01-01

🙏🏻
സര്‍ഗസംവേദനം
അനില്‍
🙏🏻


എൻമകജെ
പാരിസ്ഥിതികപ്രശ്നങ്ങള്‍ പരിധിയില്ലാതെ പെരുകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.മനുഷ്യന്റെ ക്രൂരമായ ഇടപെടലുകള്‍ പ്രകൃതിയെ നശിപ്പിക്കുന്നു.എന്‍ഡോസള്‍ഫാന്റെ പരിണതഫലങ്ങള്‍ ഒരു ജനതയെ എപ്രകാരമെല്ലാം വേട്ടയാടുന്നു എന്ന്'എന്‍മകജെ' ദൃഷ്ടാന്തീകരിക്കുന്നു

മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജ് എടുത്ത, വലിയ തലയും ചെറിയ ഉടലുമായി നിസ്സഹായാവസ്ഥയില്‍ ജീവിക്കുന്ന സൈനബയുടെ ചിത്രവും മറ്റനവധി ദാരുണചിത്രങ്ങളും അവതരിപ്പിക്കുന്ന നോവലാണ് എന്‍മകജെ എന്നുകണ്ടെത്താം.

ഒരു നോവല്‍, അതിലൂടെ അവതരിപ്പിക്കപ്പെടുന്ന ഒരു കഥ -ഇതുമാത്രമായി 'എന്‍മകജെ' ഒരിക്കലും പരിണമിക്കുന്നില്ല. മറിച്ച് സമൂഹം കയ്പ്പും വേദനയും നുകര്‍ന്നുകൊണ്ട് അനുഭവിക്കുന്ന ജീവിത കഥയാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.

'എന്‍മകജെ' എന്നത് ഒരു നാടിന്റെ പേരാണ്. ഈ നോവല്‍ മുന്നോട്ടുപോകുന്നത് ഒരു പുരുഷന്റേയും സ്ത്രീയുടേയും സാനിധ്യത്തിലാണ്. തങ്ങളുടെ കഴിഞ്ഞകാലജീവിതത്തെ മറന്നുകൊണ്ട് ജീവിക്കുന്ന അസാധാരണരെന്ന് വിശ്വസിക്കുന്ന ഒരു സ്തീയിലൂടെയും പുരുഷനിലൂടെയും.
എന്‍മകജെയിലെ ഭൂമിശാസ്ത്ര പശ്ചാത്തലം പലസ്ഥലങ്ങളിലായി വേര്‍തിരിച്ച് പ്രത്യക്ഷപ്പെടുന്നു. ആരും കയറാന്‍ ധൈര്യപ്പെടാത്ത ജടധാരി മലയില്‍ എല്ലാ ബന്ധങ്ങളേയും വേര്‍പെടുത്തി മനുഷ്യരുമായി സമ്പര്‍ക്കമില്ലാതെ അവര്‍ക്കിടയിലേക്ക് എവിടെനിന്നോലഭിച്ച അനാഥക്കുഞ്ഞുമായി എത്തുന്നു.കുഞ്ഞിന്റെ ദേഹമാസകലം പുണ്ണ്.ഇതുമൂലം സ്ത്രീയും പുരുഷനും പിരിയുന്നു, വീണ്ടും അവര്‍ ഒന്നിക്കുന്നു

ചികിത്സിച്ചു മാറ്റാമെന്ന് തിരുമാനത്തില്‍ എത്തുന്ന അവര്‍ അവിടുത്തെ വൈദ്യര്‍ പഞ്ചിയെ സമീപിക്കുകയും ചെയ്യുന്നു. ആറുമാസം പ്രായമാകാത്ത കുഞ്ഞിന്റെ ശരീരവളര്‍ച്ചയുള്ള ആ കുഞ്ഞിന് അഞ്ചുവയസ്സെങ്കിലും കഴിഞ്ഞിരിക്കുമെന്നും ആ കുഞ്ഞിന്റെ രോഗം ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത ഒന്നാണെന്നും ജടാധാരി മലയിലും പരിസര പ്രദേശങ്ങളിലും ഇത്തരത്തില്‍ മാറാരോഗങ്ങളും അവശരുമായ അനവധി ജനങ്ങള്‍ ഉണ്ടെന്നുള്ളതും അവര്‍ മനസ്സിലാക്കുന്നു.

