ജോൺസിന്റെ മാനർ ഫാമിലെ വയോധികനായ മേജർ എന്ന പന്നി തന്റെ ഒരു സ്വപ്നം പങ്കുവയ്ക്കാൻ മറ്റു മൃഗങ്ങളെ ഒരു മീറ്റിംഗിനു വിളിക്കുന്നു. തങ്ങളെ പരമാവധി ചൂഷണം ചെയ്യുന്ന,പരാദങ്ങളായ, മനുഷ്യവർഗ്ഗത്തിനെതിരെ ഇംഗ്ലണ്ടിലെ മൃഗങ്ങൾ നയിക്കുന്ന ഒരു വിപ്ലവമായിരുന്നു മേജറുടെ സ്വപ്നം. ഇന്നോ,നാളെയോ, ചിലപ്പോൾ നൂറ്റാണ്ടുകൾക്കപ്പുറമോ നടക്കാനിരിക്കുന്ന ആ അനിവാര്യ വിപ്ലവത്തിനു തയ്യാറെടുക്കാനാഹ്വാനം ചെയ്ത്, "Beasts of England" എന്ന വിപ്ലവഗാനം മേജർ മറ്റുള്ളവരെ പഠിപ്പിക്കുന്നു.

മൂന്നു ദിവസങ്ങൾക്കു ശേഷം മേജർ മരിക്കുന്നു. രണ്ടു ചെറിയ പന്നികൾ,സ്നോബോളും നെപ്പോളിയനും മേജറുടെ സ്വപ്നത്തിനായി തന്ത്രങ്ങൾ മെനയുന്നു. ഒടുവിൽ മൃഗങ്ങളെല്ലാം ചേർന്ന് ജോൺസനെ തുരത്തുകയും മാനർ ഫാമിനെ അനിമൽ ഫാം എന്നു പുനർനാമകരണം നടത്തുകയും ചെയ്യുന്നു.

Animalism-ത്തിന്റെ നെടുംതൂണുകളായ 'ഏഴുകല്പനകൾ' ഫാമിന്റെ ചുവരിൽ എഴുതപ്പെട്ടു. അവയിൽ പ്രധാനം "എല്ലാ മൃഗങ്ങളും തുല്യരാണ്". എന്നതായിരുന്നു. ഏഴു കല്പനകൾ ചുരുക്കി "നാലുകാലുകൾ നല്ലത്,രണ്ടുകാലുകൾ മോശം"(Two legs bad,four legs good) എന്ന ഒറ്റ ആപ്തവാക്യവും ഉണ്ടായി. മൃഗങ്ങളെല്ലാം ഫാമിന്റെ വളർച്ചയ്ക്കായി കഠിനാധ്വാനം ചെയ്തു. പോയ വർഷങ്ങളെക്കാൾ നല്ല വിളവ് അവർക്കു ലഭിച്ചു. ബോക്സർ എന്ന ശക്തനായ കുതിരയായിരുന്നു ഏറ്റവുമധികം അധ്വാനിച്ചത്. "ഞാൻ ഇനിയും അധ്വാനിക്കും"(I will work harder ) എന്ന് അവൻ എപ്പോഴും സ്വയം പറഞ്ഞു.

സ്നോബോൾ മറ്റു മൃഗങ്ങളെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. ഒരിക്കൽ ഫാം തിരിച്ചു പിടിക്കാൻ കൂട്ടാളികളുമായെത്തിയ ജോൺസിനെ സ്നോബോളിന്റെ നേതൃത്വത്തിൽ മൃഗങ്ങൾ തോൽപ്പിക്കുന്നു. ഈ സംഭവം "Battle of the Cowshed" എന്നറിയപ്പെട്ടു.

ഫാമിൽ വൈദ്യുതിയുണ്ടാക്കാൻ സ്നോബോൾ ഒരു കാറ്റാടി യന്ത്രം വിഭാവനം ചെയ്യുന്നു. നെപ്പോളിയൻ ഇതിനെ എതിർക്കുന്നു. നെപ്പോളിയനും സ്നോബോളും തമ്മിലുള്ള അധികാരത്തർക്കത്തിനൊടുവിൽ നെപ്പോളിയന്റെ വളർത്തുപട്ടികൾ സ്നോബോളിനെ ആക്രമിക്കുന്നു. സ്നോബോൾ ഓടി രക്ഷപെടുന്നു. സ്നോബോളിന്റെ അസാന്നിധ്യത്തിൽ നെപ്പോളിയൻ അനിമൽ ഫാമിന്റെ അനിഷേധ്യ നേതാവാകുന്നു. ഒരുമിച്ചിരുന്നു തീരുമാനമെടുക്കുന്നതിനു പകരം ഒരു കൂട്ടം പന്നികൾ തീരുമാനമെടുക്കുകയും മറ്റു മൃഗങ്ങൾ അനുസരിക്കുകയും ചെയ്യുക എന്ന രീതിയിലേക്ക് അനിമൽ ഫാം മാറുന്നു.

