01-05c


ഇനി 'ദൃശ്യകലയുടെ വരമൊഴിണക്കത്തിൽ എൺപത്തിയാറാം  ഭാഗമായി പരിചയപ്പെടുത്തട്ടെ... ആര്യന്മാലാ നാടകം

ആര്യന്മാലാ നാടകം
പാലക്കാട് ജില്ലയിൽ പ്രചാരമുള്ള ഒരു നാടോടി നാടക കലാരൂപമാണ് ആര്യന്മാലാ നാടകം. ആര്യമാലയാട്ടം,ആര്യമാലക്കളി,ആര്യമാലക്കൂത്ത് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ കലാരൂപം തമിഴ് നാടിനോടു ചേർന്നു കിടക്കുന്ന ചിറ്റൂർ, തത്തമംഗലം, എലവഞ്ചേരി, നെന്മാറ ബ്ലോക്ക്, പെരുമാട്ടി, പുതുശ്ശേരി പ്രദേശങ്ങളിലും പല്ലശ്ശനയിലെ അണ്ണക്കോട് തല്ലൂമന്ന് പ്രദേശങ്ങളിലും എലവഞ്ചേരിയിലും പടിഞ്ഞാമുറി കമ്മാന്തറയിലും
പനങ്ങാട്ടിരിയിലും പാരമ്പര്യമായി അവതരിപ്പിച്ചു വരുന്നു.
അപൂർവ്വമായി കൊല്ലം ജില്ലയിലും ഇതിന്റെ അവതാരകരുണ്ട്. തമിഴ് സംഗീത നാടക പാരമ്പര്യത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

അരങ്ങും അവതരണവും👇👇
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ഈ കലാരൂപം അരങ്ങേറുന്നത്. പാണ സമുദായക്കാരാണ് ഇത് അവതരിപ്പിക്കുന്നത്.
മകരം, കുംഭം, മീനം മാസങ്ങളിൽ രാത്രി കാലങ്ങളിലാണ് ഇതിന്റെ അവതരണം.
നാലു മൂലയിലും കാൽ നാട്ടി അതിനു മീതെ അലകു കുത്തി, ഓലയോ പരമ്പോ കൊണ്ട് പന്തൽ തയ്യാറാക്കുന്നു.
പന്തലിന്നുള്ളിൽ ഉരൽ കമിഴ്ത്തിയിട്ട്  നിലവിളക്ക് കത്തിച്ചു വെയ്ക്കും.
നിലവിളക്കിന്റെ സാന്നിദ്ധ്യത്തിലാണ് നാടക അവതരണം. സംഭാഷണവും പാട്ടും ചവിട്ടും ഒക്കെയുള്ള നാടോടി നാടമാണിത്.
പാട്ടിലെ ഭാഷ തമിഴ് കലർന്ന മലയാള ഭാഷയാണ്. ചെറിയ ചെണ്ട, ഇലത്താളം എന്നിവയാണ് വാദ്യോപകരണങ്ങൾ....!

കഥാപാത്രങ്ങൾ
ആര്യന്മാല നാടകം പുതുതലമുറയ്ക്ക്  അപരിചിതമാണ്. ഗണപതി, അയ്യര്, കോമാളി, ആര്യപ്പുരാജാവ്, മലര്‍മാല, അന്തണര്‍, ആര്യമാല, കാര്‍ത്തവരാജന്‍, തോഴിമാര്‍, പാമ്പാട്ടി, കോമുട്ടി ചെട്ടിയാര്‍, സനതലപ്പച്ചെട്ടി, അല്ലി കാദര്‍സാ, അപ്പാ പട്ടര്, പറയന്‍, വളല്‍കാരന്‍, പാച്ചി, ദേവലോകത്ത് ബ്രാഹ്മണന്‍ തുടങ്ങിയ കഥാപാത്രങ്ങളാണ് അരങ്ങിലെത്തിയിരുന്നത്.
വായ്പാട്ടിനും താളത്തിനുമാണ് ആര്യമാലനാടകത്തില്‍ പ്രാധാന്യം.

ആര്യമാലാ നാടക കലാകാരനെക്കുറിച്ചു വന്ന പത്രവാർത്തയിൽ നിന്നും...👇👇
ആര്യമാലവേഷം പകര്‍ന്നാടിയ ആണ്ടിച്ചെട്ടിയാര്‍ക്ക് ദുരിതകാലം
ആലത്തൂര്‍: ജീവിതസായന്തനത്തില്‍ ദുരിതങ്ങളുടെ വേഷപ്പകര്‍ച്ച ആടിത്തീര്‍ക്കുകയാണ് ആണ്ടിച്ചെട്ടിയാര്‍. കാര്‍ത്തരായനും ആര്യമാലയുമായി വേദികളില്‍ നിറഞ്ഞ കലാകാരനാണ് പഴമ്പാലക്കോട് വാണിയന്തറയിലെ ആണ്ടിച്ചെട്ടിയാര്‍. തമിഴ് ന്യൂനപക്ഷവിഭാഗത്തിന്റെ പുരാതന-തനത് അനുഷ്ഠാന കലാരൂപമാണ് ആര്യമാല നാടകം. പതിനഞ്ചാം വയസ്സില്‍ അച്ഛന്‍ മരുതവീരനില്‍നിന്നാണ് ആണ്ടിച്ചെട്ടിയാര്‍ ഈ കലാരൂപം അഭ്യസിച്ചത്. പിന്നീട് അരനൂറ്റാണ്ടുകാലം ജീവിതം ആര്യമാലനാടകം തന്നെയായിരുന്നു. എണ്‍പത്തിമൂന്നാം വയസ്സില്‍ വാര്‍ധക്യത്തിന്റെ അവശതകളേറെയുണ്ട്. രക്തസമ്മര്‍ദ്ദവും വാതവും അലട്ടുന്നു. എഴുപത്താറുകാരിയായ ഭാര്യ മീനാക്ഷിമാത്രമാണ് കൂട്ട്. മൂന്നുസെന്റ് സ്ഥലത്തെ കൊച്ചുകൂരയിലാണ് താമസം. മകന്‍ പൊന്നന്‍ തെങ്ങില്‍നിന്നുവീണ് മരിച്ചു. മറ്റ് മക്കളായ മണികണ്ഠനും അപ്പുവും സുഖമില്ലാത്തവരും ചെറിയ വരുമാനക്കാരുമാണ്. വിവാഹിതയായ മകള്‍ ലക്ഷ്മി വയനാട്ടിലും. മുമ്പ് കുലത്തൊഴിലായ ചക്കില്‍ എണ്ണയാട്ടല്‍ നടത്തിയിരുന്നു. ഇപ്പോള്‍ ജോലി ചെയ്യാന്‍ പറ്റാതായി. കര്‍ഷകത്തൊഴിലാളി പെന്‍ഷനും അവശകലാകാര പെന്‍ഷനും കിട്ടുന്നതാണ് ആശ്വാസം. ഒരു കാലഘട്ടത്തിന്റെ പരിച്ഛേദവും സംസ്‌കാരവുമായ കലാരൂപം അന്യംനിന്ന് പോകുന്നതിന്റെ സങ്കടത്തിലാണ് ആണ്ടിച്ചെട്ടിയാരും മീനാക്ഷിയും.














ആർക്കും ദേഷ്യം തോന്നരുതേ....കലാരുപത്തെ പരിചയപ്പെടത്തുന്നതിന് മാത്രേ സാധിക്കുന്നുള്ളൂ...വീഡിയോ ഇത്ര നേരം അന്വേഷിച്ചിട്ടും കിട്ടിയില്ല😔😔