ആ കുഞ്ഞിലൂടെ അതിന്റെ അസുഖത്തിലൂടെ 'എന്‍മകജെ'മുഴുവന്‍, മനുഷ്യരുമായി ബന്ധമില്ലാതെ കഴിയുന്ന ഒരു സന്യാസി എന്നറിയപ്പെട്ട ആ മനുഷ്യന്റെ ജീവിതത്തെ അറിയുന്നു.ആ, കുഞ്ഞിലൂടെ അവര്‍ തങ്ങളെത്തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു.നീലകണ്ഠനും ദേവയാനിയും പിന്നീട്'എന്‍മകജെ' യുടെ പ്രതീക്ഷയായിമായുന്നു.

മാറാരോഗികളായ മനുഷ്യര്‍'എന്‍മകജെ' യുടെ ശാപമാണെന്നും അവര്‍ക്ക് അങ്ങനെ ജീവിക്കേണ്ടിവന്നത് ജടാധാരിയുടെ പാപംമൂലമാണെന്നും അന്നാട്ടുകാര്‍ വിശ്വസിച്ചുപോന്നു. എന്നാല്‍ നീലകണ്ഠനിലൂടെയും കുഞ്ഞിലൂടെയും ആ സത്യം അവര്‍ മനസ്സിലാക്കുന്നു. 'എന്‍മകജെ' യെ ഈ അവസ്ഥയില്‍ എത്തിച്ചത് കോടിക്കണക്കിന് ആസ്തി അതിനെ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉണ്ടാക്കികൊടുക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന വിഷമാണ് എന്ന സത്യം. ഏറെ വര്‍ഷങ്ങാളായി'എന്‍മകജെ' യിലും അടുത്ത പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന കശുമാവിന്‍ തോട്ടങ്ങളില്‍ ഇല്ലാത്ത തേയിലപ്പുഴുവിനെ നശിപ്പിക്കാന്‍ പെയ്തിറങ്ങിയ വിഷമാണ് 'എന്‍മകജെ'യെ നശിപ്പിച്ചത്. ഒരുചെറുജീവിപോലും ഇല്ലാത്ത സ്ഥലമാക്കിമാറ്റിയത്,തുമ്പികളേയും ചെറുമീനുകളേയും തേനീച്ചകളേയും ഇല്ലാതാക്കിയത്.രോഗികളെ സൃഷ്ടിച്ചത്.

അതിനെതിരെ നടത്തുന്ന സമരങ്ങളില്‍ നീലകണ്ഠനും ദേവയാനിയും ശ്രീരാമയും, ഡോ.അരുണ്‍കുമാറും, ജയരാജനും എല്ലാം ഉള്‍പ്പെടുന്ന നന്മനിറഞ്ഞ കഥാപാത്രനിര പരാജയപ്പെടുന്നു.എന്നാല്‍ പകല്‍ രക്ഷകരായും രാത്രിയില്‍ ക്രൂരനായും എത്തുന്ന നേതാവ് എന്നുവിശേപ്പിക്കുന്ന വില്ലന്‍ കഥാപാത്രം എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ 'എന്‍മകജെ' യില്‍ വിജയം നേടുന്നു.

പ്രകൃതി സൗന്ദര്യത്താലും സാംസ്കാരിക തനിമയാലും വ്യത്യാസം പുലര്‍ത്തിയിരുന്ന 'എന്‍മകജെ'കേരളത്തിന്റെ ഭൂമിശാസ്ത്രഘടനയുടെ ഭാഗമായി തിരിച്ചറിയപ്പെടുന്നത് എന്‍ഡോസള്‍ഫാനെതിരേയുള്ള സമരപ്രകടനങ്ങളിലൂടെയാണ്.

ആരെന്നും ഏതെന്നും അറിയാത്ത ഒരു പുരുഷനിലും സ്ത്രീയില്‍നിന്നും ആരംഭിക്കുന്ന ഈനോവല്‍ പൊള്ളുന്ന ജീവിത കാഴ്ചകളെ വായനക്കാരന് കാണിച്ചു കൊടുക്കുന്നു. പ്രകൃതിക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്.പ്രകൃതി തീര്‍ച്ചയായും ഒരുകന്യക തന്നെയാണ്. അവളെ നശിപ്പിക്കാന്‍ നോക്കുമ്പോള്‍ വരുംതലമുറയുടെ ജീവിതം ദുരന്തരപൂര്‍ണമാകുന്ന ദയനീയ കാഴ്ചയാണ് 'എന്‍മകജെ'പങ്കുവക്കുന്നത്.