സ്നോബോളിനെ തുരത്തിയ ശേഷം നെപ്പോളിയൻ കാറ്റാടിയന്ത്രം നിർമ്മിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നു. തന്റെ വക്താവായ സ്ക്വീലർ എന്ന കുട്ടിപ്പന്നിയിലൂടെ നെപ്പോളിയൻ താൻ ചെയ്യുന്നതൊക്കെ മൃഗങ്ങൾക്കു മുന്നിൽ ന്യായീകരിക്കുന്നു. മൃഗങ്ങൾ,പ്രത്യേകിച്ചു ബോക്സർ കാറ്റാടിയന്ത്രത്തിനായി അഹോരാത്രം പണിയെടുക്കുന്നു. ഒരു ദിവസം കൊടുങ്കാറ്റിൽ കാറ്റാടിയന്ത്രം തകരുന്നു. അതു സ്നോബോൾ ചെയ്തതാണെന്നും അയാൾ മനുഷ്യരുടെ ചാരനായിരുന്നുവെന്നും ബാറ്റിൽ ഓഫ് കൗഷെഡിൽ അയാൾ മനുഷ്യർക്കായാണ് പ്രവർത്തിച്ചതെന്നും സ്ക്വീലർ പറയുന്നു. സംശയത്തിലാവുന്ന മൃഗങ്ങളെ സ്ക്വീലർ അവരുടെ ഓർമ്മപ്പിശകു പറഞ്ഞു മനസ്സിലാക്കുന്നു, സ്നോബോളിനെതിരെ തെളിവുകൾ നിരത്തുന്നു.തന്റെ "ഞാൻ ഇനിയും അധ്വാനിക്കും" എന്ന ആപ്തവാക്യത്തോടൊപ്പം "നെപ്പോളിയൻ എപ്പോഴും ശരിയാണ്" എന്നുകൂടി വിശ്വസിക്കാൻ ബോക്സർ ശ്രമിക്കുന്നു.


നെപ്പോളിയൻ തന്റെ അധികാരം ദുരുപയോഗം ചെയ്യാനാരംഭിക്കുന്നതോടെ മറ്റു മൃഗങ്ങൾ കഷ്ടത്തിലാവുന്നു. പന്നികൾ ബുദ്ധി ഉപയോഗിച്ച് കഠിനാധ്വാനം ചെയ്യുന്നവരാണെന്നു വാദിച്ച് അവർ പല പ്രത്യേക അവകാശങ്ങളും നേടുന്നു. ഏഴു കല്പനകളും തിരുത്തിയെഴുതപ്പെടുന്നു."ഒരു മൃഗം മറ്റൊരു മൃഗത്തെ കൊല്ലരുത്" എന്ന കല്പന "ഒരു മൃഗം മറ്റൊരു മൃഗത്തെ 'കാരണമില്ലാതെ' കൊല്ലരുത്" എന്നും "മൃഗങ്ങളാരും കിടക്കയിൽ കിടന്നുറങ്ങരുത്" എന്നതിനെ "മൃഗങ്ങളാരും കിടക്കയിൽ 'ബെഡ്ഷീറ്റിൽ' കിടന്നുറങ്ങരുത് എന്നും "മൃഗങ്ങൾ മദ്യപിക്കരുത്" എന്നതിനെ "മൃഗങ്ങൾ 'അമിതമായി' മദ്യപിക്കരുത്" എന്നും മാറ്റിയെഴുതുന്നു. കല്പനകൾ തിരുത്തപ്പെട്ടതല്ലെന്നും മൃഗങ്ങളുടെ ഓർമ്മപ്പിശകു കൊണ്ട് അവർ ശരിയായ രൂപം മറന്നുപോയതാണെന്നുമായിരുന്നു സ്ക്വീലറുടെ വ്യാഖ്യാനം. വിപ്ലവത്തിനു മുൻപ് സ്വപ്നം കണ്ടിരുന്ന സമത്വ സുന്ദരമായ ലോകം കൈവന്നുവെന്നും അതുകൊണ്ടു തന്നെ വിപ്ലവഗാനത്തിനു പ്രസക്തിയില്ലെന്നും പറഞ്ഞ് "Beasts of England" നിരോധിക്കുന്നു.പകരം നെപ്പോളിയനെ പ്രകീർത്തിക്കുന്ന ഒരു ഗാനം നിലവിൽ വരുന്നു. കാറ്റാടിയന്ത്രത്തിനായി അപ്പോഴും കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്ന മൃഗങ്ങൾ പട്ടിണി കൊണ്ടും തണുപ്പുകൊണ്ടും വലഞ്ഞു. എങ്കിലും അവർ സ്വന്തം ഫാമിലാണെന്നും, സ്വതന്ത്രരാണെന്നും ജോൺസിന്റെ കീഴിലെ അടിമത്തത്തെക്കാൾ ഒരുപാടു ഭേദമാണ് അവരുടെ വർത്തമാനകാല ജീവിതമെന്നും വീണ്ടും വീണ്ടും സ്ക്വീലർ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു.