കാസര്‍കോട്ടെ 'എന്‍മകജെ'എന്ന ഗ്രാമത്തിലെ നിസ്സഹായരായ മനുഷ്യര്‍ അവിടെ ജനിച്ചുപോയെന്ന ഒരുകാരണത്താല്‍ എന്‍ഡോസള്‍ഫാന്റെ പരിണതഫലങ്ങള്‍ അനുഭവിച്ചുകൊണ്ടേയിരുന്നു.

യാഥാര്‍ത്ഥ്യാധിഷ്ഠിതമായ അനുഭവങ്ങളെ നേര്‍കാഴ്ചകളാക്കി അവതരിപ്പിക്കുന്ന അംബികാസുതന്‍ മങ്ങാടിനെ ഈ നോവല്‍ സൃഷ്ട്ടിയില്‍ ഭരിച്ചത് ഭാവനയേക്കാള്‍ യാഥാര്‍ത്ഥ്യബോധവും സാമൂഹിക പ്രതിബദ്ധതയുമാണ് എന്ന്'എന്‍മകജെ' അടയാപ്പെടുത്തുന്നു.മങ്ങാടിന്റെയും നിരവധി സാമൂഹ്യപ്രവര്‍ത്തകരുടേയും യത്നത്തിന്റെ സാഫല്യത്തെ ചോദ്യം ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ നിരോധനമാണ് നാമിന്ന് കാണുന്നത്. 'എന്‍മകജെ' എന്ന ശീര്‍ഷകം ഒരു ഗ്രാമത്തിന്റെ പേരെന്നതിലുപരി ഒരു പ്രതീകമായി വളര്‍ന്നു നില്‍ക്കുന്നു.മണ്ണും മനുഷ്യനും പരസ്പരപൂരകമാവേണ്ടതിന്റെ ആവശ്യകത 'എന്‍മകജെ'പങ്കുവയ്ക്കുന്നു.

അമൃത എന്‍. ജി.
◾എൻമകജെ◾

കോട്ടകളുടെയും ദൈവങ്ങളുടെയും നാടാണ് കാസറഗോഡ് . കേരളത്തിലെ ഏറ്റവും വലിയ കോട്ടയെന്ന പെരുമയുമായി 40 ഏക്കറിൽ തലയുയർത്തി നിൽക്കുന്ന ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന നാട് . വയനാട്ടു കുലവൻ, പൊട്ടൻ , വിഷ്ണുമൂർത്തി , കണ്ടനാർ കേളൻ , മുത്തപ്പൻ , ഗുളികൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത തെയ്യങ്ങൾ കെട്ടിയാടുന്ന നാട് . സപ്ത ഭാഷാ സംഗമ ഭൂമിയാണ്‌ കാസറഗോഡ് . മലയാളത്തിനു പുറമേ കന്നഡ , തുളു ,ബ്യാരി,മറാത്തി ,കൊങ്കിണി ,ഉർദു ,അറബി തുടങ്ങി ഏറ്റവും വൈവിധ്യമാർന്ന ഭാഷകൾ സംസാരിക്കുന്നവരുടെ നാട് . ചന്ദ്രഗിരി ,മഞ്ചേശ്വരം, ഉപ്പള, ഷിറിയ , കാര്യങ്കോട് , മെഗ്രാൽ , ചിറ്റാരി, പയസ്വിനി എന്നിവയുടെ തെളിമയോടെ കേരളത്തിൽ ഏറ്റവുമധികം നദികളൊഴുകുന്ന ജില്ലയും മറ്റൊന്നല്ലാ . കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന പദവി കൂടുതൽ യോജിക്കുക കാസറഗോഡിനാണെന്നു തോന്നിപ്പോകും ചിലപ്പോളൊക്കെ .

ഇത് കാസറഗോട്ടെ 'എന്മകജെ' എന്ന ഗ്രാമത്തിന്റെ കഥയാണ്‌ . എൻമകജെ എന്ന വാക്കിന്റെ അർത്ഥം എട്ടു സംസ്കൃതിയുടെ നാട് എന്നാണു . കുന്നുകളുടെ ഗ്രാമം , ഒന്നും രണ്ടുമല്ല ഒരു നൂറായിരം കുന്നുകൾ . സുരങ്ക(തുരങ്ക) ങ്ങളുടെ നാടാണിത് . എൻ മകജെ സത്യത്തിന്റെ കൂടെ നാടാണ് , അസത്യം വേര് പിടിക്കാത്ത നാട് . മാർക്കേസിന്റെ മക്കൊണ്ട പോലെ ഇതൊരു സാങ്കൽപ്പിക ഗ്രാമമല്ല , നിങ്ങൾക്കങ്ങോട്ടു ബസ്‌ കയറാം. കുന്നുകളും പുഴകളും ചാലുകളും നിറഞ്ഞ നാട് . വയലുകളിൽ നിന്നെപ്പോളും വെളുത്ത കൊറ്റികൾ പറന്നു പൊങ്ങുന്ന നാട് . 2000 എ.ഡിയ്ക്ക് മുമ്പുള്ള എന്മകജെയുടെ കഥയാണിത് .

അത്രമാത്രം വൈചിത്ര്യങ്ങളുള്ള വൈവിധ്യങ്ങളുള്ള ഒരു ഗ്രാമം എൻഡോസൾഫാൻ എന്ന കൊടും വിഷത്തിന്റെ പേരിലറിയപ്പെട്ട കഥ . 'എന്മകജെ' കേരളത്തിന്റെ വിങ്ങുന്ന മുറിവാണ് . പച്ചയായ മുറിവ് . ലോകം മുഴുവൻ കേട്ട അതിന്റെ ദൈന്യം , കേട്ട നിലവിളി , അതിനെ ഭൂമിയുടെ വിരൂപമാക്കപ്പെട്ട മുഖമാക്കി മാറ്റി .

ചുവന്നു തുടുത്ത നാവ് കീഴ്ത്താടിയും കഴിഞ്ഞു താഴോട്ടു തൂങ്ങി കിടക്കുന്ന , വായ പൂട്ടാൻ കഴിയാത്ത പതിനാലു വയസ്സുള്ള 'ഭാഗ്യലക്ഷ്മി' , ഇരുപത്തിയാറു വയസ്സായിട്ടും 12 വയസ്സുള്ള കുട്ടിയെ പോലെ ഇരിക്കുന്ന , കൈകാലുകളിലെ വിരലുകൾ നീണ്ടു വളഞ്ഞു നീരാവിയുടെത് പോലെ ചുരുണ്ട് കൂടിയ , കണ്ണിൽ കൃഷ്ണമണികളില്ലാത്ത അൻവർ , ഒറ്റ നോട്ടത്തിൽ കുരങ്ങനാണോ എന്ന് സംശയിച്ചു പോകുന്ന , മച്ചിങ്ങ പോലെ ചെറിയ തലയും മുന്നോട്ടുന്തിയ മുഖവും, ഉൾവലിഞ്ഞ ചെറിയ കണ്ണുകളും , ചെമ്പിച്ച രോമങ്ങൾ പൊതിഞ്ഞ നന്നേ മെലിഞ്ഞ കൈകാലുകളുള്ള അഭിലാഷ് , ലോകത്തിലെ ഏറ്റവും പരിശുദ്ധമായ ആഹാരം മുലപ്പാൽ ആണെന്ന് കരുതി വിഷം ചുരത്തേണ്ടി വന്ന ഹതഭാഗ്യരായ അമ്മമാർ, മൂന്നുകാലുകളുമായി ജനിക്കുന്ന പൈക്കുട്ടികൾ , കൂട്ടത്തോടെ ചത്ത്‌ പോകുന്ന തേനീച്ചകൾ, മീനുകൾ, തവളകൾ, പാമ്പുകൾ .. എൻഡോസൾഫാന്റെ ഭീകര മുഖം അതിന്റെ അതേ തീവ്രതയോടു കൂടി വരച്ചു കാട്ടുന്നുണ്ട് അംബികാസുതൻ മാങ്ങാട് .

ഇനിയും ഉണ്ടാകാത്ത നമ്മുടെ പാരിസ്ഥിതിക ജാഗ്രതയ്ക്ക് വേണ്ടിയുള്ള ഒരു നിലവിളിയാണ് ഈ കൃതി . മലയാള സാഹിത്യത്തിലെ ഈ അപൂർവാനുഭവം വായിക്കാതെ പോകരുത് .