തൊട്ടടുത്ത ഫാമിന്റെ ഉടമസ്ഥൻ ഫ്രെഡറിക്കുമായി നെപ്പോളിയൻ വ്യാപാരബന്ധം ആരംഭിക്കുന്നു. മനുഷ്യരുമായുള്ള ബന്ധത്തിന് മൃഗങ്ങൾ എതിരായിരുന്നു അവർക്കാർക്കും മനുഷ്യരുമായി നേരിട്ട് ഇടപെടേണ്ടി വരില്ലെന്നു പറഞ്ഞ് നെപ്പോളിയൻ അവെരെ സമാശ്വസിപ്പിക്കുന്നു. പറഞ്ഞ ദിവസത്തിനു മുൻപേ പണി പൂർത്തിയായ കാറ്റാടിയന്ത്രം വെടിമരുന്ന് ഉപയോഗിച്ച് ഫ്രെഡറിക് തകർക്കുന്നു. തുടർന്നുണ്ടായ 'Battle of Nepolean' എന്ന യുദ്ധത്തിൽ ബോക്സറടക്കമുള്ള മൃഗങ്ങൾക്ക് പരിക്കേൽക്കുന്നു. പരിക്കു വകവയ്ക്കാതെ ബോക്സർ കഠിനാധ്വാനം തുടരുന്നു. ഒടുവിൽ പണിസ്ഥലത്ത് തളർന്നുവീഴുന്നു. ബോക്സർക്ക് പട്ടണത്തിൽ നല്ല ചികിത്സ നെപ്പോളിയൻ വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ ബോക്സറെ കൊണ്ടു പോകാൻ വന്ന വാഹനത്തിൽ "Alfred Simmonds, Horse Slaughterer and Glue Boiler" എന്നെഴുതിയിരിക്കുന്നത് ബോക്സറുടെ സുഹൃത്ത് ബെഞ്ചമിൻ കഴുത വിളിച്ചുപറയുന്നു. ബോക്സർക്ക് സാധ്യമായതിൽവച്ചേറ്റവും നല്ല ചികിത്സ ബോക്സർക്കു ലഭിച്ചുവെന്നും 'സഖാക്കളെ മുന്നോട്ട്' എന്നു തന്റെ കാതിൽ മന്ത്രിച്ച് ബോക്സർ വീരചരമം പ്രാപിച്ചുവെന്നും സ്ക്വീലർ പറയുന്നു. ആശുപത്രി അധികാരികൾ കശാപ്പുകാരിൽ നിന്നു വാങ്ങിയ വാഹനം ബാനർ മാറ്റാതെ ഉപയോഗിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും വിശദീകരിക്കപ്പെടുന്നു.

വർഷങ്ങൾ കടന്നുപോകുന്നു. പന്നികൾ രണ്ടു കാലിൽ നടക്കാനും ചാട്ടവാർ ഉപയോഗിക്കാനും വസ്ത്രം ധരിക്കാനും ആരംഭിക്കുന്നു. ഏഴു കല്പനകൾ "എല്ലാ മൃഗങ്ങളും തുല്യരാണ്,എന്നാൽ അവരിൽ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ തുല്യരാണ്" ("All animals are equal, but some animals are more equal than others." ) എന്ന ഒറ്റ വാചകത്തിലേക്ക് ചുരുങ്ങുന്നു. മനുഷ്യർക്കും പന്നികൾക്കുമായി നടത്തിയ ഒരു വിരുന്നിൽ വച്ച് തൊഴിലാളികൾക്കെതിരെയുള്ള സമരത്തിൽ മനുഷ്യരോടൊപ്പം നിൽക്കാമെന്ന് നെപ്പോളിയൻ അവർക്കു വാക്കു കൊടുക്കുന്നു. വിപ്ലവം പഴങ്കഥയാവുന്നു. അനിമൽ ഫാമിന്റെ പേര് മാനർ ഫാം എന്നു മാറ്റുന്നു.

നെപ്പോളിയന്റെ ഈ സംഭാഷണം ഒളിച്ചു നിന്നു കേൾക്കുന്ന മൃഗങ്ങൾക്ക് പന്നികളുടെ മുഖഛായ മാറുന്നതായി അനുഭവപ്പെടുന്നു. പന്നികളുടെ മുഖത്തിന് മനുഷ്യരുടെ മുഖവുമായി തിരിച്ചറിയാൻ വയ്യാത്ത വിധം സാദൃശ്യമുള്ളതായി അവർ മനസ്സിലാക്കുന്നു

(കടപ്പാട്_വിക്കിപീഡിയ)