കടപ്പാട് net


എന്‍മകജെ’ ഇനി ഇംഗ്ലീഷിലും; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വിഷയത്തിന് ഇനി ആഗോള ശ്രദ്ധ

കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കൊടും വിഷത്തിന് ഇരയായി ജീവിതം ദുരിത പര്‍വ്വമായി മാറിയ നിരവധി മനുഷ്യരുടെ ജീവിതം പറഞ്ഞ അംബികാസുതന്‍ മാങ്ങാടിന്‍റെ ‘എന്‍മകജെ’ എന്ന നോവല്‍ ‘സ്വര്‍ഗ്ഗ’ എന്ന പേരില്‍ ഇംഗ്ലീഷിലും എത്തുകയാണ്. ഒരു ജനതയ്ക്ക് മേൽ ഭരണകൂടം പെയ്യിച്ച വിഷ മഴ കാരണം അവിടത്തെ ജനങ്ങള്‍ക്കും പ്രകൃതിക്കും നേരിടേണ്ടി വന്ന ദുരന്തത്തെ പുറംലോകത്തെത്തിക്കാന്‍ എൻമകജെ എന്ന നോവലിന് കഴിഞ്ഞിട്ടുണ്ട്. എന്‍മകജെ എന്ന നോവല്‍ ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്നതോടെ എന്‍ഡോസള്‍ഫാന്‍ മൂലം ഒരു ജനതയ്ക്ക് നേരിടേണ്ടിവരുന്ന ദുരന്തം ആഗോള ശ്രദ്ധയില്‍ കൂടി എത്തുകയാണ്.

എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്ന കാസര്‍ഗോട്ടെ ഗ്രാമങ്ങളിലെ മനുഷ്യരുടെ ദുരിത ജീവിതമാണ് ഈ നോവലില്‍ ആവിഷ്‌കൃതമാകുന്നത്‌. മനുഷ്യന്‍റെ അന്ധമായ ആര്‍ത്തി നമ്മുടെ ജൈവ വ്യവസ്ഥയെ എങ്ങിനെയൊക്കെ നശിപ്പിക്കുന്നു എന്നും അത് ജീവജാലങ്ങളെ മാത്രമല്ല മനുഷ്യന്‍റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുമെന്നും ഈ നോവല്‍ കാണിച്ചു തരുന്നു.

ന്യൂഡല്‍ഹിയിലെ ജഗ്ഗര്‍നട്ടാണ് എന്‍മകജെ എന്ന നോവല്‍ ഇംഗ്ലീഷില്‍ പുറത്തിറക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നരക തുല്യമാക്കിയ സ്വര്‍ഗ്ഗ എന്ന സ്ഥലമാണ് നോവലിന്‍റെ പശ്ചാത്തലം. നോവല്‍ ഇംഗ്ലീഷില്‍ ഇറങ്ങുമ്പോള്‍ സ്വര്‍ഗ്ഗ എന്ന പേരില്‍ ഇറങ്ങുന്നതും അതുകൊണ്ടാണ്. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിലെ പ്രൊഫസറായ ഡോക്ടര്‍ ജെ ദേവികയാണ് നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

2009 ല്‍ പ്രസിദ്ധീകരിച്ച എന്‍മകജെ എന്ന നോവല്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മലയാള നോവലുകളില്‍ ഒന്നാണ്. പതിനഞ്ചാം പതിപ്പ് ഇറങ്ങിക്കഴിഞ്ഞ എന്‍മകജെ തമിഴിലും കന്നടയിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി പ്രചാര സഭയുടെ നൂറാം വാര്‍ഷികത്തിന് പരിഭാഷയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള പുസ്തകങ്ങളില്‍ ഒന്നാണ് എന്‍മകജെ. നോവലിന്റെ ഹിന്ദി പരിഭാഷ ഉടന്‍ പുറത്തിറങ്ങും. ഈ നോവലിന്‍റെ റോയല്‍റ്റി തുക എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്കുന്നു എന്നതും ഈ നോവലുമായി ബന്ധപ്പെട്ട പ്രത്യേകതകളില്‍ ഒന്നാണ്.